മലൈക അറോറ | Photos: instagram.com/malaikaaroraofficial/
ബോളിവുഡിൽ ട്രോളുകൾ നേരിടുന്ന നടിമാരിൽ മുന്നിലാണ് നടി മലൈക അറോറ. നാൽപതുകളിലും ചുറുചുറുക്കോടെ നടക്കുന്ന മലൈകയെ വസ്ത്രധാരണത്തിന്റെ പേരിലും പ്രണയത്തിന്റെ പേരിലുമൊക്കെ ട്രോൾ ചെയ്യുന്നവരുണ്ട്. ജീവിതത്തിൽ നേരിടുന്ന ട്രോളുകളെക്കുറിച്ചും സെക്സി ടാഗ് ലൈനിൽ ഇപ്പോഴും അറിയപ്പെടുന്നതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് മലൈക.
പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മലൈക ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുന്നത്. ബോറിങ് എന്ന പേരിൽ അറിയപ്പെടുന്നതിനേക്കാൾ സെക്സി, സ്പൈസി ടാഗ് ലൈനിൽ അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് എപ്പോഴും പറയാറുണ്ടെന്ന് മലൈക പറയുന്നു.
ജീവിതത്തിൽ വളരെ താഴ്ന്ന മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ടെന്നും മലൈക പറയുന്നു. മാസത്തിൽ പതിനഞ്ചു ദിവസത്തിൽ ഏറ്റവും സന്തോഷത്തിലാണെങ്കിൽ അടുത്ത പതിനഞ്ചു ദിവസങ്ങൾ താൻ സമ്മർദത്തിലായിരിക്കും. ചില ഹോർമോൺ പ്രശ്നങ്ങൾ കൊണ്ടും മറ്റും എല്ലാ സ്ത്രീകളും കടന്നുപോകുന്ന അവസ്ഥയാണത്. ആ പതിനഞ്ചു ദിവസങ്ങളിൽ താൻ വിഷാദത്തിലും വീർപ്പുമുട്ടലിലുമായിരിക്കുമെന്നും മലൈക
അരക്ഷിതാവസ്ഥകളെയും ട്രോളുകളെയും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും മലൈക പങ്കുവെച്ചു. സ്ട്രെച്ച് മാർക്കുകൾ ഉള്ളതിന്റെ പേരിൽ ട്രോൾ ചെയ്യപ്പെടുകയാണെങ്കിൽ അതങ്ങനെ ആയിക്കോട്ടെ. ആളുകൾക്ക് ജീവിതത്തിൽ ആഴത്തിലുള്ള അരക്ഷിതാവസ്ഥകളുണ്ട്. ഓരോ വർഷവും വലുതും മികച്ചതുമാവും എന്നതിന്റെ സാക്ഷ്യമാണ് എന്റെ നരച്ച മുടിയിഴകൾ- മലൈക കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം വസ്ത്രധാരണത്തിന്റെ പേരിൽ നേരിട്ട ട്രോളുകളോട് മലൈക പ്രതികരിച്ചത് വൈറലായിരുന്നു. ഫർഹാൻ അക്തർ- ഷിബാനി ദണ്ഡേകർ ദമ്പതികളുടെ വിവാഹത്തിനായി മലൈക ധരിച്ച ബ്ലാക് ഡ്രസ്സാണ് ഏറെ ട്രോളുകൾക്ക് ഇടയാക്കിയത്. താരത്തിന് തീരെ ചേരാത്ത വസ്ത്രമെന്നും പ്രായത്തിന് അനുസരിച്ച വസ്ത്രം ധരിക്കൂ എന്നുമൊക്കെ കമന്റുകൾ ഉയർന്നിരുന്നു. ഇതോടെയാണ് മലൈക പ്രതികരണവുമായി എത്തിയത്.
റിഹാനയും ജെന്നിഫർ ലോപസും ബിയോൺസുമൊക്കെയാണ് ഇവ ധരിക്കുന്നതെങ്കിൽ മനോഹരം എന്നു പറയുന്നവർ തന്നെ ഇവിടെ ട്രോൾ ചെയ്യുന്നതിനെക്കുറിച്ചാണ് മലൈക പറയുന്നത്. അതേ പോലെ ഇവിടെ ആവർത്തിച്ചാൽ ഇവൾ എന്താണ് ചെയ്യുന്നത്, ഒരു അമ്മയല്ലേ, അതാണ്, ഇതാണ് എന്നെല്ലാം പറയും. എന്തിനാണ് ഈ കപടനാട്യം? എന്തുകൊണ്ടാണ് ഒരേകാര്യത്തെ രണ്ടുരീതിയിൽ സമീപിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും പറയുകയായിരുന്നു മലൈക.
അമൃത അറോറയ്ക്കും കരീന കപൂറിനും കരിഷ്മ കപൂറിനുമൊപ്പമാണ് മനോഹരമായ ബ്ലാക് ഡ്രസ്സ് ധരിച്ച് മലൈക വിവാഹ വേദിയിലെത്തിയത്. പ്രായത്തെവരെ കളിയാക്കി കമന്റ് വരികയുണ്ടായി. ഇത്തരം ട്രോളുകൾ ഒരു പരിധി വരെ തന്നെ ബാധിക്കാറുണ്ടെന്നും മലൈക പറയുന്നു. ആദ്യം അൽപം അസ്വസ്ഥയായാലും സമയം പോകുന്നതിനൊപ്പം താനവ തുടച്ചുനീക്കാറുണ്ടെന്നും മലൈക പറഞ്ഞിരുന്നു.
Content Highlights: malaika arora on trolls bodyshaming ageism
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..