കണ്ണൂർ ഡി.എഫ്.ഒ. പി.കാർത്തിക്കും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലതയും | ഫോട്ടോ: സി.സുനിൽകുമാർ
കണ്ണൂരിലെ കാടും നാടും ഈ ദമ്പതിമാരുടെ കൈകളിൽ സുരക്ഷിതം. കാടിന്റെ കാര്യം ഡി.എഫ്.ഒ. പി.കാർത്തിക് ഐ.എഫ്.എസ്. നോക്കും. കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം.ഹേമലത ഐ.പി.എസിന്റെ കൈകളിൽ നാടും ഭദ്രം. കാർത്തിക് രണ്ടുവർഷമായി കണ്ണൂരിൽ ഡി.എഫ്.ഒ.യാണ്. റൂറൽ ജില്ലാ പോലീസ് മേധാവിയായി ഹേമലത ചുമതലയേറ്റത് ജനുവരി ഒന്നിനാണ്. കണ്ണൂർ ജില്ലയിലെ ആദ്യത്തെ വനിതാ പോലീസ് മേധാവിയുമാണ്.
അനുഭവം നയിച്ചു, സിവിൽ സർവീസിലേക്ക്
എം.ഇ. പഠനകാലത്തെ യാത്രകളും അനുഭവങ്ങളുമാണ് ഹേമലതയെ സിവിൽ സർവീസിലേക്ക് നയിച്ചത്. പ്രശ്നങ്ങൾ നേരിട്ടറിയാനും അതിൽ ഇടപെട്ട് പരിഹാരം കാണാനുമാകുമെന്ന തിരിച്ചറിവും ഇതിന് കാരണമായി. പഠനകാലത്തുതന്നെ ഇതിനായി സ്വന്തമായി പരിശീലനം തുടങ്ങി. 2016-ൽ ആദ്യശ്രമത്തിൽ 629-ാം റാങ്കുമായി ഐ.പി.എസ്. സ്വന്തമാക്കി.
ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷനിൽ ബിരുദം നേടിയ കാർത്തിക് രണ്ടുവർഷം ജോലിചെയ്തശേഷമാണ് സിവിൽ സർവീസിലേക്ക് തിരിഞ്ഞത്. ഓഫീസ് ജോലിയിലെ വിരക്തിയൊഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിവിൽ സർവീസിലെത്തിയത്. 2016-ലെ ഫോറസ്റ്റ് സർവീസ് പരീക്ഷയിൽ 67-ാം റാങ്ക് ലഭിച്ചു. പരിശീലനകാലത്ത് രണ്ടുപേരും വീണ്ടും സിവിൽ സർവീസ് പരീക്ഷയെഴുതി റവന്യൂ സർവീസ് നേടിയെങ്കിലും പോലീസ്, ഫോറസ്റ്റ് സർവീസുകളിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു.
.jpg?$p=ea90cbd&&q=0.8)
വേഷംമാറി തുടക്കം
എ.എസ്.പി.യായി ചുമതലയേറ്റ ദിവസം മറുനാടൻ തൊഴിലാളിയായി വേഷം മാറി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെത്തി പേഴ്സ് നഷ്ടപ്പെട്ടെന്ന് പരാതി നൽകിയ സംഭവം ഹേമലത കൗതുകത്തോടെ ഓർമിക്കുന്നു. തമിഴ് കലർന്ന മലയാളത്തിലാണ് പരാതി പറഞ്ഞത്. സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ അനുഭാവപൂർവം പരാതി കേട്ടു. തുടർനടപടിക്ക് ഒരുങ്ങിയപ്പോഴാണ് പുതിയ എ.എസ്.പി.യാണെന്ന് വെളിപ്പെടുത്തിയത്.
അട്ടപ്പാടി, പെരിന്തൽമണ്ണ, കോഴിക്കോട് സിറ്റി, മലബാർ സ്പെഷ്യൽ പോലീസ്, കെ.എ.പി. നാലാം ബറ്റാലിയന്റെ കമാൻഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ശബരിമല തീർഥാടനകാലത്ത് നിലയ്ക്കലിൽ വാഹനാപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി. തീർഥാടകർ നൽകിയ അരവണ അവിടെയുള്ള സഹപ്രവർത്തകർക്ക് വിതരണംചെയ്തത് വാർത്തയായി. ഇന്നും ആ തീർഥാടകരുമായി ബന്ധം പുലർത്താനും അവരുടെ സ്നേഹം അനുഭവിക്കാനും സാധിക്കുന്നത് വലിയ അംഗീകാരമാണെന്ന് ഹേമലത.
സൗമ്യം, ശാന്തം
തൊഴിൽമേഖല ഗൗരവമുള്ളതായതിനാൽ രണ്ടുപേരും കാർക്കശ്യക്കാരാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ഇരുവരും സൗമ്യശീലരാണ്. ഭാര്യയെ സമൂഹികമാധ്യമങ്ങൾ പെൺസിങ്കം, പെൺപുലി എന്നൊക്കെ വിശേഷിപ്പിക്കുന്നത് കേൾക്കുമ്പോൾ ചിരി വരുമെന്ന് കാർത്തിക്. മാങ്ങാട്ടുപറമ്പിൽ കെ.എ.പി. നാലാം ബറ്റാലിയൻ കമാൻഡന്റായിരിക്കെ കണ്ണൂരിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഹേമലത. സൗഹാർദത്തോടെ ജോലിചെയ്യാൻ പറ്റിയ ഇടമാണിത്.
വനവും പോലീസും ഒത്തുപോകുന്ന വകുപ്പുകളാണ്. എങ്കിലും ഓഫീസ് സംബന്ധമായ കാര്യങ്ങൾ പങ്കുവെയ്ക്കുന്നതിൽ പരിധിയുണ്ട്. എന്നാൽ പങ്കുവെയ്ക്കേണ്ടവ സംസാരിക്കാറുമുണ്ട്. കണ്ണൂർ റൂറലിൽ വനംമേഖല ഒരുപാടുണ്ട്. ഇതേക്കുറിച്ച് ഇടയ്ക്ക് സംസാരിക്കാറുണ്ട്. എന്നാൽ വീട്ടിലേക്ക് ഓഫീസ് കാര്യങ്ങൾ കൊണ്ടുവരുന്നതിന് നിയന്ത്രണം വെച്ചിട്ടുണ്ട്.
കേഡർ മാറ്റം
ഹിമാചൽപ്രദേശ് കേഡറിലാണ് ഹേമലതയ്ക്ക് ആദ്യം നിയമനം ലഭിച്ചത്. എന്നാൽ വിവാഹശേഷം കാർത്തികിന്റെ കേഡറായ കേരളത്തിലേക്ക് മാറുകയായിരുന്നു. തമിഴ്നാട് ഈറോഡ് സ്വദേശികളായ ഇരുവരും സിവിൽ സർവീസ് പരിശീലനത്തിനിടയിലാണ് പരിചയപ്പെട്ടത്. ആ പരിചയം പിന്നീട് വിവാഹത്തിലെത്തി. 2019-ലായിരുന്നു വിവാഹം. മകൾ ആദിനിക്ക് ഒന്നരവയസ്സായി.
കുഞ്ഞ് ജനിച്ച് ഏഴുമാസത്തിനുശേഷം സർവീസിലേക്ക് തിരികെ പ്രവേശിക്കാൻ കൂടുതൽ പ്രോത്സാഹിപ്പിച്ചത് കാർത്തിക്കാണെന്ന് ഹേമലത. ബറ്റാലിയനിലായിരുന്നു നിയമനം. ഭരണകാര്യങ്ങൾ നിശ്ശബ്ദമായി പഠിക്കാൻ പറ്റിയ അവസരമായിരുന്നു അത്. കെ.എ.പി.യിൽ ആദ്യ വനിതാ കമാൻഡന്റായപ്പോഴും കണ്ണൂരിലെ ആദ്യ വനിതാ എസ്.പി.യായി മാറിയപ്പോഴും പിന്തുണ ഏറ്റവും കൂടുതൽ നൽകിയത് ഭർത്താവാണ് -അവർ അഭിമാനത്തോടെ പറഞ്ഞു.
അഗ്രിക്കൾച്ചറൽ ആൻഡ് ഇറിഗേഷൻ എൻജിനിയറിങ് ബിരുദം നേടിയ ഹേമലത ഇന്റഗ്രേറ്റഡ് വാട്ടർ റിസോഴ്‌സ് മാനേജ്‌മെന്റിൽ സ്വർണമെഡലോടെ ബിരുദാനന്തര ബിരുദം നേടി. ദക്ഷിണേഷ്യൻ വാട്ടർ അസോസിയേഷൻ റിസർച്ച് ഫെലോഷിപ്പ് ലഭിച്ചിരുന്നു. അന്ന് ബംഗ്ലാദേശിൽ ശില്പശാലകളിൽ പങ്കെടുത്തു.
ബിരുദവും ബിരുദാനന്തര ബിരുദവും അണ്ണാ സർവകലാശാലയുടെ ഗുഡി കാമ്പസിൽനിന്നാണ്. അവിടത്തെ പഠനസൗഹൃദാന്തരീക്ഷമാണ് സിവിൽ സർവീസ് മോഹത്തിന് വിത്തിട്ടത്.
മനസ്സിൽ ഗൃഹാതുരത്വം
രണ്ടുപേരും ഒറ്റ മക്കളായതിനാൽ വീടിനോട് നല്ല അടുപ്പമാണ്. അവധി ദിവസങ്ങളിൽ നാട്ടിലേക്ക് പോകാനാണ് താത്പര്യം. ആദിനിയെ നോക്കുന്നതും ജോലിയും ഒന്നിച്ചുകൊണ്ടുപോകാൻ കുടുംബങ്ങൾ നൽകുന്ന പിന്തുണയെക്കുറിച്ച് പറയുമ്പോൾ ഇരുവർക്കും നൂറുനാവ്.
Content Highlights: ifs ips couple karthik and hemalatha speaking
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..