Photos: instagram.com/kajalaggarwalofficial/?hl=en
അമ്മയാകാനുളള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലൂടെയാണ് താനിപ്പോൾ കടന്നുപോകുന്നതെന്ന് കാജൽ നേരത്തേ പറഞ്ഞിരുന്നു. യോഗാ ക്ലാസ്സുകളും വർക്കൗട്ടും ഫോട്ടോഷൂട്ടുകളുമൊക്കെയായി സജീവമാണ് താരം. ഇപ്പോഴിതാ ഗർഭകാലത്തെക്കുറിച്ചും കുഞ്ഞിനായുള്ള കാത്തിരിപ്പിനെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് കാജൽ.
ഗ്ലോബൽ സ്പാ മാഗസിന് നൽകിയ അഭിമുഖത്തിലാണ് കാജൽ മനസ്സു തുറന്നിരിക്കുന്നത്. താനും ഭർത്താവ് ഗൗതം കിച്ലുവും പാരന്റ്ഹുഡിനെ പുൽകാൻ ആവേശത്തോടെ ഇരിക്കുകയാണെന്ന് കാജൽ പറയുന്നു. ഒരേ സമയം ആശങ്കയും ആവേശവുമുണ്ട്. ഒരു വ്യക്തിയെ വളർത്തുന്നതിലും ശരിയായ മൂല്യങ്ങളും മാതൃകകളും നിറച്ച് ആ ജീവനെ വളർത്തിയെടുക്കുന്നതിലും വലിയ ഉത്തരവാദിത്തമുണ്ടെന്ന് കാജൽ പറയുന്നു.
ഗർഭകാലത്തിലെ ആദ്യത്തെ മൂന്നുമാസം അൽപം കഠിനമായിരുന്നു എന്നും കാജൽ പങ്കുവെക്കുന്നു. ശരീരത്തിലെ മാറ്റങ്ങളെ പുൽകിയതിനെക്കുറിച്ചും ജീവിതരീതിയിലെ മാറ്റങ്ങളെക്കുറിച്ചും കാജൽ പങ്കുവെക്കുന്നു. ഗർഭിണിയാകുമ്പോൾ ഒരു സ്ത്രീയുടെ ശരീരത്തിൽ ഏറെ മാറ്റങ്ങൾ ഉണ്ടാകുന്നു. ആദ്യത്തെ മൂന്നുമാസം തനിക്കും ഏറെ കഷ്ടമായിരുന്നു. പക്ഷേ താൻ യോഗയും നടത്തവും ആരോഗ്യകരമായ ഭക്ഷണവുമൊക്കെ ശീലമാക്കി അതിനെ മറികടന്നുവെന്നും കാജൽ.
കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കുകയാണ് മുമ്പും ഇപ്പോഴും തനിക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യമെന്ന് കാജൽ പറയുന്നു. തന്നെ സംബന്ധിച്ചിടത്തോളം ബന്ധങ്ങൾ പ്രധാനമാണ്. ഇഷ്ടപ്പെട്ട പാട്ടു കേൾക്കുക, ഇഷ്ടമുള്ള ഭക്ഷണം കഴിക്കുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക എന്നതൊക്കെയാണ് ഇഷ്ടങ്ങൾ. ഒപ്പം വർക്കൗട്ടിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ലെന്നും കാജൽ കൂട്ടിച്ചേർക്കുന്നു.
ഗർഭകാലത്ത് വണ്ണം വെച്ചതിന്റെ പേരിൽ പരിഹസിക്കുന്നവർക്ക് മറുപടിയുമായി കാജൽ ഒരു കുറിപ്പ് അടുത്തിടെ പങ്കുവെച്ചിരുന്നു.
''എന്റെ ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടത്തിലൂടെയാണ് ഞാനിപ്പോൾ കടന്നുപോകുന്നത്. എന്റെ ജീവിതത്തിലും ശരീരത്തിലും വീട്ടിലും അതിനേക്കാളുപരി എന്റെ തൊഴിലിടത്തിലും മാറ്റങ്ങൾ വരുന്നു. എന്നാൽ ബോഡിഷെയ്മിങ് നടത്തുന്ന ഈ കമന്റുകൾ ഒരിക്കലും നമ്മെ സഹായിക്കുകയില്ല. ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ.
ഗർഭകാലത്ത് നമ്മുടെ ശരീരം ധാരാളം മാറ്റങ്ങളിലൂടെ കടന്നുപോകും. ഭാരം വർധിക്കും, ഹോർമോണുകളിൽ വ്യതിയാനം സംഭവിക്കും, കുഞ്ഞ് വളരുന്നതിനോടൊപ്പം സ്തനവും വയറുമെല്ലാം വലുതാകും, കുഞ്ഞിന്റെ സുഖകരമായ വളർച്ചക്കായി ശരീരം പാകപ്പെടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നത്. ശരീരം വികസിക്കുമ്പോൾ സ്‌ട്രെച്ച് മാർക്കുകൾ ഉണ്ടാകും, ചിലപ്പോൾ മുഖക്കുരു വരും, ക്ഷീണം തോന്നും, മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ഈ സമയത്തുണ്ടാകുന്ന നെഗറ്റീവ് ചിന്തകൾ അസുഖമുണ്ടാക്കും.
കുഞ്ഞിന് ജന്മം നൽകിയാൽ പഴയ രൂപത്തിലേക്ക് തിരിച്ചുപോകാൻ സമയമെടുക്കും. അല്ലെങ്കിൽ പൂർണമായും പഴയതുപോലെ ആകാൻ സാധിച്ചെന്നും വരില്ല. എന്നാൽ അത് സാരമില്ല. ഈ മാറ്റങ്ങളെല്ലാം സ്വാഭാവികമാണ്. നമ്മുടെ ജീവിതത്തിലേക്ക് പുതിയ ഒരാളെകൊണ്ടുവരാനുള്ള കഷ്ടപ്പാടിന്റെ ഭാഗമാണിത്. ഇതെല്ലാം അസാധാരണമാണെന്ന് കരുതേണ്ടതില്ല, സമ്മർദ്ദത്തിലാകേണ്ടതില്ല, ചട്ടങ്ങളിൽ ഒതുങ്ങേണ്ടതില്ല. ഇതെല്ലാം ഒരു കുഞ്ഞിന് ജന്മം നൽകുന്നതിന്റെ ഭാഗമാണെന്ന് മാത്രം മനസ്സിലാക്കുക''- കാജൽ കുറിച്ചു.
Content Highlights: kajal aggarwal on pregnancy parenthood lifestyle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..