Photos: instagram.com/harnaazsandhu_03/
ഔട്ട്ഫിറ്റുകളുടെ പേരിൽ ട്രോൾ ചെയ്യപ്പെടുന്നതിനെക്കുറിച്ച് അടുത്തിടെ നിരവധി താരങ്ങൾ പങ്കുവെച്ചിരുന്നു. സാമന്ത റൂത് പ്രഭു, മലൈക അറോറ, റാണി മുഖർജി തുടങ്ങി നിരവധി പേരാണ് അടുത്തിടെ മാത്രം വസ്ത്രധാരണത്തിന്റെ പേരിൽ നെഗറ്റീവ് കമന്റുകൾ നേരിട്ടത്. മലൈകയും സാമന്തയും അത്തരക്കാർക്ക് മറുപടിയും നൽകിയിരുന്നു. ഇപ്പോഴിതാ മിസ് യൂണിവേഴ്സ് ഹർനാസ് സന്ധുവും കടുത്ത ബോഡിഷെയിമിങ് നേരിട്ടിരിക്കുകയാണ്. വണ്ണത്തിന്റെ പേരിൽ നേരിട്ട ക്രൂരമായ കമന്റുകൾക്ക് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഹർനാസ്.
ലാക്മെ ഫാഷൻ വീക്കിൽ നിന്നുള്ള ഹർനാസിന്റെ ലുക്കിനാണ് വിമർശനം നേരിട്ടത്. ഹർനാസ് വണ്ണം വച്ചതിനെ പരസ്യമായി ട്രോൾ ചെയ്യുകയായിരുന്നു പലരും. ഈ സാഹചര്യത്തിലാണ് ബോഡിഷെയിമിങ് നേരിട്ടതിനെക്കുറിച്ച് ഹർനാസ് തന്നെ മറുപടി നൽകുന്നത്. മുമ്പ് മെലിഞ്ഞ് ഇരുന്നതിന്റെ പേരിലായിരുന്നു താൻ ബോഡിഷെയിമിങ്ങിന് വിധേയ ആയതെങ്കിൽ ഇന്ന് വണ്ണം വച്ചതിന്റെ പേരിലാണ് എന്നു പറഞ്ഞാണ് ഹർനാസ് മറുപടി നൽകുന്നത്.
ഇപ്പോൾ വണ്ണം വച്ചതിനു പിന്നിൽ തന്റെ ആരോഗ്യ അവസ്ഥയാണ് എന്നു പറയുന്നു ഹർനാസ്. സിലിയാക് ഡിസീസ് എന്ന ആരോഗ്യ പ്രശ്നമാണ് വണ്ണം വെക്കുന്നതിന് പിന്നിൽ. ഗോതമ്പ്, ബാർലി തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിട്ടുള്ള ഗ്ലൂട്ടൻ ശരീരത്തിലെത്തുക വഴി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണിത്. ചിലർക്ക് ഗ്ലൂട്ടൻ അലർജിയായിരിക്കും. ഇത്തരക്കാർക്ക് ദഹന പ്രശ്നങ്ങളും അതുവഴി വണ്ണം കൂടുതൽ വെക്കുകയോ കുറയുകയോ ചെയ്യാം. ഇതാണ് തന്റെ വണ്ണത്തിനു പിന്നിലെന്നു പറയുകയാണ് ഹർനാസ്.
പലർക്കും തനിക്ക് ഗ്ലൂട്ടൻ അലർജിയാണെന്ന് അറിയില്ല. ആർക്കും തന്റെ ഈ അവസ്ഥയെക്കുറിച്ച് അറിയില്ല. ഗോതമ്പും അതുപോലുള്ള പല വസ്തുക്കളും കഴിക്കാൻ കഴിയില്ല. അന്ന് മെലിഞ്ഞിരിക്കുന്നു എന്ന് കളിയാക്കിയവരൊക്കെ ഇന്ന് തടിച്ചി എന്നു വിളിച്ച് കളിയാക്കുന്നു- ഹർനാസ് പറഞ്ഞു.
അടുത്തിടെ നടി പാർവതി തിരുവോത്തും സമാന അനുഭവം പങ്കുവെച്ചിരുന്നു. തന്റെ ചിരിയെക്കുറിച്ചും വണ്ണത്തെക്കുറിച്ചും പലരും പറഞ്ഞിരുന്ന കമന്റുകളും അത് ബുളീമിയ എന്ന ഈറ്റിങ് ഡിസ്ഓർഡറിലേക്ക് എത്തിക്കുകയും ചെയ്തതിനെക്കുറിച്ചാണ് പാർവതി നീണ്ട കുറിപ്പ് പങ്കുവെച്ചത്. മാനസിക സമ്മർദം മൂലം അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്ന അവസ്ഥയാണ് ബുളീമിയ. ഒടുവിൽ അതിനെ അതിജീവിച്ചതിനെക്കുറിച്ചും പാർവതി പങ്കുവെച്ചിരുന്നു.
കുറച്ചു നല്ല സുഹൃത്തുക്കളുടെയും ഫിറ്റ്നസ് കോച്ചിന്റെയും തെറാപ്പിസ്റ്റിന്റെയും പിന്തുണയോടെയാണ് ഞാൻ വീണ്ടും തുറന്നു ചിരിക്കാൻ തുടങ്ങിയത്. നിങ്ങൾക്കും ഒപ്പം മറ്റുള്ളവർക്കുമുള്ള ഇടം നൽകൂ. മറ്റുള്ളവരുടെ ശരീരങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ തമാശകളും കമന്ററികളും അഭിപ്രായങ്ങളുമൊക്കെ അവ എത്ര നല്ലത് ഉദ്ദേശിച്ചു പറയുകയാണെങ്കിലും വേണ്ടെന്നു വെക്കൂ.- എന്നാണ് പാർവതി കുറിച്ചത്.
Content Highlights: harnaaz sandhu, celiac disease, body shameing, lakme fashion week
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..