ഷീന സുരേഷ്, ഷീന സുരേഷ് പടക്ക നിർമാണത്തിനിടെ
തൃശ്ശൂര്‍ പൂരം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പൂരപ്രേമികളുടെ മനസ്സിലേക്ക് ഓടിവരിക ആനകളും കുടമാറ്റവും വെടിക്കെട്ടും ഒക്കെയാണ്. മേയ് പത്തിനാണ് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം കൊടിയേറുന്നത്. ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിന് ഒരു പ്രത്യേകതയുണ്ട്. പൂരത്തിന്റെ വെടിക്കെട്ട് നടത്തുക ഒരു സ്ത്രീയാണ്. തൃശ്ശൂര്‍ പൂരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീക്ക് വെടിക്കെട്ട് അനുമതി ലഭിക്കുന്നത്. തൃശ്ശൂര്‍ കുണ്ടന്നൂര്‍ പന്തലങ്ങാട്ട് കുടുംബാംഗമായ ഷീന സുരേഷ് ആണ് ഇത്തവണ തൃശ്ശൂര്‍ പൂരത്തിന്റെ ആകാശകാഴ്ചകള്‍ ഒരുക്കുക. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍(പെസോ) ആണ് വെടിക്കെട്ടിന് ഔദ്യോഗിക അനുമതി നല്‍കിയിരിക്കുന്നത്.
പെസോയുടെ പ്രത്യേക ലൈസന്‍സ് നേടിയ ഷീനയ്ക്ക് തിരുവമ്പാടി വിഭാഗമാണ് വെടിക്കെട്ടിനുള്ള കരാര്‍ നല്‍കിയത്.
വര്‍ഷങ്ങളായി പടക്കനിര്‍മാണമേഖലയിലാണ് ഷീനയുടെ ഭര്‍ത്താവിന്റെ കുടുംബം പ്രവര്‍ത്തിക്കുന്നത്. ''കൂലിപ്പണിക്കാരായിരുന്നു എന്റെ അച്ഛനും അമ്മയും. 21 വര്‍ഷം മുമ്പായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയശേഷമാണ് പടക്കനിര്‍മാണത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നത്. പടക്കനിര്‍മാണത്തോടുള്ള കൗതുകവും താത്പര്യവുമാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്''-ഷീന പറഞ്ഞു.
പന്തലങ്ങാട്ട് കുടുംബത്തിലെ സ്ത്രീകള്‍ വെടിക്കെട്ട് ജോലികള്‍ വര്‍ഷങ്ങളായി ചെയ്യുന്നുണ്ടെങ്കിലും കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീ ഇത്രവലിയൊരുവെടിക്കെട്ടിന് ലൈസന്‍സ് നേടിയെടുക്കുന്നത് ആദ്യമാണ്.
പടക്കനിര്‍മാണ തൊഴിലാളിയായ സുരേഷിന്റെ അകമഴിഞ്ഞ പ്രോത്സാഹനമാണ് തന്നെ ഈ മേഖലയില്‍ തുടരാന്‍ പ്രചോദിപ്പിക്കുന്നതെന്ന് ഷീന പറഞ്ഞു. ഗുണ്ട്, കുഴിമിന്നല്‍, മാലപ്പടക്കം, അമിട്ട് എന്നിവയ്ക്കാണ് ഷീനയ്ക്ക് ലൈന്‍സസ് ലഭിച്ചിരിക്കുന്നത്.
സ്ത്രീ എന്ന നിലയില്‍ തനിക്ക് ഈ മേഖലയില്‍ ജോലി ചെയ്യുന്നത് തുടരുന്നതിന് ഇതുവരെ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അവര്‍ പറഞ്ഞു. കുടുംബത്തിന്റെ വരുമാനമാര്‍ഗമാണിത്. അതുകൊണ്ടാണ് ഈ മേഖലയില്‍ തുടരുന്നത്-ഷീന പറഞ്ഞു.
നീണ്ട തയ്യാറെടുപ്പുകള്‍ തൃശ്ശൂര്‍പൂരത്തിന്റെ വെടിക്കെട്ടിന് ആവശ്യമുണ്ട്. അതിനായി ഒരു മാസത്തോളം സമയമെടുത്താണ് ഒരുക്കങ്ങള്‍ നടത്തുന്നത്. ഭര്‍ത്താവും ഞാനും ഞങ്ങളുടെ പടക്കനിര്‍മാണശാലയിലെ ആറോളം വരുന്ന തൊഴിലാളികളും ചേര്‍ന്നാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്-ഷീന വ്യക്തമാക്കി.
ലൈസന്‍സ് നേടിയെടുക്കുന്നത് ഷീനയെയും കുടുംബത്തെയും സഹായിച്ചത് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ്.
പൂരത്തിന് വെടിക്കെട്ട് ഒരുക്കുന്നതില്‍ താന്‍ ഏറെ സന്തോഷവതിയാണ്. അതേസമയം, അപകടം പിടിച്ച ജോലി കൂടിയാണത്. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്താണ് വെടിക്കെട്ട് ഒരുക്കുന്നത്. തൃശ്ശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് വെടിക്കെട്ടാണ്. അതിന്റെ ഭാഗമാകുന്നതില്‍ വളരെയേറെ സന്തോഷമുണ്ട്-ഷീന പറഞ്ഞു.
രണ്ട് മക്കളാണ് സുരേഷ്-ഷീന ദമ്പതിമാര്‍ക്ക്. മകന്‍ ശ്യാം സുന്ദര്‍ ഐ.ടി.ഐ. മെക്കാനിക്കല്‍ കോഴ്‌സ് ചെയ്യുന്നു. മകള്‍ നാച്ചുറോപതി വിദ്യാര്‍ഥിയാണ്.
Content Highlights: thrissur pooram, sheena suresh, fire works, peso license, lifestyle


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..