കാജൽ അഗർവാൾ | Photos: instagram.com/kajalaggarwalofficial/
ഏപ്രിൽ പത്തൊമ്പതിനാണ് നടി കാജൽ അഗർവാൾ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇപ്പോഴിതാ അമ്മയായതിനു ശേഷമുള്ള അനുഭവത്തെക്കുറിച്ച് കാജൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പ്രസവത്തെക്കുറിച്ചും അമ്മയായതിനു ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചുമൊക്കെയാണ് കാജൽ പങ്കുവെക്കുന്നത്.
നീൽ എന്നു പേരിട്ടിരിക്കുന്ന തന്റെ കുഞ്ഞിനെ ഈ ലോകത്തേക്ക് ആവേശത്തോടെ സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞാണ് കാജൽ കുറിപ്പ് ആരംഭിക്കുന്നത്. ജനിച്ച് സെക്കൻഡുകൾക്കുള്ളിൽ പ്ലാസന്റയോടെ നീലിനെ തന്റെ നെഞ്ചിൽ വച്ച നിമിഷം വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ലെന്ന് കാജൽ കുറിക്കുന്നു.
കുഞ്ഞിനെ ഏറ്റുവാങ്ങിയ നിമിഷം തനിക്കുണ്ടായ സ്നേഹത്തെയും ഉത്തരവാദിത്തത്തെയും നന്ദിയെയും കുറിച്ച് പറയുമ്പോഴും അതിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല എന്നും കാജൽ പറയുന്നു. ഉറക്കമില്ലാത്ത മൂന്ന് രാത്രികളെക്കുറിച്ചും അനിശ്ചിതാവസ്ഥയെക്കുറിച്ചും എല്ലാം ശരിയായിട്ടാണോ ചെയ്യുന്നതെന്ന ആകുലതയെക്കുറിച്ചുമൊക്കെ കാജൽ പങ്കുവെക്കുന്നു.
എന്നാൽ ഇതിനൊപ്പം തന്നെ രാവിലെകളിൽ കുഞ്ഞിനൊപ്പമുള്ള മനോഹരമായ നിമിഷങ്ങളെക്കുറിച്ചും ചുംബനത്തെക്കുറിച്ചും തുടങ്ങി തങ്ങൾ രണ്ടുപേർ മാത്രമായി ആസ്വദിക്കുന്ന നിമിഷങ്ങളെക്കുറിച്ചും കാജൽ പറയുന്നുണ്ട്. പോസ്റ്റിനൊടുവിൽ പ്രസവാനന്തരം എന്നത് ഗ്ലാമറസ് അല്ലെന്നും പക്ഷേ തീർച്ചയായും മനോഹരമാണെന്നും കാജൽ കുറിക്കുന്നു.
നേരത്തേ പ്രസവകാലത്ത് വണ്ണംവച്ചതിനു പിന്നാലെ നേരിട്ട ബോഡിഷെയിമിങ്ങിനെതിരെ കാജൽ പ്രതികരിച്ചത് ശ്രദ്ധ നേടിയിരുന്നു. ഗർഭകാലത്ത് നമ്മുടെ ശരീരം ധാരാളം മാറ്റങ്ങളിലൂടെ കടന്നുപോകും. ഭാരം വർധിക്കും, ഹോർമോണുകളിൽ വ്യതിയാനം സംഭവിക്കും, കുഞ്ഞ് വളരുന്നതിനോടൊപ്പം സ്തനവും വയറുമെല്ലാം വലുതാകും, കുഞ്ഞിന്റെ സുഖകരമായ വളർച്ചക്കായി ശരീരം പാകപ്പെടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ശരീരം വികസിക്കുമ്പോൾ സ്‌ട്രെച്ച് മാർക്കുകൾ ഉണ്ടാകും, ചിലപ്പോൾ മുഖക്കുരു വരും, ക്ഷീണം തോന്നും, മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകൾ അസുഖമുണ്ടാക്കും- എന്നാണ് കാജൽ കുറിച്ചത്.
കുഞ്ഞിന് ജന്മം നൽകിയാൽ പഴയ രൂപത്തിലേക്ക് തിരിച്ചുപോകാൻ സമയമെടുക്കും. അല്ലെങ്കിൽ പൂർണമായും പഴയതുപോലെ ആകാൻ സാധിച്ചെന്നും വരില്ല. എന്നാൽ അത് സാരമില്ല. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിലേക്ക് പുതിയ ഒരാളെകൊണ്ടുവരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിത്. ഇതെല്ലാം അസാധാരണമാണെന്ന് കരുതേണ്ടതില്ല, സമ്മർദ്ദത്തിലാകേണ്ടതില്ല, ചട്ടങ്ങളിൽ ഒതുങ്ങേണ്ടതില്ല. ഇതെല്ലാം ഒരു കുഞ്ഞിന് ജന്മം നൽകുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കൂ എന്നും കാജൽ പറയുകയുണ്ടായി.
Content Highlights: kajal aggarwal postpartum experience motherhood
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..