ഐഎം വിജയൻ അബ്ദുള്ളയ്‌ക്കൊപ്പം സെൽഫിയെടുക്കുന്നു | Photo: Mathrubhumi
വോളിബോള്‍ പ്രേമിയായ അബ്ദുള്ളയെ കാണാന്‍ ഫുട്ബോള്‍ താരമെത്തുമോ. അതും മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം. വിജയന്‍. കൂട്ടുകാര്‍ക്കെല്ലാം സംശയമുണ്ടായിരുന്നെങ്കിലും അബ്ദുള്ള പറഞ്ഞു -'അദ്ദേഹം വരും'.
ഞായറാഴ്ച പതിനൊന്നരയോടെ ഐ.എം. വിജയന്‍ കിഴക്കഞ്ചേരി ചീരക്കുഴിയില്‍ അബ്ദുള്ളയുടെ വീട്ടിലെത്തി. വീല്‍ച്ചെയറിലിരുന്ന് നിറമുള്ള സ്വപ്നങ്ങളിലൂടെ പരിമിതികള്‍ മറക്കുന്ന അബ്ദുള്ളയുടെ ജീവിതത്തിലെ ഒരാഗ്രഹംകൂടി പൂവണിഞ്ഞ നിമിഷങ്ങളായിരുന്നു അത്.
പൂച്ചെണ്ടുനല്‍കി അബ്ദുള്ള താരത്തെ സ്വീകരിച്ചു. ഐ.എം. വിജയന്‍ അബ്ദുള്ളയെ ചേര്‍ത്തുപിടിച്ചു. വിശേഷങ്ങള്‍ചോദിച്ചു. സെല്‍ഫിയെടുത്തു. ടീ ഷര്‍ട്ടും പാന്റ്സും സമ്മാനമായി നല്‍കി.
ഐ.എം. വിജയനെ കാണാന്‍ ആഗ്രഹമുണ്ടെന്ന് പറയുന്ന വീഡിയോയാണ് അദ്ദേഹത്തെ അബ്ദുള്ളയുടെ അടുത്തെത്തിച്ചത്. അയല്‍വാസിയായ റിയാസ് ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ഇത് ഐ.എം. വിജയന്‍ കണ്ടു.
ജന്മനാ കാലിന് ശേഷിക്കുറവുള്ള അബ്ദുള്ളയുടെ ജീവിതം വീല്‍ച്ചെയറിലാണ്. വീടിനടുത്തുള്ള മൈതാനത്ത് നടക്കുന്ന വോളിബോള്‍കളികള്‍ കണ്ട് വോളിബോള്‍ ആരാധകനായി. സ്‌കൂള്‍ വിദ്യാഭ്യാസം നേടാനായിട്ടില്ലെങ്കിലും വോളിബോളിനെക്കുറിച്ചും കളിക്കാരെക്കുറിച്ചുമെല്ലാം അബ്ദുള്ളയ്ക്ക് അറിയാം.
2021 നവംബറില്‍ വോളിതാരം ടോം ജോസഫ് ഈ മിടുക്കനെ കാണാനെത്തിയപ്പോള്‍ ആദ്യ ആഗ്രഹം സഫലമായി.ഗായകന്‍ സലീം കോടത്തൂരിനെ കാണാനും അദ്ദേഹത്തിന്റെ ആല്‍ബത്തില്‍ അഭിനയിക്കാനുമാണ് അബ്ദുള്ളയുടെ ഇനിയുള്ള ആഗ്രഹം. ബാപ്പ അബ്ദുള്‍ഖാദര്‍, ഉമ്മ ആസിയ, സഹോദരങ്ങളായ അന്‍വര്‍, മുഹമ്മദ് നാഫിര്‍ തുടങ്ങിയവര്‍ അബ്ദുള്ളയുടെ ആഗ്രഹങ്ങള്‍ക്ക് കൂട്ടായി ഒപ്പമുണ്ട്.
Content Highlights: im vijayan meets his fan abdulla


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..