Representative Image | Photo: Gettyimages.in
പതിനെട്ടു തികയുമ്പോഴേക്കും പെൺകുട്ടികളോട് കല്ല്യാണപ്രായത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന നാട്ടുകാരും വീട്ടുകാരുമുണ്ട്. മറിച്ച് കരിയറിനെക്കുറിച്ചോ സാമ്പത്തിക സ്വാതന്ത്യത്തെക്കുറിച്ചോ പെൺമക്കളെ ബോധവതികളാക്കാത്തവർ. സ്വപ്നങ്ങളെയും ഇഷ്ടങ്ങളെയും മണ്ണിട്ട് മൂടുന്ന പെൺകുട്ടികളും മാതാപിതാക്കളും അറിയേണ്ട ജീവിതമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. പതിനെട്ടാം വയസ്സിൽ പ്രണയിച്ച് വിവാഹിതയാവുകയും ഭർത്താവിന്റെ ക്രൂരപീഡനത്തിൽ സഹികെട്ട് വിവാഹജീവിതത്തിൽ നിന്ന് പടിയിറങ്ങുകയും ഒടുവിൽ സ്വന്തമായൊരു കരിയർ നേടിയെടുക്കുകയും ചെയ്ത പെൺകുട്ടിയുടെ ജീവിതമാണത്.
ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് പെൺകുട്ടിയുടെ കഥ പുറത്തുവന്നത്. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ ഭർത്താവ് നിയന്ത്രണങ്ങൾ തുടങ്ങുകയും ഒടുവിൽ ക്രൂരപീഡനത്തിലേക്ക് എത്തുകയുമായിരുന്നെന്ന് യുവതി പറയുന്നു. തുടർന്ന് വിവാഹമോചിതയായി തൊഴിൽ നേടുകയും സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും ചെയ്തു. ഇന്ന് കരുതിയിരിപ്പുകൾ കൊണ്ട് ബിസിനസ്സ് കെട്ടിപ്പടുക്കുകയും തന്റെ സ്വപ്നങ്ങളെ പിന്തുണക്കുന്ന പുതിയൊരു പങ്കാളിയെ തിരഞ്ഞെടുക്കുകയും ചെയ്തു അവൾ.
കുറിപ്പിലേക്ക്....
ഞാനും അമ്മയും കുട്ടിക്കാലം മുതൽക്കേ പീഡനത്തിന്റെ ഇരകളാണ്. എല്ലാ ദിവസവും അച്ഛൻ ഒരുകാരണവുമില്ലാതെ അമ്മയെ മർദിക്കുമായിരുന്നു. അങ്ങനെയിരിക്കേ ഒരുദിവസം അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് സ്വന്തം ഗ്രാമത്തിലേക്ക് പോയി, അന്ന് എനിക്ക് നാലു വയസ്സാണ് പ്രായം. അമ്മ പക്ഷേ എന്റെയും സഹോദരങ്ങളുടെയും പഠനത്തിനുവേണ്ടി ഇവിടെ തന്നെ നിന്നു.
അച്ഛൻ എല്ലാ മാസവും അയ്യായിരം രൂപ വച്ച് അയക്കുമായിരുന്നു. ആ പണം കൊണ്ട് അമ്മ ഞങ്ങളുടെ വിദ്യാഭ്യാസവും വീടുമൊക്കെ നോക്കണമായിരുന്നു. അമ്മയ്ക്ക് വേണ്ടി ഒരുതുക പോലും ചെലവഴിച്ചിരുന്നില്ല, എല്ലാം ഞങ്ങൾക്കു വേണ്ടിയായിരുന്നു. അമ്മ ഞങ്ങളെ നന്നായി വളർത്തി. സ്വതന്ത്രയാവണമെന്നുപദേശിച്ചു. പതിനെട്ടാം വയസ്സിൽ എനിക്കൊരു പ്രണയമുണ്ടായി. ഇടയ്ക്കിടെ വിളിക്കുകയും കാണുകയുമൊക്കെ ചെയ്തു. അമ്മ ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് അറിയുകയും അദ്ദേഹത്തെ കാണണമെന്ന് പറയുകയും ചെയ്തു. അമ്മ പോലും അവനാണ് എനിക്കുള്ള പുരുഷൻ എന്ന് വിശ്വസിച്ചു. രണ്ടുമാസത്തിനുള്ളിൽ വിവാഹനിശ്ചയം കഴിഞ്ഞു. അമ്മ എന്റെ നിക്കാഹ് കഴിഞ്ഞതിൽ ഏറെ സന്തുഷ്ടയായിരുന്നു.
പക്ഷേ വിവാഹം കഴിഞ്ഞ് ഒരുമാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ വ്യക്തിത്വം പാടേ മാറി. അയാൾ എന്നെ അനാവശ്യമായി നിയന്ത്രിക്കാൻ തുടങ്ങി. എന്റെ ഫോൺ വാങ്ങി വെച്ചു. അതോടെ സുഹൃത്തുക്കളെയോ വീട്ടുകാരെയോ ബന്ധപ്പെടാനാവാത്ത അവസ്ഥയിലായി. എന്റെ സമൂഹമാധ്യമ അക്കൗണ്ടുകളെല്ലാം ഡിലീറ്റ് ചെയ്യിച്ചു. ആൺസുഹൃത്തുക്കൾ ഉണ്ടാകുന്നതിനെ വിലക്കുകയും കൊക്കെയ്ൻ ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു. ഇടയ്ക്കിടെ നിയന്ത്രണമെല്ലാം വിടുന്ന ഘട്ടത്തിലെത്തും. അപ്പോൾ എന്നെ മർദിക്കാനും തുടങ്ങും. പക്ഷേ അപ്പോഴും അമ്മയെ സമ്മർദപ്പെടുത്തേണ്ടെന്ന് കരുതി ഒന്നും പറഞ്ഞില്ല.
പക്ഷേ അയാൾ അതിരുകടന്നു തുടങ്ങിയിരുന്നു. ഒരിക്കൽ കഴുത്തിൽ കത്തിവച്ച് പൈപ്പ് കൊണ്ട് പൊതിരെ തല്ലി. അയാളുടെ അമ്മ ഇടപെട്ടതോടെ അവരെയും തള്ളിമാറ്റി. അടുത്ത തവണ അമ്മയെ കണ്ടതോടെ ഞാൻ വിവരങ്ങളെല്ലാം പറഞ്ഞു. അമ്മ തകർന്നുപോവുകയും അതിനൊപ്പം അരിശം കൊള്ളുകയും ചെയ്തു. എനിക്ക് പോരാടാനുള്ള ശക്തിയുണ്ടായിരുന്നില്ല. പക്ഷേ അമ്മ ഇത് അവസാനിപ്പിക്കണമെന്ന് പറഞ്ഞു. രണ്ടു കുടുംബങ്ങളും സംസാരിക്കുകയും വിവാഹം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. അയാളെ ഭയന്ന് ജീവിച്ച് എനിക്ക് മടുത്തിരുന്നു, പോരാടാൻ ഞാൻ സജ്ജയായി. ആ വിവാഹബന്ധം അവസാനിപ്പിച്ചു.
അങ്ങനെ ഒരു ജോലിക്കായി ഞാൻ ശ്രമിച്ചു. തൊഴിലിലൂടെ എനിക്ക് ലഭിച്ച സ്വാതന്ത്ര്യം ഞാൻ ആസ്വദിച്ചു. എന്റെ കരിയർ അവിടെ ആരംഭിച്ചു. ചിറകുകൾ അരിയാൻ ഭർത്താവ് ഇല്ലാതിരുന്നതോടെ ഞാൻ ഉയരാൻ തുടങ്ങി. രണ്ടുവർഷത്തിനുശേഷം സുഹൃത്തുക്കൾ മറ്റൊരു ബന്ധത്തിനായി എന്നെ നിർബന്ധിച്ചു. പക്ഷേ മറ്റൊരു പുരുഷനെ വിശ്വസിക്കാൻ ധൈര്യമുണ്ടായില്ല. പക്ഷേ അദ്ദേഹം എനിക്ക് സമയം തന്നു. മൂന്നുമാസങ്ങൾക്കുള്ളിൽ അദ്ദേഹം എന്റെയും അമ്മയുടെയും വിശ്വാസം നേടി. അത് ആറുവർഷം മുമ്പായിരുന്നു, ഇന്ന് അതേയാൾക്കൊപ്പം ആരോഗ്യകരമായ ബന്ധം തുടരുന്നു.
ഒരുവർഷം മുമ്പ് എന്റെ നീക്കിയിരിപ്പുകൾ ഉപയോഗിച്ച് ഞാൻ സ്വന്തമായൊരു ബിസിനസ് ആരംഭിച്ചു. ഇപ്പോൾ ഏഴുവർഷമായി ഞാൻ എനിക്ക് വേണ്ടി നിൽക്കാൻ ആരംഭിച്ചിട്ട്. ഞാൻ ഇപ്പോൾ ആ പഴയ ഇരുപതുകാരിയല്ല. സ്വതന്ത്രയും ആത്മവിശ്വാസമുള്ളവളും ഭയരഹിതയുമായ അവനവന്റെ വില തിരിച്ചറിയുന്ന പെൺകുട്ടിയാണ്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..