"കേരളം കണ്ട ഏറ്റവും മികച്ച ഒരു കലാകാരിയുടെ ജീവിതത്തിൽനിന്ന് അത്രയെങ്കിലും നാം പഠിക്കണം"


നടി അവശകാലത്ത് സമ്പാദ്യമൊന്നും ഇല്ലാതായതിനു പിന്നിലെ സാഹചര്യത്തെക്കുറിച്ച് പങ്കുവെക്കുകയാണ് ശാരദക്കുട്ടി.

എസ്. ശാരദക്കുട്ടി, കെ.പി.എ.സി ലളിത | Photos: Mathrubhumi Archives

ടിയും കേരള സംഗീത-നാടക അക്കാദമി ചെയര്‍ പേഴ്സണുമായ കെ.പി.എ.സി. ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞിരുന്നു. വർഷങ്ങളോളം സിനിമാരം​ഗത്ത് പ്രവർത്തിച്ച നടിക്ക് സർക്കാർ സഹായം നൽകുന്നതിൽ വിമർശനങ്ങളും ഉയരുകയുണ്ടായി. ഈ സാഹചര്യത്തിൽ ശ്രദ്ധിക്കപ്പെടുകയാണ് എഴുത്തുകാരി എസ്. ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പ്. സത്യന്റെയും കൊട്ടാരക്കരയുടെയും കാലം മുതൽ തൊഴിലെടുത്ത് ജീവിക്കുന്ന നടിക്ക്‌ അവശകാലത്ത് സമ്പാദ്യമൊന്നും ഇല്ലാതായതിനു പിന്നിലെ സാഹചര്യത്തെക്കുറിച്ച് പങ്കുവെക്കുകയാണ് ശാരദക്കുട്ടി.

13 വയസ്സു മുതൽ കലാരം​ഗത്ത് സജീവമായുള്ള കെ.പി.എ.സി. ലളിതയ്ക്ക് അവശകാലത്ത് സമ്പാദ്യമൊന്നും ഇല്ലാതായത് എന്തുകൊണ്ടെന്ന് സ്ത്രീകൾ ശ്രദ്ധിക്കണമെന്നു പറഞ്ഞാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ലളിതച്ചേച്ചിയുടെ കയ്യിൽ പണമില്ലെന്ന് പറഞ്ഞാൽ തനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടില്ല. മകളുടെ വിവാഹ സമയത്തും മകന്റെ ചികിത്സാ കാലത്തും അവർ സാമ്പത്തി കബുദ്ധിമുട്ടിലായിരുന്നതായി അറിയാം. സ്ത്രീകൾ വരുമാനമുള്ള തൊഴിൽ ചെയ്ത് പണമുണ്ടാക്കിയാൽ പോരാ, അത് സൂക്ഷിക്കണമെന്നു പറയുകയാണ് കുറിപ്പിൽ. സ്വന്തം സമ്പാദ്യം സ്വന്തമായ അക്കൗണ്ടിൽ തന്നെ സൂക്ഷിക്കണമെന്നും തനിക്കുള്ളത് കരുതിയല്ലാതെ ജീവിക്കുന്നവർ ആണായാലും പെണ്ണായാലും ഒടുവിൽ നിസ്സഹായതയുടെ ആകാശം നോക്കി നെടുവീർപ്പിടേണ്ടി വരുമെന്നും കുറിപ്പിലുണ്ട്.

കുറിപ്പിലേക്ക്...

13 വയസ്സു മുതൽ നൃത്തവും നാടകവും അഭിനയവുമായി തനിക്കറിയാവുന്ന തൊഴിൽ ഏറ്റവും ആത്മാർഥമായി ചെയ്ത് കേരളം നിറഞ്ഞു നിന്ന നടിയാണ് കെ.പി എ സി ലളിത. കാലിന് ശസ്ത്രക്രിയ കഴിഞ്ഞ അനാരോഗ്യ കാലത്തും മികച്ച വരുമാനമുള്ള തൊഴിൽ ചെയ്യുകയായിരുന്നു അവർ. ഒരിക്കൽ ചടുലമായി ചലച്ചിരുന്ന ആ കാലുകൾ വലിച്ചു വെച്ച് അവർ തട്ടീം മുട്ടീം നടക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. കലയിൽ സമർപ്പിച്ച ജീവിതമാണത്. വിലപ്പെട്ട ജീവിതമാണത്. വിലയേറിയ അഭിനേത്രി ആണവർ.

പറഞ്ഞു വന്നത് അതല്ല . സത്യന്റെയും കൊട്ടാരക്കരയുടെയും കാലം മുതൽ മികച്ച രീതിയിൽ സ്വന്തം തൊഴിൽ ചെയ്തു ജീവിക്കുന്ന ഒരു സ്ത്രീക്ക് തന്റെ അവശ കാലത്ത് കയ്യിൽ സമ്പാദ്യമൊന്നുമില്ലാതായിരിക്കുന്നു. സ്ത്രീകൾ ശ്രദ്ധിക്കേണ്ട Point അതാണ് .

