തൃശ്ശൂര്‍ നിലയത്തില്‍ പോയി പാട്ടുപാടി; പക്ഷേ അതു കേള്‍ക്കാന്‍ വീട്ടില്‍ റേഡിയോ ഉണ്ടായിരുന്നില്ല


വിപി ശ്രീലന്‍

കുമ്പളങ്ങിയില്‍ റേഡിയോ തന്നെ അപൂര്‍വമായിരുന്ന കാലത്താണ് മണി റേഡിയോയില്‍ പാടിത്തുടങ്ങിയത്

റേഡിയോ പാട്ടുകാരി മണി | Photo: Special Arrangement

കുമ്പളങ്ങി ഗ്രാമത്തിലെ ആദ്യത്തെ റേഡിയോ പാട്ടുകാരിയായ മണിക്ക് എഴുപത് തികയുന്നു. കുമ്പളങ്ങിയില്‍ റേഡിയോ തന്നെ അപൂര്‍വമായിരുന്ന കാലത്താണ് മണി റേഡിയോയില്‍ പാടിത്തുടങ്ങിയത്. മണി ആര്‍.എല്‍.വി. കോളേജില്‍ സംഗീതം പഠിക്കുന്ന കാലത്തായിരുന്നു അത്. ആകാശവാണിയുടെ തൃശ്ശൂര്‍ നിലയത്തില്‍ ഗായികയെ വേണമെന്ന് പരസ്യം കണ്ട് അപേക്ഷിച്ചതാണ്. ആദ്യ ഓഡീഷനില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂര്‍ നിലയത്തില്‍ പാട്ടുപാടി തിരിച്ചുപോന്നു.

മണിയുടെ വീട്ടില്‍ റേഡിയോ ഉണ്ടായിരുന്നില്ല. പാടിയ പാട്ട് റേഡിയോയിലൂടെ കേള്‍ക്കാന്‍ കഴിയില്ലെന്ന സ്ഥിതിയായി. ഒടുവില്‍ കുമ്പളങ്ങിയില്‍ പൊതുസ്ഥലത്തെ റേഡിയോയിലൂടെയാണ് മണിയും അയല്‍ക്കാരുമൊക്കെ ആ പാട്ട് കേട്ടത്. പിന്നീട് 25 വര്‍ഷത്തോളം മണി തൃശ്ശൂര്‍ നിലയത്തില്‍ പാടി. തൃശ്ശൂര്‍ പി. രാധാകൃഷ്ണന്‍, കേശവന്‍ നമ്പൂതിരി, തിരുവിഴ ശിവാനന്ദന്‍ തുടങ്ങി അക്കാലത്തെ പ്രമുഖര്‍ ചിട്ടപ്പെടുത്തിയ പാട്ടുകളാണ് അന്ന് 'മണി കൃഷ്ണന്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മണി പാടിയത്. 'അമ്പലക്കുന്നിലെ, യക്ഷിത്തറയിലെ....' എന്നു തുടങ്ങുന്ന പാട്ട് മണി കൃഷ്ണനെ പ്രശസ്തയാക്കി.

പാട്ടിനെ ജീവിത വഴിയായി തിരഞ്ഞെടുത്ത മണി, പിന്നീട് നാടക രംഗത്തെത്തി. മൂന്ന് പതിറ്റാണ്ടുകാലം നാടകത്തോടൊപ്പമായിരുന്നു ജീവിതം. നാടക വേദിയില്‍ത്തന്നെ ലൈവായി പാടുന്ന കാലമായിരുന്നു അത്. വൈക്കം മാളവിക, ചങ്ങനാശ്ശേരി ഗീഥ, കൊല്ലം ഉപാസന, എറണാകുളം ദൃശ്യകലാഞ്ജലി തുടങ്ങിയ നാടക സംഘങ്ങള്‍ക്കൊപ്പം മണി പ്രവര്‍ത്തിച്ചു. നൂറുകണക്കിന് വേദികളില്‍ പാടി. അക്കാലത്ത് മണിക്ക് തിരക്കോടുതിരക്കായിരുന്നു.

എം.കെ. അര്‍ജുനന്‍, കുമരകം രാജപ്പന്‍, വൈപ്പിന്‍ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചിട്ടപ്പെടുത്തിയ പാട്ടുകളിലൂടെ മണി നാടക ആസ്വാദകരുടെ ഹൃദയം കീഴടക്കി. കൊച്ചിയിലെ നിരവധി അമച്വര്‍ നാടക ട്രൂപ്പുകളുമായും അവര്‍ സഹകരിച്ചു

ഇതിനിടയില്‍ മണി എല്‍.ഐ.സി. ഉദ്യോഗസ്ഥനായ എരൂര്‍ സ്വദേശി ഷണ്മുഖന്റെ ജീവിതസഖിയായി. വൈകാതെ സര്‍ക്കാര്‍ സ്‌കൂളില്‍ സംഗീത അധ്യാപികയായി ചേര്‍ന്നു. ഭര്‍ത്താവ് ഷണ്മുഖന്റെ പ്രോത്സാഹനമാണ് സംഗീതത്തിന്റെ പുതിയ വഴിയിലൂടെ മുന്നോട്ടുപോകാന്‍ സഹായിച്ചതെന്ന് മണി പറയുന്നു. കാല്‍ നൂറ്റാണ്ടുകാലം സര്‍ക്കാര്‍ അധ്യാപിക. സര്‍വീസില്‍നിന്ന് വിരമിച്ചപ്പോഴും മണി വെറുതെയിരുന്നില്ല. ധാരാളം കുട്ടികളെ സംഗീതം പഠിപ്പിച്ചു.

വിവാഹത്തോടെ തൃപ്പൂണിത്തുറയിലേക്ക് താമസം മാറ്റിയെങ്കിലും കുമ്പളങ്ങിയെ ഹൃദയത്തില്‍ കൊണ്ടുനടന്നു. കുട്ടികളെ പാട്ട് പഠിപ്പിച്ചു. ഇടയ്ക്കിടെ ഗാനമേള വേദികളില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനിടെ സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകളും മണിയെ തേടിയെത്തി.

സഹോദരന്‍ സാലിമോനും പാട്ടുകാരനാണ്. അദ്ദേഹത്തോടൊപ്പം പാട്ടുവേദികളില്‍ ഇപ്പോഴും മണി ഷണ്മുഖം എത്തുന്നുണ്ട്. കുമ്പളങ്ങിയിലെ പഴയകാല നാടക പ്രവര്‍ത്തകനായ കെ.ടി. കൃഷ്ണന്റെ മകളാണ് മണി. അമ്മ ജാനകിയും പാട്ടുകാരിയായിരുന്നു.

Content Highlights: first radio singer of kumblangi mani lifestory


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented