പ്രതീകാത്മക ചിത്രം | Photo: Getty Images
സുന്ദരിയായ ഒരു ഇരുപത്തൊന്നുകാരി ഇംഗ്ലണ്ടില്‍ എന്റെ ജോലിസ്ഥലത്ത് കുറച്ചുനാള്‍ ജോലി ചെയ്തിരുന്നു. അവള്‍ക്കൊപ്പം ജോലി ചെയ്ത ആദ്യദിനത്തില്‍ അവളുടെ നെയിം ബാഡ്ജില്‍ പേര് 'എല്ലി' (Ellie) എന്ന് കണ്ടപ്പോള്‍ എനിക്ക് ചെറിയൊരു നിരാശ തോന്നി. കണ്ടാല്‍ ഇസബെല്‍ എന്നോ ലിഡിയ എന്നോ വിളിക്കാന്‍ തോന്നുന്ന അവളുടെ പേര് 'എല്ലി' എന്നായത് അത്ര ശരിയല്ലല്ലോ! കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ അത്യാവശ്യം നല്ല സഹപ്രവര്‍ത്തകരായി, കൂടുതല്‍ സംസാരിക്കാന്‍ തുടങ്ങി.
ഇംഗ്ലീഷുകാര്‍ക്ക് ഒരു ശീലമുണ്ട്. പേരിനെ ചെറുതാക്കി വിളിക്കുന്ന ശീലം . ഞാന്‍ എല്ലിയോട് ചോദിച്ചു അവളുടെ മുഴുവന്‍ പേരെന്താണെന്ന്. എല്ലി പറഞ്ഞു: എലനോര്‍ ടെയ്‌ലര്‍ (Eleanor Taylor). ഇത്രയും മനോഹരമായ പേരാണ് അവള്‍ ചെറുതാക്കി 'എല്ലി' എന്നാക്കിയിരിക്കുന്നത്. ഫ്രഞ്ച്, ഗ്രീക്ക് വേരുകളുള്ള എലനോര്‍ എന്ന പേരിന്റെ അര്‍ഥം ലളിതഹൃദയമുള്ള, ചെറുതായി പ്രകാശിക്കുന്ന എന്നൊക്കെയാണ്.
'ലോട്ടി' എന്നാണ് മറ്റൊരു പെണ്‍കുട്ടിയുടെ പേര്. മലയാളിയായ എനിക്ക് എല്ലി എന്ന പേരിനേക്കാള്‍ പഥ്യം 'ലോട്ടി'യോടാണ്. പിന്നീടാണ് ലോട്ടിയുടെ മുഴുവന്‍ പേര് ഷാര്‍ലറ്റ് (Charlotte) എന്നാണെന്ന് മനസ്സിലായത്. ചാള്‍സ് എന്ന പുരുഷനാമത്തിന്റെ സ്ത്രീരൂപമാണ് ഷാര്‍ലെറ്റ്. ലോട്ടി, ലോട്ട, ഷാര്‍ എന്നൊക്കെയാണ് ഇംഗ്ലീഷുകാര്‍ ഷാര്‍ലെറ്റിനെ ചുരുക്കി വിളിക്കുന്നത്.
എന്റെ ജോലിസ്ഥലത്ത് 75 കാരിയായ 'പാം' എന്ന സ്ലിം ബ്യൂട്ടി ഇപ്പോഴും പൂര്‍ണആരോഗ്യത്തോടെ യും ചുറുചുറുക്കോടെയും ജോലി ചെയ്യുന്നുണ്ട്. 65 വയസ്സില്‍ റിട്ടയര്‍മെന്റ് എടുത്ത് ആനുകൂല്യങ്ങളും പെന്‍ഷനും എടുത്തതിനുശേഷമാണ് പാര്‍ട്ട് ടൈം ആയി ജോലിയില്‍ തുടരാന്‍ പാം തീരുമാനിക്കുന്നത്. പെന്‍ഷന്‍ പ്രായം 65 ആണെങ്കിലും തുടര്‍ന്ന് എത്ര വര്‍ഷം ജോലി ചെയ്യണമെന്ന് തീരുമാനിക്കാന്‍ വ്യക്തികളെ അനുവദിക്കുന്ന രീതിയാണ് ബ്രിട്ടനില്‍ ഉള്ളത്. ഇനി പാമിന്റെ മുഴുവന്‍ പേര് എന്താണെന്നല്ലേ: പമേല.
വിവിയന്‍ എന്ന എന്റെ മാനേജര്‍ അറിയപ്പെടുന്നത് വിവ് (Viv) എന്ന ചുരുക്കപ്പേരിലാണ്. മറ്റൊരു മാനേജരെ 'ജെയ്ജെ' എന്നാണ് എല്ലാവരും വിളിക്കുന്നത്. ഒടുവില്‍ ഞാന്‍ അവരോട് നേരിട്ട് ചോദിച്ചു എന്താണ് ശരിയായ പേരെന്ന്. അവര്‍ പറഞ്ഞു ജെസ്സിക്ക ജെയ്ഡ്.
അയല്പക്കത്തെ പെണ്‍കുട്ടിയുടെ പേര് ക്ളോയീ (Chloe) എന്നാണ്. ഗ്രീക്ക് ഭാഷയില്‍ താരുണ്യം, മുകുളനം തുടങ്ങിയ അര്‍ത്ഥങ്ങളാണ് ക്ളോയീ എന്ന വാക്കിനുള്ളത്. സസ്യങ്ങള്‍ക്ക് പച്ചനിറം നല്‍കുന്ന ക്ലോറോഫില്‍ എന്ന പദാര്‍ത്ഥത്തിന് ആ പേര് വന്നത് ക്ളോ എന്ന വക്കില്‍ നിന്നാണ്. പച്ചനിറം എന്ന അര്‍ത്ഥവും ക്ളോ എന്ന വാക്കിനുണ്ടെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്.
ഗ്രീക്ക് പുരാണങ്ങളില്‍ കൃഷിയുടെ ദേവതയായ ഡെമെറ്റര്‍, ക്ളോയീ എന്ന പേരില്‍ അറിയപ്പെട്ടിരുന്നുവത്രെ. എന്റെ മകളുടെ കൂട്ടുകാരിയുടെ പേര് ക്ലെയര്‍ (Claire) എന്നാണ്. ശുദ്ധത, തെളിമ എന്നൊക്കെയാണ് 'ക്ലെയര്‍' എന്ന ലാറ്റിന്‍ വാക്കിന്റെ അര്‍ഥം.
ഇന്നാട്ടില്‍ വളരെ പ്രചാരമുള്ള മറ്റൊരു സ്ത്രീനാമമാണ് Imogen (ഇമോജെന്‍). 'ഡെബോറ'യെ (Deborah) ചുരുക്കി ഡബ്‌സ് എന്ന് വിളിക്കും. ഡൊറോത്തി 'ഡോട്ട്' ആണ്. എന്റെ മറ്റൊരു സഹപ്രവര്‍ത്തകയെ എല്ലാവരും പിപ്പ് (Pip) എന്നാണ് വിളിക്കുന്നത്. അവരുടെ പേര് ഫിലിപ്പ എന്നാണെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്.
ജിന്നി എന്നാല്‍ യഥാര്‍ത്ഥത്തില്‍ വിര്‍ജീനിയ ആണ്. എലിസബത്ത് എന്ന മനോഹരമായ പേരുള്ളവരെ ബ്രിട്ടീഷുകാര്‍ ലിബ്ബി, എലിസ, ലിസി, ബെത്ത് എന്നൊക്കെയാണ് വിളിക്കുന്നത്. കെയ്റ്റ്, കാത്തി എന്നൊക്കെ വിളിപ്പേരുണ്ടെങ്കില്‍ യഥാര്‍ത്ഥ പേര് കാതറിന്‍ എന്നുറപ്പിക്കാം. കാട്രിന (Katrina) ഇംഗ്ലീഷുകാര്‍ക്ക് 'കാറ്റ്' (Kat) ആണ്. വിക്കി എന്നാണോ വിളിപ്പേര്? യഥാര്‍ത്ഥപേര് വിക്ടോറിയ എന്ന് കട്ടായം. അലക്‌സാണ്ടറും അലക്‌സാന്‍ഡ്രയും 'സാന്‍ഡി' ആണ്. ഇസബെല്ലയെ ഇസ്സി എന്നെ ഇവിടത്തുകാര്‍ വിളിക്കൂ.
ആണ്‍കുട്ടികള്‍ക്കും ചുരുക്കപ്പേര് ഇംഗ്ലണ്ടില്‍ പതിവാണ്. വില്യം എന്നാരും പറയാറില്ല. വില്‍ എന്നോ ബില്‍ എന്നോ ആവും ചുരുക്കപ്പേര്. ഡാനിയേല്‍ 'ഡാന്‍' ആണ്. എഡ്വേഡ് 'റ്റെഡ്' ആയി മാറുന്നു. ജറാള്‍ഡ് 'ജെറി'യും. അന്തോണിയെ ഇവിടെ എല്ലാവരും ടോണി എന്നാണ് വില്‍ക്കുന്നത്. ബെഞ്ചമിന്‍ 'ബെന്‍' ആണ്. ക്രിസ് എന്നാല്‍ സംശയിക്കേണ്ട, യഥാര്‍ത്ഥ പേര് ക്രിസ്റ്റഫര്‍ എന്നാണ്. ഗ്രിഗറി 'ഗ്രെഗ്' ആകുന്നു. ജേക്കബ് ചുരുങ്ങി ജെയ്ക് ആകുന്നു. ഇനി മാറ്റ് എന്നാല്‍ മാത്യു എന്ന് ഉറപ്പിക്കാം. ലാറി എന്നാല്‍ സാക്ഷാല്‍ ലോറന്‍സ് തന്നെ. നിക്കോളാസിന്റെ ചുരുക്കപ്പേരാണ് 'നിക്ക്'.
സ്റ്റീഫന്‍ സ്റ്റീവും തോമസ് ടോമും ആയി മാറുന്നു. ഇന്ത്യന്‍ വേരുകളുള്ള ശുഭനിത്ത് ജോഹര്‍ എന്ന പയ്യനെ അവന്റെ കൂട്ടുകാര്‍ വിളിക്കുന്ന ചുരുക്കപ്പേര് പേര് കേട്ട് ഞാന്‍ ഞെട്ടി: 'ഷബ്സ്' എന്ന്. പഞ്ചാബില്‍ വേരുകളുള്ള മറ്റൊരു സഹപ്രവര്‍ത്ത സിതാര സിംഗ് എന്ന തന്റെ പേരിനെ ലോപിച്ച് സ്റ്റാറ (Stara) എന്നാക്കി. സിതാര എന്നാല്‍ നക്ഷത്രം എന്നര്‍ത്ഥം. ഏതായാലും അവരുടെ ചുരുക്കപ്പേരായ സ്റ്റാറയിലും സ്റ്റാര്‍ അഥവാ നക്ഷത്രം ഉണ്ടല്ലോ.
കൂടുതല്‍ അടുപ്പമുള്ളവരെ അവരുടെ മുഴുവന്‍ പേര് വിളിക്കാതെ പേര് ചുരുക്കി വിളിക്കുന്നതിനെ 'hypocorism' എന്നാണ് വിളിക്കുന്നത്. ഇംഗ്ലീഷുകാരില്‍ പലരും അവരെ ചുരുക്കപ്പേര് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. ചിലയാളുകള്‍ക്ക് അവരുടെ യഥാര്‍ത്ഥ പേര് അത്ര ഇഷ്ടമല്ല എന്ന വസ്തുതയുമുണ്ട്. ചുരുക്കപ്പേര് വിളിക്കുമ്പോള്‍ കൂടുതല്‍ അടുപ്പം ഉണ്ടാകുന്നു എന്ന തോന്നലും ചിലരിലുണ്ട്. അതുകൊണ്ടുതന്നെ ബ്രിട്ടീഷുകാരുടെ നെയിം ബാഡ്ജില്‍ കാണുന്ന പേരും അല്ലെങ്കില്‍ അവര്‍ പറയുന്ന പേരും യഥാര്‍ത്ഥപേരും മിക്കപ്പോഴും അജഗജാന്തരമായിരിക്കും.
Content Highlights: hypocorism and names
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..