Photos: Instagram
ബാല്യകാലത്ത് ആ പെണ്‍കുട്ടി ഏറ്റവുമധികം പരിഹാസശരങ്ങളേറ്റത് തന്റെ പഴയ വസ്ത്രങ്ങളുടെ പേരിലായിരുന്നു. മെലിഞ്ഞു കൊലുന്നനെയുള്ള രൂപവും പിന്നോക്ക സാമ്പത്തിക പശ്ചാത്തലവുമൊക്കെ കൂട്ടുകാരെ അവളില്‍ നിന്നകറ്റി. ബാത്‌റൂമിലെ ഷാംപൂ ബോട്ടിലുകളില്‍ സൗഹൃദം കണ്ടെത്തിയ, ഉടുപ്പിന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട ഡോളി എന്ന ആ പെണ്‍കുട്ടി ഇന്ന് അറിയപ്പെടുന്ന ഫാഷന്‍ വ്‌ളോഗറാണ്. തോറ്റുകൊടുക്കില്ലെന്ന നിശ്ചയദാര്‍ഢ്യത്തോടെ ഓരോ ചുവടും വച്ചതാണ് ഡോളിയുടെ ജീവിതത്തെ മാറ്റിമറിച്ചത്.
ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക് പേജിലൂടെയാണ് തന്റെ ഇരുണ്ട കാലത്തേക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചുമൊക്കെ ഡോളി പങ്കുവച്ചത്. സുഹൃത്തുക്കളും അധ്യാപകരുമൊക്കെ കളിയാക്കിയപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും അവള്‍ പിന്‍മാറിയില്ല. ഉത്കണ്ഠാരോഗത്തെപ്പോലും തോല്‍പ്പിച്ച് മുന്നേറിയ ഡോളി ഇന്ന് ഫാഷന്‍ സംബന്ധിച്ച് പോകാത്ത രാജ്യങ്ങളില്ല. ഡോളിയുടെ കുറിപ്പിലേക്ക്...
'' കുട്ടിക്കാലത്ത് എന്റെ സുഹൃത്തുക്കള്‍ ബാത്‌റൂമിലെ ഷാംപൂവായിരുന്നു, അവയോട് ഞാന്‍ സംസാരിക്കുമായിരുന്നു. സ്‌കൂളില്‍ എനിക്ക് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. അതിനു കാരണവും ഉണ്ടായിരുന്നു. നിര്‍ധന കുടുംബത്തില്‍ നിന്നു വരുന്നതുകൊണ്ട് ഞാനും എന്റെ സഹോദരനും എന്നും ഒറ്റപ്പെട്ടിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പുതിയ വസ്ത്രങ്ങള്‍ മാത്രമാണ് അന്ന് കിട്ടിയിരുന്നത്. അന്നൊക്കെ എല്ലാ ദിവസവും രാത്രി കിടന്നുറങ്ങുമ്പോള്‍ തൊട്ടടുത്ത ദിവസം ഒരു കൂടുനിറയെ ഷൂസ് ലഭിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ പ്രാര്‍ഥിക്കുമായിരുന്നു.
പല്ലിന്റെ ആകൃതിയുടെ പേരിലും വണ്ണം കുറവായതിന്റെ പേരിലുമൊക്കെ ഞാന്‍ എന്നും പരിഹാസങ്ങള്‍ക്കിരയായിരുന്നു. കുടുംബക്കാരും സുഹൃത്തുക്കളും അധ്യാപകരും ഒക്കെ മെലിഞ്ഞുണങ്ങിയവള്‍ എന്നാണ് എന്നെ പറഞ്ഞിരുന്നത്. അവര്‍ അത് തമാശയായാണ് പറഞ്ഞിരുന്നതെങ്കില്‍ എന്നെ അതിലേറെ ബാധിച്ചിരുന്നു. വൈകാതെ ഞാന്‍ ഉത്കണ്ഠാ രോഗത്തിന് അടിമപ്പെട്ടു.
പതിനൊന്നാം ക്ലാസ്സിലൊക്കെ എത്തിയപ്പോഴേക്കും ഇത്തരത്തിലുള്ള കുത്തുവാക്കുകള്‍ കൂടിത്തുടങ്ങി. എനിക്കു ചുറ്റും കൂടിനിന്ന് കളിയാക്കുകയും ചോക്കും മറ്റും വലിച്ചെറിയുകയുമൊക്കെ ചെയ്തിരുന്നു. സീനിയേഴ്‌സിന്റെ ഫെയര്‍വെല്‍ പാര്‍ട്ടിയുടെ ദിവസം ഞാന്‍ സ്വരുക്കൂട്ടിയ പണത്തില്‍ നിന്ന് ഒരു വസ്ത്രം വാങ്ങി ധരിച്ചു. പക്ഷേ അന്ന് ഡ്രസ്‌കോഡ് ഉണ്ടെന്ന കാര്യം എനിക്കറിയില്ലായിരുന്നു. എന്നെ കാണുമ്പോള്‍ പേടി തോന്നുന്നുവെന്ന് മറ്റുകുട്ടികളുടെയെല്ലാം മുന്നില്‍ വച്ച് ഒരധ്യാപിക പറഞ്ഞു. ഭംഗിയില്ലാത്തതുകൊണ്ട് സ്റ്റേജില്‍ നിന്നു പുറത്തേക്കിറങ്ങാനും പറഞ്ഞു.
വൈകാതെ ഡല്‍ഹിയിലേക്കു കൂടുമാറിയ ഞാന്‍ സാമ്പത്തികമായി സ്വതന്ത്രയാകണമെന്ന് മനസ്സിലുറപ്പിച്ചു. പഴയ ഫാഷന്‍ പ്രേമം പൊടിതട്ടിയെടുക്കുകയും ഓണ്‍ലൈനിലൂടെ വില്‍പന തുടങ്ങുകയും ചെയ്തു. ഇതിനിടയില്‍ പരിപാടികളുടെ അവതാരകയായും പോയിത്തുടങ്ങി. പണച്ചെലവ് ഒഴിവാക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നതും സിനിമയ്ക്ക് പോകുന്നതുമൊക്കെ നിര്‍ത്തി.
അങ്ങനെ ഞാനൊരു ഫാഷന്‍ ബ്ലോഗും ആരംഭിച്ചു. സ്റ്റൈലിസ്റ്റായി അവയില്‍ വീഡിയോകള്‍ ചെയ്തു തുടങ്ങി. വസ്ത്രങ്ങളുടെ പേരില്‍ പരിഹാസങ്ങള്‍ക്ക് ഇരയായ ഞാന്‍ ഇന്ന് ഇന്റര്‍നാഷണല്‍ ഫാഷന്‍ ട്രിപ്പുകള്‍ ചെയ്യുന്നു. നമ്മെ വെറുക്കുന്നവര്‍ എപ്പോഴുമുണ്ടാകും, പക്ഷേ ഞാന്‍ പോസിറ്റീവ് കാര്യങ്ങളില്‍ മാത്രം ശ്രദ്ധ ചെലുത്താന്‍ തീരുമാനിച്ചു. അതാണ് എന്നെ ഇന്നത്തെ ഞാനാക്കി മാറ്റിയത്.
Content Highlights: Inspiring story Of Fashion Blogger Dolly
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..