വധുവിന് അണിയാൻ വിവാഹ വസ്ത്രമില്ലേ, ആകുലപ്പെടേണ്ട; ബീന നല്‍കും ഒന്നാന്തരം വസ്ത്രങ്ങള്‍


ജെസ്ന ജിന്റോ

ഒരിക്കലുപയോഗിച്ച വിവാഹവസ്ത്രങ്ങള്‍ ശേഖരിച്ച് ഇതുവരെ നിര്‍ധനരായ 17 യുവതികള്‍ക്ക് അവര്‍ തികച്ചും സൗജന്യമായി കൈമാറിക്കഴിഞ്ഞു.

ബീന തന്റെ ശേഖരത്തിലെ വസ്ത്രങ്ങളുമായി

ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയാല്‍ വധൂവരന്മാരെ അനുഗ്രഹിച്ച് ഭക്ഷണവും കഴിച്ച് മടങ്ങിപ്പോരുകയാണ് ഭൂരിഭാഗം ആളുകളുടെയും പതിവ്. എന്നാല്‍, തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം സ്വദേശി ബീനാ ഇബ്രാഹിമിന്റെ കാര്യം വ്യത്യസ്തമാണ്. വിവാഹച്ചടങ്ങളില്‍ സന്തോഷത്തോടെ പങ്കെടുത്തശേഷം അവര്‍ വധുവിനോട് പറയും ചടങ്ങുകള്‍കഴിയുമ്പോള്‍ വിവാഹവസ്ത്രം തനിക്കു തരണേയെന്ന്. വേറൊന്നിനുമല്ല, നിര്‍ധനരായ മറ്റുയുവതികളുടെ വിവാഹസ്വപ്നങ്ങള്‍ക്ക് മാറ്റുകൂട്ടാനാണ് ആ ചോദ്യം.

വിവാഹവും ചടങ്ങുകളും വധുവിന്റെ വീട്ടുകാരിലേല്‍പ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധി കടുപ്പമേറിയതാണ്. സ്വപ്നം കണ്ടതുപോലെയുള്ള വിവാഹവസ്ത്രങ്ങള്‍ വാങ്ങുന്നതിനും അണിയുന്നതിനും നിര്‍ധനരായ യുവതികള്‍ക്കു പലപ്പോഴും കഴിയാറില്ല. ആ ചിന്തയില്‍നിന്നാണ് ബീന ഇത്തരമൊരു കാരുണ്യപ്രവര്‍ത്തിക്ക് തുടക്കമിട്ടത്. ഒരിക്കലുപയോഗിച്ച വിവാഹവസ്ത്രങ്ങള്‍ ശേഖരിച്ച് ഇതുവരെ നിര്‍ധനരായ 17 യുവതികള്‍ക്ക് അവര്‍ തികച്ചും സൗജന്യമായി കൈമാറിക്കഴിഞ്ഞു.

2018-ലാണ് ബീന വിവാഹവസ്ത്രങ്ങള്‍ക്കു നല്‍കി തുടങ്ങിയത്. വിലയേറിയ സാരികള്‍, ലാച്ചകള്‍, ഗൗണുകള്‍, ഉടുപ്പുകള്‍ എന്നിവയെല്ലാം ബീന ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കും. സ്വന്തം മകള്‍ ഇസബെല്ലയുടെ വിവാഹവസ്ത്രം കൈമാറിക്കൊണ്ടായിരുന്നു തുടക്കം. 'ഇത്രവിലകൂടിയ വസ്ത്രങ്ങള്‍ കൊടുക്കാന്‍ എങ്ങനെയാണ് മനസ്സുവന്നതെന്ന് ബന്ധുക്കളില്‍ ചിലര്‍ചോദിച്ചെങ്കിലും അതിന്റെ പിന്നിലുള്ള സദുദ്ദേശം പങ്കുവെച്ചതോടെ എല്ലാവരും പിന്തുണ നല്‍കുകയായിരുന്നു. മകള്‍ തന്നെയാണ് വസ്ത്രങ്ങള്‍ എടുത്തുനല്‍കിയത്'-ബീന പറഞ്ഞു. അതിനുശേഷം ഏതാനും പേര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കി. തുടര്‍ന്ന് മകളോടൊപ്പം ബെംഗളുരൂവിലേക്ക് പോയതിനാല്‍ ആറുമാസത്തോളം ഇടവേള വന്നു. പിന്നീട് 2019 മുതല്‍ ഈ രംഗത്ത് സജീവമാണ് ബീന.

