
-
രാജകുടുംബത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള ഹാരി രാജകുമാരന്റെയും മേഗൻ മാർക്കിളിന്റെയും തീരുമാനം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സാമ്പത്തിക സ്വാതന്ത്ര്യം ഉൾപ്പെടെ ആഗ്രഹിച്ചാണ് ഇരുവരും മാറ്റത്തിന് തയ്യാറെടുത്തതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ധരിച്ച നെക്ലസിന്റെ പേരിൽ പോലും രാജകുടുംബത്തിൽ നിന്ന് മേഗന് ഉപദേശങ്ങൾ കേൾക്കേണ്ടി വന്നിരുന്നുവെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ മേഗൻ ഏറെ നിരാശപ്പെട്ടിരുന്നുവെന്നും പറയുന്നു.
2016ൽ ഹാരി രാജകുമാരനുമായി പ്രണയത്തിലായിരുന്ന സമയത്ത് മേഗൻ ധരിച്ച നെക്ലസാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഒമിഡ് സ്കോബീ, കരോലിൻ ഡ്യൂറൻഡ് എന്നിവരെഴുതിയ ഫൈൻഡിങ് ഫ്രീഡം എന്ന പുസ്തകത്തിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ഇരുവരുടെയും പേരിന്റെ ആദ്യാക്ഷരങ്ങളായ എച്ച്, എം എന്നെഴുതിയ നെക്ലസാണ് മേഗൻ ധരിച്ചിരുന്നത്. പതിനാലു കാരറ്റിന്റെ ഇരുപത്തിരണ്ടായിരത്തിൽപരം വില വരുന്ന നെക്ലസായിരുന്നു അത്. എന്നാൽ ഇത് രാജകൊട്ടാരത്തിൽ അതൃപ്തിയുളവാക്കിയെന്നും ഇക്കാര്യം അറിയിച്ച് മേഗനെ വിളിച്ചുവെന്നും പുസ്തകം പറയുന്നു.
ഇത്തരം ആഭരണങ്ങൾ മേഗൻ ധരിക്കരുതെന്നും അവ ഫോട്ടോഗ്രാഫർമാരെ പിന്തുടരാൻ പ്രേരിപ്പിക്കുക മാത്രമേ ചെയ്യൂ എന്നായിരുന്നു കൊട്ടാരത്തിൽ നിന്നറിയിച്ചത്. ഫോണിൽ മറുത്തൊന്നും പറയാതെ അസ്വസ്ഥയായി ശ്രവിച്ച മേഗൻ കോൾ അവസാനിപ്പിച്ചതോടെ നിരാശയായും വൈകാരികമായും കാണപ്പെട്ടു. കൊട്ടാരത്തിൽ നിന്നുള്ള വിളിയെ സദുദ്ദേശത്തോടെയാണ് കണ്ടതെങ്കിലും കാമുകന്റെ ഓഫീസിൽ നിന്ന് താനെന്ത് ആഭരണം ധരിക്കണമെന്നും ഫോട്ടോഗ്രാഫറോട് പുഞ്ചിരിക്കരുതെന്നുമൊക്കെ പറയുന്നത് മേഗനെ അസ്വസ്ഥയാക്കിയിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു.
ഇക്കാര്യം തന്റെ ഒരു സുഹൃത്തിനോട് മേഗൻ അറിയിക്കുകയും ചെയ്തിരുന്നുവത്രേ. ഇത്തരത്തിലുള്ള ചിത്രങ്ങൾക്ക് ഉത്തരവാദി താനാണെന്ന മട്ടിലാണ് അവർ പറയുന്നതെന്നും താൻ ഫോട്ടാഗ്രാഫർമാരെ പ്രോത്സാഹിപ്പിക്കുകയാണെന്നാണ് കരുതുന്നതെന്നും മേഗൻ പറഞ്ഞിരുന്നു. എന്താണ് പറയേണ്ടതെന്നറിയില്ല, ഇപ്പോൾ മാത്രമാണ് താൻ ചിത്രങ്ങളിൽ നിരാശയായി കാണപ്പെടുന്നുവെന്ന് ഓൺലൈൻ മാധ്യമങ്ങൾ പറയുന്നത്. ഞാൻ ഫോട്ടോഗ്രാഫർമാരെ അവഗണിക്കാൻ ശ്രമിക്കുന്നതു കൊണ്ടാണത്.
അടുത്തിടെ ഇൻ റോയൽ അറ്റ് വാർ എന്ന പുസ്തകത്തിലും സമാനമായ പരാമർശങ്ങൾ ഉണ്ടായിരുന്നു. ഹാരിയെ വിവാഹത്തിൽ നിന്നു പിന്തിരിപ്പിക്കാൻ വില്യമിന്റെ ഭാര്യയും ഡച്ചസ് ഓഫ് കേംബ്രിജുമായ കേറ്റ് മിഡിൽടൺ ശ്രമിച്ചിരുന്നുവെന്നാണ് പുസ്തകത്തിൽ പറഞ്ഞത്. തീർത്തും വ്യത്യസ്തമായ പശ്ചാത്തലത്തിൽ നിന്നും കരിയറിൽ നിന്നും വരുന്ന മേഗന് രാജകുടുംബവുമായി ഒത്തുപോവാൻ സമയമെടുക്കുമെന്നും എടുത്തുചാടി കാര്യങ്ങൾ തീരുമാനിക്കരുതെന്നും കേറ്റ് ഹാരിയോട് പറഞ്ഞിരുന്നുവെന്നും പുസ്തകം പറഞ്ഞു.
മേഗനെ തന്നെയാണോ വിവാഹം കഴിക്കേണ്ടതെന്ന് വില്യമും ഹാരിയോട് ചോദിച്ചിരുന്നുവെന്നും പുസ്തകത്തിൽ പറഞ്ഞിരുന്നു. എന്നാൽ മേഗന്റെ ആത്മവിശ്വാസത്തിലും ലക്ഷ്യബോധത്തിലും പ്രതിബദ്ധതയിലും പൂർണവിശ്വാസം അർപ്പിച്ചിരുന്ന ഹാരി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഒരുവേള തനിക്ക് നഷ്ടപ്പെട്ട അമ്മയുടെ സ്ഥാനം പോലും ഹാരി മേഗനിൽ കാണുകയായിരുന്നുവെന്നും പുസ്തകം പ്രതിപാദിക്കുന്നു.
Content Highlights: Meghan Markle was emotional after her choice of necklace got her into trouble with palace
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..