നടൻ സുധീറും ഭാര്യ പ്രിയയും | Photo: Facebook/ sudheer sukumaran
'ആനി കുഞ്ഞിനെ സ്‌നേഹിക്കുന്നതുപോലെ മാഗിക്ക് എന്നെ സ്‌നേഹിക്കാന്‍ കഴിയുമോ...?' ദശരഥം എന്ന ചിത്രത്തിലെ രാജീവ് മേനോന്റെ ഈ സംഭാഷണം മലയാള സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാകില്ല. വാടക ഗര്‍ഭധാരണത്തിലൂടെ ലഭിച്ച കുഞ്ഞിനെ അതിന്റെ അമ്മയ്ക്കുതന്നെ തിരിച്ചുകൊടുക്കേണ്ടി വന്നപ്പോള്‍ രാജീവിന് അതു താങ്ങാവുന്നതിനും അപ്പുറമായിരുന്നു. രാജീവ് മേനോനായി വന്ന മോഹന്‍ലാല്‍ എന്ന അതുല്ല്യനടന്റെ കൈവിരലുകള്‍ പോലും അഭിനയിച്ച ആ സീന്‍ ആരാധകര്‍ നെഞ്ചേറ്റുകയും ചെയ്തു.
അതുപോലെയൊരു സീനിലൂടെയാണ് നടന്‍ സുധീറും ഭാര്യ പ്രിയയും ഇപ്പോള്‍ കടന്നുപോകുന്നത്. എന്നാല്‍ അത് ജീവിതത്തില്‍ സംഭവിച്ച യഥാര്‍ഥ സീന്‍ ആണെന്നു മാത്രം. കഥയിലും ചെറിയൊരു മാറ്റമുണ്ട്. പ്രിയ ദാനം ചെയ്ത അണ്ഡത്തില്‍ ജനിച്ച മകളെ ഒരിക്കല്‍പോലും നേരിട്ടു കാണാന്‍ കഴിയാത്ത സങ്കടത്തിലാണ് ഇരുവരും. പതിനൊന്ന് വര്‍ഷം മുമ്പാണ് സുഹൃത്തായ സ്ത്രീക്ക് ഗര്‍ഭം ധരിക്കാനായി പ്രിയ അണ്ഡം നല്‍കിയത്. ആ സ്ത്രീയുടെ ഭര്‍ത്താവിന്റെ ബീജവുമായി കൂട്ടിച്ചേര്‍ത്ത് ഐവിഎഫ് ചികിത്സയിലൂടെ അവര്‍ ഒരു പെണ്‍കുഞ്ഞുണ്ടായി. എന്നാല്‍ അതിനുശേഷം സുധീറിന്റെ കുടുംബവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച സുഹൃത്ത് ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ബഹ്‌റെയ്‌നിലേക്ക് താമസം മാറി.
2012-ലാണ് ഈ സംഭവം നടക്കുന്നത്. സുധീറും പ്രിയയും ഫെയ്‌സ്ബുക്കിലൂടെയാണ് ആ സ്ത്രീയെ പരിചയപ്പെടുന്നത്. ആ സൗഹൃദം പിന്നീട് ദൃഢമായി. കുട്ടികളില്ലാത്ത ഇവര്‍ എറണാംകുളത്ത് ചികിത്സയ്‌ക്കെത്തുമ്പോഴെല്ലാം സുധീറിന്റെ വീട്ടില്‍ വരുമായിരുന്നു. കുഞ്ഞില്ലാത്തതിന്റെ സങ്കടമായിരുന്നു അവര്‍ക്ക് എപ്പോഴും പറയാനുണ്ടായിരുന്നത്. 15 ലക്ഷത്തോളം രൂപ കൊടുക്കാന്‍ തയ്യാറാണെങ്കിലും ആരോഗ്യമുള്ള ഒരു ദാതാവിനെ കിട്ടുന്നില്ലെന്ന് അവര്‍ സങ്കടം പറഞ്ഞു. ഒരു ദിവസം ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയിലാണ് ഇതു പറഞ്ഞത്. ആ സമയത്ത് 'ഞങ്ങള് തരട്ടെ' എന്ന് സുധീര്‍ അവരോട് തമാശയായി ചോദിച്ചു. ഇതോടെ ആ സ്ത്രീ കരഞ്ഞു മുറിയിലേക്ക് ഓടി. ആ സങ്കടം കണ്ടപ്പോള്‍ സഹിക്കാനായില്ലെന്നും പ്രിയ അണ്ഡം ദാനം ചെയ്യാന്‍ തയ്യാറാണെന്ന് അവരോട് പറഞ്ഞെന്നും സുധീര്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറയുന്നു.

'ആദ്യം എന്റെ ബീജവും ഭാര്യയുടെ അണ്ഡവും നല്‍കാമെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് അതു വേണ്ടെന്നുവെച്ചു. അവരുടെ ഭര്‍ത്താവന്റെ ബീജം തന്നെ ചികിത്സയ്ക്കായി ഉപയോഗിച്ചു. എന്റെ ഭാര്യയുടെ അണ്ഡവുമെടുത്തു. എന്നാല്‍ ഇതിന്റെ ഗൗരവം അന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. അണ്ഡം എടുക്കാനായി ചെറിയ ശസ്ത്രക്രിയയെല്ലാം ചെയ്യേണ്ടിവരുമെന്ന ധാരണയില്ലായിരുന്നു. അണ്ഡം വലുതാകാന്‍ പ്രിയക്ക് ഹോര്‍മോണ്‍ ഇഞ്ചക്ഷന്‍ എടുക്കാന്‍ തുടങ്ങി. അണ്ഡം വലുതായെന്ന് സ്‌കാനിങ്ങില്‍ തെളിഞ്ഞതോടെ അത് എടുക്കാന്‍ ചെറിയ ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞു. അനസ്‌തേഷ്യ കൊടുക്കണം എന്നു പറഞ്ഞു. ഇതു കേട്ടപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. ഇതൊന്നും വേണ്ടിവരും എന്ന് ആ സമയത്ത് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.
ശസ്ത്രക്രിയ പ്രിയയുടെ ആരോഗ്യത്തെ ബാധിച്ചു. ഒരാഴ്ച്ചയോളം ബെഡ് റെസ്റ്റ് എടുക്കേണ്ടി വന്നു. ജോലിക്ക് പോകാന്‍ കഴിഞ്ഞില്ല. തടി വെയ്ക്കാന്‍ തുടങ്ങി. അവളുടെ മാനസികാരോഗ്യവും നഷ്ടപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഇതിനേക്കാള്‍ എല്ലാം ഞങ്ങളെ സങ്കടപ്പെടുത്തിയത് അവരില്‍ നിന്ന് നേരിട്ട അവഗണനയായിരുന്നു. ട്രീറ്റ്‌മെന്റിന് ശേഷം ഗര്‍ഭം ധരിച്ചതോടെ അവര്‍ ഞങ്ങളെ ഒഴിവാക്കാന്‍ തുടങ്ങി. ആശുപത്രിയില്‍ കാണാന്‍ പോകുമ്പോഴെല്ലാം താത്പര്യമില്ലാത്തതുപോലെ അവര്‍ സംസാരിച്ചു. അവരുടെ കൂട്ടുകാരോ ബന്ധുക്കളോ വരുമ്പോള്‍ ഞങ്ങള്‍ സത്യം പറഞ്ഞുപോകുമോ എന്ന പേടിയിലായിരുന്നു അവര്‍. മകള്‍ തന്നെ ഗര്‍ഭം ധരിച്ചതാണെന്നും ഈ ട്രീറ്റ്‌മെന്റ് എടുത്ത കാര്യമൊന്നും പറയരുതെന്നും ആ സ്ത്രീയുടെ അമ്മ എന്നോടു പറഞ്ഞു. ഇതോടെ എന്നേയും പ്രിയയേയും അത് മാനസികമായി ബാധിച്ചു.
ട്രീറ്റ്‌മെന്റിന്റെ സമയത്തെല്ലാം ഞങ്ങളുടെ വീട്ടില്‍ താമസിച്ചിരുന്ന അവര്‍ ഗര്‍ഭിണി ആയതോടെ അവിടെ നിന്നുപോയി. പീന്നീട് പ്രസവം കഴിഞ്ഞതും കുഞ്ഞുണ്ടായതുമൊന്നും ഞങ്ങളെ അറിയിച്ചില്ല. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം ഞങ്ങളെ ബ്ലോക്ക് ചെയ്തു. ഇതോടെ ആകെ തകര്‍ന്നുപോയ പ്രിയ പിന്നീട് യോഗയും വ്യായാമവും ചെയ്താണ് തിരിച്ചുവന്നത്. കുഞ്ഞിന്റെ അവകാശം ചോദിക്കില്ലെന്ന് കരാര്‍ ഒപ്പിട്ടു നല്‍കിയതിനാല്‍ ഞങ്ങള്‍ പിന്നീട് അവരെ ബന്ധപ്പെടാന്‍ ശ്രമിച്ചില്ല. പക്ഷേ ഞങ്ങള്‍ കാണിച്ച മനുഷ്യത്വം അവര്‍ തിരിച്ചുകാണിച്ചില്ല എന്നതാണ് സത്യം. വിശ്വാസ വഞ്ചനയാണ് അവര്‍ ചെയ്തത്. ദൂരെ നിന്നെങ്കിലും കുഞ്ഞിനെ ഒന്നു കാണണം എന്ന ആഗ്രഹം മാത്രമേ ഞങ്ങള്‍ക്കുള്ളൂ.' സുധീര്‍ പറഞ്ഞുനിര്‍ത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..