ദിവസേന 15 മണിക്കൂറോളം പഠിച്ചെങ്കിലും മൂന്നാംശ്രമത്തിലും തോറ്റു; ഐ.എ.എസ്. വിജയകഥയുമായി കളക്ടർ


Krishna Teja | Photo:Facebook.com/districtcollectoralappuzha

ഐ.എ.എസ്. നേടിയതിനു പിന്നിലെ കഷ്ടപ്പാടിനെക്കുറിച്ച് അഞ്ചുവർഷംമുമ്പ് ആലപ്പുഴയിലെ സ്വകാര്യ സ്കൂളിൽ കളക്ടർ വി.ആർ. കൃഷ്ണതേജ നടത്തിയ പ്രസംഗം സാമൂഹികമാധ്യമങ്ങളിൽ ഈയിടെ വൈറലായിരുന്നു. സബ് കളക്ടറായിരിക്കെ നടത്തിയ ഈ പ്രസംഗത്തെക്കുറിച്ച് ഇപ്പോഴും എവിടെച്ചെന്നാലും ആളുകൾ ചോദിക്കും. പ്രസംഗത്തിൽ ചുരുക്കിപ്പറഞ്ഞ കാര്യം അദ്ദേഹം വിശദമായി സംസാരിക്കുകയാണ് ഇവിടെ:

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിനടുത്ത് ചിലക്കലുരിപ്പെട്ടാണു സ്വദേശം. മൈലാവറപ്പ് കുടുംബം പരമ്പരാഗതമായി അത്യാവശ്യം സമ്പന്നരാണ്. മുതുമുത്തച്ഛനും മുത്തച്ഛനുമൊക്കെ വലിയ ദാനശീലരായിരുന്നു. ചിലക്കലുരിപ്പെട്ടിലെ മുനിസിപ്പൽ ഓഫീസ് ഇവരുടെ പഴയ കുടുംബവീടാണ്. നഗരത്തിലെ ക്ലോക്ക് ടവർ മുത്തച്ഛന്റെ പേരിലാണ്. ദാനധർമങ്ങൾ കൂടിയപ്പോൾ സമ്പത്ത് കുറഞ്ഞു. അച്ഛൻ ശിവാനന്ദകുമാറിനു ചെറുകിട മെഡിക്കൽ മൊത്തക്കച്ചവട ബിസിനസായിരുന്നു. സെയ്ന്റ് ചാൾസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഏഴാം ക്ലാസുവരെ ശരാശരി വിദ്യാർഥിയായിരുന്നു കൃഷ്ണതേജ. ഈ ഘട്ടത്തിലാണ് ബിസിനസ് തകർന്നതും കുടുംബം വലിയ സാമ്പത്തിക പ്രയാസത്തിൽപ്പെട്ടതും. എട്ടാം ക്ലാസിലായപ്പോൾ പഠനം നിർത്തി പണിക്കുപോകാൻ ബന്ധുക്കൾ ഉപദേശിച്ചു. അമ്മ ഭുവനേശ്വരി പറഞ്ഞതനുസരിച്ച് ഒരു മരുന്നുകടയിൽ വൈകീട്ട് ആറുമുതൽ ഒമ്പതുവരെ ജോലിക്കുപോയിത്തുടങ്ങി. മൂന്നുവർഷം ജോലി ചെയ്തുപഠിച്ചിട്ടും എട്ടുമുതൽ പത്തുവരെ ക്ലാസുകളിൽ ഒന്നാമനായി. ഇന്റർമീഡിയറ്റിനും മാറ്റമുണ്ടായില്ല.നസരറാവുപെട്ട കോളേജിൽനിന്നു സ്വർണമെഡലോടെയാണ് കംപ്യൂട്ടർ സയൻസിൽ എൻജിനിറിയങ് ബിരുദം നേടിയത്. തുടർന്ന് പ്രമുഖ ഐ.ടി. സ്ഥാപനത്തിൽ ജോലി നേടി ഡൽഹിയിലെത്തി. അവിടെ റൂംമേറ്റായിരുന്ന സുഹൃത്ത് ഐ.എ.എസിനു ശ്രമിക്കുകയായിരുന്നു. കോച്ചിങ് സ്ഥാപനത്തിലേക്ക് 30 കിലോമീറ്റർ ദൂരമുണ്ട്. പോയിവരാൻ അദ്ദേഹത്തിന് ഒരു കൂട്ടുവേണം. അങ്ങനെയാണ് എന്നെയും നിർബന്ധിച്ചുചേർത്തത്. ആദ്യവർഷത്തെ പരീക്ഷയിൽ തോറ്റു. ജോലി ചെയ്തുകൊണ്ട് ഐ.എ.എസിനു ശ്രമിച്ചിട്ടു കാര്യമില്ലെന്ന് മനസ്സിലായതോടെ 2011-ൽ ജോലി രാജിവെച്ചു രണ്ടാമതും ശ്രമിച്ചു.

ദിവസേന 15 മണിക്കൂറോളം പഠിച്ചെങ്കിലും അപ്രാവശ്യവും തോറ്റു. മൂന്നാംശ്രമത്തിലും തോറ്റതോടെ ആകെ തകർന്നുപോയി. എന്തുകൊണ്ട് ഐ.എ.എസ്. കിട്ടുന്നില്ലെന്ന് ഒരുമാസത്തോളം ആലോചിച്ചു. ഉത്തരം കണ്ടെത്താനായില്ല. ഇതോടെ ഐ.എ.എസ്. ശ്രമം ഉപേക്ഷിച്ച് വീണ്ടും ഐ.ടി. ജോലിക്കു കയറി. ഇക്കാര്യം എന്റെ ശത്രുക്കളും അറിഞ്ഞു. പിറ്റേന്നു രാവിലെ ഏഴരയോടെ മൂന്നു ശത്രുക്കൾ മുറിയിലെത്തി. നിനക്ക് ഒരിക്കലും ഐ.എ.എസ്. കിട്ടില്ലെന്നും തിരിച്ചു ജോലിക്കു കയറുന്നതു നല്ല തീരുമാനമാണെന്നും പറഞ്ഞു. എന്തുകൊണ്ട് ഐ.എ.എസ്. എനിക്കു കിട്ടുന്നില്ലെന്നു ചോദിച്ചപ്പോൾ അവർ മൂന്നുകാരണം പറഞ്ഞു.

1. രണ്ടായിരം മാർക്കിന്റെ എഴുത്തുപരീക്ഷയല്ലേ. നിന്റെ കൈയക്ഷരം മോശമായിരിക്കെ ഐ.എ.എസ്. കിട്ടാൻ സാധ്യതയില്ല.

2. എഴുത്തുപരീക്ഷയിൽ പോയിന്റുവെച്ച് എഴുതിയിട്ടു കാര്യമില്ല, ഒരു ഖണ്ഡികപോലെ, കഥപോലെയാകണം ആശയങ്ങൾ അവതരിപ്പിക്കേണ്ടത്. നീ എഴുതുന്നത് അങ്ങനെയല്ല.

3. എന്തു ചോദിച്ചാലും നീ നേരേയാണ് ഉത്തരം പറയുന്നത്. ഐ.എ.എസിൽ വളരെ ഡിപ്ലോമാറ്റിക്കായും ആധികാരികമായും മറുപടി പറയേണ്ടിവരും.

അവർ പോയിക്കഴിഞ്ഞപ്പോഴാണ് കൈയക്ഷരം, എഴുത്തുരീതി, സംഭാഷണരീതി എന്നിവ നന്നാക്കിയാലേ ഐ.എ.എസിലെത്താൻ കഴിയൂവെന്ന് ഞാൻ മനസ്സിലാക്കിയത്. തിരിച്ചറിവുണ്ടാക്കിയത് ആ ശത്രുക്കളാണ്.

365 ദിവസം നീണ്ട പരീക്ഷ

ഒന്നുകൂടി സിവിൽസർവീസിനു ശ്രമിക്കാൻ തീരുമാനിച്ചു. ജ്യോഗ്രഫിയാണ് മെയിനെടുത്തത്. ഹൈദരാബാദിലേക്കു മടങ്ങി. ഒരു നഴ്സറി ടീച്ചറിനെ കണ്ടെത്തി ദിവസം രണ്ടുമണിക്കൂർ കൈയക്ഷരം നന്നാക്കാൻ മാത്രമായി ശ്രമിച്ചു. ബാലലത എന്നു പേരുള്ള ഒരു സർക്കാർ ജോലിക്കാരി അവിടെയുണ്ടായിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്ന ഇവർ കുട്ടികൾക്കു ക്ലാസെടുക്കാറുണ്ട്. ഇവരെ സമീപിച്ചു. എന്റെ എഴുത്തുരീതി നന്നാക്കുകയാണു ലക്ഷ്യം. അവർ ഒരു ഉപാധിവെച്ചു. പുലർച്ചേ നാലുമുതൽ ഏഴുവരെ ക്ലാസ്. ഒരുവർഷം മുഴുവൻ. ഒരു മുടക്കവുമില്ല. എന്നെങ്കിലും മുടങ്ങിയാൽ അതു അവസാന ക്ലാസായിരിക്കും. ഞാൻ ഏറ്റു. മൂന്നരയ്ക്ക് എഴുന്നേൽക്കണം. തലേന്നു വിഷയം പറയും. പഠിച്ചിട്ടുവേണം ചെല്ലാൻ. 365 ദിവസവും ക്ലാസ് മുടങ്ങിയില്ല. അവസാനദിവസം അവർ പറഞ്ഞു. 'ഐ.എ.എസ്. കിട്ടാനുള്ള യോഗ്യതയായിക്കഴിഞ്ഞു.'

എന്റെ സംഭാഷണരീതി മെച്ചപ്പെടുത്തുകയായിരുന്നു അടുത്തലക്ഷ്യം. അതിനായി ഹൈദരാബാദിൽ ആർ.സി. റെഡ്ഡി ഐ.എ.എസ്. അക്കാദമിയിൽ പഠിപ്പിക്കാൻ തുടങ്ങി. കമ്യൂണിക്കേഷൻ എന്ന ആർട്ട് പഠിച്ചത് ഇങ്ങനെയാണ്. നാലാംതവണ പരീക്ഷയെഴുതി ജയിച്ചു. ഇന്റർവ്യൂവിനു പോകാൻ വസ്ത്രങ്ങളും കോട്ടും വാങ്ങിത്തന്നത് ടീച്ചറാണ്. അങ്ങനെ ഇന്റർവ്യൂ ദിവസമെത്തി.

ചോദിക്കരുതേയെന്ന് ആഗ്രഹിച്ച ചോദ്യം

ഇന്റർവ്യൂവിനു മുമ്പ് ഞാൻ ഒരു മോക്ക് ഇന്റർവ്യൂവിൽ പങ്കെടുത്തിരുന്നു. പുകയിലക്കൃഷിക്കു പേരുകേട്ട സ്ഥലമാണ് ഗുണ്ടൂർ. ആരോഗ്യത്തിനു ഹാനികരമായ പുകയില കൃഷി ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന്‌ അഭിമുഖം നടത്തിയയാൾ ചോദിച്ചു. നല്ലതല്ലെന്ന് ഞാൻ പറഞ്ഞു. എന്നാൽ, പുകയില ഉപയോഗിക്കുന്നവർക്കല്ലേ കുഴപ്പമുള്ളൂ, കൃഷിക്കാർക്ക് വരുമാനം കിട്ടുന്നതല്ലേ എന്നു മറുചോദ്യം വന്നു. എന്റെ പോയിന്റ്സ് ഞാൻ വാദിച്ചെങ്കിലും അഭിമുഖം ആകെ കുളമായി. യഥാർഥ ഇന്റർവ്യൂവിന്റെ തലേന്നുള്ള എന്റെ ഒരേയൊരു പ്രാർഥന പുകയിലയെക്കുറിച്ച് ചോദ്യംവരല്ലേയെന്നു മാത്രമായിരുന്നു.

ഗുണ്ടൂരിലെ കൃഷിയെക്കുറിച്ചു ചോദിച്ചാൽ അവിടത്തെ മറ്റൊരു പ്രധാന കൃഷിയായ മുളകിനെക്കുറിച്ചു പറയാൻ തീരുമാനിച്ചു. സ്ഥലം ഗുണ്ടൂരെന്നു പറഞ്ഞതും കൃഷിയെപ്പറ്റി ചോദ്യം വന്നു. മുളകു പറഞ്ഞ് ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മറ്റൊരു പ്രധാന കൃഷിയില്ലേയെന്നായി ചോദ്യം. പുകയില പറയേണ്ടിവന്നു. ഗുണ്ടൂർ കളക്ടറായാൽ പുകയില കൃഷി നിരോധിക്കുമോ അതോ പ്രോത്സാഹിപ്പിക്കുമോയെന്നു ചോദിച്ചു. നിരോധനം പെട്ടെന്നു സാധിക്കില്ലെന്നു ഞാൻ മറുപടി പറഞ്ഞു. കൃഷിക്കാരെ ബോധവത്കരിച്ച് പടിപടിയായി മറ്റു കൃഷികളിലേക്കു മാറ്റണം. എട്ടോ പത്തോവർഷം കൊണ്ട് അവരെ പൂർണമായി ഈ രംഗത്തുനിന്നു മാറ്റുകയാകും പ്രായോഗികമെന്നു പറഞ്ഞു. അതിനായി പുനരധിവാസം ഉൾപ്പെടെ ഉറപ്പാക്കണമെന്നും പറഞ്ഞു. ഇത് ഇന്റർവ്യൂ ബോർഡിനു ബോധിച്ചു.

ഫലം വരുന്നു

സിവിൽ സർവീസ് ഫലം വരുന്നതിനു കുറച്ചുദിവസം മുമ്പ് സുഹൃത്ത് ഹരി വന്നു. ഇത്തവണ നൂറിൽത്താഴെ റാങ്കുകിട്ടുമെന്ന് പറഞ്ഞു. എനിക്കത്ര ഉറപ്പുണ്ടായിരുന്നില്ല. എന്റെ ബൈക്കുവെച്ചായിരുന്നു പന്തയം. ഫലം വരുമ്പോൾ ഞാൻ തീയറ്ററിലായിരുന്നു. കൂട്ടുകാരന്റെ വിളിവന്നു. ബൈക്ക് അവനു കൊടുക്കേണ്ടിവരുമെന്നു പറഞ്ഞു. കാരണം എനിക്ക് 66-ാം റാങ്ക്.

Content Highlights: inspiring story of alappuzha collector vr krishna teja


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented