ലോകകിരീടം പിടിച്ചിരിക്കുന്ന ഭാര്യ അന്റോണിയോ റൊക്കൂസോയുടെ ചിത്രം മൊബൈൽ ക്യാമറയിൽ പകർത്തുന്ന മെസി, മക്കളെയും അടുത്ത് കാണാം Photo | AP
ഫുട്‌ബോള്‍ ലോകകപ്പിന്റെ അലയൊലികള്‍ അവസാനിക്കുന്നില്ല. മെസ്സി എന്ന ഇതിഹാസ താരത്തെപ്പറ്റി കണ്ടും കേട്ടും വായിച്ചും കൊതി തീരുന്നുമില്ല. ഫുട്‌ബോളിന് ഇനിയൊരു ഖലീഫയേയുള്ളൂ, അത് മെസ്സിയാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു ഖത്തര്‍. ലുസൈല്‍ സ്റ്റേഡിയത്തിലെ കിരീടധാരണത്തോടെ ആ മനുഷ്യന്‍ മാറ്റിമറിച്ച റെക്കോഡുകള്‍ നിരവധി. ഫുട്‌ബോളിനുമപ്പുറത്ത്, ഇന്‍സ്റ്റഗ്രാമിന്റെ ചരിത്രം വരെ മാറ്റിയെഴുതിയ വിശ്വ വിജയം.
മെസ്സിയുടെ ഫുട്‌ബോള്‍ പൂര്‍ണതയ്ക്ക് ഈ കിരീടം അനിവാര്യമായിരുന്നു. കരിയറിന്റെ ഏതാണ്ട് അവസാന ഘട്ടത്തില്‍ അദ്ദേഹമത് എത്തിപ്പിടിക്കുകതന്നെ ചെയ്തു, രാജകീയമായിത്തന്നെ. വിശ്വം ജയിച്ചതോടെ മെസ്സിയെപ്പറ്റിയുള്ള വാഴ്ത്തുപാട്ടുകള്‍ നിലയ്ക്കാത്ത പ്രവാഹമായി തുടരുന്നു. കാല്‍പ്പന്തു ലോകത്തിന്റെ തലപ്പത്തിരിക്കുമ്പോഴും മെസ്സി എന്ന വ്യക്തിയിലെ സമ്പൂര്‍ണ ഫാമിലി മാനെ അടയാളപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളും നിരവധി. മെസ്സിക്ക് കുടുംബം എന്നത് എത്ര പ്രിയപ്പെട്ടതാണെന്ന് ബോധ്യപ്പെടാന്‍ ഈ ലോകകപ്പിന്റെ ഫൈനല്‍ മാത്രം കണ്ടാല്‍ മതി. മെസ്സിയും ഭാര്യ ആന്റൊണെല്ല റൊക്കൂസോയും മക്കളും ചേര്‍ന്ന് ഗ്രൗണ്ടില്‍ കിരീട നേട്ടമാഘോഷിച്ചത് ഈ ലോകകപ്പിലെ ഏറ്റവും നയനാനന്ദകരമായ കാഴ്ചകളിലൊന്നായിരുന്നു.
ഒരു വേള, ഗ്രൗണ്ടില്‍വെച്ച് കിരീടത്തില്‍ ചുംബിക്കുന്ന തന്റെ ഭാര്യയുടെ ഫോട്ടോ ഫോണില്‍ പകര്‍ത്തുന്നുണ്ട് മെസ്സി. ചുറ്റും മക്കളും കൂട്ടിരിക്കുന്നു. മെസിയായിരുന്നു ആ നിമിഷത്തിലെ കാഴ്ച. ലോകം മുഴുവന്‍ അയാളുടെ ചിത്രത്തിനായി കാത്തിരിക്കുമ്പോള്‍ അയാള്‍ ഭാര്യയുടെ ചിത്രം പകര്‍ത്തുകയായിരുന്നു എന്നത് നമ്മെ ഒട്ടും അതിശയിപ്പിക്കില്ല. എന്തെന്നാല്‍ കുടുംബമെന്നത് തനിക്കെന്താണെന്ന് മെസ്സി ഇതിനകം കാണിച്ചു തന്നതാണല്ലോ.
മെസ്സിക്ക് ഇന്ന് കാണുന്ന കിരീടവും ചെങ്കോലും കൈവരുന്നതിനു മുന്‍പേയുള്ള ബന്ധമാണ് ഭാര്യ ആന്റൊണെല്ല റൊക്കൂസോയുമായിട്ട്. റൊസാരിയോയില്‍ പന്തു തട്ടി നടക്കുന്ന കാലം തൊട്ടേ കൂട്ടിന് അവളുണ്ട്. കുട്ടിക്കാലത്ത് റൊസാരിയോയില്‍വെച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്. തുടര്‍ന്നങ്ങോട്ട് പിരിയാത്ത കൂട്ടുകാരായി ഇരുവരും വളര്‍ന്നു. ഇക്കാലയളവിനിടയില്‍ മെസ്സിയുടെ കരിയറും പ്രൊഫൈലും മാറി. പന്തുകൊണ്ട് അതുവരെ കാണാത്ത അദ്ഭുതങ്ങളും അതൃപ്പങ്ങളും കാട്ടി മെസ്സി ലോകമാകെ ആബാലവൃദ്ധം ആരാധകരെയുണ്ടാക്കി. കാല്‍പ്പന്തുലോകം അയാളെ തോളില്‍ കയറ്റിയിരുത്തി. അപ്പോഴും കൂട്ടുകാരി റൊക്കൂസോയെ അയാള്‍ പടിക്കു പുറത്തു നിര്‍ത്തിയില്ല. ഒരു സിനിമാക്കഥ പോലെ, ഇരുവരും തമ്മിലെ പ്രണയം നിലക്കാതെയൊഴുകി. തുടര്‍ന്ന് 2017-ല്‍ വിവാഹിതരായി. തിയാഗോ, മാറ്റിയോ, സിറോ എന്നീ മൂന്ന് കുഞ്ഞുങ്ങളുണ്ട് ഇപ്പോള്‍ ഈ ദമ്പതികള്‍ക്ക്.
മെസ്സിയുടെ കളിക്കൂട്ടുകാരനായ ലൂക്കാസ് സ്‌കാഗ്ലിയ വഴിയാണ് മെസി റൊക്കൂസോയിലെത്തുന്നത്. സ്‌കാഗ്ലിയയുടെ കസിനാണ് റൊക്കൂസോ. മെസ്സിയും സ്‌കാഗ്ലിയയും നെവേലിയിലെ ഓള്‍ഡ് ബോയ്‌സ് ക്ലബ്ബില്‍ കളിച്ചുകൊണ്ടിരിക്കേയാണ് റൊക്കൂസോയുമായി പരിചയത്തിലാവുന്നത്. അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. മെസി ഫുട്‌ബോളില്‍ മെച്ചപ്പെട്ട കരിയര്‍ തേടി ബാഴ്‌സലോണയിലേക്ക് യാത്രയായി. 2004 വരെ ഇരുവരും ബന്ധമൊന്നുമുണ്ടായില്ല.
ഇതിനിടയില്‍ റൊക്കൂസോയുടെ ഉറ്റ സുഹൃത്ത് ഒരു കാറപകടത്തില്‍ മരിച്ചു. ഇത് റൊക്കൂസോയില്‍ കനത്ത ആഘാതമുണ്ടാക്കി. സംഭവമറിഞ്ഞ മെസ്സി അവളെ ആശ്വസിപ്പിക്കാനായി ബാഴ്‌സയില്‍നിന്ന് റൊസാരിയോയിലേക്ക് പറന്നെത്തി. തുടര്‍ന്ന് അവളെയുംകൊണ്ട് തിരിച്ചുപോവുകയും സ്‌പെയിനില്‍ സ്ഥിരതാമസമാക്കാന്‍ ഇരുവരും തീരുമാനിക്കുകയും ചെയ്തു. 2012-ല്‍ അവര്‍ക്ക് ആദ്യ കുഞ്ഞുണ്ടായി. 2017-ല്‍ വിവാഹിതരാവുകയും ചെയ്തു.
മോഡലും ബിസിനസുകാരിയുമാണ് ആന്റൊണെല്ല റൊക്കൂസോ. രണ്ടേ മുക്കാല്‍ കോടിയോളം ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുണ്ട് ഇവര്‍ക്ക്.
Content Highlights: lionel messi and antonela roccuzzo, a dreamy love story
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..