Photo: Facebook| Humans Of Bombay
ബൈക്കില്‍ ഇതുവരെ കറങ്ങിയത് 15,000 കിലോമീറ്റര്‍. ഇനി കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഒരു ട്രിപ്പ്. അതും ബൈക്കില്‍ തന്നെ. ഒറ്റയ്ക്ക്. അതിലെന്ത് കാര്യം എന്നാണോ? സ്വാതന്ത്ര്യം എന്നാണ് ബോംബെ സ്വദേശിനിയുടെ ഉത്തരം. 'മൂന്ന് മക്കളുടെ അമ്മയായ, നാല്‍പത്തിനാല് വയസ്സുള്ള, ഫുള്‍ടൈം ജോലി തിരക്ക് എന്ന് പറഞ്ഞ് നടക്കുന്ന ഞാന്‍ എന്റെ ജീവിതം കണ്ടെത്തുന്നത് ഈ യാത്രകളിലൂടെയാണ്.' ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് അവര്‍ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി തന്റെ അനുഭവം പങ്കുവയ്ക്കുന്നത്.
ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്
കോളേജില്‍ ഞാനൊരു കൂള്‍ കിഡ് ആയിരുന്നു. വീക്കെന്‍ഡില്‍ ബൈക്ക് റൈഡിന് പോകും, ഒരു തരം കെയര്‍ഫ്രീ ലൈഫ്. പഠനം കഴിഞ്ഞ് ജോലിയും മൂന്ന് മക്കളെ വളര്‍ത്തുന്നതിന്റെ തിരക്കുമായി വര്‍ഷങ്ങള്‍ കടന്നുപോയത് പോലും ഞാനറിഞ്ഞില്ല. ബൈക്ക് റൈഡുകളോടുള്ള ഇഷ്ടവും അക്കാലത്തെന്നോ നഷ്ടപ്പെട്ടിരുന്നു.
രണ്ട് വര്‍ഷം മുമ്പാണ് ഒരു സഹപ്രവര്‍ത്തക ഓഫീസിലേയ്ക്ക് ബൈക്കില്‍ വരുന്നത് ഞാന്‍ ശ്രദ്ധിച്ചത്. ചെറിയൊരു കുശുമ്പോടെ. ഉള്ളിലെ റൈഡര്‍ അവിടെയിരുന്ന് കുത്തുന്ന പോലെ. വീണ്ടും ബൈക്ക് ഓടിക്കാന്‍ തുടങ്ങണമെന്ന ആഗ്രഹമായി. വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ.. ബാലപാഠങ്ങള്‍ തൊട്ട് തുടങ്ങണം. രണ്ടാഴ്ച കഠിന പരിശീലനമായിരുന്നു. പിന്നെ സ്വന്തമായി ഒരു ബൈക്ക് വാങ്ങി. അവഞ്ചര്‍ 220 ക്രൂസ്. ഇിടെയുള്ള ചില ചെറിയ ബൈക്കര്‍ ഗ്രൂപ്പിലൊക്കെ അംഗമായി. ഏറ്റവും വിലയ പ്രോത്സാഹനം മകന്റെ അടുക്കല്‍ നിന്നായിരുന്നു. സ്‌കൂളില്‍ തന്നെ ബൈക്കിലെത്തി കൂട്ടുന്ന അമ്മ... കൂള്‍ എന്നാണ് അവന്‍ പറഞ്ഞത്.
ഇത്രകാലവും ഞാന്‍ കുടുംബത്തിന് വേണ്ടിയാണ് ജീവിച്ചത്. ജോലിയും മൂന്ന് മക്കളുടെ കാര്യങ്ങളുമായി തിരക്കോട് തിരക്ക്. ഇനി എനിക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും ചെയ്യേണ്ടെ? എതിര്‍പ്പുകള്‍ ധാരാളമുണ്ടായിരുന്നു. അതിനൊക്കെ അപ്പുറം ലക്ഷ്യത്തെ പറ്റി മാത്രമായിരുന്നു എന്റെ സ്വപ്നം.
കഴിഞ്ഞവര്‍ഷം ഞാന്‍ ആദ്യത്തെ ലോംഗ് റൈഡിന് പോയി. രണ്ട് മാസം നീണ്ടത്. ഡല്‍ഹി മുതല്‍ ചെന്നൈ വരെ. പോകുന്നതിന് മുമ്പ് വീട്ടിലെ എല്ലാ ആവശ്യങ്ങളും ഞാന്‍ റെഡിയാക്കിയിരുന്നു. രണ്ട് മാസത്തേയ്ക്കുള്ള അവരുടെ ഭക്ഷണം വരെ ഫ്രീസറില്‍ ആക്കി. അതും 27 ഡിഷസ്.
ഞാന്‍ സ്വതന്ത്രയാണ് എന്ന തോന്നല്‍ എന്നില്‍ നിറച്ചത് ആ യാത്രയാണ്. യാത്രയ്ക്കിടയില്‍ ഞാന്‍ ബൈക്കില്‍ നിന്ന് വീണു, ചെറിയ പരിക്ക് പറ്റി. കാലാവസ്ഥയാണെങ്കില്‍ കൊടും ചൂടും. ഒന്നും എന്നെ പിന്തിരിപ്പിച്ചില്ല. ഇഷ്ടമുള്ളത് ചെയ്യുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍.
ഇനി കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള റൈഡാണ് പ്ലാന്‍. നമ്മള്‍ നമ്മുടെ ജീവിതം നമുക്ക് ഇഷ്ടമുള്ള പോലെയും ജീവിക്കേണ്ടെ. ഞാന്‍ ഈ പ്രായത്തില്‍ റൈഡറായി. അങ്ങനെ ജീവിക്കരുതെന്ന് എന്തെങ്കിലും നിയമമുണ്ടോ?
Courtesy: Humans of Bombay
Content Highlights: Inspiring story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..