Photo: Facebook| Humans of bombay
ജനിച്ചപ്പോള്‍ തന്നെ ഈ കുഞ്ഞിനെ ഉപേക്ഷിച്ചേക്കൂ, ഭാരമാകും എന്ന് മാതാപിതാക്കളോട് പറഞ്ഞ ഡോക്ടറുണ്ട്. പക്ഷേ ഇന്ന് ഞാനൊരു എഴുത്തുകാരിയാണ്, ഇഷ്ടപ്പെട്ട ജോലിയുണ്ട്, സാമ്പത്തികമായി സ്വതന്ത്രയാണ്, എന്നെ വിശ്വസിക്കുന്ന അനേകം മനുഷ്യരുടെയും സ്വപ്‌നങ്ങളുടെയും നടുവിലാണ് ഞാന്‍. ജന്മനാ അംഗവൈകല്യങ്ങളുള്ള ഒരു പെണ്‍കുട്ടി തന്റെ ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിട്ടതിനെ പറ്റി ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച കഥ ആരെയും സ്വാധീനിക്കുന്നതാണ്.
ജനിച്ചപ്പോള്‍ ഡോക്ടര്‍മാരൊക്കെ വിചാരിച്ചത് ഞാന്‍ ഒരിക്കലും നടക്കുകയോ സംസാരിക്കുകയോ ഇല്ലെന്നാണ്. കാഴ്ചയും ഉണ്ടാവില്ല അവര്‍ പറഞ്ഞു. എന്നാല്‍ ആരും അറിഞ്ഞിരുന്നില്ല വളരുമ്പോള്‍ ഞാനൊരു വായാടിയായി മാറുമെന്ന്. എന്നെ സ്വീകരിക്കാന്‍ ഒരു സ്‌കൂളുകാരും റെഡിയായിരുന്നില്ല. സാധാരണ കുട്ടികളെപ്പോലെ എന്നെ പഠിപ്പിക്കാനാവില്ല, എപ്പോഴും ശ്രദ്ധ ആവശ്യമുള്ളത് കൊണ്ട് തലവേദന ആകുമെന്നായിരുന്നു അവരുടെയെല്ലാം വിചാരം. അത് മറ്റ് കുട്ടികളെ മോശമായി ബാധിക്കുമെന്ന് വരെ അവര്‍ ചിന്തിച്ചു.
എന്നാല്‍ അതെല്ലാം തെറ്റായിരുന്നു. ഞാന്‍ എല്ലാ സാധാരണ കുട്ടികളെയും പോലെ സാധാരണ സ്‌കൂളില്‍ പോയി പഠിച്ചു, വളര്‍ന്നു. സ്‌കൂളില്‍ നിന്ന് ഫാന്‍സി ഡ്രസ് മത്സരത്തില്‍ പങ്കെടുത്തതാണ് എല്ലാം ചെയ്യാന്‍ കഴിയും എന്ന് ആത്മവിശ്വാസം നല്‍കിയ ആദ്യ ഓര്‍മ്മ. മത്സരത്തിന് ദിവസങ്ങള്‍ മുന്നേ ഞാന്‍ തയ്യാറെടുത്തു. സാരിയുടുത്ത് നടക്കാന്‍ പഠിച്ചു. ഒന്നാം സമ്മാനവും എനിക്കായിരുന്നു. ആഘോഷങ്ങളൊക്കെ നടക്കുമ്പോള്‍ എന്റെ അധ്യാപകര്‍ അതിലൊക്കെ പങ്കെടുക്കാന്‍ എന്നെ സഹായിച്ചിരുന്നു. ദീപാവലിക്ക് ചുറ്റും നിറയുന്ന നിറങ്ങളെ പറ്റി എന്റെ കൂട്ടുകാര്‍ വര്‍ണിച്ചു തന്നു.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബാലശ്രീ പ്രസിഡന്റ് അവാര്‍ഡ് എനിക്ക് കിട്ടി. സ്‌കൂളില്‍ ഈ വിവരം അറിയുമ്പോള്‍ ഞാന്‍ അവിടെയുണ്ടായിരുന്നില്ല. ക്ലാസ്‌മേറ്റ്‌സ് അത് ഒരു ആഘോഷമാക്കി മാറ്റി. അന്ന് പ്രസിഡന്റ് ആയിരുന്ന എ.പി.ജെ. അബ്ദുള്‍കലാമിന്റെ കയ്യില്‍ നിന്നാണ് ഞാന്‍ അവാര്‍ഡ് വാങ്ങിയത്. അദ്ദേഹത്തിന് വേണ്ടി അന്ന് ഞാനൊരു പാട്ടും പാടി.
കോളേജ് കാലത്ത് എന്നും അമ്മ എന്റെയൊപ്പം വരും. ട്രെയിനില്‍ കയറ്റി കോളേജിലെത്തിച്ചിട്ട് അമ്മ തിരിച്ച് പോകും. വൈകിട്ട് തിരിച്ച് കൂട്ടികൊണ്ട് വരും. ക്ലാസുകള്‍ ക്യാന്‍സലായി എന്നറിഞ്ഞാല്‍ അമ്മ തിരിച്ച് വരുമായിരുന്നു . കുടുംബം എപ്പോഴും എന്റെയൊപ്പം നിന്നു. സഹോദരി വിവാഹിതയാകുന്നതിന് മുന്‍പ് വരന്റെ മുന്നില്‍ ഒരേയൊരു നിബന്ധനവച്ചു. ഞാനായിരിക്കും ഏത് സാഹചര്യത്തിലും അവളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന്. അവളായിരുന്നു ജോലി കണ്ടെത്താനെല്ലാം എന്നെ സഹായിച്ചത്.
ഇപ്പോള്‍ ഞാന്‍ ഒരു ബാങ്ക് ക്ലര്‍ക്കാണ്. അവിടെ ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വരാറുണ്ട്. ഞാന്‍ ഉറങ്ങുകയാണെന്ന് കരുതി മോശമായി പെരുമാറിയവര്‍ ഉണ്ട്. അപ്പോഴൊക്കെ എന്റെ സഹപ്രവര്‍ത്തകര്‍ എനിക്കുവേണ്ടി ശബ്ദമുയര്‍ത്തി. ഒരിക്കലും എന്നെ മോശക്കാരിയാക്കാന്‍ അവര്‍ അനുവദിക്കാറില്ല. ഈ നന്മകളാണ് എന്നെ വീണ്ടും ജോലി നന്നായി തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇപ്പോള്‍ എന്റെ ജീവിതം മറ്റുള്ളവരറിയാന്‍, പ്രോത്സാഹനമാകാന്‍ ഞാനൊരു ബുക്ക് എഴുതി.
കണ്ണുകാണാത്ത പെണ്‍കുട്ടി എന്ന സഹതാപത്തിനപ്പുറം എനിക്ക് വളരാനായി. ഇപ്പോള്‍ ഒരു ലേബലുകളും എനിക്കില്ല. അംഗവൈകല്യങ്ങള്‍, പരിധികള്‍ ഒന്നുമില്ല. എല്ലാ ദിവസവും ഞാനത് അറിയുന്നുണ്ട്. ലോകവും എന്നെ അങ്ങനെ കാണണമെന്നാണ് എന്റെ ആഗ്രഹവും.
Content Highlight: Inspiring Story of Women
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..