'അച്ഛന്റെ മരണത്തോടെ വേദിയിലെത്തി,മെന്റലിസ്റ്റുകള്‍ക്ക് മനസ് പൂര്‍ണമായും വായിക്കാന്‍ കഴിയില്ല'


അപർണ തമ്പി

മെന്റലിസത്തെക്കുറിച്ചുള്ള ധാരണകളെയും തെറ്റിദ്ധാരണകളെയും കുറിച്ചും അനന്തു ഈ കലയിൽ എത്തിയതിനെപ്പറ്റിയും സംസാരിക്കുന്നു

മെന്റലിസ്റ്റ് അനന്തു | Photo: Mathrubhumi/ Facebook (Mentalist Anandhu)

ണിച്ചിത്രത്താഴിട്ടു പൂട്ടിയ മനസ്സുകളിലേക്ക് ഡോ. സണ്ണിയെപ്പോലെ കടന്നുവരുന്ന ആളാണ് അനന്തു. കൂട്ടുകാർ ക്രിക്കറ്റ് ബാറ്റും ബോളുമായി ആർത്തുല്ലസിക്കുമ്പോൾ ഷെർലക്‌ ഹോംസ് കഥകളെയും മിസ്റ്ററി സിനിമകളെയും കൂട്ടുപിടിച്ച് മനസ്സിന്റെ രഹസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു കുഞ്ഞനന്തു. ചെറിയ മാജിക്കിലൂടെ തുടങ്ങിയ ഈ അന്വേഷണം, അനന്തു എന്ന 22-കാരനെ എത്തിച്ചത് മെന്റലിസം എന്ന കലയിലാണ്. ചാനൽ പരിപാടികളിൽ സിനിമാതാരങ്ങളുടെയും അവതാരകരുടെയുമൊക്കെ മനസ്സു ചികയുന്ന അനന്തുവിനെ കേരളത്തിൽ ഇന്ന് അറിയാത്തവർ ചുരുക്കമാണ്. ഇന്ത്യയിൽ ഏറ്റവുമധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുള്ള മെന്റലിസ്റ്റ്, മജീഷ്യൻ, ഷാഡോ ആർട്ടിസ്റ്റ് തുടങ്ങിയ വിശേഷണങ്ങളുമുണ്ട്. മെന്റലിസത്തെക്കുറിച്ചുള്ള ധാരണകളെയും തെറ്റിദ്ധാരണകളെയും കുറിച്ചും അനന്തു ഈ കലയിൽ എത്തിയതിനെപ്പറ്റിയും അപർണ തമ്പിയോട് സംസാരിക്കുന്നു.

മെന്റലിസത്തിലേക്കുള്ള കടന്നുവരവ്ഒന്‍പതാം വയസ്സിലാണ് ജാലവിദ്യ പഠിക്കാന്‍ തുടങ്ങിയത്. മനു പൂജപ്പുരയായിരുന്നു ആദ്യ ഗുരു. 2014-ലാണ് ഗോപിനാഥ് മുതുകാടിന്റെ മാജിക്ക് അക്കാദമിയിലെത്തുന്നത്. അച്ഛന്റെ മരണത്തോടെയാണ് വേദിയില്‍ മാജിക്ക് അവതരിപ്പിച്ചു തുടങ്ങിയത്. വായനയിലൂടെ മെന്റലിസത്തിന്റെ വഴിയിലേക്കു തിരിഞ്ഞു. പാരാസൈക്കോളജിയുമായി ബന്ധപ്പെട്ട് കുറേയേറെ പഠിച്ചു. വൂഡു സ്‌കൂള്‍ ഓഫ് മെന്റലിസം ഇന്‍സ്റ്റിറ്റ്യൂട്ടാണ് മെന്റലിസത്തെക്കുറിച്ചു ശരിയായ ദിശാബോധം നല്‍കിയത്. മെന്റലിസത്തെക്കുറിച്ചുള്ള ഓണ്‍ലൈന്‍ കോഴ്സുകളും ഇതോടൊപ്പം ചെയ്തു. മാജിക്കിന്റെ സാധ്യതകളെ മെന്റലിസത്തിലേക്കു കൂട്ടിയോജിപ്പിച്ചായിരുന്നു പരിശീലനം.

