ഷീബ
കൊല്ലം: കനലെരിയുന്ന ജീവിതപാതയിൽ പൊള്ളിത്തഴമ്പിച്ച കാലുകളുമായി ഷീബയ്ക്ക് ഇനിയുമേറെ താണ്ടാനുണ്ട്. കശുവണ്ടിത്തൊഴിലാളി, ഷീബയെന്ന 40 വയസ്സുകാരി ബൂട്ടിടാതെ ഓടി രാജ്യത്തിനായി നേടിയ മെഡലുകൾ ഒട്ടേറെയാണ്.
12 വർഷത്തിനിടെ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ്, വെറ്ററൻസ് മീറ്റ്, മെർക്കന്റയിൽ അത്‌ലറ്റിക് മീറ്റ്, അമെച്ചർ മീറ്റുകൾ തുടങ്ങിയവയിൽ പങ്കെടുത്ത് നേടിയത് നൂറിലേറെ മെഡലുകൾ. 5,000 മീറ്റർ നടത്തം, 5,000, 10,000 മീറ്റർ ഓട്ടം, മാരത്തൺ എന്നിവയാണ് ഷീബയുടെ ഇനങ്ങൾ. കാഷ്യൂ കോർപ്പറേഷൻ ഇരവിപുരം ഫാക്ടറിയിൽ 19 വർഷമായി തൊഴിലാളിയാണ്. ഇൻഡൊനീഷ്യ, ശ്രീലങ്ക, ബ്രൂണോ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യക്കായി ഓടിയും നടന്നും ഷീബ സ്വർണമെഡലുകൾ നേടി. ബൂട്ടിട്ട് ഓടാൻ പരിശീലനമില്ലാത്തതിനാൽമാത്രം വെള്ളിമെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിട്ടുണ്ട്.
2009-ലെ മേയ് ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിലൂടെയാണ് കായികരംഗത്തേക്ക് ഷീബ എത്തുന്നത്. തൊഴിലാളിദിനത്തിൽ കശുവണ്ടി ഫാക്ടറി തൊഴിലാളികൾക്കുവേണ്ടിയുള്ള ഓട്ടമത്സരത്തിൽ പങ്കെടുത്തു. അതു കാണാനിടയായ കുണ്ടറ പോലീസ് സ്റ്റേഷനിലെ ഓഫീസർ സുധീന്ദ്രകുമാറാണ് മാസ്റ്റേഴ്സ് മീറ്റിനെക്കുറിച്ച് പറഞ്ഞതും മത്സരിക്കാൻ പ്രേരിപ്പിച്ചതും. തുടർന്ന് പലരുടെയും പ്രോത്സാഹനത്തിൽ മാസ്റ്റേഴ്സ് മീറ്റുകളിൽ പങ്കെടുത്ത് മെഡൽ നേടി. ബൂട്ടില്ലാതെ പങ്കെടുക്കാൻ അനുവദിക്കാത്ത മത്സരങ്ങളിൽ, പലരും സ്നേഹത്തോടെ നൽകിയ ഭാരമേറിയ ബൂട്ടിട്ട് പങ്കെടുക്കും. പരിശീലനമില്ലാത്തതും ബൂട്ടിന്റെ ഭാരവും കാരണം രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും നടക്കുന്ന ദേശീയമത്സരങ്ങളിൽ ഷീബ പങ്കെടുക്കും. വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകാൻ ആവശ്യമായ പണം പലരും നൽകി സഹായിക്കും. ബാക്കി പലരിൽനിന്നും കടംവാങ്ങും.
മയ്യനാട് ധവളക്കുഴി സുനാമി ഫ്ലാറ്റിലാണ് ഭർത്താവ് കൂലിപ്പണിക്കാരനായ ജയപ്രകാശിനും രണ്ട് പെൺമക്കൾക്കും ഭർത്തൃമാതാവിനുമൊപ്പം ഷീബയുടെ താമസം. രാജ്യത്തിനായും സംസ്ഥാനത്തിനായും മെഡലുകൾ ഒട്ടേറെ നേടിയെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. സ്വന്തം വീടെന്ന സ്വപ്നം ഇനിയും ബാക്കി.
കശുവണ്ടി ഫാക്ടറിയിൽ ജോലിയില്ലാത്തപ്പോൾ വീടുകളിലും വയൽ ജോലിക്കും ഷീബ പോകും. ഫാക്ടറികൾ അടഞ്ഞുകിടന്ന നാളുകളിൽ ഏറെ ദുരിതമായിരുന്നു. നടത്തമത്സരത്തിനുള്ള പരിശീലനം രാവിലെ റോഡിലാണ്. ഫാക്ടറിയിൽ ജോലിക്കെത്താൻ കിലോമീറ്ററുകൾ വലിഞ്ഞുനടക്കും. ഓട്ടത്തിന്റെ പരിശീലനം വല്ലപ്പോഴും മാത്രം. റൈസിങ് കൊട്ടിയം, സോൾസ് ഓഫ് കൊല്ലം എന്നീ ക്ലബ്ബുകളും അവിടത്തെ പരിശീലകരായ ഷിബു റാവുത്തർ, സെൽവി എന്നിവരും ചേർന്നാണ് പരിശീലിപ്പിക്കുന്നത്. ആശ്രാമം മൈതാനത്ത് ക്ലബ്ബുകളുടെ പരിശീലനത്തിൽ, വീടുകളിലെ ജോലിയും വയൽപ്പണിയും ഇല്ലാത്തപ്പോൾമാത്രം പങ്കെടുക്കും. “ഓരോ മത്സരത്തിൽ പങ്കെടുത്തുവരുമ്പോഴും കടവും കഷ്ടപ്പാടുകളും കൂടുന്നതുകൊണ്ട് ഇനി പങ്കെടുക്കേണ്ടെന്നാണ് കരുതുക. എന്നാൽ അടുത്ത മത്സരത്തിന്റെ അറിയിപ്പുവന്നാൽ കാലുകൾ മനസ്സിനു പിന്നാലെയങ്ങ് പായും”-ഷീബയുടെ വാക്കുകൾ.
Content Highlights: inspiring story of athlete and cashew factory worker sheeba
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..