കേറ്റ് വിൻസ്ലെറ്റ് | Photos: instagram.com/kate.winslet.official
അനശ്വര പ്രണയത്തിന്റെ ഉദാത്ത മാതൃകകളായി ലോകം വാഴ്ത്തുന്ന ജോഡികളാണ് ജെയിംസ് കാമറൂണിന്റെ ടൈറ്റാനിക് എന്ന സിനിമയിലെ ജാക്കും റോസും. ലോകസിനിമയുടെ ചരിത്രത്തില്‍ ഇത്രയധികം ആരാധകര്‍ നെഞ്ചിലേറ്റിയ പ്രണയജോഡികള്‍ ഉണ്ടായിരിക്കുകയില്ല. ചിത്രത്തില്‍ റോസ് ആയി അഭിനയ്ച്ച് ഹോളിവുഡ് നടി കേറ്റ് വിന്‍സ്ലെറ്റിന് ഇപ്പോഴും ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ പ്രായമാകുന്നതിനെക്കുറിച്ചും ആ ഘട്ടത്തെ പുല്‍കുന്നതിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് നാല്‍പത്തിയേഴുകാരിയായ കേറ്റ്.
എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സംഭവിക്കുന്ന സ്വാഭാവിക പ്രക്രിയയാണ് പ്രായമാകല്‍ എന്നും ചിലര്‍ അതിനെ ആശങ്കയോടെ സമീപിക്കുകയാണ് എന്നും പറയുകയാണ് കേറ്റ്. നാല്‍പതുകളില്‍ എത്തിനില്‍ക്കുന്ന സ്ത്രീകള്‍ അവരുടെ ആന്തരികസൗന്ദര്യത്തെയും കരുത്തിനെയും പുല്‍കുകയാണ് ചെയ്യേണ്ടതെന്ന് കേറ്റ് പറയുന്നു.
പലപ്പോഴും സ്ത്രീകള്‍ നാല്‍പതുകളില്‍ എത്തുമ്പോഴേക്കും ഇത് പതനത്തിന്റെ തുടക്കമാണെന്നും കാര്യങ്ങള്‍ മങ്ങാനും മാറാനും ആഗ്രഹിക്കാത്ത ദിശകളിലേക്ക് നീങ്ങാനുമൊക്കെ തുടങ്ങുമെന്ന് കരുതും. എന്നാല്‍ സ്ത്രീകള്‍ അവരുടെ നാല്‍പതുകളില്‍ നല്ലതിനായി മാറുന്നു എന്നാണ് താന്‍ കരുതുന്നതെന്നും കേറ്റ്.
നാല്‍പതുകളില്‍ സ്ത്രീകള്‍ കൂടുതല്‍ കരുത്തരാകുകയും സെക്‌സി ആവുകയും ചെയ്യുന്നു. നമ്മള്‍ നമ്മളിലേക്ക് കൂടുതല്‍ വളരുന്നു. ആളുകള്‍ എന്തുചിന്തിക്കുമെന്ന് ഭയപ്പെടാതെ മനസ്സിലുള്ളത് തുറന്നു പറയാനുള്ള അവസരവും ലഭിക്കുന്നു. നമ്മള്‍ കാണാന്‍ എങ്ങനെയാണെന്ന് അമിതമായി ആലോചിക്കാതിരിക്കുന്നു. അത് വളരെ മനോഹരമാണ്. ജീവിതം വളരെ ചെറുതാണെന്നും അവനവന്റെ ശക്തിയില്‍ തുടരൂ എന്നും കേറ്റ് പറയുന്നു.
മേയര്‍ ഓഫ് ഈസ്റ്റ്ടൗണ്‍ എന്ന സീരീസിലെ തന്റെ രൂപത്തെ വിമര്‍ശിച്ചവരെക്കുറിച്ചും കേറ്റിന് പറയാനുണ്ട്. ഒരിക്കലും പുരുഷ നടന്മാരുടെ രൂപമാറ്റത്തെക്കുറിച്ച് അധികമാരും ബഹളം വെക്കാറില്ല. നായികമാര്‍ എന്നും പെര്‍ഫെക്റ്റ് ആയിരിക്കണം എന്നാണ് സമൂഹത്തിന്റെ സങ്കല്‍പം. എന്നാല്‍ താന്‍ സത്യസന്ധമായ കഥകള്‍ അവതരിപ്പിക്കാനും യഥാര്‍ഥമായിരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്നും കേറ്റ് കൂട്ടിച്ചേര്‍ക്കുന്നു.
Content Highlights: kate winslet on women in their 40s
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..