പ്രശസ്തനായ സംവിധായകൻ ഭരതന്റെ ഭാര്യയായിരുന്ന കാലത്ത് ശ്രീക്കുട്ടിയെ പ്രസവിച്ചു കിടന്ന ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോരാൻ പണം കൊടുക്കാനില്ലാതെ കരഞ്ഞ കഥ ആത്മകഥയിൽ അവർ എഴുതിയിട്ടുണ്ട്. മകളുടെ വിവാഹ സമയത്തും മകന്റെ ചികിത്സാ കാലത്തും അവർ സാമ്പത്തികബുദ്ധിമുട്ടിലായിരുന്നതായി നമുക്കറിയാം. സങ്കടപ്പെടുത്തുന്ന ജീവിതമായിരുന്നു ആ മികച്ച കലാകാരിയുടേത് എന്ന് തോന്നിയിട്ടുണ്ട്. അവർ ചിരിക്കുകയും കരയുകയും ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നു ഇന്നും.

ലളിതച്ചേച്ചിയുടെ കയ്യിൽ പണമില്ലെന്നു പറഞ്ഞാൽ എനിക്കു വിശ്വസിക്കുവാൻ ഒരു പ്രയാസവുമില്ല. വലിയ ശമ്പളം വാങ്ങുന്ന സ്ത്രീകളെ , സ്വന്തമായി അക്കൗണ്ടില്ലാത്തവരെ എത്രയോ പേരെ എനിക്കു നേരിട്ടറിയാം. ശമ്പളം ഒപ്പിട്ടു വാങ്ങി പിറ്റേന്നത്തെ വണ്ടിക്കൂലിക്ക് ഭർത്താവിനു നേരെ കൈ നീട്ടുകയും അതൊരു കുലീനതയോ സൗകര്യമോ ഭാഗ്യമോ ആയി കാണുകയും ചെയ്യുന്നവർ . അവരിൽ ചിലർ വീണു കിട്ടിയ ഭാഗ്യം പോലെ ചിലപ്പോൾ സംരക്ഷിക്കപ്പെടും. മറ്റു ചിലർ കണ്ണുനീരൊഴുക്കി പശ്ചാത്തപിക്കും. പെണ്ണുങ്ങളുടെ കാര്യമൊക്കെ ഒരു ഭാഗ്യയോഗമാണെന്ന് സമാധാനിക്കും.

സ്ത്രീകൾ വരുമാനമുള്ള തൊഴിൽ ചെയ്ത് പണമുണ്ടാക്കിയാൽ പോരാ, അത് സൂക്ഷിക്കണം. സ്വന്തം സമ്പാദ്യം സ്വന്തമായ അക്കൗണ്ടിൽ തന്നെ സൂക്ഷിക്കണം. Joint അക്കൗണ്ട് എന്നതിൽ ചെറുതല്ലാത്ത ചതികളുണ്ട്. തനിക്കുള്ളത് കരുതിയല്ലാതെ ജീവിക്കുന്നവർ ആണായാലും പെണ്ണായാലും ഒടുവിൽ നിസ്സഹായതയുടെ ആകാശം നോക്കി നെടുവീർപ്പിടേണ്ടി വരും.

വിശ്വസ്ത എന്നതിന് അമരകോശം നൽകുന്ന അർഥം വിഫലമായി ശ്വസിച്ചു ജീവിക്കുന്നവൾ എന്നാണ് . ' വിഫലം ശ്വസിതി വിശ്വസ്താ'. സ്ത്രീ വിശ്വസ്തയായിരിക്കണം എന്ന് അനുശാസിക്കുന്ന സമൂഹം ഉദ്ദേശിക്കുന്നതെന്തെന്ന് വ്യക്തമാണല്ലോ.

18 വയസ്സായ ഓരോ പെൺകുട്ടിയും ചെറിയ തുകയെങ്കിലും നിക്ഷേപിച്ച് സ്വന്തമായി അക്കൗണ്ട് തുടങ്ങണം. കിട്ടുന്നതിൽ ഒരു വിഹിതം തനിക്കു വേണ്ടി മാത്രം സൂക്ഷിക്കണം. രഹസ്യമായി വേണമെങ്കിൽ അങ്ങനെ. ഇതിൽ വിശ്വാസത്തിന്റെ പ്രശ്നമൊന്നുമില്ല. അഭിമാനത്തോടെ ജീവിക്കുക എന്നത് വളരെ പ്രധാനമാണ്. അതിന് സ്വാശ്രയത്വം വളരെ പ്രധാനമാണ്. വിഫലമായി ശ്വസിച്ചു ജീവിക്കരുത്. കേരളം കണ്ട ഏറ്റവും മികച്ച ഒരു കലാകാരിയുടെ ജീവിതത്തിൽ നിന്ന് നാമത്രയുമെങ്കിലും പഠിക്കണം.

എനിക്കേറ്റവും പ്രിയപ്പെട്ട ലളിതച്ചേച്ചീ നിങ്ങൾ വേഗം സുഖം പ്രാപിക്കണം. ❤️❤️

എസ് ശാരദക്കുട്ടി .

Content Highlights: kpac lalitha treatment, kpac lalitha latest news, kpac lalitha health update, S Saradakutty facebook

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented