'കേരളം ഏതു രാജ്യത്താണെന്ന ചോദ്യം ദേഷ്യം പിടിപ്പിച്ചു'; 15000 കിമീ ബൈക്കില്‍ പറന്ന പെണ്‍സംഘം പറയുന്നു


യാത്രകഴിഞ്ഞെത്തിയ ഷൈനിയും ജയശ്രീയും കല്യാണിയും തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി. ആർ.നിശാന്തിനിയോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്നു | Photo: Mathrubhumi

''സാധനം കൈയിലുണ്ടോ''... കടന്നുപോയ വഴികളില്‍ ഷൈനിയും ജയശ്രീയും കല്യാണിയും പരസ്പരം ചോദിക്കും. ''ഉണ്ട്'' എന്ന മറുപടി കേട്ടാലുറപ്പിക്കും... മലയാളിയാണെന്ന്. ബൈക്കില്‍ മൂവര്‍സംഘം നടത്തിയ 15000 കിലോമീറ്റര്‍ യാത്രയിലെ രസകരമായ അനുഭവം 'അക്കരെയക്കരെയക്കരെ' എന്ന സിനിമയിലെ ഡയലോഗ് പ്രയോഗിച്ചതാണ്.

ബീഹാര്‍-ഉത്തര്‍പ്രദേശ് അതിര്‍ത്തി ഗ്രാമത്തിലൂടെയുള്ള സഞ്ചാരം സമ്മാനിച്ചത് വേറിട്ട അനുഭവം. മൃഗങ്ങളും ഗ്രാമവാസികളും റോഡ് നിറഞ്ഞ് നടക്കും. വാഹനവുമായി സൂക്ഷിച്ചുവേണം കടന്നുപോകാന്‍.

നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങളിലൂടെയാണ് മൂവരും 58 ദിവസത്തെ യാത്ര പൂര്‍ത്തിയാക്കിയത്. ഉംലിഗ് ലായില്‍ മൂവരും എത്തിയത് നേട്ടങ്ങളുടെ പട്ടികയിലേക്കാണ്. അവിടെ ആദ്യമെത്തിയ സംഘവും സ്ത്രീകളും ഇവരാണ്.

ഷൈനി രാജ്കുമാറിന് ഇരുചക്രവാഹന യാത്ര ഹരമാണ്. ഇഷ്ടങ്ങള്‍ തേടിയും കൂട്ടുകൂടിയും ഒരുപാട് സഞ്ചരിക്കും. ആ ഇഷ്ടത്തിലേക്കാണ് ഒറ്റശേഖരമംഗലം സ്വദേശിനി ജയശ്രീ ചന്ദ്രശേഖര(49)നും നെയ്യാറ്റിന്‍കര സ്വദേശിനി കല്യാണി രാജേന്ദ്ര(24)നും എത്തിയത്. കമ്പനി സെക്രട്ടറിയായി ജോലിചെയ്യുന്ന ജയശ്രീയുടെ പ്രചോദനം കുടുംബമാണ്. കൊച്ചുമകനെയും കളിപ്പിച്ചിരിക്കേണ്ട പ്രായത്തില്‍ മെറ്റിയോര്‍ ഓടിച്ച് 15000 കിലോമീറ്റര്‍ യാത്രചെയ്തു.

ഓഹരി വ്യാപാര രംഗത്ത് ജോലിചെയ്യുന്ന കല്യാണി ഷൈനിയില്‍നിന്നാണ് ബൈക്ക് ഓടിക്കാന്‍ പഠിച്ചത്. 58 ദിവസം യാത്രചെയ്യാനുള്ള തീരുമാനത്തിലെത്താന്‍ ഈ സൗഹൃദം ധാരാളമായിരുന്നു.

21 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളും ഇവര്‍ സന്ദര്‍ശിച്ചു. ദീര്‍ഘദൂര യാത്രികര്‍ തിരഞ്ഞെടുക്കാന്‍ മടിക്കുന്ന ഈസ്റ്റ് കോസ്റ്റ് റോഡ് വഴിയായിരുന്നു യാത്ര. കടുത്ത ചൂടും കനത്ത മഴയും പിന്നെ തണുപ്പും. 48 ഡിഗ്രി സെല്‍ഷ്യസ് വരെ സഹിച്ച ദിവസങ്ങളുണ്ട്. ഓഫ് റോഡും സഞ്ചരിച്ചു.

സമുദ്രനിരപ്പില്‍നിന്നുള്ള ഉയരം കൂടുന്നതനുസരിച്ച് ആസ്മാരോഗിയായ ഷൈനിക്ക് പലപ്പോഴും ഇന്‍ഹേലര്‍ ഉപയോഗിക്കേണ്ടി വന്നു. നദി മുറിച്ചു കടക്കുന്നതിനിടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ സഹായമായത് അതുവഴിയെത്തിയ ചൈന്നെക്കാരന്‍ റൈഡറാണ്. ബീഹാറിലെത്തിയപ്പോള്‍ കല്യാണിയുടെയും ജമ്മുവില്‍ ഷൈനിയുടെയും വണ്ടികള്‍ കേടായി. ബീഹാറില്‍ നാട്ടുകാരും ജമ്മുവില്‍ മിലിട്ടറിക്കാരും സഹായിച്ചു.

ഹിമാചല്‍പ്രദേശുകാരാണ് ഏറ്റവും സ്‌നേഹത്തോടെ പെരുമാറിയത്. യാത്രികര്‍ അവരുടെ വരുമാനമാര്‍ഗമാണെന്ന തിരിച്ചറിവും സ്‌നേഹത്തിനും കരുതലിനും പിന്നിലുണ്ട്. വൃത്തിയില്ലായ്മയാണ് പലയിടത്തും ഇവര്‍ നേരിട്ട വെല്ലുവിളി. ആഹാരവും വെള്ളവുമെല്ലാം പലപ്പോഴും പ്രശ്‌നമായി. മൂക്കും കണ്ണുമടച്ച് പലതും കഴിച്ചു. വെള്ളവും ബിസ്‌കറ്റും കഴിച്ച് വിശപ്പടക്കിയ ദിവസങ്ങളുണ്ട്. പലയിടത്തും കലഹിച്ചു.

കേരളത്തില്‍നിന്നെന്ന് കേള്‍ക്കുമ്പോള്‍ അതേത് രാജ്യത്താണ് എന്നുള്ള ചോദ്യം ഏറെ ദേഷ്യം പിടിപ്പിച്ചു. മദ്രാസിനപ്പുറം തെക്കേ ഇന്ത്യയില്‍ സ്ഥലമില്ലെന്ന സങ്കല്പമാണ് പലര്‍ക്കും.

സ്ത്രീശാക്തീകരണവും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമത്തിനും എതിരേയുള്ള ബോധവവത്കരണം കൂടിയായിരുന്നു തങ്ങളുടെ യാത്ര എന്ന് അവര്‍ പറയുന്നു. 'ഉയരട്ടെ ശബ്ദം... പോകാം ഇഷ്ടദൂരത്തോളം' എന്നതായിരുന്നു മുദ്രാവാക്യം. പുലര്‍ച്ചെ ആറുമുതല്‍ വൈകീട്ട് ആറുവരെയായിരുന്നു മിക്കവാറും ദിവസങ്ങളില്‍ യാത്ര. കശ്മീര്‍ വരെയുള്ള സുഹൃത്തുക്കള്‍ സഹായവുമായി ഉണ്ടായിരുന്നു. ജയശ്രീയുടെ ബന്ധുവായിരുന്നു ശ്രീനഗറിലെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നത്. മൂന്നുദിവസം സി.ആര്‍.പി.എഫിന്റെ ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു. സൈനികരുടെ സഹായത്തോടെ സ്ഥലങ്ങള്‍ കണ്ടു.

ഓഗസ്റ്റ് 28-ന് നാട്ടിലെത്തിയ സംഘാംഗം ഷൈനി രാജ്കുമാര്‍ ഞായറാഴ്ച അടുത്ത യാത്ര പുറപ്പെടും. കന്യാകുമാരിയില്‍നിന്ന് മൂന്നുദിവസംകൊണ്ട് മധ്യപ്രദേശിലെത്തുകയാണ് ലക്ഷ്യം. 26 അംഗസംഘത്തിലെ ഏക വനിതയാണ് ഷൈനി. ഇതുവരെ മൂന്നുലക്ഷത്തിലധികം കിലോമീറ്റര്‍ ഷൈനി ബുള്ളറ്റില്‍ സഞ്ചരിച്ചു. ഇനിയുമേറെ സഞ്ചരിക്കാനുണ്ടെന്ന് ആവേശത്തോടെ പറയുന്നു ഷൈനി.

Content Highlights: female travellers adventurous journey and their inspirational story


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented