Photo: Humans Of Bombay
എന്തൊക്കെ ഉണ്ടായാലും സ്വന്തമായൊരു ജോലി എന്നതിൽ അഭിമാനം കണ്ടെത്തുന്നവർ ഏറെയാണ്. ചിലർക്കെല്ലാം ഉള്ളിൽ ആഗ്രഹം കാണുമെങ്കിലും പ്രായവും അവസരം ലഭിക്കുമോ എന്ന ആശങ്കകളുമൊക്കെയാണ് തടസമാകുന്നത്. എന്നാൽ ആത്മവിശ്വാസത്തോടെ മുന്നേറിയാൽ പ്രായം വെറും നമ്പർ മാത്രമാണെന്നു ജീവിതത്തിലൂടെ തെളിയിച്ചു കാണിച്ച ഒരു സ്ത്രീയുടെ കഥയാണ് വൈറലാകുന്നത്. എഴുപത്തിരണ്ടാം വയസ്സിൽ ആദ്യമായി ജോലി നേടി പണം സമ്പാദിച്ചതിനെക്കുറിച്ച് പങ്കുവെക്കുകയാണ് ആശാ പുരി.
പത്തൊമ്പതാം വയസ്സിൽ വിവാഹിതയാവുകയും തുടർന്നങ്ങോട്ട് കുടുംബകാര്യങ്ങൾ മാത്രം നോക്കി കഴിഞ്ഞ ജീവിതമായിരുന്നു ഇവരുടേത്. ഇതിനിടയിൽ തുന്നലിനോടുള്ള ഇഷ്ടം മൂത്ത് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊക്കെ സ്കാർഫുകളും സ്വെറ്ററുകളുമൊക്കെ തുന്നിക്കൊടുത്തു. ഒരിക്കൽ കൊച്ചുമകൾ ഇതൊരു തൊഴിലാക്കിക്കൂടേ എന്നു ചോദിച്ചത് വഴിത്തിരിവാകുകയായിരുന്നു. ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് പ്രചോദിപ്പിക്കുന്ന ഈ കഥ പുറത്തുവരുന്നത്.
കുറിപ്പിലേക്ക്
എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ ജോലി ചെയ്തിട്ടില്ല. പത്തൊമ്പതാം വയസ്സിൽ വിവാഹിതയാവുകയും പിന്നാലെ മക്കളുണ്ടാവുകയും ചെയ്തു. കഴിഞ്ഞ അമ്പതു വർഷത്തോളം കുടുംബത്തിന്റെ കാര്യങ്ങൾ മാത്രം നോക്കിയാണ് ഞാൻ ജീവിച്ചത്. അപ്പോഴും തുന്നൽ എനിക്ക് പ്രിയമായിരുന്നു. കുടുംബത്തിലുള്ളവർക്കും സുഹൃത്തുക്കൾക്കുമൊക്കെ വേണ്ടി ഞാൻ തുന്നിയിരുന്നു. മൂന്നു വർഷങ്ങൾക്കു മുമ്പ് കൊച്ചുമകളാണ് തുന്നൽ പഠിക്കണമെന്ന് പറഞ്ഞു വരുന്നത്. എനിക്ക് വളരെ സന്തോഷമായി. കാരണം അന്നുവരെ ആരും എന്നിൽ നിന്ന് എന്തെങ്കിലും പഠിക്കണമെന്നു പറഞ്ഞു സമീപിച്ചിട്ടില്ല.
അങ്ങനെ ഞാൻ അവളെ തുന്നിൽ പഠിപ്പിച്ചു തുടങ്ങി. ആ ദിവസങ്ങളിലൊന്നിലാണ് തുന്നിക്കൊടുക്കുന്നതിന് പണം ഈടാക്കണമെന്ന് കൊച്ചുമകൾ പറയുന്നത്. എനിക്ക് കേട്ടപ്പോൾ ചിരിയാണു വന്നത്. ഒന്നിച്ച് ഒരു ബിസിനസ് ചെയ്യാം എന്നതായിരുന്നു അവളുടെ പദ്ധതി. പക്ഷേ എന്റെ സ്വെറ്ററുകൾക്കെല്ലാം ആരു പണം നൽകുമെന്നാണ് ഞാൻ അവളോടു ചോദിച്ചത്. ഇതൊന്നും ആരും വാങ്ങാൻ പോകുന്നില്ലെന്ന് ഭർത്താവും പറഞ്ഞു. എന്റെ കുടുംബത്തിലുള്ള പലരും കളിയാക്കി, ആരും ഗൗരവത്തിലെടുത്തില്ല.
പക്ഷേ കൊച്ചുമകൾ ദൃഢനിശ്ചയത്തിലായിരുന്നു. അവൾ സമൂഹമാധ്യമത്തിലൂടെ ഞാനുണ്ടാക്കുന്ന സ്കാർഫുകളുടെയും സ്വെറ്ററുകളുടെയുമൊക്കെ ചിത്രങ്ങൾ പങ്കുവച്ചു. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഞങ്ങൾക്ക് ആദ്യത്തെ ഓർഡർ ലഭിച്ചു. കറുത്ത നിറത്തിലുള്ള എന്റെ സ്കാർഫ് 600 രൂപയ്ക്കാണ് വിറ്റുപോയത്. ഞാൻ സമ്പാദിക്കുന്ന ആദ്യത്തെ പണമായിരുന്നു അത്, എന്റെ കണ്ണുനിറഞ്ഞുപോയി.
സമ്പാദിച്ച പണം വീട്ടിൽ എല്ലാവരെയും ഓടിനടന്നു കാണിക്കുകയായിരുന്നു ഞാൻ. ഒരുമാസത്തിനുള്ളിൽ അമ്പതോളം ഉൽപ്പന്നങ്ങൾ വിറ്റഴിഞ്ഞു. വൈകാതെ എന്റെ ഭർത്താവും മറ്റു കുടുംബാംഗങ്ങളും പിന്തുണയുമായെത്തി. മൂന്നുമാസം കഴിഞ്ഞപ്പോൾ കൊച്ചുമകൾ അവളുടെ ജോലിയുമായി ബന്ധപ്പെട്ട് തിരക്കിലായി. പക്ഷേ അപ്പോഴേക്കും എനിക്ക് സ്വന്തമായി ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം കൈവന്നു.
ഇപ്പോൾ രണ്ടരവർഷമായി. അഞ്ചുമണിക്ക് എഴുന്നേൽക്കുന്നതിലൂടെ ഒരുദിവസം തുടങ്ങും. എഴുപത്തിരണ്ടാം വയസ്സിലാണ് ഞാൻ സമ്പാദിച്ചു തുടങ്ങിയത്. എഴുപത്തിയഞ്ചാം വയസ്സിൽ മുഴുവൻസമയ ജോലിക്കാരിയായി. പാട്ടും നൃത്തവുമൊക്കെയായി ആസ്വദിച്ചാണ് ജോലി ചെയ്യുന്നത്.
Content Highlights: inspiring story of seventy five year old entrepreneur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..