Photo: Humans Of Bombay
ജീവിതത്തില്‍ ഒരു ഇടര്‍ച്ച തോന്നിയാല്‍ ഉടന്‍ മനസ്സില്‍ തെളിയുന്ന ചില മുഖങ്ങളുണ്ടാവും, കൂടെനില്‍ക്കുമെന്ന് ഉറപ്പുള്ളവര്‍. അവരെ ഒരിക്കലും നഷ്ടപ്പെടാന്‍ അനുവദിക്കാതെ ചേര്‍ത്തുപിടിക്കണം എന്നു വ്യക്തമാക്കുന്നൊരു കുറിപ്പാണ് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങായി നിന്ന കൂട്ടുകാരിയെ പലപ്പോഴും തിരക്കിന്റെ പേരില്‍ ഒഴിവാക്കേണ്ടി വന്നതില്‍ ഖേദിക്കുന്നൊരു സുഹൃത്തിന്റെ കഥയാണത്. ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക് പേജിലൂടെയാണ് എന്തിനും ഏതിനും കൂട്ടുനിന്ന കൂട്ടുകാരിയെ നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ കഥ പുറത്തു വന്നിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപത്തിലേക്ക്...
''2012ല്‍ ഓണ്‍ലൈനിലൂടെയാണ് ഞാന്‍ ഖുഷിയെ പരിചയപ്പെടുന്നത്. ഞങ്ങള്‍ക്ക് അന്ന് പന്ത്രണ്ടു വയസ്സായിരുന്നു, കടുത്ത ആലിയ ഭട്ട് ആരാധകരുമായിരുന്ന ഞങ്ങള്‍ ഒരു ട്വിറ്റര്‍ ഫാന്‍ പേജിലെ അംഗങ്ങളുമായിരുന്നു. മിക്കപ്പോഴും സന്ദേശങ്ങള്‍ അയക്കുകയും വൈകാതെ അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു. അവളോട് സംസാരിക്കുന്നത് വളരെ സന്തോഷം നല്‍കിയിരുന്നു. കരിയറിനെ സംബന്ധിച്ച് ആശങ്കകളുണ്ടായിരുന്നപ്പോള്‍ അവളായിരുന്നു കൂടെ നിന്നത്. ഓരോ മണിക്കൂറിലും വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തിട്ട് ഈ പ്രശ്‌നം നമ്മള്‍ മറികടക്കും എന്നും നിന്നെ കിട്ടുന്നവര്‍ ഭാഗ്യം ചെയ്തവരാണെന്നും പറയും. എന്നെ സഹായിക്കാനായി ഒരു ഏഴുദിവസപദ്ധതിയും അവള്‍ തയ്യാറാക്കിയിരുന്നു. എന്റെ പിറന്നാളിന് എന്റെ എല്ലാ സുഹൃത്തുക്കളില്‍ നിന്നും ആശംസകള്‍ ശേഖരിച്ച് അത്ഭുതപ്പെടുത്തുമായിരുന്നു.
പക്ഷേ വൈകാതെ ഞങ്ങള്‍ ഇരുവരും പിരിഞ്ഞു. അവള്‍ മെഡിക്കല്‍ സ്‌കൂളിലും ഞാന്‍ കോളേജിലും തിരക്കുകളിലേക്കമര്‍ന്നു. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ വിളിയായി. കഴിഞ്ഞ നവംബറില്‍ ഞാന്‍ അവള്‍ക്ക് മെസേജ് അയച്ചിരുന്നു, കാരണം കുറേനാളായിരുന്നു പരസ്പരം സംസാരിച്ചിട്ട്. അവള്‍ മറുപടി നല്‍കാതിരുന്നപ്പോള്‍ എന്നോട് പിണങ്ങിക്കാണുമെന്നാണ് ഞാന്‍ ഓര്‍ത്തത്. പക്ഷേ എനിക്ക് ഭയം തോന്നി കഴിയുന്നയിടത്തെല്ലാം അവളെ ബന്ധപ്പെടാന്‍ ശ്രമിച്ചു, എവിടെനിന്നും മറുപടി കിട്ടിയില്ല.
അങ്ങനെ ഡിസംബര്‍ ആറാം തീയതി എനിക്കൊരു മെസേജ് കിട്ടി. ''ഹായ് ആരാണ് നിങ്ങള്‍'' എന്നായിരുന്നു അത്. ഞാന്‍ അത്ഭുതപ്പെട്ട് 'എന്താണ് പറ്റിയത്, എന്തിനാണ് ഇങ്ങനെ പെരുമാറുന്നത്' എന്നുചോദിച്ചു. അടുത്ത മറുപടി എല്ലാം തകിടംമറിച്ചു. 'ഞാന്‍ ഖുഷി ചേച്ചിയുടെ സഹോദരനാണ്. ചേച്ചി ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടു' എന്നായിരുന്നു അത്. കളിപ്പിക്കുകയാണോ എന്നു ചോദിച്ച് ഞാന്‍ കുറേ മെസേജ് അയച്ചു, പക്ഷേ അവന്‍ എന്നെ ബ്ലോക്ക് ചെയ്തു.
വൈകാതെ ഞാന്‍ ഞങ്ങള്‍ ഇരുവരുടേയും ചില സുഹൃത്തുക്കളെ ബന്ധപ്പെട്ടു. അവരിലൊരാളാണ് കാറപകടത്തെക്കുറിച്ചുള്ള വാര്‍ത്ത കാണിച്ചത്. അതു വായിച്ചപ്പോള്‍ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഒരു മുറി പൂട്ടി അതില്‍ കുത്തിയിരുന്ന് ഞങ്ങളുടെ മെസേജുകളും അവളുടെ വോയ്‌സ് നോട്ടുകളും വായിച്ചു. ദിവസങ്ങളോളം എനിക്ക് അവളുടെ മരണത്തോട് പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല, പതിയെ ഞാന്‍ മനസ്സിലാക്കി ഇനിയൊരിക്കലും എനിക്കവളോട് സംസാരിക്കാന്‍ കഴിയില്ല. ഒരുകൂട്ടം ഇഷ്ടികകള്‍ തലയില്‍ വീഴുന്നപോലെയാണ് എനിക്ക് തോന്നിയത്, ആ രാത്രിമുഴുവന്‍ ഞാന്‍ കരഞ്ഞുതീര്‍ത്തു.
ഇപ്പോള്‍ മൂന്നുമാസം കഴിഞ്ഞിരിക്കുന്നു. വീഡിയോ കോളില്‍ വരൂ സംസാരിക്കാം എന്നവള്‍ പറയുമ്പോഴൊക്കെ ഞാന്‍ തിരക്കാണെന്നു പറഞ്ഞ് ഒഴിഞ്ഞുമാറിയിരുന്നു. ഞങ്ങള്‍ അവസാനമായി സംസാരിക്കുമ്പോള്‍ അവള്‍ ഭാവിയേക്കുറിച്ച് അത്രത്തോളം ആവേശത്തിലായിരുന്നു, എല്ലാം നന്നായി വരും, നിന്നില്‍ വിശ്വസിക്കൂ എന്നൊക്കെ പറഞ്ഞു. പിന്നീട് ഞാനറിഞ്ഞു ഖുഷി തന്റെ കണ്ണുകള്‍ ദാനം ചെയ്യാന്‍ ഒപ്പിട്ടുകൊടുത്തിരുന്നു എന്ന്. മരിച്ചു കഴിഞ്ഞാലും മറ്റുള്ളവര്‍ക്ക് ജീവിതം കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നവള്‍. എപ്പോഴും ഞാന്‍ പറയും 'അവളുടെ പേര് ഖുഷി എന്നാണ്, മരിച്ചു കഴിഞ്ഞിട്ടും അവള്‍ സന്തോഷം വിതറുകയാണ്' എന്ന്.
ഞാന്‍ അവളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. അവള്‍ എനിക്കെത്രത്തോളം വിലപ്പെട്ടതായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. അവസാനമായി ഒന്നു സംസാരിക്കാന്‍ കഴിഞ്ഞില്ല എന്നത് ഇപ്പോഴും എന്നെ തകര്‍ക്കുന്നുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് മുന്നില്‍ നിങ്ങള്‍ക്കൊരിക്കലും തിരക്കുണ്ടാകില്ല, ഇപ്പോള്‍ എനിക്കു പ്രിയപ്പെട്ടവരെയെല്ലാം ഞാന്‍ വിളിക്കും. ജീവിതം ചെറുതാണ്, ആരെയും ചെറുതായി കാണേണ്ട. നിങ്ങളുടെ ഫോണെടുത്ത് അവരെ വിളിക്കൂ, ഇന്നുതന്നെ....''
Content Highlights: girl touching facebook quotes about her friend
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..