-
പ്രായം വെറും നമ്പർ മാത്രമാണെന്ന് പറയുമ്പോഴും പ്രായത്തിന്റെ പേരിൽ സ്ത്രീകൾ അരികുവൽക്കരിക്കപ്പെടുന്ന നിരവധി ഇടങ്ങളുണ്ട്. സിനിമാ ഇൻഡസ്ട്രി അത്തരത്തിലൊന്നാണ്. ഇന്നും വിവാഹം കഴിഞ്ഞാൽ സ്ത്രീയോടു മാത്രം അഭിനയം തുടരുമോ എന്നു ചോദിക്കുന്ന സമൂഹമാണിത്. ഇപ്പോൾ ട്വിറ്ററിൽ നിറയുന്നതും സിനിമാ ഇൻഡസ്ട്രിയിലെ പ്രായത്തിന്റെ പേരിലുള്ള വിവേചനത്തെക്കുറിച്ചുള്ള ഒരു ട്വീറ്റ് ആണ്.
1984ൽ നിന്നുള്ള ഒരു മാഗസിന്റെ ചിത്രവും കുറിപ്പുമാണ് വൈറലാകുന്നത്. അന്നത്തെ പ്രധാന താരമായിരുന്ന രേഖയുടെ മുപ്പതാം വയസ്സിൽ പുറത്തിറങ്ങിയ മാഗസിനായിരുന്നു അത്. മുപ്പതു കഴിഞ്ഞാൽ താരത്തിന്റെ ഫിലിം ഇൻഡസ്ട്രിയിൽ കരിയറിനെ ചോദ്യം ചെയ്യുന്നതായിരുന്നു മാഗസിൻ കവർ. അത്തരത്തിൽ ചോദ്യമുള്ളവർക്ക് ചിത്രത്തിലെ ഭാവത്തിലൂടെ തന്നെ രേഖ മറുപടി നൽകുന്നു എന്നു പറഞ്ഞാണ് ട്വീറ്റ് വൈറലായത്.
പ്രായമാവുക എന്നത് സ്വാഭാവിക പ്രക്രിയ ആണെന്ന് അന്നും ഇന്നും തിരിച്ചറിയാത്ത സമൂഹമാണ് ഇതെന്നു പറഞ്ഞാണ് ട്വീറ്റ് വൈറലാകുന്നത്. ഒരു വ്യക്തിയുടെ കഴിവുകളെ പ്രായത്തിന്റെ പേരിൽ തളച്ചിടേണ്ടതല്ല എന്നു പറയുന്നവരുമുണ്ട്. ഒരു സ്ത്രീ മുപ്പതുകളിലെത്തിയാൽ സിനിമാ ഇൻഡസ്ട്രിയിലെ ഭാവി അവസാനിച്ചുവെന്ന് കരുതുന്ന സമൂഹത്തിന് ഇന്നും വലിയ മാറ്റങ്ങൾ ഇല്ലെന്നു പറയുന്നവരാണ് ഭൂരിഭാഗം.
പ്രായമാകുന്ന നടിമാർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നതു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. പ്രായമായ നടന്മാർക്ക് അതേ പ്രായത്തിലുള്ള നടിമാരെ ജോഡികളാക്കുന്നതിന് പകരം മക്കളുടെ പ്രായത്തിലുള്ളവരെ നായികമാരാക്കുന്നത് ഇതിന് ഉദാഹരണമാണെന്ന് ചിലർ പറയുന്നു.
ഇന്ത്യൻ സിനിമാ ഇൻഡസ്ട്രി പ്രായത്തിന്റെയും ലിംഗവിവേചനത്തിന്റെയും കാര്യത്തിൽ മുന്നിലാണ്. സ്ക്രിപ്റ്റുകൾ എഴുതുന്നതെല്ലാം അത്തരത്തിലാണ്. രേഖ അവരുടെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മുപ്പതുകൾക്ക് ശേഷമായിരിക്കും- ഒരാൾ ട്വീറ്റ് ചെയ്തു.
Content Highlights: magazine cover doubting actress rekhas Career after thirty, bollywood, ageism
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..