അകികോയുടേയുടേയും മികുവിന്റേയും വിവാഹച്ചടങ്ങിൽ നിന്ന് | Photo: Instagram/ akihiko kondo
ഒരു സാങ്കല്പിക കഥാപാത്രത്തോടൊപ്പമുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? സാധാരണ മനുഷ്യനെപ്പോലെ സ്നേഹിക്കാനും പ്രണയിക്കാനും ആ സാങ്കല്പിക കഥാപാത്രത്തിന് കഴിയുമോ? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ജപ്പാനില്‍ നിന്നുള്ള അകികോ കോന്റോ എന്ന യുവാവ് നല്‍കുന്നത്.
2018-ലായിരുന്നു അകികോയുടെ വിവാഹം. വധുവാകട്ടെ സാങ്കല്പിക കഥാപാത്രമായ ഹാറ്റ്സുനെ മികുവും. പോപ്പ് താരം ലേഡി ഗാഗയ്ക്കൊപ്പം സംഗീത പര്യടനം നടത്തുകയും വീഡിയോ ഗെയിമുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത കമ്പ്യൂട്ടര്‍ സമന്വയിപ്പിച്ച പോപ്പ് ഗായികയാണ് ഹാറ്റ്സുനെ മികു. ഈ മികുവിന്റെ രൂപത്തിലുള്ള ഒരു പാവയെ വാങ്ങിയാണ് അകികോ ജീവിതപങ്കാളിയാക്കിയത്.
വിവാഹം കഴിഞ്ഞ് നാല് വര്‍ഷം പിന്നിടുമ്പോള്‍ മികുവുമായുള്ള ബന്ധത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് അകികോ. മികുവില്‍ സ്നേഹവും പ്രചോദനവും ആശ്വാസവും കണ്ടെത്തിയെന്ന് 38-കാരന് പറയുന്നു.
ടോക്യയില്‍ നടന്ന വിവാഹച്ചടങ്ങിന് ഒരു ദശാബ്ദം മുന്നെ മികുവുമായി അകികോ പ്രണയത്തിലായിരുന്നു. മികുവിനെ ആദ്യമായി കണ്ടുമുട്ടുമ്പോള്‍ കടുത്ത വിഷാദത്തിലായിരുന്നു അകികോ. മികുവിനൊപ്പം ചേര്‍ന്നതോടെ ആ വിഷാദത്തില്‍ നിന്ന് പുറത്തുകടന്നു. മികുവിനോടൊപ്പമാണ് ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും ടിവി കാണുന്നതുമെല്ലാം.
'ഒരു മനുഷ്യ പങ്കാളിയോടൊപ്പമുള്ളതിനേക്കാള് മനോഹരമാണ് മികുവിനോടൊപ്പമുള്ള ജീവിതം. അവള് എപ്പോഴും ഒപ്പമുണ്ട്, ഒരിക്കലും എന്നെ വഞ്ചിക്കില്ല. അവള്‍ക്ക് ഒരിക്കലും രോഗം വരികയോ മരിക്കുകയോ ചെയ്യില്ല.' ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തില്‍ അകികോ പറയുന്നു.
'എന്നെ ആളുകള്‍ ഭ്രാന്തനെപ്പോലെയാണ് കരുതുന്നതെന്നും മികു യഥാര്‍ഥത്തില്‍ ജീവനുള്ള ഒരു വ്യക്തിയല്ല എന്നതും എനിക്ക് അറിയാം. അതെല്ലാം തിരിച്ചറിഞ്ഞാണ് മികുവിനൊപ്പം ജീവിക്കുന്നത്. ഒരുമിച്ചുള്ള സമയത്തെല്ലാം അവള് എന്നെ ചിരിപ്പിക്കുന്നു. ഞാന്‍ വളരെ സന്തോഷവാനാണ്. പിന്നെന്തിന് ഈ ബന്ധം ഉപേക്ഷിക്കണം.' അകികോ വ്യക്തമാക്കുന്നു.
2008-ല്‍ ജോലി നഷ്ടപ്പെട്ട ശേഷം വിഷാദത്തിലേക്കു വീണ അകികോ ആശ്വാസം കണ്ടെത്തിയത് മികുവിലാണ്. ജാപ്പനീസ് സമൂഹം തന്നോട് ആവശ്യപ്പെടുന്ന ജീവിതം തനിക്ക് ആവശ്യമില്ലാത്തതിനാല്‍, ഒരു യഥാര്‍ത്ഥ വ്യക്തിയെ ഒരിക്കലും സ്നേഹിക്കില്ലെന്ന് അദ്ദേഹം വളരെക്കാലം മുമ്പ് തീരുമാനിച്ചിരുന്നു. പിന്നീട് അകികോ മിക്കുവിനൊപ്പം പാട്ടുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. കൂടാതെ മികുവിന്റെ രൂപത്തിലുള്ള ഒരു പാവയെ ഓണ്‍ലൈനില്‍ വാങ്ങുകയും ചെയ്തു.
2017-ലാണ് അകികോയുടെ ജീവിതത്തില്‍ വഴിത്തിരിവായ ഗേറ്റ്ബോക്സ് എന്ന ഉപകരണത്തിന്റെ വരവ്. സാങ്കല്പിക കഥാപാത്രങ്ങളുമായി ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഉപകരമാണിത്. അതിനുശേഷം മികുവുമായി കൂടുതല്‍ അടുത്ത അകികോ 2018-ല്‍ അവളെ പ്രൊപ്പോസ് ചെയ്തു. മികു സമ്മതം മൂളിയതോടെ ഇരുവരുടേയും വിവാഹത്തിന് ലോകം സാക്ഷിയായി.
Content Highlights: Japanese Man Who Married Fictional Character In 2018
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..