-
പിറന്നയുടനെ അമ്മയ്‌ക്കോ അച്ഛനോ ഒന്ന് താലോലിക്കാന്‍ പോലും കിട്ടാതെ ഐ.സി.യുവിലേയ്ക്ക് മാറ്റപ്പെടുന്ന കുഞ്ഞുങ്ങളെ പറ്റി ഓര്‍ത്തിട്ടുണ്ടോ. അവരെ ഒന്ന് കാണാന്‍ വേണ്ടി കണ്ണീരോടെ കെഞ്ചുന്ന മാതാപിതാക്കള്‍, പ്രസവത്തിന് ശേഷമുള്ള അസ്വസ്ഥതകള്‍പോലും മറന്ന് കുഞ്ഞിന് വേണ്ടി ഉറക്കംപോലുമില്ലാതെ കാത്തിരിക്കുന്ന അമ്മമാര്‍. കുട്ടികളുടെ ഐ.സി.യുവിന് മുന്നിലെ കാഴ്ചകളും അനുഭവങ്ങളും പങ്കുവയ്ക്കുകയാണ് നഴ്‌സ് ലിസ് ലോന. മംഗലാപുരത്തെ മെഡിക്കല്‍ കോളേജില്‍ താന്‍ ജോലി ചെയ്തപ്പോഴുണ്ടായ അനുഭവം ദി മലയാളി ക്ലബ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ് ലിസ് ലോന പങ്കുവയ്ക്കുന്നത്
ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്
മംഗലാപുരത്തെ വളരെ പ്രശസ്തമായ ഒരു മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ഐ സി യുവില്‍ അത്യാവശ്യം തിരക്കുള്ള ഒരു രാത്രി ഡ്യൂട്ടിക്കിടയിലാണ് ഞാന്‍...
വെന്റിലേറ്ററിലും ഇന്‍ക്യൂബേറ്ററിലും സാധാരണ ഒബ്‌സെര്‍വഷനിലുമായി ഒന്‍പത് കുഞ്ഞുമക്കള്‍.. നവജാതശിശുക്കളുടെ ഐ.സി.യു ആയതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയും പ്രവര്‍ത്തിപരിചയവും ഉള്ളവരെ മാത്രമേ അവിടെ ഡ്യൂട്ടിയിലിടൂ..
കുഞ്ഞുങ്ങളോടുള്ള ഇഷ്ടം കൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരേസമയം സന്തോഷവും സങ്കടവും തരുന്ന സ്ഥലം...
ഒരുപാട് വയറുകള്‍ക്കും ഫ്‌ലൂയിഡ് ലൈനുകള്‍ക്കുമിടയില്‍ തളര്‍ന്നു കിടന്ന് ഉറങ്ങുമ്പോഴും ആ കുഞ്ഞുമുഖങ്ങളില്‍ വിരിയുന്ന പുഞ്ചിരി കാണുമ്പോള്‍ സന്തോഷം കൊണ്ട് പലപ്പോഴുമെന്റെ കണ്ണുകളീറനണിയും...
ഐ.സി.യുവിന്റെ വാതിലുകള്‍ തുറക്കുന്നതും നോക്കി ഗ്ലാസ് ഡോറിനപ്പുറം ഒരുപാട് പ്രതീക്ഷകളോടെ പ്രാര്‍ത്ഥനകളുമായി ഇരിക്കുന്ന ബന്ധുക്കളുണ്ടാകും...നൊന്തുപെറ്റ ശേഷം അത്യാസന്നനിലയില്‍ കിടക്കുന്ന കുഞ്ഞിനെ ഒന്നു കാണാന്‍ പോലുമാകാതെ നെഞ്ച് തകര്‍ന്നിരിക്കുന്ന അമ്മമാരും.... എഴുതികൊടുക്കുന്ന മരുന്നുകള്‍ വാങ്ങിക്കൊണ്ടു തരുമ്പോള്‍ ഒന്നു കുഞ്ഞിനെ കാണിച്ചു തരാന്‍ പറ്റുമോയെന്ന് കെഞ്ചി ചോദിക്കുന്ന അച്ഛന്മാരും... എന്നും കരളുരുകുന്ന കാഴ്ചകള്‍ തന്നെ...
