ആകാശത്തോളം വലിയ സ്വപ്‌നം പൂവണിയുന്നു; ഗോത്രവിഭാഗത്തില്‍ നിന്ന് എയര്‍ഹോസ്റ്റസായി പറക്കാൻ ഗോപിക


ജെസ്ന ജിന്റോ/jesnageorge@mpp.co.in

'ഈ മേഖലയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ട്'

ഗോപിക

അങ്ങകലെ ആകാശത്ത് കൂടി നീങ്ങുന്ന വിമാനത്തെ നോക്കി ആ പത്താംക്ലാസുകാരി ഇങ്ങനെ കൊതിച്ചു, ഒരുനാള്‍ താനും ഇതിനുള്ളില്‍ കയറിപ്പറ്റും. ഒരു എയര്‍ഹോസ്റ്റസായി. എന്നാല്‍ തന്റെ സ്വപ്‌നം അവള്‍ മനസ്സില്‍തന്നെ സൂക്ഷിച്ചു, ആരോടും പറയാതെ. അവള്‍ പിന്നീട് പ്ലസ് ടു കഴിഞ്ഞു. ഡിഗ്രിയും നല്ല മാര്‍ക്കോടു കൂടി പാസായി. 12 വര്‍ഷത്തോളം മനസ്സില്‍ സൂക്ഷിച്ച ആ സ്വപ്‌നം ആ പെണ്‍കുട്ടി ഇന്ന് സ്വന്തമാക്കിയിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ കരുവന്‍ചാലിന് സമീപം കാവുന്‍കുടി പട്ടിക വര്‍ഗ കോളനിയിലെ ഗോവിന്ദന്റെയും വിജിയുടെയും മകളായ ഗോപികയാണ് ആ പെണ്‍കുട്ടി. കരിമ്പാല ഗോത്രവിഭാഗത്തിൽ നിന്നുള്ള ആദ്യ കാബിൻ ക്രൂ അംഗമാണ് ഗോപിക.

നന്നേ ചെറുപ്പത്തിലേ കൊതിച്ച ജോലി

കൈയ്യില്‍ കിട്ടിയ ഒരു പത്രക്കടലാസിലാണ് ഒരു എയര്‍ ഹോസ്റ്റസിന്റെ ചിത്രം ഗോപിക ആദ്യമായി കാണുന്നത്. ഒറ്റ നോട്ടത്തിലേ അവരുടെ വസ്ത്രധാരണവും മേക്കപ്പുമെല്ലാം ഗോപികയ്ക്ക് ഇഷ്ടപ്പെട്ടു. വലുതാകുമ്പോള്‍ ഇതുപോലൊരു മേഖലയില്‍ ജോലിക്ക് കയറമെന്ന് അവള്‍ ആഗ്രഹിച്ചു. എന്നാല്‍, ഏവിയേഷന്‍ കോഴ്‌സിനെക്കുറിച്ച് ഗോപികയ്ക്ക് അന്ന് ഒന്നും അറിയില്ലായിരുന്നു. എവിടെയാണ് ഈ കോഴ്‌സ് പഠിപ്പിക്കുന്നതെന്നും എത്ര പണച്ചെലവ് ഉണ്ടാകുമെന്നും അവള്‍ക്ക് അറിയില്ലായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ക്ക് ഒരുപക്ഷേ ഇത് താങ്ങാന്‍ കഴിഞ്ഞില്ലെങ്കിലോ എന്നു കരുതി അവള്‍ തന്റെ ആഗ്രഹം മനസ്സില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. അതിനോടൊപ്പം ഏവിയേഷന്‍ കോഴ്‌സിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചു. ഡിഗ്രി പൂര്‍ത്തിയായശേഷം കസിനായ സഹോദരിയുടെ അടുത്തുനിന്ന് ഒരുനാള്‍ എയര്‍ഹോസ്റ്റസുമാര്‍ ധരിക്കുന്നത് പോലെയുള്ള ഒരു വസ്ത്രം ഗോപിക കണ്ടു. അന്നാണ് ഗോപിക തന്റെ ആഗ്രഹം ആദ്യമായി മറ്റൊരാളുടെ മുമ്പില്‍ പറയുന്നത്. കസിനും കൂടെയുണ്ടായിരുന്ന സുഹൃത്തും ഗോപികയെ വളരെയധികം പ്രോത്സാഹിപ്പിച്ചു. മികച്ചൊരു കോഴ്‌സാണിതെന്ന് കൂടുതല്‍ പഠിച്ചപ്പോള്‍ മനസ്സിലായി. വലിയ അവസരങ്ങളാണ് ഈ കോഴ്‌സ് നല്‍കുന്നത്. ഇതെല്ലാം തിരിച്ചറിഞ്ഞാണ് ഗോപിക ഏവിയേഷന്‍ കോഴ്‌സിന് ചേരാന്‍ തീരുമാനിക്കുന്നത്.

2021-ല്‍ കോവിഡ് സമയത്താണ് പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി ഏവിയേഷന്‍ കോഴ്‌സ് പഠിപ്പിക്കുന്നുണ്ടെന്ന് അവള്‍ അറിഞ്ഞത്. ഗോപിക തന്നെയാണ് കോഴ്‌സിനെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചത്. പിന്നാലെ വയനാട്ടിലെ ഡ്രീം സ്‌കൈ ഏവിയേഷന്‍ ട്രെയ്‌നിങ് അക്കാദമിയില്‍ ചേര്‍ന്നു. ട്രൈബല്‍ വിഭാഗത്തില്‍ നിന്ന് കാബിന്‍ ക്രൂ മെമ്പറായി ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെയാളാണ് ഗോപിക. ഒരു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് മുമ്പേ അവള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ കാബിന്‍ ക്രൂ മെമ്പറായി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ മൂന്ന് മാസത്തെ പരിശീലനത്തിനായി മുംബൈയിലാണ് ഗോപികയുള്ളത്. ഒന്നരമാസം കൂടിക്കഴിഞ്ഞാല്‍ തന്റെ ചിരകാല സ്വപ്‌നം പൂവണിയുന്നതും കാത്തിരിക്കുകയാണ് അവള്‍.

ഏവിയേഷൻ കോഴ്സിന് ചേരാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരില്‍ നിന്നും എതിര്‍പ്പുകളുണ്ടാകാതെ നോക്കുകയായിരുന്നു ആദ്യ ലക്ഷ്യം. വിമാനത്താവളവുമായി ബന്ധപ്പെട്ട കോഴ്‌സാണ് മകള്‍ ചെയ്യുന്നതെന്നാണ് അവര്‍ കരുതിയിരുന്നത്. കാബിന്‍ ക്രൂ മെമ്പറായാണ് ഗോപിക പഠിച്ചതെന്ന് ഈ അടുത്തദിവസമാണ് അവര്‍ മനസ്സിലാക്കിയത്. ''അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ഞെട്ടിപ്പോകുകയായിരുന്നു. വീണ്ടും വീണ്ടും എയര്‍ ഹോസ്റ്റസ് തന്നെയാണോ എന്ന് ചോദിച്ചു. കോഴ്‌സിനെക്കുറിച്ച് കൂടുതല്‍ അറിയില്ലാത്തതും ചില വിമാന അപകടങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും ആണ് അവരെ ഭയപ്പെടുത്തിയിരുന്നത്. എന്നാല്‍, ഒരിക്കലെങ്കിലും എയര്‍ ഹോസ്റ്റസായി വിമാനത്തില്‍ ജോലി ചെയ്യണമെന്ന് ഞാന്‍ പറഞ്ഞു.''-ഗോപിക പറഞ്ഞു. ''എന്നാല്‍, ഇപ്പോള്‍ അച്ഛനും അമ്മയും വളരെയധികം സന്തോഷത്തിലാണ്. എനിക്ക് ഇഷ്ടമുള്ള ഒരു കോഴ്‌സ് ഞാന്‍ ചെയ്തു എന്നല്ലാതെ അതിന് ഇത്തരത്തില്‍ ഒരു ഫലം ഉണ്ടാകുമെന്ന് അവരും ഞാനും കരുതിയില്ല''-ചിരിയോടെ ഗോപിക പറഞ്ഞു.

''ഏവിയേഷന്‍ കോഴ്‌സിനോടുള്ള താത്പര്യവും ഇഷ്ടവുമെല്ലാം പുതിയ കാര്യങ്ങള്‍ പഠിപ്പിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. പഠിച്ച അക്കാദമിയിലെ അധ്യാപകരും സുഹൃത്തുക്കളുമെല്ലാം വലിയ തോതിലുള്ള പ്രോത്സാഹനമാണ് നല്‍കുന്നത്. വളരെ വേഗം കാര്യങ്ങള്‍ പഠിച്ചെടുക്കാന്‍ കഴിഞ്ഞു. മുംബൈയിലാണ് പരിശീലനമെന്ന് അറിഞ്ഞപ്പോള്‍ വലിയ മടിയും പേടിയുമായിരുന്നു. കാരണം, നാട്ടില്‍ നിന്നോ പഠിക്കുന്ന അക്കാദമിയില്‍ നിന്നോ പരിചയമുള്ള ആരും ഉണ്ടായിരുന്നില്ല. മുമ്പ് ഒരു തവണപോലും മുംബൈയില്‍ പോയിട്ടില്ല. എന്തെങ്കിലും സംഭവിച്ചാല്‍ ആരും സഹായിക്കാന്‍ പോലും ഉണ്ടാകില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ആ പേടിയെല്ലാം അസ്ഥാനത്തായിരുന്നു. സഹായിക്കാന്‍ ധാരാളമാളുകള്‍ ഇവിടെയുണ്ടായിരുന്നു. ഇവിടെ കൂടെയുള്ള ഭൂരിഭാഗം പേരും മലയാളികളാണ്. അതിനാല്‍ പ്രതീക്ഷിച്ചപ്പോലെയായിരുന്നില്ല മുംബൈയിലെ കാര്യങ്ങള്‍-ഗോപിക കൂട്ടിച്ചേര്‍ത്തു.

കൂടെ നില്‍ക്കുന്ന നാട്ടുകാര്‍

സാധാരണ പ്ലസ്ടു കഴിഞ്ഞ് എന്‍ജിനീയറിങ്, മെഡിസിന്‍, നഴ്‌സിങ് എന്നിവയാണ് കുട്ടികള്‍ തിരഞ്ഞെടുക്കുക. കാലങ്ങളായി നമുക്ക് പറഞ്ഞുവെച്ചിരിക്കുന്ന, എഴുതിവെച്ചിരിക്കുന്ന ഈ പ്രൊഫഷനുകളെക്കുറിച്ച് മാത്രമാണ് ആളുകള്‍ക്ക് അറിയാവൂ. ഏവിയേഷന്‍ പോലുള്ള കോഴ്‌സിനെക്കുറിച്ച് അവര്‍ക്ക് അറിയുകയേ ഇല്ല. ഏവിയേഷന്‍ കോഴ്‌സ് ചെയ്യുന്നതിനിടെ ചിലരെങ്കിലും ഗോപികയുടെ കൂടെപ്പഠിച്ചവര്‍ കല്യാണം കഴിച്ചെന്നും കുട്ടികളായെന്നുമെല്ലാം പറയുന്നുണ്ടായിരുന്നു. എന്നാല്‍, അവരില്‍ നിന്ന് ഇന്ന് ലഭിക്കുന്ന പ്രതികരണം നേരെ മറിച്ചാണെന്ന് ഗോപിക പറഞ്ഞു. അതിനാല്‍, വലിയതോതിലുള്ള ആവേശമാണ് നാട്ടിലുള്ളവര്‍ കാണിക്കുന്നത്. പലരും നമ്പര്‍ മേടിച്ച് വിളിക്കുകയും കോഴ്‌സിനെക്കുറിച്ച് കൂടുതല്‍ അറിയുകയും ചെയ്യുന്നു.

വെല്ലുവിളികള്‍

ഏവിയേഷന്‍ കോഴ്‌സ് പഠിക്കണമെന്ന് ആഗ്രഹിച്ചപ്പോള്‍ വെല്ലുവിളി ഉയര്‍ത്തിയ രണ്ട് കാര്യങ്ങള്‍ സാമ്പത്തികവും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ആരുമില്ലെന്നതുമാണ്. സര്‍ക്കാര്‍ പഠനച്ചെലവ് വഹിച്ചപ്പോള്‍ സാമ്പത്തിക പ്രയാസങ്ങള്‍ മറികടക്കാന്‍ സാധിച്ചു. എന്നാല്‍, കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ആളില്ലാത്തത് ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കി. അതിനാല്‍, സ്വന്തം നിലയില്‍ ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നു. പലപ്പോഴും ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നിട്ടുണ്ട്. അറിയാവുന്ന ഒന്നോ രണ്ടോ സുഹൃത്തുക്കളൊഴികെ ആരും പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നില്ല. ഇങ്ങനൊരു ട്രാക്കലേക്ക് എത്തിച്ചേരാന്‍ കുറച്ചധികം ബുദ്ധിമുട്ടേണ്ടി വന്നു.

മാറുന്ന ചിന്തകള്‍

കാബിന്‍ ക്രൂ എന്ന് പറയുമ്പോള്‍ ഏതൊരാളുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുക അവരുടെ വേഷവിധാനങ്ങളും മേക്കപ്പുമെല്ലാം ആണ്. പണ്ട് കാലങ്ങളില്‍ വളരെ കര്‍ശനമായ തിരഞ്ഞെടുപ്പ് രീതികളാണ് ഇതില്‍ നിന്നിരുന്നത്. എന്നാൽ, ഇന്ന് അതിൽ കുറെയേറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഈ പ്രൊഫഷനില്‍ കാലത്തിന് അനുസരിച്ച് സ്വയം മാറ്റങ്ങള്‍ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഈ മേഖലയില്‍ പിന്തള്ളപ്പെട്ടുപോകും. കാരണം ഓരോ ദിവസവും ഓരോ നിമിഷവും പുതിയ കാര്യങ്ങള്‍ അവതരിപ്പിക്കപ്പെടുന്ന മേഖലയാണിത്. അതിനാല്‍, പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കേണ്ടതും സ്വയം മാറേണ്ടതും അത്യാവശ്യമാണ്-ഗോപിക പറഞ്ഞു.

പ്രൊഫഷനും അപ്പുറം

''ഞാന്‍ എവിടെ നിന്നു വന്നുവെന്നും എവിടെയെത്തി നില്‍ക്കുന്നുവെന്നും എനിക്ക് കൃത്യമായി അറിയാം. അതിനാല്‍, ഇതിനുമപ്പുറം സമൂഹത്തിലുള്ളവര്‍ക്ക് വേണ്ടി സഹായം ചെയ്യണമെന്ന് അതിയായ ആഗ്രഹമുണ്ട്. പലകാരണങ്ങള്‍ക്കൊണ്ടും ഏവിയേഷന്‍ മേഖലയിലേക്ക് കടന്നുവരാന്‍ മടിക്കുന്ന ധാരാളം പേര്‍ ഉണ്ടാകും. അതിനാല്‍ ഈ മേഖലയിലേക്ക് എത്താന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും ആഗ്രഹിക്കുന്നുണ്ട്''-ഗോപിക പറഞ്ഞു.

ഗോകുല്‍ ആണ് ഗോപികയുടെ സഹോദരൻ.

Content Highlights: gopika from kannur to become a air hostes, tribal girl, lifestyle


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented