Photo: Twitter
അമ്മമാരുണ്ടാക്കുന്ന ഭക്ഷണത്തെക്കുറിച്ചു പറയുമ്പോള്‍ ആയിരം നാവാണ് പലര്‍ക്കും. കാലമെത്ര കഴിഞ്ഞാലും അമ്മരുചികളോളം മനംനിറയ്ക്കുന്ന മറ്റൊന്നുമില്ലെന്നു പറയും ചിലര്‍. അമ്മമാരുണ്ടാക്കുന്ന ഭക്ഷണം അത്രകണ്ട് സ്പെഷലാണ്, ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നതും അമ്മരുചിയുമായി ബന്ധപ്പെട്ട ഒരു രസകരമായ വീഡിയോ ആണ്.
റെക്സ് ചാപ്മാന് എന്ന ബാസ്ക്കറ്റ്ബോള്‍ പ്ലേയറുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രസകരമായ ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. അമ്മയുണ്ടാക്കിയ ഒരു ഭക്ഷണം ഇഷ്ടമാവാതിരുന്നിട്ടും അതു കഷ്ടപ്പെട്ടു കഴിക്കാന്‍ ശ്രമിച്ച ഒരു കുരുന്നിന്റെ വീഡിയോ ആണത്.
അമ്മയുണ്ടാക്കിയ ഭക്ഷണം കഴിക്കുന്ന കുട്ടിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഭക്ഷണം തനിക്കിഷ്ടമായെന്നു കാണിക്കാന്‍ ചെറുപുഞ്ചിരിയോടെയാണ് അവള് കഴിച്ചു തുടങ്ങുന്നത്. പക്ഷേ അധികനേരം അവള്‍ക്കങ്ങനെ ഇരിക്കാന്‍ കഴിയുന്നില്ല, ഇഷ്ടക്കേട് അറിയാത മുഖത്ത് പ്രകടമായി. ഓക്കാനം വന്നപ്പോഴും അവള് ചവക്കുന്നത് നിര്‍ത്താതെ ചിരിയോടെ അതു പൂര്‍ണമാക്കി.
വീഡിയോക്കിടയില്‍ അമ്മ ഭക്ഷണം എങ്ങനെയുണ്ടെന്നും ഇഷ്ടമായതുപോലെ ഉണ്ടല്ലോ എന്നും ചോദിക്കുമ്പോള്‍ പെണ്‍കുട്ടി ചിരിയോടെ കുഴപ്പമില്ല എന്നു പറയുന്നതും കാണാം.
കുഞ്ഞുപ്രായത്തില്‍ ഇഷ്ടമില്ലാത്ത ഭക്ഷണമായാല്‍ കഴിക്കാതിരിക്കാന്‍ വാശിപിടിക്കുന്ന കുട്ടികളാണ് കൂടുതലെന്നും ഈ പെണ്‍കുട്ടി അവളുടെ അമ്മയെ വിഷമിപ്പിക്കേണ്ടെന്നു കരുതി അതു കഴിക്കുന്നതു കാണുമ്പോള്‍ അത്ഭുതം തോന്നുന്നുവെന്നുമാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്യുന്നത്. ഈ കുഞ്ഞിന് ഭാവിയില്‍ അഭിനയത്തില്‍ ഒരു കൈനോക്കാമെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.
Content Highlights: Little girl fakes liking mom's cooking
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..