Photo: instagram.com|officialhumansofbombay
2010 ലെ ലോക കപ്പില്‍ ഇന്ത്യയുടെ വനിതാ ഹോക്കീ ടീമിനൊപ്പം ഒരു പതിനഞ്ചുകാരിയും ചേര്‍ന്നു, റാണി രാംപാല്‍. ഇന്ന് ഇരുപത്താറ് വയസ്സില്‍ ടോക്യോ ഒളിംപിക്‌സില്‍ തന്റെ ടീമിനൊപ്പം വീണ്ടും മത്സരിക്കുമ്പോള്‍ കടന്നു വന്ന പഴയവഴികളെ പറ്റി മനസ്സു തുറക്കുകയാണ് റാണി ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്‌സ്ബുക്ക് പേജില്‍.
ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയില്‍ ഷഹാബാദ് മാര്‍ക്കണ്ടയിലാണ് റാണിയുടെ ബാല്യം. അക്കാലത്ത് താന്‍ പ്രാക്ടീസ് ആരംഭിച്ചത് ഒരു പൊട്ടിയ ഹോക്കി സ്റ്റിക്കുമായാണെന്ന് റാണി പറയുന്നു. അച്ഛന്‍ ഉന്തുവണ്ടി വലിക്കുന്ന തൊഴിലാളിയായിരുന്നു. അമ്മ പലവീടുകളില്‍ വീട്ടുജോലി എടുക്കുകയും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. ' എനിക്ക് ഈ ജീവിതത്തില്‍ നിന്ന് രക്ഷപ്പെടണമായിരുന്നു. എന്നും വൈദ്യതി മുടങ്ങും, കൊതുകു ശല്യം ഉറക്കം കളയും. രണ്ട് നേരം ഭക്ഷണം കഷ്ടി. ഇടയ്ക്ക് വീട്ടില്‍ വെള്ളം കയറും. ഇത്രയുമായിരുന്നു എന്റെ മാതാപിതാക്കള്‍ക്ക് സാധിച്ചിരുന്നത്. '
റാണിക്ക് ചെറുപ്പം മുതലേ ഹോക്കിയോട് വലിയ താല്‍പര്യമായിരുന്നു. തന്റെ വീടിനടുത്തുള്ള പരിശീലന കേന്ദ്രത്തില്‍ കുട്ടികള്‍ പ്രാക്ടീസ് ചെയ്യുന്നത് കണ്ടിരിക്കുകയായിരുന്നു വിനോദം. 'എല്ലാദിവസവും ഞാന്‍ പരിശീലകനോട് ചോദിക്കും എന്നെക്കൂടി ഉള്‍പ്പെടുത്താമോ എന്ന്. എന്നാല്‍ പരിശീലനം നേടാനുള്ള ആരോഗ്യം നിനക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം എന്നെ ഒഴിവാക്കും. ഒടുവില്‍ ഒരു പൊട്ടിയ ഹോക്കി സ്റ്റിക്കുമായി ഞാന്‍ തനിച്ച് പരിശീലനം തുടങ്ങി. വേഷം സല്‍വാറും. ഒടുവില്‍ എനിക്ക് കോച്ചിനെ സമ്മതിപ്പിക്കാന്‍ കഴിഞ്ഞു.' റാണി തുടരുന്നു.
എന്നാല്‍ കുടുംബത്തിന് തങ്ങളുടെ മകള്‍ കുട്ടിപ്പാവാടയും അണിഞ്ഞ് ആള്‍ക്കാരുടെ മുന്നില്‍ കളിക്കുന്നതിനോട് യാതൊരു താല്‍പര്യവും ഉണ്ടായിരുന്നില്ല. 'എന്നെ ഒരു തവണത്തേക്ക് കളിക്കാന്‍ വിടൂ, ഇതില്‍ ഞാന്‍ തോല്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ പറയുന്നതെന്തും ഞാന്‍ അനുസരിക്കാം.' റാണി കുടുംബത്തോട് ആവശ്യപ്പെട്ടു.
' പരിശീലനം വളരെ രാവിലെ ആരംഭിക്കും. എന്റെ വീട്ടില്‍ സമയമറിയാന്‍ ക്ലോക്ക് ഉണ്ടായിരുന്നില്ല. അമ്മ രാവിലെ ഉണര്‍ന്ന് ആകാശത്ത് നോക്കി വെളുപ്പിനെയ ആയോ എന്നറിഞ്ഞ് എന്നെ ഉണര്‍ത്തും. അക്കാഡമിയില്‍ എല്ലാവരും 500 മില്ലി ലിറ്റര്‍ പാല്‍ കൊണ്ടുവന്ന് കുടിക്കമമെന്ന് നിര്‍ബന്ധമായിരുന്നു. എന്റെ മാതാപിതാക്കള്‍ക്ക് അത് 200 മില്ലി ലിറ്റര്‍ വരെയേ എനിക്ക് വാങ്ങിത്തരാന്‍ കഴിഞ്ഞിരുന്നുള്ളു. ബാക്കി ഞാന്‍ വെള്ളം ചേര്‍ത്ത് കുടിക്കും.' അക്കാലത്തെ കഷ്ടപ്പാടുകളെ പറ്റി റാണി മനസ്സുതുറന്നു.
' കോച്ചാണ് എന്റെ ഭക്ഷണകാര്യങ്ങളില്‍ പലപ്പോഴും എന്നെ സഹായിച്ചത്. ഒപ്പം എനിക്ക് അദ്ദേഹം ഹോക്കി കിറ്റും ഷൂസും വാങ്ങി നല്‍കി. പരിശീലനത്തിന്റെ ഒരു ദിവസങ്ങള്‍ പോലും ഞാന്‍ മുടക്കാറില്ലായിരുന്നു. ഒരു മത്സരത്തില്‍ ഞാന്‍ സമ്മാനമായി നേടിയ 500 രൂപ അച്ഛന് നല്‍കി. അദ്ദേഹത്തിന് അത്രയും പണം ഒന്നിച്ച് ഒരിക്കലും ലഭിച്ചിരുന്നില്ല. നമുക്ക് ഒരിക്കല്‍ സ്വന്തമായി വീട് ഉണ്ടാക്കണം. ഞാന്‍ എന്റെ കുടുംബത്തോട് പറഞ്ഞു. '
നിന്റെ ഹൃദയം പറയുന്നതുപോലെ ചെയ്യൂ എന്ന് പറഞ്ഞ് അവളുടെ കുടുംബം ഒപ്പം നിന്നു തുടങ്ങി. 'അവരുടെയെല്ലാം പിന്തുണയാണ് എന്നെ ഹോക്കി ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം വരെ എത്തിച്ചത്. വാഗ്ദാനം പോലെ 2017 ല്‍ ഞങ്ങള്‍ സ്വന്തം വീട് വാങ്ങി.' അന്ന് ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു എന്നാണ് തന്റെ ജീവിതത്തെ പറ്റി റാണി കുറിക്കുന്നത്.
Content Highlights: Indian women’s hockey team captain Rani Rampal shares inspiring journey


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..