Photo: facebook.com|humansofbombay
ഒരു വൈകുന്നേരമാണ്, ദീപക് അലുവാലിയ തൊട്ടാല്‍ പൊള്ളുന്ന ചൂടില്‍ തേപ്പുപെട്ടി തന്റെ ഭാര്യയായ കരണ്‍ജിത്ത് അലുവാലിയയുടെ മുഖത്ത് അമര്‍ത്തിപൊള്ളിച്ചത്. കുതറി മാറാന്‍ പറ്റാത്ത വിധം അയാള്‍ അവളുടെ മുടിയില്‍ പിടിമുറുക്കിയിരുന്നു. എന്നാല്‍ അന്നു രാത്രിയിലെ ഉപദ്രവങ്ങളുടെ അവസാനം വര്‍ഷങ്ങള്‍ നീണ്ട മാനസിക ശാരീരിക പീഡനങ്ങളില്‍ നിന്ന് സ്വതന്ത്രയാവാനായിരുന്നു കരണ്‍ജിത്തിന്റെ തീരുമാനം. ക്രൂരനായ ഭര്‍ത്താവിനെ തീവച്ച് കൊന്ന കേസില്‍ കരണ്‍ജിത്ത് 30 വര്‍ഷങ്ങള്‍ക്ക് ശേഷം ജയില്‍ മോചിതയാകുമ്പോള്‍ തിരുത്തിയത് ബ്രിട്ടനിലെ സ്ത്രീകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള നിയമങ്ങളിലെ പിടിപ്പുകേടുകള്‍ കൂടിയായിരുന്നു. പിന്നീട് കരണ്‍ജിത്ത് ഒരു പുസ്തകമെഴുതി ഗാര്‍ഹിക പീഡനങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കെല്ലാം വേണ്ടി, സര്‍ക്കിള്‍ ഓഫ് ലൈറ്റ്. പിന്നീട് അത് സിനിമയായി പ്രൊവോക്കഡ് എന്ന പേരില്‍. ഐശ്വര്യ റായ് ആയിരുന്നു കരണ്‍ജിത്തിനെ ആ സിനിമയില്‍ അവതരിപ്പിച്ചത്. ' എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല, ഞാന്‍ എന്നും കരയുകയായിരുന്നു, എനിക്ക് വേദനിച്ചിരുന്നു, ശാരീരികമായി മാത്രമല്ല മാനസികമായും. എനിക്ക് അയാളെ അടിക്കണമായിരുന്നു, അയാള്‍ എന്നെ അടിച്ചതുപോലെ, അയാളെ എനിക്ക് അടിക്കണമായിരുന്നു ഞാന്‍ അനുഭവിച്ച വേദനകള്‍ അയാളും അറിയുന്നതിന്.' കരണ്‍ജിത്ത് ഒരിക്കല്‍ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പിന്നീട് താന്‍ കടന്നുപോയ പീഡനങ്ങളെ പറ്റി അവര്‍ മനസ്സു തുറന്നത് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലായിരുന്നു.
'ജയിലില്‍ ഇരുന്നാണ് ഞാന്‍ സ്വാതന്ത്ര്യത്തെ പറ്റി ചിന്തിച്ചത്. ജലന്തറില്‍ എന്റെ ചെറുപ്പകാലത്ത് ഞാന്‍ അനുഭവിച്ച ആ സ്വാതന്ത്ര്യം. പിന്നീട് ഒറ്റരാത്രി കൊണ്ട് ഒരു തണുത്ത തറയില്‍ ഉറങ്ങി ഉണര്‍ന്നപ്പോള്‍ നഷ്ടമായത്.' കരണ്‍ജിത്ത് തന്റെ ജീവിതത്തെ പറ്റി കുറിക്കുന്നത് ഇങ്ങനെയാണ്. കരണ്‍ജിത്തിന് മൂന്ന്മാസം പ്രായമുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. എട്ട് മൂത്തസഹോദരങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നു. സാധാരണ പെണ്‍കുട്ടികള്‍ക്കുള്ള ഒരു വിലക്കുകളും ഇല്ലാതെ പാറിപ്പറന്ന ജീവിതം. ഏറ്റവും ഇളയ കുട്ടി ആയതിനാല്‍ എല്ലാവരുടെയും ഓമന. എന്നാല്‍ കരണ്‍ജിത്തിന് 15 വയസ്സുള്ളപ്പോഴാണ് അമ്മയ്ക്ക കാന്‍സര്‍ സ്ഥതീകരിക്കുന്നത്. അമ്മ പക്ഷേ അത് മകളില്‍ നിന്ന് മറച്ചു വച്ചു. നല്ല ചികിത്സക്കായി കൊണ്ടുപോകാന്‍ കരണ്‍ജിത്തിന്റെ സഹോദരങ്ങള്‍ ശ്രമിച്ചെങ്കിലും അമ്മ വിസമ്മതിക്കുകയാണ് ചെയ്തത്. കരണ്‍ജിത്തിനെ ഒറ്റയ്ക്കാക്കി എങ്ങോട്ടും പോകില്ല എന്നായിരുന്നു അമ്മയുടെ മറുപടി. 'അമ്മ മരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് എന്നോട് ആരും പറഞ്ഞിരുന്നില്ല. എന്റെ ബോര്‍ഡ്എക്‌സാം കഴിഞ്ഞ ദിവസം രാത്രി അമ്മ എന്നെ അമ്മയ്‌ക്കൊപ്പം ഉറങ്ങാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഞാനത് നിരസിക്കുകയായിരുന്നു. പകരം നിലത്ത് അമ്മയുടെ കട്ടിലിനരികില്‍ കിടന്ന് ഉറങ്ങാം എന്ന് സമ്മതിച്ചു. പക്ഷേ രാവിലെ ഉണര്‍ന്നപ്പോള്‍ അമ്മ എന്റെ ജീവിതത്തില്‍ നിന്ന് പോയി കഴിഞ്ഞിരുന്നു. ആരുമില്ലാതായപോലെ ആണ് എനിക്ക് തോന്നിയത്. അമ്മയുടെ മരണ ശേഷം എന്റെ രണ്ടാമത്തെ സഹോദരന്‍ എന്നെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.'

തുടര്‍ന്ന് പഠിക്കണോ? വിവാഹിതയാകണോ? എന്നീ രണ്ട് മാര്‍ഗങ്ങളാണ് സഹോദരങ്ങള്‍ കരണ്‍ജിത്തിന് മുന്നില്‍ വച്ചത്. പഠിക്കാനായിരുന്നു അവളുടെ തീരുമാനം. ബിരുദം നേടാനും ഹിന്ദിയും ഇംഗ്ലീഷും ഭാഷയില്‍ പ്രാവീണ്യം നേടാനും അക്കാലം കരണ്‍ജിത്ത് ഉപയോഗിച്ചു. എന്നാല്‍ ജോലിക്കുപോകണമെന്ന ആവശ്യം സഹോദരന്‍ നിഷേധിച്ചു. സ്ത്രീകള്‍ വീടുവിട്ട് പുറത്ത് ജോലിക്കുപോകണ്ട എന്നായിരുന്നു അതിനുള്ള മറുപടി. എന്നാല്‍ അവര്‍ കരണ്‍ജിത്തിന് ധാരാളം പോക്കറ്റ് മണി നല്‍കാന്‍ മടിച്ചില്ല. രാഖിക്ക് പകരം ബൈക്കാണ് കരണ്‍ജിത്തിന് സഹോദരന്മാര്‍ സമ്മാനമായി നല്‍കിയത്. 'അവര്‍ എനിക്കെല്ലാം നല്‍കിയിരുന്നു, സ്വാതന്ത്ര്യമൊഴിക.' വിവാഹാലോചനകളില്‍ നിന്ന് രക്ഷപ്പെടാന്‍ നിയമ പഠനത്തിന് ചേരാന്‍ കരണ്‍ജിത്ത് തീരുമാനിച്ചു. എന്നാല്‍ അവളെ വിവാഹം കഴിപ്പിച്ചയക്കാനുള്ള ശ്രമത്തിലായിരുന്നു സഹോദരങ്ങള്‍. ഒടുവില്‍ കാനഡയിലുള്ള തന്റെ സഹോദരിക്ക് ആരും അറിയാതെ കരണ്‍ജിത്ത് ഒരു കത്തയച്ചു, തന്നെ അവിടേക്ക് കൊണ്ടുപോകാന്‍. അങ്ങനെ കരണ്‍ജിത്തിന്റെ ജീവിതം മാറിമറിയാന്‍ തുടങ്ങുകയായിരുന്നു.
കാനഡയിലെത്തിയപ്പോള്‍ സഹോദരിയും അവളോട് വിവാഹത്തെ പറ്റി പറഞ്ഞു. എന്നെങ്കിലും നീ വിവാഹിതയായേ പറ്റൂ, ഇവിടെ നിന്ന് നിനക്ക് വിവാഹം ആലോചിക്കാം എന്നായിരുന്നു സഹോദരിയുടെ അഭിപ്രായം. ദീപക് അവളുടെ ജീവിതത്തിലേക്ക് വന്നത് അങ്ങനെയാണ്. ബ്രിട്ടനില്‍ നിന്ന് 'സുന്ദരനും മിടുക്കനും ഉയര്‍ന്ന വിദ്യാഭ്യാസവുമുള്ള' ദീപക് കാനഡയില്‍ കരണ്‍ജിത്തിനെ കാണാനെത്തി. നേരിട്ടുകാണുകയും സംസാരിക്കുകയും ചെയ്താല്‍ കൂടുതല്‍ പരിചയമാകുമല്ലോ എന്നായിരുന്നു അയാളുടെ അഭിപ്രായം. ' കല്യാണത്തിന് ശേഷം എനിക്ക് പഠിക്കണം, പിന്നെ ഞാന്‍ സാരി ഉടുക്കില്ല, എനിക്കത് ഉടുത്തു നടക്കാന്‍ അറിയില്ല.' ഈ രണ്ട് ആവശ്യങ്ങളാണ് കരണ്‍ജിത്ത് മുന്നോട്ട് വച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ നിയമപ്രകാരം ഇരുവരും വിവാഹിതരായി. മൂന്നാഴ്ച കഴിഞ്ഞ് കരണ്‍ജിത്ത് ലണ്ടനിലെത്തി.
'ദീപകിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ചായ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മുതല്‍ ഞാന്‍ മറ്റൊരു ദീപക്കിനെ കണ്ടുതുടങ്ങുകയായിരുന്നു. വാഷ്‌റൂമില്‍ ഒന്ന് ഫ്രെഷായി വരാന്‍ പോയതാണ് ഞാന്‍. അയാള്‍ പിന്നാലെ എത്തി, തടഞ്ഞു നിര്‍ത്തി ബലമായി എന്റെ തല ചുമരില്‍ ഇടുപ്പിച്ചു. വേദനകൊണ്ട് തറഞ്ഞു നിന്ന എന്റെ കാലില്‍ നിന്ന് ചെരുപ്പ് വലിച്ചൂരി ദൂരെ എറിഞ്ഞു, ഇത്രയും മോശം ചെരുപ്പുകള്‍ ആരാണ് ധരിക്കുക എന്നായിരുന്നു അയാളുടെ ചോദ്യം. കാനഡയില്‍ ഞാന്‍ പരിചയപ്പെട്ട ദീപക്കായിരുന്നില്ല അത്. അന്ന് വൈകുന്നേരം ഭക്ഷണം ഇഷ്ടമായില്ല എന്നതിന്റെ പേരില്‍ അയാള്‍ പാത്രങ്ങള്‍ വലിച്ചെറിഞ്ഞു പൊട്ടിച്ചു. പതിയെ കാര്യങ്ങള്‍ ശരിയാകുമെന്ന് കരുതി ഞാന്‍ കാത്തിരുന്നു.'
ലണ്ടനില്‍ വച്ചായിരുന്നു മതാചാര പ്രകാരമുള്ള കരണ്‍ജിത്തിന്റെയും ദീപക്കിന്റെയും വിവാഹം. 'വിവാഹ സമയം മുഴുവന്‍ മോശമായതെന്തോ സംഭവിക്കാന്‍ പോകുന്ന പോലെ ഒരു ഫീലിങ് തോന്നിയിരുന്നു. എന്റെ മുഖപടത്തിന് അടിയില്‍ ആരും കാണാതെ ഞാന്‍ കരഞ്ഞു. ആദ്യ രാത്രി അയാള്‍ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. അടുത്തദിവസം കിട്ടിയ വിവാഹ സമ്മാനങ്ങള്‍ ഞാനും ദീപക്കിന്റെ സഹോദരിയും തുറന്നു നോക്കുമ്പോള്‍ സഹോദരിയുടെ നേരെ അയാള്‍ അക്രമാസക്തനായി. അവള്‍ ഭയന്ന് അവിടെ നിന്ന് ഓടിക്കളഞ്ഞു. അന്ന് എന്റെ സഹോദരി എന്നെ കാണാനെത്തി. കുറച്ചു സമയം കഴിയുമ്പോള്‍ എല്ലാം ശരിയാകും എന്നായിരുന്നു അവള്‍ എന്നെ ആശ്വസിപ്പിച്ചത്. പിന്നീട് ദീപക്കിന്റെ അച്ഛനമ്മമാരെ കാണാന്‍ പോയ ദിവസം സംസാരിച്ചിരിക്കെ എല്ലാവരുടെയും മുന്നില്‍ നിന്ന് അയാളെന്നെ വലിച്ചിഴച്ച് മുറിയില്‍ കൊണ്ടുപോയി. എന്റെ വസ്ത്രങ്ങള്‍ അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ തടഞ്ഞു. പക്ഷേ അധികനേരം പ്രതിരോധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പിന്നീട് അത് പതിവായി. അയാള്‍ക്ക് തോന്നുമ്പോഴെല്ലാം എന്നെ ബലാത്സംഗം ചെയ്തു. ചിലപ്പോള്‍ അതിന് കാരണങ്ങള്‍ കണ്ടുപിടിച്ചു. കാപ്പി കുടിക്കുന്നതിന്, അയാളുടെ അമ്മയോട് കൂടുതല്‍ സമയം സംസാരിച്ചതിന്, റോട്ടി വട്ടത്തിലാവാത്തതിന്...കാര്യങ്ങള്‍ പലതും നിസാരമായിരുന്നു. എല്ലാ കഴിഞ്ഞ് അയാള്‍ ചിലപ്പോള്‍ വന്ന് ക്ഷമ പറയും. സ്‌നേഹം കൊണ്ടാണെന്ന് പറയും. എന്നെ ഉപദ്രവിക്കുന്നത് തടയാന്‍ അയാളുടെ അച്ഛനമ്മമാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവരെയും അയാള്‍ ഭയപ്പെടുത്തി നിര്‍ത്തി.
മൂന്ന് മാസത്തിന് ശേഷം ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞു. ഗര്‍ഭനിരോധന മാര്‍ഗങ്ങളൊന്നും സ്വീകരിക്കാന്‍ ദീപക് സമ്മതിച്ചിരുന്നില്ല. പക്ഷേ അയാള്‍ അറിയാതെ ഞാന്‍ ഗര്‍ഭചിദ്രം നടത്തി. ഇല്ലെങ്കില്‍ ആ കുഞ്ഞും ഞാനും ഒന്നിച്ച് ഇല്ലാതാവുമായിരുന്നു. പിന്നീട് അഞ്ച് വര്‍ഷം കഴിഞ്ഞു. ദീപക്കിന്റെ അതിക്രമങ്ങളില്‍ മനസ്സു മടുത്ത് അയാളുടെ മാതാപിതാക്കള്‍ താമസം മാറി. ഒറ്റയക്കായതോടെ ഉപദ്രവങ്ങള്‍ കൂടി. ഞാന്‍ വീണ്ടും ഗര്‍ഭിണിയായി. എന്നാല്‍ ആദ്യത്തെ കുഞ്ഞ് പിറന്ന് ഒമ്പത് മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ പിന്നെയും ഗര്‍ഭിണിയായി. എന്നാല്‍ അതറിഞ്ഞതോടെ അയാള്‍ എന്നെ കോണിപ്പടിയിലൂടെ വലിച്ചിഴച്ചു. കുട്ടി തന്റേതല്ലെന്ന് പറഞ്ഞായിരുന്നു അക്രമം. എന്റെ സഹോദരന്മാരോട് പണം വാങ്ങിത്തരാന്‍ അയാള്‍ ഇടയ്ക്കിടെ ആവശ്യപ്പെടും. അയാള്‍ എന്ത് പറഞ്ഞാലും ചെയ്യുന്ന അവസ്ഥയിലായിരുന്നു ഞാന്‍.' ദീപക്കിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കരണ്‍ജിത്ത് അറിയുന്നത് വൈകിയാണ്. എന്നാല്‍ അവള്‍ അത് അറിഞ്ഞു എന്ന് ദീപക്ക് മനസിലാക്കിയതോടെ പീഡനങ്ങള്‍ കൂടി വന്നു. എന്നാല്‍ തന്നെയും കുട്ടികളെയും ഉപേക്ഷിക്കരുതേ എന്നായിരുന്നു കരണ്‍ജിത്ത് അയാളോട് കേണത്. അത്തരം വഴക്കുകളുടെ ഒരു രാത്രിയിലാണ് ദീപക്ക് കരണ്‍ജിത്തിന്റെ മുഖം തേപ്പുപെട്ടികൊണ്ട് പൊള്ളിച്ചത്.

അതോടെ തിരിച്ച് പ്രതികാരം ചെയ്യണമെന്നായി കരണ്‍ജിത്തിന്. തന്റെ മഖം പൊള്ളിച്ചതുപോലെ അതേ വേദന അയാളും അറിയണം, അവള്‍ തീരുമാനിച്ചു. രാത്രി രണ്ട് മണിയായിരുന്നു. ദീപക് നല്ല ഉറക്കത്തിലും. ഗ്യാരേജില്‍ നിന്ന് കുറച്ച് പെട്രോള്‍ കൊണ്ട് വന്ന് ദീപക്കിന്റെ കാലില്‍ അവള്‍ ഒഴിച്ചു. തീ കൊടുത്തു. കുട്ടികളുമായി പുറത്തേക്കോടി ദൂരെ മാറി നിന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. വീട് മുഴുവന്‍ തീ പിടിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി ദീപക്കിനെ പുറത്തെടുത്തപ്പോള്‍ അയാള്‍ക്ക് ജീവനുണ്ടായിരുന്നു.
'പോലീസിനോട് എന്റെ മക്കള്‍ സുരക്ഷിതരാണോ എന്ന് മാത്രമാണ് ഞാന്‍ ചോദിച്ചത്. അവരെ ദീപക്കിന്റെ മാതാപിതാക്കളുടെ അടുത്തേക്ക് അയച്ചിരുന്നു. കുറ്റം ചെയ്തത് ഞാനാണെന്ന് ഒരു മടിയും കൂടാതെ ഞാന്‍ സമ്മതിച്ചു. അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ ദീപക് മരിച്ചു. അയാളെ കൊല്ലണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. പിന്നെ ജയില്‍ നാളുകളായിരുന്നു.' കരണ്‍ജിത്ത് പറയുന്നു. സൗത്തേണ്‍ ഹാള്‍ ബ്ലാക്ക് സിസ്റ്റേഴ്‌സ് എന്ന് എന്‍.ജി.ഒ ആണ് കരണ്‍ജിത്തിന് വീണ്ടും സ്വാതന്ത്ര്യത്തിലേക്കുള്ള വഴി തുറന്നത്. പ്രാഗ്ന എന്ന അവരുടെ അഭിഭാഷക അവള്‍ക്ക് എല്ലാ സഹായവും നല്‍കി. മക്കളെ കാണാനും കേസ് റീ ഓപ്പണ്‍ ചെയ്യാനുമെല്ലാം. ജയിലില്‍ നിന്ന് ഹെയര്‍ഡ്രെസ്സിങ് കോഴ്‌സും ഇക്കാലത്ത് കരണ്‍ജിത്ത് പഠിച്ചു. ഒടുവില്‍ പത്ത് വര്‍ഷത്തെ പീഡനങ്ങള്‍ക്കും 1200 ദിവസത്തെ ജയില്‍ വാസത്തിനും ശേഷം കരണ്‍ജിത്ത് വീണ്ടും സ്വാതന്ത്ര്യത്തിന്റെ രുചിയറിഞ്ഞു. ധാരാളം പേര്‍ കരണ്‍ജിത്തിന്റെ കഥയറിഞ്ഞ് പുറത്ത് അവളെ സ്വീകരിക്കാന്‍ കാത്തുനിന്നിരുന്നു.
'മക്കള്‍ക്കൊപ്പം ഞാന്‍ പുതിയജീവിതം ആരംഭിച്ചു. ചെറിയ ജോലികള്‍ ചെയ്ത് അവരെ പഠിപ്പിച്ചു. ഒരിക്കലും അവര്‍ ദീപക്കിനെ പോലെ ആവരുത് എന്നായിരുന്നു എന്റെ ആഗ്രഹം. ഇടയ്ക്ക് ഞാന്‍ എന്റെ അമ്മായിയമ്മയുടെ അരികില്‍ പോകും. അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം വാങ്ങിക്കൊടുക്കും. പുറത്തു കൊണ്ടു പോകും. മക്കള്‍ വളര്‍ന്നു. മൂത്തയാള്‍ വിവാഹിതനായി. ഇളയവന്‍ ജോലിയും യാത്രകളുമായി സന്തോഷത്തോടെ ജീവിക്കുന്നു. ധാരാളം സ്ത്രീകള്‍ ഇന്നും എന്റെ കഥ കേള്‍ക്കാനും പീഡനങ്ങള്‍ തിരിച്ചറിയാനും തയ്യാറാവുന്നുണ്ട്. ആ വേദനകളെല്ലാം ഇന്നും എനിക്കൊരു ദുഃസ്വപ്‌നമാണ്. എങ്കിലും ഇപ്പോള്‍ ഞാന്‍ ആഗ്രഹിച്ച സ്വാതന്ത്ര്യം എനിക്കുണ്ട്. പക്ഷേ ഈ അറുപത്തിയാറാം വയസിലും കൃത്യം വട്ടത്തില്‍ എനിക്ക് റോട്ടി ഉണ്ടാക്കാന്‍ അറിയില്ല. '
Content Highlights: Kiranjit Ahluwalia, The woman who set her husband on fire and the victim of domestic violence
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..