ഇന്ദ്രാണി | Photo: facebook.com/humansofbombay
കുട്ടിക്കാലം തൊട്ടേ പെണ്ണായി പിറന്നതിന്റെ പേരിൽ വിവേചനം നേരിട്ട പെൺകുട്ടിയായിരുന്നു ഇന്ദ്രാണി. മൂന്നാമത്തെ പെൺകുട്ടിയായതിനാൽ അവളുടെ ബാല്യം കൂടുതൽ ദുഷ്കരമായിരുന്നു. അച്ഛന്റെ വീട്ടിൽ നിന്ന് എന്നും അവഗണനയായിരുന്നു ഇന്ദ്രാണി നേരിട്ടത്. എന്നാൽ അപ്പോഴൊക്കെയും അവളുടെ അമ്മ ഇന്ദ്രാണിയെ ഓർത്ത് എല്ലാവരും അഭിമാനിക്കുന്ന കാലം വരും എന്നു പറയുമായിരുന്നു. വളർന്നു വലുതായപ്പോൾ അമ്മയുടെ വാക്കുകൾ സഫലമായെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഇന്ദ്രാണി. ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് ഇന്ദ്രാണിയുടെ ജീവിതകഥ പുറത്തുവന്നിരിക്കുന്നത്.
പെൺകുഞ്ഞായതിന്റെ പേരിൽ അനുഭവിച്ച ദുരിതങ്ങളും ഒടുവിൽ സുരക്ഷയ്ക്കായി ആയോധനകല പരിശീലിച്ച് അതിൽ തന്നെ കരിയർ കണ്ടെത്തിയതും ഇന്ദ്രാണി പങ്കുവെക്കുന്നു. ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങിയ ആയോധനകലാ പരിശീലന കേന്ദ്രത്തിന്റെ വളർച്ചയെക്കുറിച്ചും നേടിയ സ്വർണ മെഡലിനെക്കുറിച്ചുമൊക്കെ സംസാരിക്കുന്നുണ്ട് ഇന്ദ്രാണി. തന്നെ വേർതിരിച്ചു നിർത്തിയ അച്ഛന്റെ വീട്ടുകാര്‍ക്കുളള കൃത്യമായ മറുപടിയും ഇന്ദ്രാണി നല്‍കുന്നുണ്ട്.
കുറിപ്പിലേക്ക്....
എന്റെ അച്ഛന്റെ വീട്ടുകാർക്ക് പെൺകുട്ടികൾ വേണമെന്നേ ഉണ്ടായിരുന്നില്ല, മൂന്നാമത്തെ പെൺകുട്ടിയായി ഞാൻ പിറന്നതോടെ പറയുകയും വേണ്ട. അതിന് ആക്കം കൂട്ടാൻ ഞാൻ ജനിച്ച് പതിനഞ്ചാമത്തെ ദിവസം മുത്തച്ഛൻ മരിക്കുകയും ചെയ്തു. മുത്തശ്ശി എന്റെ ഭക്ഷണമൊക്കെ ഒളിപ്പിച്ചു വെക്കുമായിരുന്നു. അമ്മ ഒരിക്കലും എന്നെ മുത്തശ്ശിയുടെ അടുത്ത് അവർ ഉപദ്രവിക്കുമോ എന്ന് ഭയന്ന് തനിച്ചാക്കില്ലായിരുന്നു. ഒരു ദിവസം മടുത്തപ്പോൾ അമ്മ പറഞ്ഞു, ഇപ്പോൾ നിങ്ങൾ അവളെ പലതും വിളിക്കുന്നുണ്ടാവും, എന്നാൽ അവൾ ഒരിക്കൽ നമ്മുടെ അഭിമാനമാവും എന്ന്. മുത്തശ്ശി അച്ഛനെ രണ്ടാമത് വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ രണ്ടു വർഷം കഴിഞ്ഞപ്പോൾ അമ്മ എന്റെ സഹോദരന് ജന്മം നൽകി. അങ്ങനെ മുത്തശ്ശി ആ പറച്ചിൽ നിർത്തി.
പക്ഷേ ഞാനും സഹോദരിമാരും നിരന്തര നിരീക്ഷണത്തിലായിരുന്നു. ഞങ്ങളുടെ ഓരോ ചലനവും നിരീക്ഷിക്കപ്പെട്ടിരുന്നു. എനിക്ക് ആറു വയസ്സുള്ളപ്പോൾ കുടുംബം സിൽചാറിലേക്ക് താമസം മാറി. ആറു വയസ്സേ ഉണ്ടായിരുന്നുള്ള എങ്കിലും പെൺകുട്ടിയായതിന്റെ പേരിൽ അപമാനിക്കപ്പെടുന്ന നാട്ടിൽ നിന്ന് മാറുന്ന സന്തോഷമായിരുന്നു എനിക്ക്. പക്ഷേ സാമ്പത്തികമായി ആ മാറ്റം ദുഷ്കരമായിരുന്നു ഞങ്ങളുടെ കടങ്ങൾ വർധിച്ചു. അങ്ങനെ പത്തൊമ്പതാം വയസ്സിൽ കുടുംബത്തിന് താങ്ങാവാൻ ചേച്ചി ജോലിക്ക് പോയി തുടങ്ങി. കുടുംബം ബുദ്ധിമുട്ടുന്നത് കണ്ടതോടെ എന്റെ ജീവിതത്തിൽ എന്തെങ്കിലും വലിയ കാര്യം ചെയ്യണമെന്ന് തീരുമാനിച്ചിരുന്നു.
അങ്ങനെ അതിനായി ഞാൻ കഠിനാധ്വാനം ചെയ്തു, ഇരുപത്തിയൊന്നാം വയസ്സിൽ നല്ല ശമ്പളമുള്ള ഒരു കോർപ്പറേറ്റ് ജോലിയിൽ ചേർന്നു. ഞാൻ നല്ലൊരു നിലയിൽ എത്തുകയായിരുന്നു. പക്ഷേ ആ സമയത്താണ് നിർഭയ കേസ് ഉണ്ടാകുന്നത്. ഒരു പെൺകുട്ടിയായതുകൊണ്ടു മാത്രം അവൾ അനുഭവിക്കേണ്ടി വന്നത് എന്നെ ഭയപ്പെടുത്തി. മുത്തശ്ശിയുടെ വാക്കുകൾ വീണ്ടും മനസ്സിലേക്കെത്തി. പെൺകുട്ടി ഉണ്ടാവുന്നത് നിർഭാഗ്യകരമാണോ എന്ന് ചിന്തിച്ചു.
എന്റെ സുരക്ഷ ഓർത്ത് ഭയന്ന അമ്മ എന്നെ ആയോധനകലകൾ പഠിപ്പിക്കുന്ന ഇടത്ത് ചേരാൻ പ്രേരിപ്പിച്ചു. അതുവരെ ഞാൻ ചെയ്ത കാര്യങ്ങൾ പോലെയായിരുന്നില്ല അത്. പക്ഷേ അത്ഭുതകരമെന്നോണം അതെനിക്കിഷ്ടമായി. ജോലിയിൽ നിന്നും വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നുമൊക്കെ ലഭിക്കുന്ന സമ്മർദങ്ങളെ മറികടക്കാൻ ക്ലാസ്സുകൾ സഹായകമായി. സഹപാഠികളുടെ പ്രചോദനം കൂടിയായതോടെ അതൊരു കരിയറായി കൊണ്ടുപോകാൻ തീരുമാനിച്ചു. കോച്ചിനൊപ്പം ഞാനൊരു മാർഷ്യൽ ആർട്സ് അക്കാദമി തുടങ്ങി. തുടക്കത്തിൽ ജോലിയും അക്കാദമിയും ഒരുമിച്ചു കൊണ്ടുപോവുകയായിരുന്നു. പക്ഷെ വൈകാതെ ഞാൻ ജോലി ഉപേക്ഷിച്ച് അക്കാദമിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ആ വർഷങ്ങൾ അൽപം കഠിനമായിരുന്നു, എന്റെ സമ്പാദ്യത്തിന് തിരിച്ചടി നേരിട്ടു. എനിക്ക് കുടുംബത്തെ ബുദ്ധിമുട്ടിക്കണം എന്നുണ്ടായിരുന്നില്ല. അങ്ങനെ എനിക്ക് കുറയ്ക്കാൻ പറ്റുന്ന കാര്യങ്ങളെല്ലാം ഒഴിവാക്കി. ചില സമയങ്ങളിൽ ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിച്ച് ഇരുന്നിട്ടുണ്ട്. തുടങ്ങുമ്പോൾ രണ്ടു കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വാടകയ്ക്ക് പോലും ബുദ്ധിമുട്ടി.
പക്ഷേ അഞ്ചുവർഷത്തിനിപ്പുറം ഇന്ന് നാനൂറോളം കുട്ടികളുണ്ട്, മൂന്ന് ബ്രാഞ്ചുകളുമുണ്ട്. അടുത്തിടെ നടന്ന ഒരു ചാമ്പ്യൻഷിപ്പിൽ ഞാൻ സ്വർണവും നേടി. അമ്മ എപ്പോഴും പറയും, അമ്മ പറഞ്ഞത് ശരിയാണെന്ന് ഞാൻ തെളിയിച്ചു എന്നും എന്നെയോർത്ത് അഭിമാനിക്കുന്നു എന്നും.
അച്ഛന്റെ വീട്ടുകാരുമായി ഞാൻ ബന്ധമില്ല. പക്ഷേ അവർ ഇത് വായിക്കുന്നുണ്ടെങ്കിൽ ഒരു പെൺകുട്ടി ബാധ്യതയല്ല എന്ന് അവരോട് പറയാനാഗ്രഹിക്കുന്നു. സ്ത്രീധനത്തിനു വേണ്ടി സമ്പാദിക്കുന്നതിനു പകരം അവർ ആഗ്രഹിക്കുന്ന വിദ്യാഭ്യാസം അവർക്ക് നൽകൂ. അവരെ പോരാളികളാക്കൂ. അവനവന് വേണ്ടി നിൽക്കേണ്ട സമയം വരുമ്പോൾ അവർ തീക്ഷ്ണമായി നിലകൊള്ളും.
Content Highlights: inspiring women story, humans of bombay, martial arts women


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..