ലളിത് മോദിയും സുസ്മിത സെന്നും
ഐ.പി.എൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദിയും ബോളിവുഡ് താരം സുസ്മിത തെന്നും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ട്വിറ്ററിലൂടെ ലളിത് മോദി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. സുസ്മിതയ്ക്കൊപ്പമുള്ള ചിത്രങ്ങൾ സഹിതമായിരുന്നു മോദിയുടെ ട്വീറ്റ്. ഇപ്പോഴിതാ വർഷങ്ങൾക്ക് മുമ്പ് ലളിത് മോദി സുസ്മിതയ്ക്ക് അയച്ച ട്വീറ്റാണ് വൈറലായിരിക്കുന്നത്.
2013ൽ മോദി ട്വിറ്ററിൽ പങ്കുവെച്ച ഒരു ട്വീറ്റാണ് പ്രണയം വെളിപ്പെടുത്തിയതോടെ വീണ്ടും സമൂഹമാധ്യമത്തിൽ വൈറലായത്. എന്റെ എസ്എംഎസിന് മറുപടി തരൂ എന്നാണ് മോദി സുസ്മിതയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്. വർഷങ്ങൾക്കിപ്പുറം സുസ്മിതയുമായുള്ള പ്രണയം പരസ്യമാക്കിയതോടെ പഴയ ട്വീറ്റ് ട്രോളായി നിറയുകയാണ്.
അന്ന് ആരാധകപാത്രമായിരുന്ന താരം ഇന്ന് പങ്കാളിയാകുന്നതിനെക്കുറിച്ചാണ് പലരും ട്രോൾ പങ്കുവെക്കുന്നത്. പ്രശസ്ത താരങ്ങളെ ടാഗ് ചെയ്ത് മറുപടി തരൂ എന്ന് ട്വീറ്റ് ചെയ്യുന്നവരാണ് ഏറെയും. വർഷങ്ങൾക്കിപ്പുറം പങ്കാളിയാകില്ലെന്ന് ആരുകണ്ടു എന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നുമൊക്കെ പറഞ്ഞാണ് പലരും ട്വീറ്റ് ചെയ്യുന്നത്.
2013 മുതൽ ഇരുവരും സുഹൃത്തുക്കളായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഐ.പി.എൽ സംബന്ധമായ സന്ദേശങ്ങളും തമാശകളും പങ്കുവെച്ച കൂട്ടത്തിലാണ് മറുപടി തരാനുള്ള മോദിയുടെ ട്വീറ്റുമുള്ളത്. എന്തായാലും സംഗതി ട്രോൾലോകത്ത് ഹിറ്റായിരിക്കുകയാണ്.
.jpg?$p=a9b1094&w=610&q=0.8)
സുസ്മിതയെ തന്റെ നല്ലപാതി എന്ന് വിശേഷിപ്പിച്ചാണ് മോദി ട്വീറ്റ് ചെയ്തത്. 'മാലദ്വീപിലും സാർഡീനിയയിലുമുള്ള സന്ദർശനം കഴിഞ്ഞ് ലണ്ടനിൽ മടങ്ങി എത്തിയതേയുള്ളൂ. അവസാനം പുതിയ ജീവിതത്തിന് പുതിയ തുടക്കമായിരിക്കുന്നു', എന്നാണ് ലളിത് മോദി ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
സംവിധായകൻ വിക്രം ഭട്ടുമായും നടൻ രൺദീപ് ഹൂഡയുമായെല്ലാം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന താരമാണ് സുസ്മിത സെൻ. 46-കാരിയായ സുസ്മിതയും 31-കാരനായ മോഡൽ രോഹ്മാനും തമ്മിലുള്ള പ്രണയവും ഏറെ ചർച്ചയായിരുന്നു. എന്നാൽ മൂന്നു വർഷത്തെ പ്രണയത്തിന് ശേഷം അവർ കഴിഞ്ഞ ഡിസംബറിൽ വേർപിരിഞ്ഞു.
.jpg?$p=0e2a18a&w=610&q=0.8)
സുസ്മിതയുടെ വിവാഹ വാർത്ത പലപ്പോഴായി പ്രചരിച്ചിരുന്നെങ്കിലും വിവാഹത്തിൽ നിന്ന് പിന്മാറി താരം രണ്ട് കുട്ടികളെ ദത്തെടുക്കുകയായിരുന്നു. റെനീ, അലീസാ എന്നു പേരുള്ള ഈ മക്കൾക്കൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്.
1994-ൽ മനിലയിൽവെച്ചു നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ കിരീടം നേടിയതോടെയാണ് സുസ്മിത ശ്രദ്ധാകേന്ദ്രമായത്. 1996-ൽ മഹേഷ് ഭട്ടിന്റെ ദസ്തക് എന്ന ചിത്രത്തിലൂടേയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..