പ്രണയം പലർക്കും പലതാണ്, പ്രണയത്തിന്റെ പേരിൽ കൊല്ലാൻവരെ തയ്യാറാകുന്ന ടോക്സിക് ബന്ധങ്ങളുടെ കാലത്ത് ഹൃദയം തൊടുന്ന ചില പ്രണയങ്ങളുമുണ്ട്. അത്തരത്തിലൊന്നാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. കുട്ടിക്കാലം തൊട്ട് സുഹൃത്തുക്കളാവുകയും ഒടുവിൽ അത് പ്രണയമാവുകയും അപ്രതീക്ഷിതമായി ജീവിതത്തിൽ ദുരന്തം സംഭവിച്ചപ്പോഴും പരസ്പരം കൈവിടാതിരിക്കുകയും ചെയ്ത ഒരു ദമ്പതികളുടെ പ്രണയമാണത്.
ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് യുവതി തന്റെ പ്രണയത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. വിവാഹചിത്രത്തിനൊപ്പമാണ് മനോഹരമായ കുറിപ്പും പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ ആദ്യത്തെ ക്രഷും ബെസ്റ്റ് ഫ്രണ്ടുമായ രാഹുലിനെ വിവാഹം കഴിച്ചതിനെക്കുറിച്ചാണ് കുറിപ്പ്. പ്രണയകാലത്തിനിടയ്ക്ക് രാഹുലിന് അപകടം സംഭവിച്ച് അരയ്ക്കു താഴേക്ക് തളർന്നപ്പോഴും താങ്ങും തണലുമായി നിന്ന് ഒടുവിൽ ജീവിതത്തിലേക്ക് കൂട്ടിയതിനെക്കുറിച്ച് പോസ്റ്റിൽ പറയുന്നു. ഒരുവേള തന്നോട് വേറെ വിവാഹം കഴിക്കാൻ രാഹുൽ പറഞ്ഞപ്പോഴും പ്രണയം കൈവിടാതെ കൂടെനിന്നതും കുറിപ്പിലുണ്ട്.
കുറിപ്പിലേക്ക്
രാഹുൽ ആയിരുന്നു എന്റെ ആദ്യത്തെ ക്രഷ്. അവൻ എന്റെ അയൽക്കാരനും ബെസ്റ്റ് ഫ്രണ്ടുമായിരുന്നു. വർഷങ്ങൾ കഴിയവേ എനിക്കവനോടുള്ളത് പ്രണയമായി. എപ്പോഴെല്ലാം അതു തുറന്നു പറയാമെന്നു കരുതുന്നുവോ അപ്പോഴെല്ലാം അവന് തിരിച്ചും അതുപോലൊരു ഇഷ്ടം ഇല്ലെങ്കിൽ എന്തു ചെയ്യുമെന്ന് ചിന്തിക്കും. ഞങ്ങളുടെ സൗഹൃദത്തിന് യാതൊന്നും സംഭവിക്കരുതെന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെയിരിക്കേ 2008-ൽ രാഹുൽ എന്നെ ഒരു മേള കാണാൻ ക്ഷണിച്ചു. അവിടെനിന്ന് പൂക്കൾ വാങ്ങി എന്നോട് പ്രണയമാണെന്ന് തുറന്നുപറഞ്ഞു. എനിക്കെന്റെ സന്തോഷം അടക്കാനായിരുന്നില്ല. ഞാനെപ്പോഴും അവനെ സ്നേഹിച്ചിരുന്നു എന്ന് മറുപടി പറഞ്ഞു, അങ്ങനെ ഞങ്ങളുടെ പ്രണയകഥ ആരംഭിച്ചു.
ഉറ്റസുഹൃത്തുക്കളിൽനിന്ന് ഞങ്ങൾ പ്രണയികളായി. പിന്നീടുള്ള എട്ടു വർഷം ഇണക്കങ്ങളും പിണക്കങ്ങളുമായി കടന്നുപോയി. അക്കാദമിക കാര്യങ്ങളിൽ ഞാൻ നന്നായി ചെയ്യുമ്പോൾ എനിക്കൊപ്പം ആഘോഷിക്കുകയും എന്റെ രണ്ടു മാതാപിതാക്കളെയും നഷ്ടപ്പെട്ട സമയത്ത് കൂടെ നിൽക്കുകയും ചെയ്കു. അവനായിരുന്നു എന്റെ ലോകം മുഴുവൻ. ജീവിതത്തിൽ അടുത്ത ഘട്ടത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നതിനിടെ എല്ലാംകീഴ്മേൽ മറിഞ്ഞു.
മാതാപിതാക്കളുടെ മരണത്തിൽനിന്നു കര കയറുന്നതിനിടെയാണ് രാഹുലിന് ഒരു അപകടം സംഭവിക്കുന്നത്. അവൻ അരയ്ക്കു താഴേക്ക് തളർന്നു. അപ്പോൾ വെറും ഇരുപത്തിയൊന്നു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. നമ്മൾ ഇതിനെ ഒന്നിച്ച് അതിജീവിക്കുമെന്ന് ഞാൻ അവനോട് പറഞ്ഞു.
അവന്റെ ജീവിതത്തിൽ ഒരു യു ടേൺ ഉണ്ടായെന്നും അവന് എപ്പോഴത്തേക്കാളുമുപരി എന്നെ ആവശ്യമാണെന്നും ഞാൻ മനസ്സിലാക്കുകയായിരുന്നു. ഹോസ്പിറ്റലിൽനിന്ന് ഡിസ്ചാർജ് ആയതിനു ശേഷവും ഞാൻ അവന്റെ അരികിൽനിന്ന് മാറിയില്ല. അവന്റെ കുടുംബം ദൂരെ ജോലി ചെയ്യുന്നതിനാൽ ഞാനാണ് എല്ലാ ദിവസവും അവനെ നോക്കിയിരുന്നത്. അവനെ കുളിപ്പിക്കുകയും ഭക്ഷണം കഴിപ്പിക്കുകയും മരുന്നു നൽകുകയുമൊക്കെ ചെയ്തു. വിഷമിച്ചിരിക്കുന്ന ദിവസങ്ങളിൽ ഞാൻ അവന്റെ കണ്ണുനീർ തുടയ്ക്കുകയും നല്ല ദിവസങ്ങളിൽ അവന്റെ പ്രിയപ്പെട്ട ഭക്ഷണം ഒരുക്കുകയും ചെയ്തു. നീ പുതിയൊരു ജീവിതം തുടങ്ങണമെന്ന് രാഹുൽ എപ്പോഴും പറയും. എന്റെ ജീവിതം എന്നെന്നേക്കുമായി നിനക്കൊപ്പമായിരിക്കുമെന്ന് ഞാൻ മറുപടി നൽകും.
രണ്ടു മാസം കഴിഞ്ഞപ്പോൾ രാഹുലിന്റെ കുടുംബം ലക്നൗവിലേക്ക് ചേക്കേറി. നാലു വർഷത്തോളം ഞങ്ങൾ രണ്ടിടങ്ങളിലായി നിന്നു. പക്ഷേ, ഒരു ദിവസം ഞാൻ രാഹുലിന്റെ കുടുംബത്തെ കാണാനും അവനെ വിവാഹം കഴിക്കുന്ന കാര്യം സംസാരിക്കാനും തീരുമാനിച്ചു. എന്നാൽ, എന്റെ ഞെട്ടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ അച്ഛൻ ഞങ്ങൾ രണ്ടു ജാതിയിൽ നിന്നുള്ളവരാണെന്ന് പറഞ്ഞ് വിസമ്മതിച്ചു. പക്ഷേ, ഞങ്ങൾ വിട്ടുകൊടുത്തില്ല.
അപ്പോഴേക്കും രാഹുൽ റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറിയിരുന്നു. രാഹുലിന്റെ അവസ്ഥ മനസ്സിലാക്കിയ സെന്റർ തന്നെ കുടുംബത്തെ കല്ല്യാണക്കാര്യം സമ്മതിപ്പിക്കാൻ മുൻകൈയെടുത്തു. ഞങ്ങളുടെ പ്രണയത്തിൽനിന്ന് പിന്മാറില്ലെന്ന് അവന്റെ കുടുംബത്തിന് മനസ്സിലായി. ഞങ്ങളുടെ ബന്ധം ആർക്കും തകർക്കാനാവാത്തത്ര ദൃഢമാണെന്ന് അവന്റെ അച്ഛൻ പറഞ്ഞു. അദ്ദേഹത്തിന്റെ അനുഗ്രഹത്തോടെ ഞാനും രാഹുലും വിവാഹിതരായി.
പന്ത്രണ്ടു വർഷത്തെ പ്രണയത്തിനിടെ രാഹുലും ഞാനും വിവാഹദിനത്തെക്കുറിച്ച് നൂറു തവണ സംസാരിച്ചിട്ടുണ്ട്. അങ്ങനെ ഡാൻസ് ചെയ്യണം, ഇങ്ങനെ വസ്ത്രം ധരിക്കണം എന്നെല്ലാം. ജീവിതത്തിലുടനീളം നിന്റെ ഊന്നുവടിയാകുമെന്ന് വിവാഹദിനത്തിൽ ഞാൻ രാഹുലിന് സത്യം നൽകി. എന്നെ ജീവിതത്തിൽ ലഭിച്ചതിൽ ഭാഗ്യവാനാണെന്ന് രാഹുൽ ഇടയ്ക്കിടെ പറയാറുണ്ട്. പക്ഷേ, എനിക്ക് തോന്നുന്നത് ഞാനാണ് കൂടുതൽ ഭാഗ്യവതി എന്നാണ്. കാരണം എല്ലാവർക്കും ആദ്യമായി പ്രണയിച്ചയാളെ തന്നെ ജീവിതത്തിൽ കൂടെ കൂട്ടാൻ കഴിയാറില്ലല്ലോ.
Content Highlights: inspiring women, true love, humans of bombay, touching love story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..