രണ്ടര വർഷം മുൻപ് തീപ്പൊള്ളലേറ്റ ലാമിയ മിർസ സംസ്ഥാന സ്‌കൂൾ ശാസ്ത്രമേളയിലെ പാചക മത്സരത്തിൽ| Photo: Mathrubhumi
ശരീരത്തിന്റെ പകുതിയും പൊള്ളി ജീവിതത്തിലേക്ക് തിരിച്ചുവരില്ലെന്നു കരുതിയ ഒരാള്‍. തീപ്പൊള്ളലേറ്റതിന്റെ നീറ്റല്‍ മനസ്സിലൊളിപ്പിച്ചാണ് അവള്‍ പാചക മത്സരത്തിനെത്തിയത്-വയനാട് മീനങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ലാമിയ മിര്‍സ.
പ്രവൃത്തിപരിചയ മേളയിലെ പാചക മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട് ലാമിയ. 2019-ല്‍ വീടിനു സമീപം മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെയാണ് ലാമിയയ്ക്ക് അപകടം പറ്റിയത്. ഷാളിലേക്ക് മണ്ണെണ്ണ മറിഞ്ഞ് തീപിടിച്ചു. കഴുത്ത് മുതല്‍ തലവരെ തീ പടര്‍ന്നു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഐ.സി.യു.വില്‍ രണ്ട് മാസം. ലാമിയ ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്ന സംശയവും ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചിരുന്നു.
ഒന്‍പതാം തരത്തില്‍ ലാമിയ സംസ്ഥാന ശാസ്ത്രമേളയിലെ പാചക മത്സരത്തില്‍ പങ്കെടുത്തിരുന്നു. പിന്നീടായിരുന്നു അപകടം. എല്ലാവരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു ഈ മിടുക്കിയുടെ മാറ്റം.
നിശ്ചയദാര്‍ഢ്യവും ചികിത്സയും അധ്യാപകരും രക്ഷിതാക്കളും നല്‍കിയ പിന്തുണയിലൂടെയും പതിയെ സാധാരണ നിലയിലേക്ക്. പൊള്ളലേറ്റ കൈയും മുഖവും ഒളിപ്പിച്ചവള്‍ വീടിനുള്ളില്‍ ഒതുങ്ങിക്കൂടിയില്ല. ജീവിതം മാറ്റിമറിച്ച അഗ്നിയെതന്നെ കൂടെക്കൂട്ടി. കൂടുതല്‍ മനോധൈര്യത്തോടെ പാചകവിദ്യയിലേക്കിറങ്ങി. പാചകത്തില്‍ പുത്തന്‍ ആശയങ്ങള്‍ പരീക്ഷിച്ച് വീണ്ടും സംസ്ഥാനതലത്തിലെത്തി എ ഗ്രേഡും സ്വന്തമാക്കി.
കാറ്ററിങ് സര്‍വീസ് നടത്തുന്ന ഉപ്പ അബ്ദുള്‍ നാസറിനും ഉമ്മ ടി. റഷീദയ്ക്കുമൊപ്പമാണ് പാചകവിദ്യകള്‍ പഠിച്ചെടുത്തത്. ആരും പരീക്ഷിക്കാത്ത കപ്പ ജാമായിരുന്നു ലാമിയയുടെ പ്രധാന ഇനം. കൂടെ ശംഖുപുഷ്പം സ്‌ക്വാഷും കടുമുടുങ്ങ ഉപ്പേരിയും തിരുവാതിരപ്പുഴുക്കും.
അപകടത്തെ തുടര്‍ന്ന് ഏഴ് ശസ്ത്രക്രിയകളാണ് ലാമിയയുടെ ശരീരത്തില്‍ നടത്തിയത്. ഇനിയും മൂന്ന് ശസ്ത്രക്രിയകള്‍ ബാക്കി. ഇരു കൈകളും പൂര്‍ണമായി നിവര്‍ത്താനാകില്ല. മുഖം പൂര്‍ണമായും പൊള്ളലേറ്റിട്ടുണ്ട്. വായ തുറക്കുമ്പോഴും ലാമിയയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
മുഖത്തെ മാസ്‌ക് ഊരാന്‍ മാത്രമേ ഈ മിടുക്കിക്ക് മടിയുള്ളു. അത് പൊള്ളലേറ്റ ഭാഗം മറ്റുള്ളവര്‍ കാണുന്നതിനാലല്ല. ആരുടെയും സഹതാപം വേണ്ടെന്ന തീരുമാനത്തിലാണ്; ബാക്കി ശസ്ത്രക്രിയകള്‍ കൂടി കഴിഞ്ഞ് എല്ലാവര്‍ക്കും മുന്നില്‍ പുഞ്ചിരിക്കുന്ന ലാമിയയായി തിരിച്ചെത്താന്‍.
Content Highlights: Lamia participated in the pravrthi parichaya mela despite being burnt
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..