മലൈക അറോറ | Photos: instagram.com/malaikaaroraofficial/
മോഡലിങ് രംഗത്ത് ഇപ്പോഴും സജീവ സാന്നിധ്യമാണ് ബോളിവുഡ് നടി മലൈക അറോറ. ഫിറ്റ്നസും വർക്കൗട്ടും വിട്ട് താരത്തിനൊരു ജീവിതമേ ഇല്ല. നാൽപതുകളിലെ ചുറുചുറുക്കിനു പിന്നിലും ചിട്ടയായ ജീവിതമാണെന്ന് താരം പറയാറുണ്ട്. ഇപ്പോഴിതാ വിവാഹത്തെയും കരിയറിനെയുംകുറിച്ച് മലൈക പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.
വിവാഹമോ ഗർഭമോ തന്റെ കരിയറിന് ഒരിക്കലും തടസ്സമായിരുന്നില്ല എന്നു പറയുകയാണ് മലൈക. അതൊരിക്കലും തടസ്സമായിരുന്നില്ല എന്നതിന് തെളിവാണ് താൻ. തന്റെ തിരഞ്ഞെടുപ്പുകളിൽ ഒരിടത്തും ഇത് തടസ്സമായി വന്നിട്ടില്ല. വിവാഹമോ ഗർഭം ധരിക്കാനുള്ള തീരുമാനമോ ഒന്നും തന്റെ പ്രൊഫഷണൽ ജീവിതത്തെ ബാധിച്ചിട്ടില്ല- മലൈക പറഞ്ഞു.
അന്നത്തെക്കാലത്ത് കുറച്ചു പേർ മാത്രമേ വിവാഹിതയായി കുഞ്ഞുണ്ടായി കരിയറിൽ തുടർന്നിരുന്നുള്ളു എന്നും മലൈക പറയുന്നു. പക്ഷേ, ഇന്നേറെ മാറി. സ്ത്രീകൾ വിവാഹിതയായും കുഞ്ഞുങ്ങളെ വച്ചും ഗർഭകാലത്തുമൊക്കെ ജോലി ചെയ്യുന്നു. അന്നത്തെക്കാലത്ത് അതായിരുന്നില്ല സ്ഥിതി. എന്നാൽ, താനൊരിക്കലും തനിക്ക് ചെയ്യാൻ ആഗ്രഹമുള്ള കാര്യങ്ങൾ മാറ്റിവെക്കില്ല എന്നും ഇവ ഒരിക്കലും തന്നെ അലട്ടരുതെന്നും തീരുമാനിച്ചിരുന്നു എന്നും മലൈക.
ഗർഭകാലത്തും താൻ ജോലി ചെയ്തിരുന്നു. എംടിവിയിൽ ജോലി ചെയ്യുന്നതിനൊപ്പം ഷോകളിലും പങ്കെടുത്തിരുന്നു. ഗർഭിണിയായിരുന്ന സമയത്താണ് താനേറെ യാത്രകൾ ചെയ്തിട്ടുള്ളതെന്നും മലൈക പറയുന്നു.
അടുത്തിടെ നാൽപതുകളിൽ പ്രണയം കണ്ടെത്തുന്നതിനെക്കുറിച്ച് മലൈക പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
''നിങ്ങൾ നാൽപ്പതുകളിൽ പ്രണയം കണ്ടെത്തുന്നത് സാധാരണമായി കാണുക. മുപ്പതുകളിൽ പുതിയ സ്വപ്നങ്ങൾ കാണുന്നതും അവയ്ക്ക് പിറകെ പോകുന്നതും സാധാരണമാണെന്ന് മനസിലാക്കുക. അമ്പതുകളിൽ നിങ്ങൾ നിങ്ങളെ കണ്ടെത്തുന്നതും സാധാരണമാണെന്ന് തിരിച്ചറിയുക. ഇരുപത്തഞ്ചിൽ എത്തിയാൽ ജീവിതം അവസാനിച്ചു എന്നല്ല. അങ്ങനെ എല്ലാം അവസാനിച്ചത് പോലെ നടിക്കാതിരിക്കൂ.''- എന്നാണ് മലൈക കുറിച്ചത്.
നടൻ അർബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക നടൻ അർജുൻ കപൂറുമായി പ്രണയത്തിലാകുന്നത്. 98-ലാണ് അർബാസും മലൈകയും വിവാഹിതരാകുന്നത്. ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 2016-ലാണ് അർബാസും മലൈകയും വേർപിരിയുന്നത്. അർജനും മലൈകയും പൊതുവേദികളിൽ ഒരുമിച്ചെത്താൻ തുടങ്ങിയതോടെയാണ് ഇവരുടെ പ്രണയം ഗോസിപ്പ് കോളങ്ങളിൽ ചർച്ചയായത്.
Content Highlights: malaika arora on marriage pregnancy and professional life, malaika arora career
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..