ഫ്രാൻസിയ മാർക്വേസ് | Photo: AFP/ Instagram
വര്‍ണങ്ങള്‍ വാരിവിതറിയ വസ്ത്രങ്ങള്‍, വലിയ മാലയും കമ്മലും, ,ആത്മവിശ്വാസം തുളുമ്പുന്ന കണ്ണുകള്‍..കൊളംബിയയുടെ ആദ്യ കറുത്ത വര്‍ഗക്കാരി വൈസ് പ്രസിഡന്റായി ചരിത്രത്തില്‍ ഇടം നേടിയ ഫ്രാന്‍സിയ മാര്‍ക്വേസിനെ കാണുമ്പോള്‍ ആദ്യം കണ്ണിലുടയ്ക്കുന്നത് ഇതെല്ലാമാണ്. എന്നാല്‍ നിറപ്പകിട്ടുകളൊന്നുമില്ലാത്ത, നരച്ചു മങ്ങിപ്പോയ, നിരാശയും സങ്കടവും മാത്രം നിറഞ്ഞ ഒരു ഭൂതകാലം ഫ്രാന്‍സിയക്കുണ്ടായിരുന്നു. ഒരു ദിവസത്തെ ഭക്ഷണത്തിനായി വീട്ടുവേലയെടുത്തും സ്വര്‍ണ ഖനിയില്‍ പണിയെടുത്തും ജീവിച്ച ഒരു കാലം. അതിനൊപ്പം പതിനാറാം വയസ്സില്‍ ഒരു കുഞ്ഞിനെ കൂടി ഉദരത്തില്‍ ചുമയ്‌ക്കേണ്ട ഗതികേടും.
എന്നാല്‍ കറുത്ത വര്‍ഗക്കാരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന നിശ്ചയദാര്‍ഢ്യത്തിന്റെ വിത്തുകള്‍ ഫ്രാന്‍സിയയിലും മുളപൊട്ടി. ഓരോ പ്രതിസന്ധികളേയും തന്റെ കരുത്തുറ്റ ജീവിതത്തിലൂടെ അവര്‍ തോല്‍പ്പിച്ചു. ഒടുവില്‍ കൊളംബിയയുടെ ഭരണസിരാകേന്ദ്രത്തില്‍ ഇരിപ്പിടമുറപ്പിച്ച് രാഷ്ട്രീയ ചര്‍ച്ചകളെ ചൂടുപിടിപ്പിച്ചു.
500 കിലോമീറ്റര്‍ നടന്ന് പ്രതിഷേധം
കൊളംബിയയിലെ തെക്കു പടിഞ്ഞാറന്‍ കോക്കോ മേഖലയിലാണ് ഫ്രാന്‍സിയയുടെ ജനനം. 17-ാം നൂറ്റാണ്ട് മുതല്‍ ആഫ്രിക്കന്‍ വംശജരായ കൊളംബിയക്കാര്‍ താമസിക്കുന്ന ഒവെജാസ് നദിയുടെ തീരത്തായിരുന്നു കുട്ടിക്കാലം. കൃഷി ചെയ്തും കളിമണ്ണ് ഖനനം ചെയ്തും അമ്മയും അവളും ജീവിച്ചു. 15-ാം വയസ്സിലാണ് ഫ്രാന്‍സിയ ചെറുത്തുനില്‍പ്പിലേക്കുള്ള തന്റെ ആദ്യ ചുവട് വെച്ചത്.
നദിയുമായി ബന്ധപ്പെടുത്തി ഒരു അന്താരാഷ്ട്ര കമ്പനി അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുമായി എത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ഫ്രാന്‍സിയയും കൂടി. അന്ന് തുടങ്ങിയ ആ പ്രക്ഷോഭം പിന്നീട് അവള്‍ അവസാനിപ്പിച്ചില്ല. ഒരു പരിസ്ഥിതി പ്രവര്‍ത്തകയിലേക്കുള്ള അവളുടെ വളര്‍ച്ചയുടെ തുടക്കമായിരുന്നു അത്.
2014-ല്‍ 500 കിലോമീറ്റര്‍ നടന്നുള്ള ഒരു പ്രതിഷേധത്തോടെ ഫ്രാന്‍സിയ കൊളംബിയയിലെ ശ്രദ്ധാകേന്ദ്രമായി. ഒവെജാസ് നദിക്കരയില്‍ പ്രവര്‍ത്തനം ആരംഭിച്ച അനധികൃത സ്വര്‍ണ ഖനനത്തിനെതിരായ പ്രതിഷേധമായിരുന്നു ആ നടത്തം. വെള്ളത്തില്‍ നിന്ന് സ്വര്‍ണത്തെ വേര്‍തിരിക്കാനായി മെര്‍ക്കുറി ധാരാളമായി ഉപയോഗിക്കുന്ന ഖനി മാഫിയകള്‍ നദിയിലെ വെള്ളം മലിനമാക്കുകയും ജൈവവൈവിധ്യം നശിപ്പിക്കുകയും ചെയ്തു.
ഇതോടെ 80 സ്ത്രീകളെ സംഘടിപ്പിച്ച് കോക്കോയില്‍ നിന്ന് ബൊഗോട്ടയിലേക്ക് അവര്‍ നടന്നു. 10 ദിവസം നീണ്ടുനിന്ന 500 കിലോമീറ്റര്‍ പിന്നിട്ട ഒരു യാത്ര. 20 ദിവസത്തോളം ഇവര്‍ ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ പ്രകടനം നടത്തി. ഒടുവില്‍ നീതി ലഭിച്ചു. നദീതീരത്തുള്ള എല്ലാ അനധികൃത ഖനനങ്ങളും അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റ് ഉത്തരവിട്ടു.
ഗോള്‍ഡ്മാന്‍ പുരസ്‌കാരം
അതിനുശേഷം നിയമബിരുദം നേടിയ മാര്‍ക്വേസ് തന്റെ പോരാട്ടം പ്രഭാഷണങ്ങളിലൂടെ ജനങ്ങളിലെത്തിച്ചു. സര്‍വകലാശാലകളില്‍ അവര്‍ നിരന്തരം വിദ്യാര്‍ഥികളുമായി സംവദിച്ചു. നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടേയും എന്‍.ജി.ഒ.കളുടേയും പ്രത്യേക അതിഥിയായി ക്ലാസുകള്‍ എടുക്കാനെത്തി.
അവരുടെ പരിശ്രമങ്ങള്‍ക്ക് ഗോള്‍ഡ്മാന്‍ പുരസ്‌കാരവും (നൊബേല്‍ പുരസ്‌കാരത്തിന് തുല്ല്യമായ പരിസ്ഥിതി മേഖലയിലെ പുരസ്കാരം) തേടിയെത്തി. 2018-ലായിരുന്നു ഇത്. തൊട്ടടുത്ത വര്‍ഷം ബിബിസിയുടെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ ഫ്രാന്‍സിയയും ഇടം നേടി.
2020 മുതല്‍ രാഷ്ട്രീയത്തില്‍
2020-ലായിരുന്നു രാഷ്ട്രീയത്തിലുള്ള ഫ്രാന്‍സിയയുടെ അരങ്ങേറ്റം. തന്റെ ആഗ്രഹം മറച്ചുവെയ്ക്കാന്‍ അവര്‍ ഒരു ശ്രമവും നടത്തിയില്ല. രാഷ്ട്രീയത്തിലൂടെ ആഫ്രിക്കന്‍ വംശജര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതനിലവാരം നല്‍കാനാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. രാഷ്ട്രീയത്തിലേക്കുള്ള ചുവടെടുത്ത് വെച്ച് അവര്‍ ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയാണ്..'ഈ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഞാനും സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങുകയാണ്. ജനങ്ങള്‍ സ്വതന്ത്രരും അന്തസ്സുള്ളവരുമായി ജീവിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് അറുത്തിവരുത്തി അത് ജീവിക്കാന്‍ കഴിയുന്ന സ്ഥലങ്ങളാക്കി മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'
അതേ വര്‍ഷം അവര്‍ 'അയാം ബിക്വാസ് വി ആര്‍' എന്ന മൂവ്‌മെന്റും തുടങ്ങി. 2022 മാര്‍ച്ചില്‍ ഇടതുപക്ഷ സഖ്യത്തിന്റെ ഭാഗമായി പ്രസിഡന്റാകാനുള്ള പ്രാഥമിക ഘട്ടത്തില്‍ അവരും മത്സരിച്ചു. മൂന്നാമതെത്തി എല്ലാവരേയും അദ്ഭുതപ്പെടുത്തി. ഇതോടെ ഗുസ്താവോ പെത്രോയ്ക്ക് തന്റെ രാഷ്ട്രീയ പങ്കാളിയായി ഫ്രാന്‍സിയയെ തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
16-ാം വയസ്സില്‍ ഗര്‍ഭിണി, അവിവാഹിതയായ അമ്മ
തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചാരണ പരിപാടികളില്‍ ഫ്രാന്‍സിയുടെ തീപാറുന്ന പ്രസംഗങ്ങള്‍ക്ക് ജനങ്ങള്‍ സാക്ഷിയായി. തന്റെ വേരുകള്‍ എപ്പോഴും ഓര്‍മപ്പെടുത്തിയായിരുന്നു അവരുടെ ഓരോ പ്രചാരണങ്ങളും. 'ഞാന്‍ ഒരു ആഫ്രോ-കൊളംബിയന്‍ സ്ത്രീയാണ്, അവിവാഹിതയായ അമ്മ, എനിക്ക് രണ്ട് കുഞ്ഞുങ്ങളുണ്ട്, 16-ാം വയസ്സില്‍ ആദ്യത്തെ കുഞ്ഞിന് ജന്മം നല്‍കുകയും ജീവിക്കാനായി വീട്ടുജോലികള്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ പുരസ്‌കാരം നേടിയ ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ കൂടിയാണ് ഞാന്‍. എല്ലാറ്റിലുമുപരി, കൊളംബിയയുടെ ആദ്യത്തെ കറുത്തവര്‍ഗക്കാരനായ വൈസ് പ്രസിഡന്റാകാന്‍ ഒരുങ്ങുന്ന ഒരു അഭിഭാഷക. നമ്മുടെ ഗവണ്‍മെന്റുകള്‍ ജനങ്ങളോട് നീതി കാണിക്കുകയും അവര്‍ക്ക് സമാധാന അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നെങ്കില്‍, അവര്‍ അവരുടെ ജോലി കൃത്യമായി ചെയ്തിരുന്നെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ മത്സരാര്‍ഥിയായി ഞാനുണ്ടാകില്ലായിരുന്നു.'' പ്രചാരണ റാലികളിലെ അവരുടെ വാക്കുകള്‍ ജനങ്ങളുടെ നെഞ്ചില്‍ തറച്ചു.
പ്രതിരോധത്തില്‍ നിന്ന് അധികാരത്തിലേക്ക് മാറാനുള്ള സമയാണിതെന്നായിരുന്നു ഫ്രാന്‍സിയയുടെ പ്രഖ്യാപനം. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കാന്‍ കൊളംബിയയിലെ ജനങ്ങള്‍ക്ക് കഴിയില്ലായിരുന്നു. സാധാരണക്കാരനെ മനസിലാക്കാന്‍ കഴിയുന്ന ഫ്രാന്‍സിയയുടെ പേരിനൊപ്പം വൈസ് പ്രസിഡന്റ് എന്ന് ചാര്‍ത്തിക്കൊടുക്കാന്‍ ജനങ്ങള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. ശേഷം പിറന്നത് ചരിത്രം!
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..