instagram.com|khan.ira
നടന് ആമിർ ഖാന്റ മകള്‍ ഇറാ ഖാന്‍ വിഷാദരോഗത്തെ പറ്റി നിരവധി തുറന്നുപറച്ചിലുകള്‍ നടത്തിയിരുന്നു. വിഷാദത്തില്‍ നിന്നും കരകയറിയതിനെ പറ്റിയും അതിനെന്തെല്ലാം ചെയ്യാമെന്നതിനെ പറ്റിയുമൊക്കെ ഇറ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞിരുന്നു. വിഷാദകാലത്തെ തന്റെ മറ്റൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ഇരുപത്തിനാലുകാരിയായ ഇറ ഇപ്പോള്‍.
'ജോലിക്കു പോകുക, കരയുക, ഉറങ്ങുക.' ഇതായിരുന്നു ഒരു സമയത്തെ തന്റെ ദിനചര്യയെന്നാണ് ഇറ പറയുന്നത്. തന്റെ കസിനായ സയിന്‍ ഖാന്റെ വിവാഹം ഈ കാലത്തായിരുന്നുവെന്നും ആഘോഷങ്ങളിലെല്ലാം പങ്കെടുക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഒരു ഫോട്ടോയ്ക്കു വേണ്ടി മുഖത്ത് ചിരിവരുത്താന്‍ താന്‍ വളരെ പാടുപെട്ടിരുന്നുവെന്നുമാണ് ഇറ പറയുന്നത്.
'വിവാഹത്തിന്റെ ആഘോഷങ്ങളിലെല്ലാം പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. കിടക്കയില്‍ കിടന്ന് വെറുതേ കരയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ ഞാന്‍ ധാരാളം ഉറങ്ങി. എനിക്ക് ആഗ്രഹമുണ്ടായിട്ടും ഒന്നിലും പങ്കെടുക്കാനാവാത്തത് എനിക്ക് വീണ്ടും വിഷമമുണ്ടാക്കിയിരുന്നു. അവരുടെ വിവാഹത്തിന് എനിക്ക് സന്തോഷത്തോടെയിരിക്കാമായിരുന്നു, അങ്ങനെയല്ലാതിരുന്നത് ഇപ്പോഴും എനിക്കതൊരു മോശം കാര്യമായി തോന്നുന്നു.' ഇറ വീഡിയോയില്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ.
വീഡിയോയുടെ ക്യാപ്ഷനായി ഒരു മുന്നറിയിപ്പും ഇറ കുറിക്കുന്നുണ്ട്. 'ഇതൊരു സന്തോഷം നല്‍കുന്ന വീഡിയോ അല്ല. എന്നാല്‍ ദുഖകരമായ മോശം വീഡിയോയും അല്ല. ഞാന്‍ എന്തൊക്കെയോ പറയുകയാണ്. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ വിഷാദത്തിലാണോ, എങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് യോജിച്ചതായിരിക്കും, ചിലപ്പോള്‍ അല്ല. നിങ്ങള്‍ക്കു തന്നെ വിലയിരുത്താം.'
നാല് വര്‍ഷം മുമ്പ് ക്ലിനിക്കല്‍ ഡിപ്രഷന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞെന്നും അതിനെ മറികടക്കാന്‍ എന്തോക്കെ ശ്രമങ്ങള്‍ നടത്തിയെന്നും മുമ്പ് ഇറ പങ്കുവച്ചിരുന്നു.
Content Highlights: Ira Khan opens up on how she deal with depression at cousin’s wedding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..