മെന്റലിസവും മാജിക്കും തമ്മിലുള്ള വ്യത്യാസം

മാജിക്കിന്റെ ഉയര്‍ന്ന തലമാണ് മെന്റലിസം. ദൃശ്യഭംഗിയും സാങ്കേതികമായ പരിശീലനവുമാണ് മാജിക്കില്‍ ഉപയോഗപ്പെടുത്തുന്നതെങ്കില്‍, ഒരു വ്യക്തിയുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളും ആ വ്യക്തിയുടെ ശരീരഭാഷ, മുഖഭാവം എന്നിവയാണ് മെന്റലിസം ഉപയോഗപ്പെടുത്തുന്നത്. രണ്ടിനും നിരന്തരമായ പരിശീലനം ആവശ്യമാണെങ്കിലും മാജിക്ക് വിജയിക്കുമെന്ന് മജീഷ്യനുള്ള ഉറപ്പ് ഒരു മെന്റലിസ്റ്റിന് അവകാശപ്പെടാനാകില്ല. തൊട്ടുമുന്നിലുള്ള വ്യക്തിയെ ആശ്രയിച്ചാണ് മെന്റലിസത്തിന്റെ വിജയം. മെന്റലിസ്റ്റുകള്‍ക്ക് പൂര്‍ണമായും ഒരാളുടെ മനസ്സു വായിക്കാന്‍ കഴിയുമെന്ന ജനങ്ങളുടെ ധാരണ തികച്ചും തെറ്റാണ്.

മെന്റലിസം പഠനത്തിന് പ്രത്യേക കഴിവുകള്‍ ആവശ്യമാണോ

എല്ലാവര്‍ക്കും പഠിക്കാവുന്ന ഒന്നാണ് മെന്റലിസം. വ്യക്തികളുടെ അഭിരുചികളും കാഴ്ചപ്പാടുകളും മാറുന്നതനുസരിച്ച് മെന്റലിസത്തെ ഉപയോഗപ്പെടുത്തുന്നത് വ്യത്യസ്ത തരത്തിലായിരിക്കും. പക്ഷേ, എല്ലാവരും സദുദ്ദേശ്യപരമായിട്ടാവില്ല സമീപിക്കുക. അതിനാല്‍ ഇത്തരം കോഴ്സുകള്‍ക്ക് അഭിരുചിപ്പരീക്ഷകള്‍ സ്ഥാപനങ്ങള്‍ നടത്തിവരുന്നു. അര്‍ഹതയില്ലാത്തവരിലേക്ക് മെന്റലിസം എത്തിച്ചേര്‍ന്നാല്‍ അതിന്റേതായ ഭവിഷ്യത്തുകളും സമൂഹത്തിലുണ്ടാകും.

മെന്റലിസത്തിലേക്ക് ആദ്യമായി കടന്നുവരുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് പഠനവും പരിശീലനവും കടമ്പയാണ്. ഒരാളുടെ മനസ്സിലുള്ള കാര്യങ്ങള്‍ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. വളരെയധികം മാനസികാധ്വാനവും പരിശീലനവും ഇതിനാവശ്യമാണ്.

പരിശീലിച്ചാല്‍പ്പോലും പലപ്പോഴും തെറ്റുകള്‍ സംഭവിക്കാം. മെന്റലിസത്തെയും മനഃശാസ്ത്രത്തെയും വേര്‍തിരിച്ചു കാണാനാണ് ആദ്യം ശ്രമിക്കേണ്ടത്. പലപ്പോഴും ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന ഒരു വസ്തുതയാണിത്.

ക്രൈം സ്റ്റോറികളില്‍ മെന്റലിസം എത്രത്തോളം സഹായകമാണ്

കുറ്റാന്വേഷണത്തില്‍ മെന്റലിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. മെന്റലിസം പഠിച്ചതുകൊണ്ടു മാത്രം ഒരാള്‍ക്ക് കുറ്റം തെളിയിക്കാനോ കുറ്റവാളിയെ തിരിച്ചറിയാനോ സാധിക്കണമെന്നില്ല. കുറ്റകൃത്യത്തിന്റെ സാഹചര്യവും സാധ്യതകളും പരിഗണിച്ചുകൊണ്ട് ചില പ്രവചനങ്ങള്‍, പ്രസ്താവനകള്‍ നടത്താനാകുമെന്നു മാത്രം. നൂറു ശതമാനം ആധികാരികത അവകാശപ്പെടാനാകില്ല. പക്ഷേ, മെന്റലിസത്തിന്റെ സാധ്യതകളെ ശാസ്ത്രീയമായി ഉപയോഗപ്പെടുത്തിയാല്‍ ഈയൊരു ശാസ്ത്രശാഖയ്ക്ക് അതു ഗുണകരമാകും.

മോട്ടിവേഷണല്‍ കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയില്‍

സ്വന്തം ജീവിതംതന്നെയാണ് ഏറ്റവും വലിയ ശക്തി. ഒരാളോടു നേരിട്ടു സംസാരിക്കുന്ന രീതിയാണ് വീഡിയോകളിലും പിന്തുടരുന്നത്. അതുകൊണ്ടുതന്നെയാവണം ആളുകള്‍ അത് ഏറ്റെടുത്തത്. മോട്ടിവേഷണല്‍ വീഡിയോകള്‍ കണ്ടും കേട്ടും അറിഞ്ഞും സംസാരിക്കുന്നവരുണ്ട്. ചിലര്‍ അവരുടെ സങ്കടങ്ങളും പങ്കുവയ്ക്കും. വ്യക്തിപരമായി ഒരു സൈക്കോളജിക്കല്‍ കണ്‍സള്‍ട്ടന്റല്ല. അതിനെ പ്രോത്സാഹിപ്പിക്കുന്നുമില്ല. മെഡിക്കല്‍ കണ്‍സള്‍ട്ടിങ് ആവശ്യമായവര്‍ അതിനു ശ്രമിക്കണം. മെന്റലിസം ഒരു കലയാണ്. ഞാനൊരു കലാകാരനും.

ലക്ഷ്യങ്ങള്‍ എന്തൊക്കെ

ഇന്ത്യയില്‍ മെന്റലിസത്തിന് പൊതുവേ സ്വീകാര്യത കുറവാണ്. അതിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതോടൊപ്പം അന്ധവിശ്വാസങ്ങളെ ഒഴിവാക്കി അവയ്ക്കു പിന്നിലുള്ള ശാസ്ത്രീയവശങ്ങളെ ജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കാനുള്ള ശ്രമവും ഷോകളിലൂടെ നടത്തുന്നുണ്ട്.

പാന്‍ ഇന്ത്യ ലെവലിലേക്ക് മെന്റലിസത്തെ ഉയര്‍ത്തണമെന്ന ആഗ്രഹവുമുണ്ട്. മാജിക്ക് ഉപയോഗിച്ച് പലരും അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കുട്ടികളിലും മുതിര്‍ന്നവരിലും ശാസ്ത്രീയാവബോധം സൃഷ്ടിക്കുന്ന തരത്തിലുള്ള ക്ലാസുകള്‍ മുന്‍കൈയെടുത്തു നടത്തണം, അതിനായുള്ള കൂട്ടായ ശ്രമമുണ്ടാകണം എന്നാണ് സമൂഹത്തോടു പറയാനുള്ളത്.

കുടുംബം

പൂജപ്പുര സ്വദേശിയാണ്. കാര്‍പെന്ററായ അച്ഛന്‍ സുരേഷായിരുന്നു മാജിക്കിന് എല്ലാവിധ പിന്തുണയും നല്‍കി കൂടെനിന്നത്. അമ്മ ബിന്ദു. അച്ഛന്റെ മരണത്തോടെ അന്നത്തെ പത്താംക്ലാസുകാരന് മാജിക്ക് ഉപജീവനമാര്‍ഗമായി. പഠനത്തിനിടയിലും ചെറിയ മാജിക്ക് ഷോകളിലൂടെ ജീവിതം മുന്നോട്ടുപോയി. ഇപ്പോള്‍ യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബി.എ. മലയാളത്തില്‍ ബിരുദം നേടി. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് അടുത്ത ലക്ഷ്യം.

Content Highlights: mentalist anandhu Interview Motivational speaker

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented