കപില വാത്സ്യായൻ | ഫോട്ടോ: മാതൃഭൂമി
''മൗനം അര്‍ത്ഥവത്തായ ഒരു സ്വമുദ്രയാണ്. അതു കരണങ്ങള്‍ പോലെ വാചാലമാണ്''
സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ റിസോഴ്സ് ട്രെയ്നിങ്ങില്‍ വെച്ച് ഡോ. കപിലാ വാത്സ്യായന്‍ ഞങ്ങളോട് പറഞ്ഞു. കാലം 1987. തുടര്‍ച്ചയായി മൂന്നുദിവസം കലാപൈതൃകങ്ങളെക്കുറിച്ച് അവര്‍ സംസാരിക്കുകയാണ്. കള്‍ച്ചറല്‍ റിപ്പോര്‍ട്ടിങ്ങിന്റെ ആവശ്യകതയെക്കുറിച്ച് പോരാളിയെ പോലെ യുദ്ധം ചെയ്യാന്‍ 20 പത്രപ്രവര്‍ത്തകര്‍ പങ്കെടുത്ത ആ വര്‍ക്ക്ഷോപ്പില്‍ അവര്‍ ആവശ്യപ്പെട്ടു.
''ശാസ്ത്രീയ കലാവതരണങ്ങള്‍ക്കിടയിലുള്ള മൗനം ആ കലാരൂപത്തിന്റെ ധ്വന്യാത്മകമായ വിശദീകരണമാണ്. അതു ഇന്ത്യന്‍ കലാപഠനങ്ങളില്‍ ഏറ്റവും ആഴമേറിയ സങ്കല്പമാണ്. ധ്യാനത്തില്‍ നിന്നാണ് മൗനത്തിന്റെ തീവ്രമായ പാഠഭേദങ്ങള്‍ ഉണ്ടാകുന്നത്. അതു ഭാരതീയമായ മുദ്രയാണ്. എന്റെ അമ്മ സുഖമില്ലാതെ ആസ്പത്രിയില്‍ കിടക്കുകയാണ്. ഒരില കൊഴിയുന്നതുപോലെ അവര്‍ ശാന്തമായി നിത്യമായ മൗനത്തിലേക്ക് പോകട്ടെ എന്നു ഞങ്ങള്‍ ആഗ്രഹിച്ചു. അങ്ങനെ കാത്തിരിക്കുമ്പോള്‍ കമലാദേവി ചത്യോപധ്യായ വന്നു. അമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരി. അമ്മ കണ്ണുതുറന്നു കിടക്കുകയായിരുന്നു.
കമല അമ്മയുടെ കൈകളെടുത്ത് മടിയില്‍ വെച്ചു. പിന്നെ വിരലുകള്‍ ചേര്‍ത്ത് ആ കണ്ണുകളിലേക്ക് നോക്കിയിരുന്നു. അക്ഷരംപോലും അവര്‍ ഉരിയാടിയില്ല. മിനുറ്റുകള്‍ക്കുശേഷം കമലാദേവി പോവുകയും ചെയ്തു. ആ മുറിയില്‍ ഇതിനൊക്കെ സാക്ഷിയായിരുന്നു ഞാന്‍. കോര്‍ത്തുപിടിച്ച ആ കൈകള്‍ക്കിടയിലൂടെ ഒരു ജീവിതത്തിന്റെ കഥകള്‍ മുഴുവനും ഒഴുകി നിറയുന്നത് ഞാന്‍ കണ്ടു. അതേ മൗനം പിന്നീട് ഞാന്‍ കണ്ടു. കാഞ്ചീവരത്തിലെ ചന്ദ്രശേഖരസ്വാമികളുടെ സന്നിധിയില്‍ ഇരിക്കുമ്പോള്‍. മഹാത്മാവിന്റെ മൗനവും ഹിമാലയ സാനുക്കളിലെ തപോധന്യരുടെ മൗനവും ഏറ്റവും അഗാധമായ ഒരു ദര്‍ശനം തേടി കൊണ്ടുള്ളതായിരുന്നു. ആ മൗനത്തിന്റെ രീതി ഭേദങ്ങള്‍ മാത്രമാണ് വാക്കുകളെന്ന് ഞാന്‍ വിശ്വസിക്കുന്നു'' ഡോ.കപില അവസാനമായി ഞങ്ങളോട് പറഞ്ഞു.
കപില ഇന്ത്യയുടെ കലാജീവിതത്തിലെ അനന്തമായ ജല സാഗരത്തിനിടയിലെ ഒരു ദ്വീപാണ്. സ്വതന്ത്രമായ ഒരു വ്യക്തിത്വം എന്നും അഭിലഷിച്ചിരുന്ന കലാപൈതൃകത്തിന്റെ ഇരിപ്പിടം. സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും ഇന്ത്യയുടെ ഉജ്വലമായ പാരമ്പര്യത്തിന്റെയും പാരമ്പര്യനിഷേധത്തിന്റെയും പ്രതീകങ്ങളിലൊരാള്‍. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായിരിക്കാന്‍ ക്ഷണിച്ചപ്പോള്‍ എന്റെ വിധി മറ്റൊന്നാവാനാണ് എന്ന് സ്വയം വിശ്വസിച്ച് അത് തിരസ്‌കരിച്ച കമലാദേവിയെപോലെ നിര്‍ഭയമായ അഭിപ്രായ സ്ഥൈര്യം കപില വാത്സ്യായനുമുണ്ടായിരുന്നു.
ഇന്ത്യന്‍ ക്ലാസിക്കല്‍ കലാശാസ്ത്രത്തിന്റെ യഥാര്‍ത്ഥ പതാകാവാഹക കപില വാത്സ്യായനായിരുന്നു. സഹസ്രാബ്ദങ്ങള്‍ പിന്നിട്ട ഇന്ത്യന്‍ ക്ലാസിക്കല്‍ കലാരൂപങ്ങളുടെ ഇന്ത്യന്‍ അംബാസഡറും ഈ വിദുഷിയായിരുന്നു. പഞ്ചാബിലെ ആര്യസമാജക്കാരനായ രാംലാലിന്റെയും സത്യവതി മാലികിന്റെയും ജീവിതം മുഴുവന്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു. ദില്ലിയില്‍ താമസമാക്കിയ ഈ ദമ്പതിമാര്‍ക്ക് 1928 ലെ ക്രിസ്മസ് ദിനത്തില്‍ പിറന്ന ഇളയമകളാണ് കപില. കപില വളര്‍ന്നപ്പോള്‍ ഏറ്റവുമാദ്യം കേട്ടത് മൂത്തസഹോദരനായ കേശവമാലിക്കിന്റെ കവിതകളാണ്. ''ആ കവിതയില്‍ നിന്ന് ഞാന്‍ ആദ്യ കാവ്യമായ രാമായണത്തിലേക്കും മഹാഭാരതത്തിലേക്കും സഞ്ചരിച്ചു. പിന്നീടാണ് വിശാലമായ കലാലോകത്തേക്ക് കടന്നത്. ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ. നേടിയശേഷം പിന്നീട് ഇന്ത്യന്‍ കലകളുടെ ലോകത്തേക്ക് യാത്ര തിരിച്ചു. അഛാൻ മഹാരാജില്‍ നിന്ന് കഥക്കും മണിപ്പുരി ഗുരു ഇമോഞ്ചി സിങ്ങില്‍ നിന്ന് മണിപ്പുരിയും, ഗുരു മീനാക്ഷി സുന്ദരം പിള്ളയില്‍ നിന്ന് ഭരതനാട്യവും പഠിച്ച് അതിന്റെ കലാവതരണവും കഴിഞ്ഞ ശേഷമാണ് കഥകളി പഠിക്കാന്‍ കലാമണ്ഡലത്തിലെത്തിയത്. അതിനുമുമ്പു തന്നെ ശാന്തിനികേതനില്‍ പഠനവും അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ നിന്ന് ഉപരിപഠനവും ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടിയിരുന്നു.
എപ്പോഴും സ്വതന്ത്രമായി ജീവിക്കുന്ന ഇന്ത്യന്‍ സ്ത്രീകളുടെ പ്രതീകമായിരുന്നു കപില. അവരുടെ പഠനകാലത്ത് കമല ചതോപധ്യായയുടെയും രുഗ്മിണി ദേവി അരുണ്ഡേലിന്റെയും ധീരമായ പ്രവര്‍ത്തനങ്ങള്‍ അവരെ ആകര്‍ഷിച്ചിരുന്നു. ഗീതാഗോവിന്ദത്തിലെ രാധയും പാബ്ലോപിക്കാസോയുടെ ക്യൂബിക്ക് ആര്‍ട്ടും ഒരേ തരം കലാ സങ്കല്പമാണെന്ന് വിശദീകരിക്കാന്‍ കപിലയ്ക്ക് കഴിയുമായിരുന്നു.
സ്വാതന്ത്ര്യത്തിനുമുമ്പും പിന്നീടും ശാസ്ത്രീയ കലാപ്രവര്‍ത്തനങ്ങള്‍ക്ക് രംഗവേദി ഒരുക്കുക എന്നതായിരുന്നു കപിലയുടെ ദൗത്യം. തീന്‍മൂര്‍ത്തിഭവന്‍, നെഹ്റുവിന്റെ മ്യൂസിയമാക്കാന്‍ അന്നത്തെ രാഷ്ട്രപതി ഡോ. എസ്. രാധാകൃഷ്ണന്‍ ഡോ. കപിലയ്ക്ക് നല്‍കിയത് മൂന്നാഴ്ചത്തെ സമയമായിരുന്നു. ഇന്ത്യയുടെ കലാസ്ഥാപനങ്ങളുടെ (ലളിതകലാ അക്കാദമി മുതല്‍ ദില്ലി ഡ്രാമാ ഇന്‍സ്റ്റിറ്റ്യൂട്ട് വരെ) പിറവിക്കു പിന്നില്‍ അവരുടെ അക്ഷീണ പരിശ്രമമുണ്ടായിരുന്നു. പണ്ഡിറ്റ് നെഹ്റു, ഡോ. കപിലയ്ക്ക് നല്‍കിയ ദൗത്യം മറ്റൊന്നാണ്. ഇന്ത്യന്‍ കലകളെ ലോകത്തിനു മുഴുവന്‍ പരിചയപ്പെടുത്തിക്കൊടുക്കുക. അതിന്റെ ലാവണ്യശാസ്ത്രത്തിന്റെ ഗരിമ ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്തുക. ഡോ. കപില ആ വെല്ലുവിളി സ്വീകരിച്ചു.
സെന്റര്‍ ഫോര്‍ തിബത്തന്‍ സ്റ്റഡീസ്, സെന്റര്‍ ഫോര്‍ കള്‍ചറല്‍ റിസോഴ്സ് ട്രെയിനിങ്ങ്, ഏഷ്യന്‍ ഇന്ത്യാ ഇന്റര്‍ നാഷണല്‍ സെന്റര്‍ എന്നിവയൊക്കെ കപിലയുടെ മാനസ സൃഷ്ടികളാണ്. ഗുരു മണിമാധവചാക്യാരുമായുള്ള സൗഹൃദം അവരെ കൂടിയാട്ടത്തിന്റെ ലോകത്തിലേക്ക് നയിച്ചു. കേരളത്തിലെ കലാരൂപങ്ങളെക്കുറിച്ച് ആഴത്തിലുള്ള പരിജ്ഞാനം അവര്‍ക്കുണ്ടായിരുന്നു. കലാചരിത്ര ഗവേഷക എന്ന നിലയിലുള്ള അവരുടെ ജ്ഞാനം അപാരമായിരുന്നു. സ്വതന്ത്രമായ വ്യക്തിത്വം കലകള്‍ക്ക് സമര്‍പ്പിച്ചതായിരുന്നു. ഇന്ത്യയുടെ മഹാകവി എസ്.എച്ച്. വത്സ്യായന്റെ (അഗേയ) ഭാര്യയായിരുന്നിട്ടും കലാപഠനങ്ങള്‍ക്കുവേണ്ടി അവര്‍ വഴിപിരിഞ്ഞു.
അഛാൻ മഹാരാജിനെ ന്യൂഡല്‍ഹിയിലേക്ക് കൊണ്ടുവന്ന ഡോ. കപില മകന്‍ ബിര്‍ജ് മഹാരാജിന് വേണ്ടി ഒരു കഥക് കേന്ദ്രം തന്നെ സ്ഥാപിച്ചു. കലാക്ഷേത്രം ശൈലിയുടെ അവതരണത്തിനായി വിശ്രുത നര്‍ത്തകി എച്ച് വി. ലളിതയെ തലസ്ഥാനനഗരിയിലേക്ക് കൊണ്ടുവന്നു. യാമിനി കൃഷ്ണമൂര്‍ത്തിയേയും ഭരതനാട്യത്തിന്റെ അവതരണത്തിനായി എത്തിച്ചു. ഒഡീസി പഠിക്കാന്‍ പോയ ഡോ. കപില ഗുരു സുരേന്ദ്രനാഥ ജെനയേയും ഒഡീസി അവതരണങ്ങള്‍ക്കായി ദില്ലിയില്‍ കൊണ്ടുവന്നു. ഗാന്ധി കുടുംബമായും നെഹ്റു കുടുംബമായും ഉറ്റ ബന്ധം പുലര്‍ത്തിയ കപില കേരളത്തെ അകമഴിഞ്ഞ് സ്നേഹിച്ചു. കേരളത്തിലെ ക്ഷേത്രകലകളെക്കുറിച്ച് മികച്ചൊരു പഠനഗ്രന്ഥവും ഡോ. കപില എഴുതിയിട്ടുണ്ട്- ആര്‍ട്ട്സ് ഓഫ് കേരള ക്ഷേത്രം. കലയെക്കുറിച്ചും കലാദര്‍ശനങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ള ഡോ. കപില വിടവാങ്ങുമ്പോള്‍ കലാലോകത്തിന്റെ മാതൃബിംബമായ മഹാവിദുഷി നഷ്ടപ്പെടുകയാണ്. ഒരൊറ്റ സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ പത്രങ്ങളുടെ ഒന്നാം പേജില്‍ കടന്നുവരുന്ന പുതുകാലത്തെ കലാകാരന്മാരുടെ കാലത്ത് ഇന്ത്യന്‍ കലകളുടെ പോറ്റമ്മ മരിച്ചപ്പോള്‍ മിക്ക മാധ്യമങ്ങള്‍ക്കും അത് ഉള്‍പേജിലെ ഒറ്റക്കോളം വാര്‍ത്ത മാത്രം.
Content Highlights: Kapila Vatsyayan, grand matriarch of cultural research
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..