പ്രിയപ്പെട്ട വിവാഹവസ്ത്രങ്ങള്‍ കൈമാറുന്നതിനു താന്‍ ചോദിച്ച ആരും ഇതുവരെയും വിമുഖത കാട്ടിയിട്ടിലെന്ന് ബീന പറയുന്നു. ബന്ധുക്കളും സുഹൃത്തുക്കളും വഴിയാണ് ബീനയുടെ സംരംഭത്തെപറ്റി അറിഞ്ഞ് ആളുകളെത്തുന്നത്. തൃശ്ശൂരിനു പുറമെ വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളില്‍നിന്നും ധാരാളം പേര്‍ ബീനയുടെ അടുത്തെത്താറുണ്ട്. കാരുണ്യപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ബീനയുടെ സുഹൃത്തുക്കളാണ് ഇവിടേക്ക് വസ്ത്രങ്ങളെത്തിച്ചു നല്‍കുന്നത്.

ചിലപ്പോള്‍ വസ്ത്രങ്ങള്‍ പാകമല്ലാതായി വരാറുണ്ട്. അതിന് ആള്‍ട്രേഷന്‍ വര്‍ക്കും ബീന ചെയ്തു നല്‍കും. ഇതിനായി ബീനയുടെ അയല്‍വാസി മണപ്പാട്ടുപറമ്പില്‍ ബസീനയാണ് സഹായിക്കുന്നത്. ഇതും സൗജന്യമാണ്. ഒരിക്കല്‍ ആള്‍ട്രേഷന്‍ വര്‍ക്കു ചെയ്യാന്‍ സഹായിക്കാമോ എന്ന് ചോദിച്ച് ബസീനയെ സമീപിച്ചതാണ് ബീന. 'പണം നല്‍കാമെന്ന് പറഞ്ഞെങ്കിലും ബസീന അത് നിഷേധിക്കുകയായിരുന്നു. ചേച്ചിയുടെ കാരുണ്യപ്രവര്‍ത്തിക്ക് കൂടെ കൂടിക്കോട്ടെ എന്ന് അവര്‍ ചോദിച്ചു. അതിന് ഞാന്‍ സമ്മതം കൊടുക്കുകയായിരുന്നു'-ബീന പറഞ്ഞു.

Beena and Baseena
ബീനയും ബസീനയും

ആദ്യ കാലത്ത് ബീന വിവാഹവസ്ത്രത്തിനായി ആരോടും അങ്ങോട്ട് പോയി ചോദിക്കാറില്ലായിരുന്നു. എന്നാല്‍, ഈ ഡിസംബര്‍ വരെയുള്ള വസ്ത്രങ്ങളെല്ലാം തീര്‍ന്നതിനാല്‍, ബന്ധുക്കളായ നാലഞ്ചുപേരോട് വസ്ത്രങ്ങള്‍ക്കായി ചോദിക്കേണ്ടി വന്നു. എന്നാല്‍, ഒരു മടിയും കൂടാതെ അവരെല്ലാം വസ്ത്രങ്ങള്‍ നല്‍കി.

വിവാഹവസ്ത്രങ്ങള്‍ മാത്രമല്ല, സാധാരണ വസ്ത്രങ്ങളും ബീന നല്‍കാറുണ്ട്. റംസാന്‍ പോലുള്ള വിശേഷ അവസരങ്ങള്‍ വരുമ്പോള്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ബീനയ്ക്ക് വസ്ത്രങ്ങള്‍ നല്‍കും. ഇത് ആവശ്യക്കാരെ കണ്ടെത്തി ബീന കൈമാറും. കോളേജ് വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവര്‍ ബീനയെ സമീപിക്കാറുണ്ട്.

വസ്ത്രങ്ങള്‍ നല്‍കുന്നതിനു പുറമെ കാന്‍സര്‍ രോഗികള്‍ക്കു വിഗ് ഉണ്ടാക്കി നല്‍കുന്നതിന് മുടിശേഖരിച്ചു നല്‍കുന്നതിനും ബീന ശ്രമിക്കാറുണ്ട്. പ്രവാസി മലയാളിയായ പുളിക്കലകത്ത് മുഹമ്മദ് ഇബ്രാഹിമാണ് ബീനയുടെ ഭര്‍ത്താവ്.

ബീനയുടെ ഫോൺ നമ്പർ : 9745606800

Content highlights: kodugallur native beena arrange used bridal dress for poor girls charity

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented