ഷഹീന
ഒരു കംപ്യൂട്ടര്‍ സ്വന്തമായി വാങ്ങിക്കാന്‍ സ്വപ്‌നം പോലും കാണാന്‍ കഴിയാത്തിടത്തുനിന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക് കമ്പനിയില്‍ ജോലി നേടുക. വിശ്വസിക്കാന്‍ പ്രയാസം തോന്നുന്നുണ്ടോ. എന്നാല്‍, സംഗതി സത്യമാണ്. മുംബൈയിലെ തെരുവില്‍ ജനിച്ചു വളര്‍ന്ന് ടെക്ഭീമനായ മൈക്രോസോഫ്റ്റില്‍ ജോലി നേടിയ തന്റെ ജീവിതകഥ സാമൂഹികമാധ്യമത്തില്‍ വിവരിച്ചിരിക്കുകയാണ് ഷഹീന അത്തര്‍വാല എന്ന യുവതി. ഒരുകാലത്ത് റോഡരികില്‍ കിടന്നുറങ്ങിയിരുന്ന താന്‍ ഇന്ന് മുംബൈയിലെ വിശാലമായ അപ്പാര്‍ട്ട്‌മെന്റിലാണ് താമസമെന്ന് അവര്‍ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മൈക്രോസോഫ്റ്റില്‍ ഡിസൈന്‍ ലീഡറായ അവര്‍ തെരുവില്‍ വളര്‍ന്ന കാലഘട്ടത്തെക്കുറിച്ചും അവിടുന്ന് പോരാടിനേടിയ ജീവിതത്തെക്കുറിച്ചും ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പ് വൈറലായി മാറിയിരിക്കുകയാണ്.
ബാഡ് ബോയ് ബില്യണയേഴ്‌സ്: ഇന്ത്യ എന്ന നെറ്റ്ഫ്‌ളിക്‌സ് സീരീസില്‍ കാണുന്ന ബോംബെയിലെ തെരുവിലെ തന്റെ പഴയവീടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഷഹീന തന്റെ ജീവിതകഥ വിവരിച്ചത്. 2015-ല്‍ താന്‍ തനിച്ച് ഇവിടെ വിടുന്നതുവരെ ഇതായിരുന്നു തന്നെ വീട് എന്ന കുറിച്ചിരിക്കുകയാണ് ഷഹീന. ഫോട്ടോയില്‍ കാണുന്ന അനേകം വീടുകളില്‍ ഒന്ന് എന്റേതാണ്-അവര്‍ പറഞ്ഞു.
ബാന്ദ്രാ റെയില്‍വേ സ്റ്റേഷനോട് അടുത്തുസ്ഥിതി ചെയ്യുന്ന ദര്‍ഗ ഗള്ളി തെരുവിലായിരുന്നു ഷഹീന താമസിച്ചിരുന്നത്. ഉത്തര്‍പ്രദേശില്‍ നിന്ന് മുംബൈയിലെത്തി താമസിച്ചുവരുന്ന വഴിയോരകച്ചവടക്കാനായിരുന്നു ഷഹീനയുടെ പിതാവ്. തെരുവിലെ ജീവിതം ഏറെ പ്രയാസമേറിയതായിരുന്നു. ജീവിതസാഹചര്യങ്ങള്‍ വളരെ മോശമായിരുന്നു. ലൈംഗിക അതിക്രമങ്ങളും ലിംഗ വിവേചനവും വളരെ കൂടുതലായിരുന്നു. എന്നാല്‍, ഇതെല്ലാം നല്ലൊരു ജീവിതം സ്വപ്‌നം കാണുന്നതിനും അത് നേടിയെടുക്കുന്നതിനും എന്ന പ്രേരിപ്പിച്ചു-എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷഹീന പറഞ്ഞു.
സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നതിനോ സ്വപ്‌നങ്ങള്‍ കാണുന്നതിനോ സ്വാതന്ത്രമില്ലാത്ത, നിരാലംബരായ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്ന, ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകളെ 15 വയസ്സായപ്പോഴേക്കും ഞാന്‍ ചുറ്റിലും നിരീക്ഷിച്ചുതുടങ്ങി. അത്തരമൊരു ജീവിതസാഹചര്യം എനിക്ക് ജീവിതത്തില്‍ സ്വീകരിക്കാനേ തോന്നിയില്ല-അവര്‍ വ്യക്തമാക്കി.
സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഷഹീന ആദ്യമായി കംപ്യൂട്ടര്‍ കാണുന്നത്. കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നയാള്‍ക്ക് അനേകം അവസരങ്ങളുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു. പ്രതികൂല സാഹചര്യങ്ങള്‍ കംപ്യൂട്ടര്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഷഹീനയെ അനുവദിച്ചില്ല. എന്നാല്‍, അതൊന്നും ഷഹീനയെ തളര്‍ത്തിയില്ല. നിരസിക്കപ്പെട്ടിട്ടും സാങ്കേതികവിദ്യാ മേഖലയില്‍ ജോലി കെട്ടിപ്പടുക്കാന്‍ അവള്‍ സ്വപ്‌നം കണ്ടു.
കംപ്യൂട്ടര്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് പണം കടം മേടിക്കാന്‍ അച്ഛനെ ഷഹീന നിര്‍ബന്ധിച്ചു. പിന്നെ സ്വന്തമായി ഒരു കംപ്യൂട്ടര്‍ മേടിക്കണമെന്നായി ആഗ്രഹം. അതിനായി ഉച്ചയൂണ് ഉപേക്ഷിച്ചു. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്ര കാല്‍നട ആക്കി.
കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍നിന്ന് പതിയെ ഡിസൈനിങ്ങിലേക്ക് ഞാന്‍ ചുവട് വെച്ചു. കാരണം, ഡിസൈനിങ്ങില്‍ മികച്ച ഭാവി ഉണ്ടാകുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു-അവര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് ഷഹീനയും കുടുംബവും മുംബൈയില്‍ പുതിയ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയത്. താന്‍ ജീവിച്ച സമാന സാഹചര്യത്തില്‍ കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് ഷഹീന ഉപദേശം നല്‍കുന്നുണ്ട്. വിദ്യാഭ്യാസവും നൈപുണിയും ജോലിയും സ്വന്തമാക്കുന്നതിന് കഴിയാവുന്ന എല്ലാം ചെയ്യുക. പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഏറ്റവുംവലിയ നാഴികക്കല്ലായി അത് മാറും-അവര്‍ പറഞ്ഞു.
ഷഹീനയുടെ ട്വീറ്റിന് നാലായിരത്തോളം ലൈക്കുകളാണ് ലഭിച്ചത്. അഭിനന്ദനം അറിയിച്ച് നൂറുകണക്കിന് കമന്റുകളും അവര്‍ക്കു കിട്ടി. പ്രചോദിപ്പിക്കുന്നതാണ് ഷഹീനയുടെ ജീവിതമെന്ന് ഒട്ടേറെപ്പേര്‍ പറഞ്ഞു.
തന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കുന്നതിന് കൂടെ നിന്ന തന്റെ അച്ഛന് നന്ദി പറയാനും ഷഹീന മറന്നില്ല. അദ്ദേഹത്തിന് ഔദ്യോഗിക വിദ്യാഭ്യാസം ഇല്ലെങ്കിലും അദ്ദേഹത്തിന്റെ കരുതല്‍ എല്ലാം മാറ്റിമറിച്ചു. പതിറ്റാണ്ടുകള്‍ തെരുവില്‍ താമസിച്ചതിനാല്‍ അദ്ദേഹത്തിന്റെ ക്ഷമയും വിട്ടുവീഴ്ചയും മെച്ചപ്പെട്ട ജീവിതം സ്വന്തമാക്കാന്‍ സഹായിച്ചു. പണം സൂക്ഷിച്ച് ഉപയോഗിക്കാനും ആവശ്യമുണ്ടപ്പോള്‍ വീട്ടുവീഴ്ച ചെയ്യാനും ഞങ്ങളുടെ വരുമാനത്തിന് താഴെ ജീവിക്കാനും തെരുവിലെ ജീവിതം ഞങ്ങളെ പ്രാപ്തരാക്കി-ഷഹീന പറഞ്ഞു.
Content highlights: from the streets of mumbai to microsoft the life story of young woman got applause on social media


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..