സോനം കപൂർ, പ്രിയങ്കാ ചോപ്ര, മാധുരി ദീക്ഷിത് | Photo: Instagram
സൗന്ദര്യം വര്‍ധിപ്പിക്കാനും കാത്തുസൂക്ഷിക്കാനുമായി വിപണിയില്‍ നിരവധി ഉത്പന്നങ്ങള്‍ ഇന്ന് ലഭ്യമാണ്. പക്ഷേ പലര്‍ക്കും പ്രിയം ഇപ്പോഴും നാടന്‍ സൗന്ദര്യവര്‍ദ്ധക കൂട്ടുകളോടാണ്. പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണമാര്‍ഗങ്ങള്‍ തരുന്ന സുരക്ഷിതത്വ ബോധമാണ് മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഉത്പന്നങ്ങളേക്കാള്‍ മുറ്റത്തും അടുക്കളയിലും ലഭ്യമാകുന്ന പൊടിക്കൈകള്‍ക്ക് പിറകെ മിക്കവരും പോകാനുള്ള കാരണം. സമയക്കുറവ് കൊണ്ട് മാത്രമാണ് പലരും വിപണിയിലെ ഉത്പന്നങ്ങളെ ആശ്രയിക്കുന്നത്. വീട്ടില്‍ ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഫെയ്‌സ് പായ്ക്കുകള്‍ തയ്യാറാക്കുന്നതിന് കുറെയേറെ സമയമെടുക്കുന്നു. പക്ഷേ സമയം ലാഭിക്കാനായി സ്ഥിരമായി ഇത്തരം രാസവസ്തുക്കള്‍ നിറഞ്ഞ ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ ചര്‍മത്തിന് കേടുപാടുകള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. ബോളിവുഡ് നായികമാര്‍ പോലും ഇന്ന് പ്രകൃതിദത്ത ചര്‍മസംരക്ഷണ ഉപാധികള്‍ പ്രോത്സാഹിപ്പിച്ചു മുന്നോട്ടു വന്നിട്ടുണ്ട്. അത്തരത്തില്‍ ചിലത് പരിചയപ്പെടാം.
തിളങ്ങുന്ന ചര്‍മത്തിനായി പ്രിയങ്ക ചോപ്ര നിര്‍ദ്ദേശിക്കുന്നു യോഗര്‍ട്ട് ഫേഷ്യല്‍
ലോകത്തിന്റെ ഏതു മൂലയില്‍ സഞ്ചരിക്കുകയാണെങ്കിലും, എത്ര തിരക്കാണെങ്കിലും പ്രിയങ്ക എന്നും തന്റെ തിളക്കമാര്‍ന്ന ചര്‍മം അതുപോലെ കാത്തുസൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതാണ് യോഗര്‍ട്ട് ഫെയ്സ് പാക്ക്. ഒരേ അളവില്‍ യോഗര്‍ട്ടും ഓട്ട് മീലും എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് കുഴച്ച്
ആ കൂട്ട് മുഖത്ത് അരമണിക്കൂര്‍ സമയം പുരട്ടിവെക്കുക. ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകുക. ഇത് മുഖത്തിന്റെ കാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പ്രിയങ്ക പറയുന്നു.
വെളിച്ചെണ്ണയുടെ ചര്‍മസംരക്ഷണ ഗുണങ്ങള്‍ വെളിപ്പെടുത്തി സോനം കപൂര്‍
കാലാകാലങ്ങളായി മുടിയുടെ സംരക്ഷണത്തിനുമായി ഉപയോഗിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. എണ്ണ തേയ്ക്കുമ്പോള്‍ നല്ലൊരു കുളിര്‍മ ലഭിക്കും. പക്ഷേ തലയ്ക്ക് മാത്രമല്ല വെളിച്ചെണ്ണ കൊണ്ട് ഗുണങ്ങള്‍ ഉള്ളത്. തന്റെ ചര്‍മസംരക്ഷണ മാര്‍ഗങ്ങളില്‍ വെളിച്ചെണ്ണ പല രീതിയിലും പ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് സോനം കപൂര്‍ പറയുന്നു. ലിപ്സ്റ്റിക്ക് ഇടുന്നതിനു മുന്‍മ്പ് വെളിച്ചെണ്ണ ചുണ്ടില്‍ ഉപയോഗിക്കുന്നത് ചുണ്ട് വരണ്ടുപോകുന്നതില്‍ നിന്നു സംരക്ഷിക്കുകയും ലിപ്സ്റ്റിക്ക് ഏത് നിറത്തിലുള്ളതാണെങ്കിലും അതിനെ കൂടുതല്‍ ആകര്‍ഷകമാക്കുകയും ചെയ്യും. തന്റെ പുരികത്തിലും കണ്‍പ്പോളകളിലും പതിവായി വെളിച്ചണ്ണ പുരട്ടാറുണ്ടെന്ന് സോനം പറയുന്നു.
കരീനയുടെ പ്രിയപ്പെട്ട തേന്‍ ഫേഷ്യല്‍
പ്രകൃതിദത്തമായ ചര്‍മസംരക്ഷണ പൊടിക്കൈകള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ മുന്നിലാണ് ബോളിവുഡിന്റെ ഇഷ്ട നായിക കരീന കപൂര്‍. ചന്ദനം കൊണ്ടുള്ള ഫെയ്സ് പാക്ക് കോവിഡ് വ്യാപനകാലത്ത് സമയത്ത് കരീന സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെടുത്തിയിരുന്നു. ഇത് കൂടാതെ മുഖം തിളങ്ങാന്‍ കരീന മറ്റൊരു പൊടിക്കൈയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതാണ് തേന്‍ കൊണ്ടുള്ള ഫെയ്സ് പാക്ക്. കുറച്ചു മിനിറ്റ് തേന്‍ മുഖത്തു തേച്ചു പിടിപ്പിച്ച് നന്നായി മസാജ് ചെയ്ത് കഴുകി കളയണം. ഇത് മുഖം മൃദുവാക്കാന്‍ സാധിക്കുമെന്ന് കരീന കൂട്ടിച്ചേര്‍ത്തു.
മുള്‍ട്ടാണി മിട്ടി ഫെയ്സ് പാക്കിനെ പ്രണയിക്കുന്ന ആലിയ
ബോളിവുഡ് യുവ നായികമാരില്‍ ഒരാളാണ് ആലിയ ഭട്ട്. ചര്‍മസംരക്ഷണത്തിന് വേണ്ടി ഇടയ്ക്കിടെ പല ഉത്പന്നങ്ങള്‍ ഉപയോഗിക്കാതെ ചര്‍മത്തിന് ശ്വസിക്കാനുള്ള സമയം നല്‍കുന്നതാണ് ഉചിതമെന്ന് ആലിയ പറയുന്നു. പക്ഷേ ആലിയയുടെ ഈ കാഴ്ചപ്പാട് കുറച്ചു നേരത്തേക്കെങ്കിലും ആലിയ മാറ്റിവെക്കുന്നത് മുള്‍ട്ടാണി മിട്ടി ഫെയിസ് പാക്കിനു മുന്നിലാണ്. ചര്‍മത്തെ പുനഃരുജ്ജീവിപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും. എണ്ണ മയമുള്ളതും, മുഖക്കുരുവുള്ളതും ആയ ചര്‍മ്മത്തിന് മുള്‍ട്ടാണി മിട്ടി മികച്ചതാണെന്ന് ആലിയ പറയുന്നു.
മാധുരിയുടെ പ്രിയപ്പെട്ട കടലമാവ് ഫെയിസ് പാക്ക്
പ്രായം അമ്പത് കഴിഞ്ഞിട്ടും തിളങ്ങുന്ന മനോഹരമായ ചര്‍മം കാത്തുസൂക്ഷിക്കുന്നുണ്ട് ബോളിവുഡിന്റെ താര റാണി മാധുരി ദീക്ഷിത്ത്. മാധുരിയുടെ യുവത്വം തുളുമ്പുന്ന ചര്‍മ്മത്തിന്റെ രഹസ്യമെന്താണെന്ന് അറിയുമോ? ആ മാന്ത്രിക കൂട്ട് നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്. അത് കടലമാവാണ്. കടലമാവ്, തേന്‍, നാരങ്ങ നീര് എന്നിവ ചേര്‍ത്തുള്ള ഈ ഫെയ്സ് പാക്ക് നിങ്ങളുടെ മുഖത്തില്‍ മാജിക്ക് നടത്തുമെന്ന് മാധുരി പറയുന്നു. പാലില്‍ മുക്കിയെടുത്ത വെള്ളരിക്ക മുഖത്തു പുരട്ടുന്നതും മുഖത്തിനു നല്ലതാണെന്ന് അവര്‍ പറയുന്നു.
Content Highlights: natural skin care, tips, routine, products, lifestyle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..