അമിത് ബിറ്റോ ഡേ
സ്വന്തം ഇച്ഛയ്ക്കനുസരിച്ച് ജീവിക്കാനും യഥാര്‍ത്ഥവ്യക്തിത്വം പുറത്തുകാണിക്കാനും ധൈര്യപ്പെട്ട് ഇന്ന് ഒട്ടേറെപ്പേര്‍ മുന്നോട്ട് വരുന്നുണ്ട്. അതേസമയം, സമൂഹത്തില്‍നിന്നുള്ള പുറന്തള്ളലും മറ്റുള്ളവര്‍ എങ്ങനെ കരുതുമെന്ന ചിന്താഗതിയിലും ധാരാളം പേര്‍ തങ്ങളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ ഒറ്റപ്പെട്ട് കഴിയുന്നുമുണ്ട്. കൊല്‍ക്കത്തയില്‍നിന്നുള്ള മോഡലായ അമിത് ബിറ്റോ ഡേ എന്ന ആന്‍ഡ്രോഗൈനസ് (ഉഭയലിംഗം) ഒരു വ്യക്തി എങ്ങനെ ആയിരിക്കണമെന്ന് സമൂഹം കാലങ്ങളായി കല്‍പ്പിച്ചുവെച്ചിരിക്കുന്ന മാനദണ്ഡങ്ങളെ പൊളിച്ചെഴുതുകയാണ്.
ഫോട്ടോഗ്രാഫറും സംവിധായകനുമായ അമിത് യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവെച്ചുകൊണ്ട് രണ്ട് തരത്തിലുള്ള ജീവിതം വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഒരു ഫോട്ടോഷൂട്ടിലൂടെ സമൂഹത്തിലെ സ്ഥിരസങ്കല്‍പങ്ങളെ എറിഞ്ഞുടച്ചു കളഞ്ഞിരിക്കുകയാണ് അമിത്.
ലിംഗ സമത്വമാണ് തന്റെ ഫോട്ടോഷൂട്ടിലൂടെ അമിത് വിളിച്ചു പറയുന്നത്. 'കോയ് മിസ്ട്രസ്' എന്ന് പേരിട്ട ഫോട്ടോ സീരീസിലൂടെ രണ്ട് തരത്തിലുള്ള ജീവിതത്തെക്കുറിച്ചും എല്‍.ജി.ബി.ടി.ക്യു+ സമൂഹം നേരിടുന്ന പ്രതിസന്ധികളെയും എടുത്തുകാണിക്കുകയാണ്. അമിതിന്റെ ഫോട്ടോഷൂട്ടിനോട് വലിയ തോതിലുള്ള പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൊല്‍ക്കത്തയില്‍ ഇന്റീരിയര്‍ ഡിസൈനറായാണ് ഞാന്‍ ജോലി ചെയ്യുന്നത്. ഫാഷന്‍ ഫോട്ടോഗ്രാഫറും സംവിധായകനുമായ ഞാന്‍ ഡിജിറ്റല്‍ കണ്ടന്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ആന്‍ഡ്രോഗൈനസ് മോഡലിങ് അത്ര പരിചിതമല്ലാത്തതിനാല്‍ എന്റെ അന്നത്തിനുള്ള വക മറ്റു മാര്‍ഗങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു-അമിത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
എന്റെ സ്വന്തമായ ഇടം കണ്ടെത്തലാണ് മോഡലിങ്. ഇതിലൂടെ എനിക്ക് ആശ്വാസം കണ്ടെത്താന്‍ കഴിയുന്നു. എന്റെ ഫോട്ടോഷൂട്ടിലൂടെ ഞാന്‍ മുന്നോട്ട് വയ്ക്കുന്ന ക്രിയാത്മകവും സ്വതസിദ്ധവുമായ ആശയങ്ങള്‍ എന്റെ ഏറെക്കാലത്തെ ആഗ്രഹങ്ങളാണ്. ഞാന്‍ എപ്പോഴും ചെയ്യാന്‍ ആഗ്രഹിക്കുന്ന ചിലത് വസ്ത്രം ധരിക്കുകയും എന്റെ ആശയങ്ങള്‍ നിങ്ങളെ അറിയിക്കുക എന്നതുമാണ്-അമിത് വ്യക്തമാക്കി. എന്നിരുന്നാലും, തന്റെ ഈ യാത്രക്കിടെ മുന്‍വിധികളോടെയും സങ്കുചിതമനോഭാവത്തോടെയും പെരുമാറുന്ന ഒട്ടേറെപ്പേരെ കണ്ടുമുട്ടാന്‍ ഇടയായതായും അമിത് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഒഴുക്കിനെതിരേ നീന്താനുള്ള തന്റെ തീരുമാനത്തില്‍ താന്‍ ആക്രമിക്കപ്പെടുമോയെന്ന് ഭയപ്പെടുന്നുണ്ടെന്ന് അമിത് വെളിപ്പെടുത്തി. ഒരു ബിഗ് ബജറ്റ് ബോളിവുഡ് ചിത്രത്തിനെതിരേ പ്രതിഷേധവും അതില്‍ അഭിനയിച്ച പ്രമുഖ നടിക്കെതിരേ കൊല്ലുമെന്ന് ഭീഷണി ഉയരുകയും ചെയ്ത നാടാണിത്. എന്റെ ഉള്ളിലെ ഭയം വല്ലാതെ വര്‍ധിച്ചിരിക്കുകയാണ്. കാരണം, സമൂഹം കെട്ടിപ്പെടുത്ത വാര്‍പ്പുമാതൃകകളെ തച്ചുടയ്ക്കുകയാണ് ഞാന്‍ ചെയ്തത്. ഞാനും ആക്രമിക്കപ്പെട്ടേക്കാം. എന്നെ സംരക്ഷിക്കാന്‍ ഒരുപക്ഷേ ആരും ഉണ്ടാകുകയും ഇല്ല-അമിത് പറഞ്ഞു.
Content highlights: kolkata based androgynous model, Amit bitto Dey speaks about gender fludity, Androgynous photoshoot
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..