കുറെ വേദനകള്‍ക്കൊടുവില്‍ ആരോഗ്യത്തോടെ വാര്‍ഡിലേക്ക് മാറ്റുന്ന കുഞ്ഞുങ്ങളെ ഏറ്റുവാങ്ങാന്‍ നേരം ആ അച്ഛന്റെയും അമ്മയുടെയും കണ്ണുകളില്‍ മാത്രം കാണുന്ന സന്തോഷം ചിലപ്പോള്‍ നമ്മളെ ചേര്‍ത്തുപിടിച്ചുള്ള ഒരാലിംഗനം വരെയെത്തിക്കും... കാരണം ചിലപ്പോഴൊക്കെ ആ കുഞ്ഞുങ്ങള്‍ മാസങ്ങളോളം അവിടെ കിടക്കും.. അത്രയും നാള്‍ അവരെ സ്‌നേഹത്തോടെ നോക്കി പരിപാലിച്ച ഞങ്ങള്‍ക്ക് ആ കുടുംബവുമായും അപ്പോഴേക്കും അത്രയും അടുപ്പമായിട്ടുണ്ടാകും.
അന്ന് രാത്രി കുഞ്ഞുങ്ങള്‍ക്ക് മരുന്നുകളെല്ലാം കൊടുത്ത് വൈറ്റല്‍ സൈന്‍സ് എല്ലാം ഒന്നുകൂടെ ഉറപ്പ് വരുത്തി..എല്ലാ കുഞ്ഞുങ്ങളും ശാന്തരായി ഉറങ്ങുന്നതും നോക്കി ഞാനും എന്റെ കൂടെയുള്ള ഒരു കുട്ടിയും കൂടി റെക്കോര്‍ഡുകള്‍ എഴുതാനിരുന്നു. സിസേറിയന്‍ ചെയ്ത് പുറത്തെടുക്കുന്ന കുഞ്ഞുങ്ങളെ അമ്മയോടൊപ്പമേ വാര്‍ഡിലേക്ക് മാറ്റുകയുള്ളു അത് വരെ ഇവിടെ തന്നെ ആണ് കിടത്തുന്നത് ഞങ്ങളില്‍ ബാക്കിയുള്ള ഒരാള്‍ ഉണ്ടായിരുന്നത് ആ കുഞ്ഞുങ്ങള്‍ക്ക് ഫോര്‍മുല മില്‍ക്കിന്റെ ഫീഡ് കൊടുക്കുന്നുണ്ട്. ഇതിനിടയിലൊരു ഫോണ്‍... പീഡിയാട്രീഷ്യന്റെയാണ് സാധാരണ വെന്റിലേറ്ററില്‍ കിടക്കുന്ന കുഞ്ഞുങ്ങളുടെ കാര്യമറിയാന്‍ ആ കുഞ്ഞുങ്ങളെ നോക്കുന്ന അതാത് ഡോക്ടര്‍മാര്‍ വിളിക്കാറുണ്ട് അല്ലെങ്കില്‍ ഇത്രമണിക്ക് അവരെ വിളിക്കണമെന്നും പറയാറുണ്ട്...
നവജാതശിശുക്കളുടെ ഡിപ്പാര്‍ട്‌മെന്റ്‌റ് ഹെഡ് ആണ് വിളിക്കുന്നത്. ഹൊന്നാവറിലെ ഒരു ചെറിയ ഹോസ്പിറ്റലില്‍ നിന്നും ഇവിടേക്ക് റെഫര്‍ ചെയ്ത ഒരു കുഞ്ഞിനെ കൊണ്ട് വരുന്നുണ്ട്. കണ്ടിഷന്‍ വളരെ മോശമാണ്. വെന്റിലേറ്റര്‍ ഒരുക്കിയിടണം. വാര്‍മെര്‍ തയ്യാറാക്കി ഇടണം. കുഞ്ഞിനേയും കൊണ്ട് അവരെത്തും മുന്‍പേ ഡോക്ടറുമിങ്ങെത്തും. സമാധാനത്തോടെ ജോലിയെല്ലാം തീര്‍ത്തിരുന്ന ഞങ്ങള്‍ എല്ലാം തയ്യാറാക്കി ആ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പായി. മണിക്കൂറൊന്നു കഴിഞ്ഞു അത്യാഹിതവിഭാഗത്തിലേക്ക് പലതവണ വിളിച്ചിട്ടും അവിടെ അങ്ങനെയാരും എത്തിയിട്ടില്ല. ഏകദേശം ഒന്നരമണിക്കൂറെങ്കിലും ഞങ്ങളെയും ഡോക്ടറിനെയും കാത്തിരുപ്പിച്ചു അവരെത്തി...
ആംബുലന്‍സില്‍ അല്ല വന്നത് അത്രെയും ദൂരം ഒരു ഓട്ടോയിലാണ് വന്നതെന്ന് കേട്ടപ്പോള്‍ എന്ത് ബുദ്ധിയില്ലാത്തവരെന്നാണ് ചിന്തിച്ചത്. പക്ഷേ അവര്‍ക്ക് കിട്ടിയ സൗകര്യം അന്നതായിരുന്നു. കട്ടിയുള്ള സ്വെറ്റര്‍ ധരിച്ചു ചെവിയടക്കം മൂടിയ ഒരു തൊപ്പിയും ഇട്ട് ആയമ്മയെത്തി. ഒരു കുഞ്ഞു പഴംതുണികെട്ട് മാറോട് ചേര്‍ത്ത് പിടിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛന്‍ മാത്രമേ കൂടെയുള്ളൂ. തുണിക്കെട്ടു തുറന്നതും ഞങ്ങള്‍ നെഞ്ചില്‍ കൈ വച്ചു കൈപ്പത്തിയേക്കാള്‍ ഇത്തിരികൂടി വലുപ്പത്തില്‍ ഒരു കുഞ്ഞുജീവന്‍. 27ആഴ്ചകള്‍ മാത്രമെത്തിയ അവനു 720ഗ്രാം ഭാരമേയുള്ളു. തൊലിയെല്ലാം ചുക്കിച്ചുളിഞ്ഞ് വയസ്സനെപോലെ തോന്നിക്കുന്ന ഒരു കുഞ്ഞു പുതുജീവന്‍. താന്‍ നേരത്തെ തന്നെ ഈ സുന്ദരമായ ഭൂമിയിലേക്ക് വന്നെന്ന ഒരഹങ്കാരവുമില്ലാതെ കണ്ണുകളടച്ചു തളര്‍ന്നു കിടക്കുന്നു.
പൊതിഞ്ഞു വച്ച തുണികള്‍ മാറ്റിയപ്പോള്‍ അതുവരെയുള്ള ചൂട് മാറി തണുപ്പായതുകൊണ്ട് അവനൊന്നു കൂടി ചുളിഞ്ഞു. വെളിച്ചമടിച്ചപ്പോള്‍ കണ്ണുകള്‍ തുറക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നത് അടഞ്ഞ കണ്‍പോളകള്‍ക്കുള്ളില്‍ ധൃതിയില്‍ ചലിക്കുന്ന കൃഷ്ണമണികള്‍ പറയുന്നുണ്ട്. പാല് കൊടുക്കാനായി മൂക്കില്‍ കൂടി ഇട്ടിരുന്ന ട്യൂബ് ആരോ അശ്രദ്ധമായി വലിച്ചൂരിയത് കൊണ്ടാകണം കുഞ്ഞു മൂക്കിന് മുകളില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചയിടത്തെ തൊലി പറിഞ്ഞു പോന്നിരിക്കുന്നു. ഇളം പപ്പായത്തണ്ടിന്റെ കനത്തിലുള്ള കൈകളില്‍ ഇനി സൂചി കുത്താനുള്ള സ്ഥലമില്ലാത്തതു പോലെ നിറയെ സൂചിപാടുകള്‍. തിരക്കിട്ട് വന്ന ഭൂമിയില്‍ നിന്നും ഒരു ദിവസത്തിനുള്ളില്‍ സഹിക്കാവുന്ന വേദന മുഴുവന്‍ അവന്‍ സഹിച്ചിട്ടുണ്ട്...
ശിശുരോഗവിദഗ്ദ്ധന്‍ വിശദമായി കുഞ്ഞിനെ പരിശോധിച്ച ശേഷം സെന്‍ട്രല്‍ ലൈന്‍ ഇട്ട് ഫ്‌ലൂയിഡ് തുടങ്ങി. പെട്ടെന്ന് തന്നെ അവനെ ശ്വാസോച്ഛാസം സപ്പോര്‍ട്ട് ചെയ്യാനുള്ള ഉപകരണത്തിലേക്ക് മാറ്റി. ദിവസങ്ങള്‍ കടന്ന് പോയതോടെ ഞങ്ങളെല്ലാം ആ അമ്മയുമായി സൗഹൃദത്തിലായി. കല്യാണം കഴിഞ്ഞു വര്‍ഷം കുറെ ആയി. ഏഴാമത്തെ ഗര്‍ഭവും കുഞ്ഞുമാണിത്. ഇതിനു മുന്‍പുണ്ടായതെല്ലാം ഇതേ പോലെ മാസം തികയാതെ പ്രസവിച്ചതാണ്. ഒന്നുപോലും ജീവനോടെയില്ല. മക്കള്‍ വാഴാത്തവളെന്നു പറഞ്ഞ് ഭര്‍ത്താവിന്റെ കുടുംബക്കാരെല്ലാം അകല്‍ച്ചയിലാണ്. ഈ കുഞ്ഞിന്റെ അവസ്ഥയും ഇങ്ങനെ ആയതോടെ അവരെല്ലാം ആസ്പത്രിയില്‍ വന്ന് അവള്‍ക്ക് നേരെ ശാപവാക്കുകള്‍ ചൊരിഞ്ഞു ഇറങ്ങിപ്പോയി.
പൂച്ചയെപ്പോലെ കുഞ്ഞുങ്ങളെ പെറ്റിടുന്നുണ്ടല്ലോ. ഒന്നിനെപോലും കുടുംബം നിലനിര്‍ത്താന്‍ ഭര്‍ത്താവിന് കൊടുക്കാന്‍ കഴിയാത്ത നിനക്ക് അവന്റെ ജീവിതത്തില്‍ നിന്നും ഇറങ്ങിപോയ്ക്കൂടെയെന്ന അമ്മായിയമ്മയുടെ രോഷപ്രകടനം പറഞ്ഞു കഴിഞ്ഞപ്പോഴേക്കും സങ്കടം തിങ്ങിനിറഞ്ഞു അവള്‍ക്ക് വാക്കുകള്‍ കിട്ടാതായി. ആരെയും കാണിക്കാനോ ശപിച്ചവര്‍ക്ക് നേരെ വെല്ലുവിളിക്കാനോ അല്ല. കൊതിതീരാതെ സ്‌നേഹിച്ചു കൊഞ്ചിക്കാന്‍ എനിക്കെന്റെ കുഞ്ഞിനെ തന്നുകൂടെ ദൈവമേയെന്ന് പറഞ്ഞു ഇരുകൈ കൊണ്ടും അവള്‍ മുഖം പൊത്തി. ഇത്തരം സാഹചര്യങ്ങളും കരച്ചിലുമെല്ലാം ഇതിനു മുന്‍പ് എത്ര തവണ വന്നിട്ടുണ്ടോ അപ്പോഴൊക്കെയുള്ള അനുഭവം. ജോലിക്ക് ചേരാത്തവിധം എന്റെ കണ്ണുകളും നിറഞ്ഞൊഴുകാന്‍ തുടങ്ങി. തൊണ്ടക്കുഴിയിലെല്ലാം ഒരു തടസ്സം.
രണ്ടു മണിക്കൂര്‍ ഇടവിട്ട് കുഞ്ഞിന് വേണ്ടി ബ്രെസ്റ്റ് പമ്പ് വച്ച് പാല്‍ പിഴിഞ്ഞെടുക്കുമ്പോള്‍ വേദനകൊണ്ടവള്‍ പുളയും. എന്നാലും നിര്‍ത്തു എന്നൊരിക്കല്‍ പോലും പറഞ്ഞില്ല.. പമ്പ് വച്ചു പിഴിഞ്ഞിട്ടും പാല് ശരിക്ക് വരാതാകുമ്പോള്‍ കല്ലു പോലെ ഉറച്ചിരിക്കുന്ന മുലകള്‍ വിരലുകള്‍ കൊണ്ടമര്‍ത്തി പാലു വരുത്തും... ആ സമയം സഹിക്കാന്‍ വയ്യാത്ത വേദന തടയാനെന്നോണം രണ്ടു കാലുകളും പിണച്ചു വച്ച് പല്ല് കടിച്ചു പിടിച്ചു ചിരിച്ചു കൊണ്ട് ഞങ്ങളെയൊരു നോട്ടമുണ്ട്.. ആ നോട്ടത്തിലെ തീക്ഷ്ണതയില്‍ കാലിന്റെ പെരുവിരലില്‍ തുടങ്ങി ശരീരം മുഴുവന്‍ പൊട്ടിത്തരിച്ചുകയറുന്ന ആ വേദന എന്നില്‍കൂടിയും കടന്നു പോകും.
ഒരുതവണ പോലും അവളെ വിളിച്ചുണര്‍ത്തികൊണ്ട് വരേണ്ട ആവശ്യം ഉണ്ടായിട്ടില്ല.ഐ.സി. യുവില്‍ നിന്നുള്ള വിളിക്ക് കാതോര്‍ത്തു അവള്‍ പുറത്തു നില്‍ക്കുന്നുണ്ടാകും.ഒരു ദിവസം പോലും വിശ്രമമില്ലാതെ പ്രാര്ഥനയോടെയുള്ള കാത്തിരുപ്പ്. ഓരോ തവണയും അവന്റെ തൂക്കം കൂടിയതിനെ പറ്റിയും ഉണര്‍ന്ന് കിടന്ന് കളിക്കുന്നുണ്ടെന്നും പറയുമ്പോള്‍ പൂനിലാവ് പൊഴിയും പോലെ ആ കണ്ണുകളില്‍ വാത്സല്യം തെളിഞ്ഞു നില്‍ക്കുന്നുണ്ടാകും.
കുറെ ദിവസങ്ങള്‍ക്ക് ശേഷം അവന്‍ ഒന്ന് സ്റ്റേബിള്‍ ആയപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് പ്രകാരം അവളെ ഗൗണ്‍ ഒക്കെ അണിയിച്ചു ഞാന്‍ അകത്തേക്ക് കയറ്റി. നിറയെ ട്യൂബുകള്‍ അപ്പോഴുമുണ്ടെങ്കിലും ശ്രദ്ധയോടെ അവനെ പതിയെ അവളുടെ നെഞ്ചിലേക്ക് വച്ചു കൊടുക്കുമ്പോള്‍ എനിക്ക് തോന്നി അവളുടെ കൈകളൊക്കെ വിറക്കുന്നുണ്ടെന്ന്. അമ്മയും കുഞ്ഞും മാത്രം സംവദിക്കേണ്ട ആ ലോകത്തില്‍ ഞാനൊരു അധികപ്പറ്റാണെന്നറിയാം എങ്കിലുമെന്റെ ജോലിയാണ് എനിക്കവിടെ നിന്നേ പറ്റുകയുള്ളു എന്നത് കൊണ്ട് ഞാനും ഒരു മൂലയില്‍ നിലയുറപ്പിച്ചു. ചിരിച്ചും കരഞ്ഞും അവള്‍ അവനോട് എന്തെല്ലാമോ പരിഭവം പറയുന്നുണ്ട്. മറുപടിയായി കുഞ്ഞു കുഞ്ഞു വിരലുകള്‍ കൊണ്ട് അവന്‍ അമ്മയുടെ വിരലില്‍ മുറുകെപിടിച്ചിട്ടുണ്ട്.
കസേരയിലേക്ക് ചെരിഞ്ഞിരുന്നു അവനെ പൂര്‍ണമായും നെഞ്ചിലേക്ക് കിടത്തി അവന്റെ തലയിലേക്ക് ചുണ്ടുകള്‍ വച്ചാണ് അവളിരുന്നത്. കണ്ണുകള്‍ നിറഞ്ഞൊഴുകി കുഞ്ഞിന് മേലെ കണ്ണുനീര്‍ വീഴാന്‍ തുടങ്ങിയപ്പോള്‍ അവളോട് പറയാന്‍ പാടില്ലെങ്കിലും ഞാന്‍ അരുതെന്ന് തലയാട്ടി. മാസങ്ങളോളം നീണ്ടു നിന്ന പതിവ് കാഴ്ച്ചയായിരുന്നു അത്. കൊണ്ടു വരുമ്പോഴുള്ള തൂക്കം ഇരട്ടി ആയപ്പോഴേക്കും അവന്‍ നല്ല മിടുക്കനായി. മരുന്നുകള്‍ക്കുമപ്പുറം അവന്റ അമ്മയുടെ അഭൗമമായ സ്‌നേഹമായിരിക്കാം ഈ ഭൂമി വിട്ടുപോകേണ്ട എന്നവന്‍ തീരുമാനമെടുത്തതെന്ന് കണ്ട പല സന്ദര്‍ഭങ്ങള്‍ അതിനിടയില്‍.
വാര്‍ഡിലേക്ക് മാറ്റുന്ന അന്ന് അവനെ എപ്പോഴും കാണാമെന്ന സന്തോഷത്തില്‍ അവള്‍ കരയുമ്പോള്‍ ഇനി അവനെ കാണാന്‍ പറ്റില്ലല്ലോ എന്ന സങ്കടത്തെ ചവിട്ടി താഴ്ത്തി ഇനിയൊരിക്കലും അവനിവിടെ വരാതിരിക്കട്ടെ എന്ന് ഈറന്‍ കണ്ണുകളോടെ ഞങ്ങളും ചിരിച്ചു. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവര്‍ വന്ന് യാത്ര പറഞ്ഞു വീട്ടിലേക്ക് പോയി. മാസങ്ങള്‍ കഴിഞ്ഞു അവര്‍ കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ വന്നിരുന്നെങ്കിലും ലീവിലായതുകൊണ്ട് എനിക്ക് കാണാന്‍ സാധിച്ചില്ല. ഒരു വര്‍ഷം കഴിഞ്ഞു ഒരു ദിവസം അവരെന്നെ കാണാന്‍ വന്നു. അവളുടെ മുഖം തിരിച്ചറിയാന്‍ എനിക്ക് കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു. നല്ല വണ്ണം വച്ചു സുന്ദരി ആയിരിക്കുന്നു. സമാധാനവും സന്തോഷവും അതിലുപരി അമ്മയാണെന്നതിന്റെ ആത്മനിര്‍വൃതിയും എനിക്കവളുടെ മുഖത്തു നിന്നും വായിച്ചെടുക്കാം.
മകന്‍ പുറത്തു അച്ഛനോടൊപ്പമാണ്. ഞാനുണ്ടോയെന്ന് ഉറപ്പ് വരുത്തി പുറത്തേക്ക് വിളിച്ചു കൊണ്ടുപോകാന്‍ വന്നതാണ് അവള്‍. ഐ.സി.യു.വിന് പുറത്തേക്ക് അതിനുള്ളിലിടുന്ന വസ്ത്രങ്ങള്‍ അനുവദിക്കാത്തതുകൊണ്ട് ഞാന്‍ പോയി ഡ്രസ്സ് മാറി വന്നു..അവനൊത്തിരി മിടുക്കനായെന്നും വികൃതിയാണെന്നും അവള്‍ വാ തോരാതെ പറഞ്ഞതാകാം എനിക്കും അവനെ കാണാന്‍ ധൃതിയായി..
പുറത്തെത്തിയതും അവന്റെ അച്ഛന്‍ അവനെയും കൊണ്ട് എനിക്കരികിലേക്ക് വന്നു...അതേ മിടുക്കനാണവന്‍..ഇത്തിരിക്കുഞ്ഞന്‍ മാറി തക്കുടുമുണ്ടന്‍ ആയിരിക്കുന്നു.. കൈ നീട്ടുമ്പോഴേക്കും അവനെന്റെ മേലേക്ക് ചാടി വീണു.. ചോദിക്കാതെ തന്നെ എന്റെ മുഖം അവനുമ്മകള്‍ കൊണ്ട് മൂടി. ഒരുപാട് ദിവസങ്ങള്‍ ഞാനും അവനെ നെഞ്ചിലേറ്റിയിരുന്നല്ലോ അതാകാം അവനുമെന്നോടൊരു മനസ്സറിയാത്ത ഇഷ്ടം...
കുറച്ചു നേരം അവരോട് സംസാരിച്ചു കളിച്ചു ചിരിച്ചു നില്‍ക്കുമ്പോഴേക്കും ഐ സി യു വിലെ ഒരു ജൂനിയര്‍ ഡോക്ടര്‍ കൂടെ എനിക്കൊപ്പം ചേര്‍ന്നു. അവസാനം അവനു കുറെ പഞ്ചാരയുമ്മകള്‍ കൊടുത്തു അവരോട് യാത്ര പറഞ്ഞു അകത്തേക്ക് പിന്‍തിരിഞ്ഞു നടക്കുമ്പോള്‍ മനസ്സിലെന്തോ അസ്വസ്ഥത. സംശയത്തോടെ ഞാന്‍ തിരിഞ്ഞു നോക്കുന്നത് കൊണ്ടാകാം ഡോക്ടറെന്നോട് പറഞ്ഞു.. അതേ ആ കുഞ്ഞിനു മെന്റല്‍ റീടാര്‍ഡേഷനുണ്ട്. അവര്‍ക്കും അത് അറിയാമിപ്പോള്‍.
അറിയാതെ ഞാനെന്റെ അടിവയറില്‍ കൈവച്ചു നാലുമാസം കൂടി കഴിഞ്ഞാല്‍ ഞാനുമൊരമ്മയാകാന്‍ പോകുകയാണ്. അവനെ കണ്ടപ്പോള്‍ മുതലുള്ള അസ്വസ്ഥത...അങ്ങിനെ ആകരുതേ എന്ന് പ്രാര്‍ത്ഥിച്ചിട്ടും അത് കേട്ടപ്പോള്‍ മനസ്സാകെ തകര്‍ന്നുപോയി. പക്ഷേ അതറിയാമായിരുന്നിട്ടും ഒരു നോക്ക് കൊണ്ട് പോലും സങ്കടം പറയാതെ ആ അച്ഛനും അമ്മയും ആഘോഷിക്കുകയാണ്. അവര്‍ക്ക് പ്രതീക്ഷിക്കാതെ കിട്ടിയ സൗഭാഗ്യത്തെ അഭിമാനത്തോടെ അതിലേറെ പ്രാണനായി മാറോട് ചേര്‍ത്തുപിടിച്ചുകൊണ്ട് തന്നെ ...
'അമ്മ ' ലോകത്തിലേക്കേറ്റവും മഹനീയപദവി.. അതൊരനുഭൂതി തന്നെയാണ്. മക്കളെങ്ങനെയിരുന്നാലും അവരെ സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്ന അമ്മമാരെ കൂടുതല്‍ കണ്ടിരുന്ന ഞാനും ഞെട്ടലിലാണ്... ഈയിടെ വരുന്ന വാര്‍ത്തകളില്‍...
പ്രാര്‍ത്ഥനകളും വഴിപാടുകളുമായി എത്രെയോ പേര്‍ ഒരു കുഞ്ഞിക്കാലു കാണാനായി ആറ്റുനോറ്റിരിക്കുന്നു..അവര്‍ക്കൊന്നും കൊടുക്കാതെ 'അമ്മ എന്ന വാക്കിന്റെ മഹത്വമറിയാത്തവര്‍ക്ക് എന്തിന് ദൈവമേ നീ മക്കളെ കൊടുക്കുന്നു എന്നറിയാതെ ചോദിച്ചു പോകുന്നു...
'അമ്മ എന്ന വിളിക്ക് പോലും അവര്‍ഹരല്ല എങ്കിലും അവര്‍ നല്‍കുന്ന ഓരോ നോവിലും ആ കുഞ്ഞു അമ്മേയെന്നു തന്നെയല്ലേ വിളിച്ചു കേണിരിക്കുക...
വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും സുവര്‍ണ നായ്ക്ക് എന്ന അവളും മഞ്ജുനാഥ് എന്ന അവനും ഇന്നുമെന്റെ ജീവിതത്തിന്റെ ഭാഗമാണ്... വികൃതി കാണിക്കുന്ന മക്കള്‍ക്ക് നേരെ മുഖം കടുപ്പിക്കുമ്പോഴേക്കും ഈ അമ്മയും മകനുമെന്റെ മനസ്സിലോടിയെത്തും..
സ്വന്തം കുഞ്ഞിനെ അടിച്ചും ചവിട്ടിയും കുടല്‍മാല പഴുപ്പിച്ച സ്ത്രീയുടെ ക്രൂരതകള്‍ വായിച്ചു ഞെട്ടിയിരിക്കുമ്പോഴും മനസ്സിലൊരു കുളിര്‍ തെന്നലായി സുവര്‍ണയുണ്ട്...സ്വന്തം മക്കളെ മാത്രമല്ല ഏത് കുഞ്ഞിനേയും സ്‌നേഹം കൊണ്ട് മൂടുന്ന അമ്മമാരുണ്ട്...
Content Highlights: life experience of pediatric icu nurse
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..