-
ഇന്ത്യൻ വ്യോമസേനയുടെ ആദ്യ വനിതാ പൈലറ്റ് ഗുഞ്ജൻ സക്സേനയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ജാൻവി കപൂർ പ്രധാന വേഷത്തിലെത്തുന്ന ഗുഞ്ജൻ സക്സേന: ദി കാർഗിൽ ഗേൾ എന്ന ചിത്രത്തെക്കുറിച്ച് യഥാർഥ ജീവിതത്തിലെ ഗുഞ്ജനും ചിലതു പറയാനുണ്ട്. ചിത്രത്തിന്റെ സംവിധായകനും അഭിനേതാക്കൾക്കുമൊപ്പമിരുന്ന് വ്യോമസേനയിൽ ചേർന്ന ആദ്യകാല അനുഭവം തൊട്ട് പങ്കുവെക്കുകയാണ് ഗുഞ്ജൻ.
നെറ്റ്ഫ്ളിക്സിലൂടെയാണ് ഗുഞ്ജന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വ്യോമസേനയിൽ താൻ നേരിട്ട വിവേചനങ്ങൾ സഹിതമാണ് ഗുഞ്ജൻ പങ്കുവെക്കുന്നത്. പറത്താൻ തുടങ്ങുമ്പോൾ യന്ത്രത്തിന് നിങ്ങൾ ആണാണോ പെണ്ണാണോ എന്നറിയില്ലല്ലോ എന്നതുൾപ്പെടെ ലിംഗവിവേചനത്തിന് കുറിക്കുകൊള്ളുന്ന മറുപടിയും ഗുഞ്ജൻ നൽകുന്നു. തന്റെ ജീവിതത്തെക്കുറിച്ച് ഒരാൾ സിനിമ ചെയ്യണം എന്നു പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ലെന്നും ഗുഞ്ജൻ പറയുന്നു.
ചിത്രീകരണത്തിനിടെ ഗുഞ്ജൻ സെറ്റിൽ വന്ന അനുഭവം ജാൻവിയും പങ്കുവെക്കുന്നുണ്ട്. ഷൂട്ടിങ്ങിനിടയിൽ താൻ ക്ഷീണിച്ചോ എന്ന് ഗുഞ്ജൻ ചോദിക്കുകയുണ്ടായി. അതിനു മറുപടിയായി ഗുഞ്ജൻ യഥാർഥ ജീവിതത്തിൽ ചെയ്തതിനെ അഭിനയിച്ചു കാണിക്കുക മാത്രമേ താൻ ചെയ്യുന്നുള്ളൂ, എന്നിട്ട് തന്നോട് ക്ഷീണമുണ്ടോ എന്നു ചോദിക്കുകയാണോ എന്നും ജാൻവി പറയുന്നു. ഇന്ത്യയിലെ സ്ത്രീകൾക്കെല്ലാം പ്രചോദനമാണ് ഗുഞ്ജൻ എന്നും ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ലഭിച്ചത് അംഗീകാരമായി കരുതുന്നുവെന്നും ജാൻവി.
കാര്‍ഗില്‍ യുദ്ധഭൂമിയില്‍നിന്ന് പരുക്കേറ്റ സൈനികരെ രക്ഷപ്പെടുത്താന്‍ ഹെലികോപ്റ്റര്‍ പറത്തിയ വ്യോമസേനയിലെ പൈലറ്റുമാരിൽ ഒരാളായിരുന്നു ഗുഞ്ജൻ. ഗുഞ്ജനൊപ്പം ശ്രീവിദ്യാ രാജനും ചേർന്നാണ് ശത്രുക്കളെ നേരിടാന്‍ പ്രത്യാക്രമണ സംവിധാനങ്ങളില്ലാത്ത കൊച്ചു ചീറ്റാ ഹെലികോപ്റ്റർ പറത്തിയത്.
പാകിസ്താന്‍ സൈനികരുടെ ഒളിയിടങ്ങള്‍ കണ്ടെത്തുക, പരുക്കേറ്റവരെ തിരികെയെത്തിക്കുക തുടങ്ങിയവയായിരുന്നു ഫ്‌ളൈറ്റ് ലെഫ്റ്റനന്റുമാരായ ഗുഞ്ജനും ശ്രീവിദ്യയ്ക്കും ലഭിച്ചിരുന്ന ചുമതലകള്‍. പാകിസ്താനി സൈന്യത്തിന്റെ റോക്കറ്റ് ലോഞ്ചറുകളുടെയും മറ്റും കണ്ണുവെട്ടിച്ചും ഒഴിഞ്ഞുമാറിയുമായിരുന്നു അവരുടെ യാത്ര. ഒരിക്കല്‍ ഗുഞ്ജന്റെ ഹെലികോപ്റ്ററിനു നേരെ പാക്‌സൈന്യം റോക്കറ്റ് ലോഞ്ചര്‍ പ്രയോഗിച്ചു. തലനാരിഴയ്ക്കാണ് അതില്‍നിന്ന് ഗുഞ്ജനും ഹെലികോപ്റ്ററും രക്ഷപ്പെട്ടത്.
യുദ്ധഭൂമിയിലൂടെ ഹെലികോപ്റ്റര്‍ പറത്തുക വളരെയേറെ അപകടം പിടിച്ച കാര്യമാണ്. പിടിക്കപ്പെടാനും വെടിവച്ചു താഴെയിടാനും സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഓരോ ദൗത്യത്തിനും പുറപ്പെടുമ്പോള്‍ കൈയില്‍ ഒരു റിവോള്‍വറും റൈഫിളും ഗുഞ്ജന്‍ കരുതിയിരുന്നത്രേ. ഏതെങ്കിലും കാരണവശാല്‍ പാകിസ്താന്‍ സൈനികരുടെ സാന്നിദ്ധ്യമുള്ളിടത്ത് ക്രാഷ് ലാന്‍ഡിങ് നടത്തേണ്ടി വന്നാല്‍ പൊരുതി നില്‍ക്കാനായിരുന്നു ഈ മുന്‍കരുതല്‍.
കാര്‍ഗില്‍ യുദ്ധവേളയിലെ മികച്ച പ്രകടനം കണക്കാക്കി ശൗര്യ വീര്‍ പുരസ്‌കാരത്തിന് ഗുഞ്ജന്‍ അര്‍ഹയായിട്ടുണ്ട്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യവനിതയാണിവര്‍. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് 2004ൽ ഏഴു വര്‍ഷത്തെ സേവനത്തിനുശേഷം ഗുഞ്ജന്‍ വ്യോമസേനയില്‍നിന്ന് വിരമിച്ചു.
Content Highlights: Gunjan Saxena sharing experience
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..