വൈറലാവാൻ ഇങ്ങനെ വിഷമൂട്ടണോ? ഈ പ്രാങ്കുകൾക്ക് ആര് മണികെട്ടും


അനുശ്രീ മാധവന്‍ (anusreemadhavan@mpp.co.in)വരുമാനം മാത്രം ലക്ഷ്യം, അതിനായി ഏതറ്റം വരെയും പോകാന്‍ ഇക്കൂട്ടര്‍ തയ്യാര്‍. കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ ഒരു വലിയ വിഭാഗമുണ്ടെന്നതാണ് ഇവരുടെ ആത്മവിശ്വാസം.

Family Vloggers

രു ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു യൂട്യൂബ് ചാനല്‍. ഭാര്യയ്ക്ക് ഭര്‍ത്താവിനെ പ്രാങ്ക് ചെയ്യണം. അതിനായി അമ്മയുമായി പ്രാങ്ക് ആസൂത്രണം ചെയ്യുന്നു. രാത്രി കിടക്കാനായി ഭാര്യ കിടപ്പുമുറിയിലേക്ക് പോകുന്നതാണ് അടുത്ത രംഗം. കിടപ്പുമുറിയില്‍ കുഴഞ്ഞ് വീഴുന്നു. പിടയുന്നു, വയ്യെന്ന് പറഞ്ഞ് ഉറക്കെ കരയുന്നു. പെട്ടന്ന് ചോര ഛര്‍ദ്ദിക്കുന്നു. ഭയപ്പെട്ട ഭര്‍ത്താവ് അമ്മയെ അലമുറയിട്ട് വിളിക്കുന്നു. അല്‍പസമയത്തിന് ശേഷം അമ്മയും ഭാര്യയും പൊട്ടിച്ചിരിക്കുന്നു. അയ്യേ പറ്റിച്ചേ. തൊട്ടടുത്ത നിമിഷം ചുമരില്‍ ഉറപ്പിച്ചിരിക്കുന്ന ക്യാമറയിലേക്ക് കൈ ചൂണ്ടുന്നു. ദേഷ്യം സഹിക്കവയ്യാതെ ഭര്‍ത്താവ് ഭാര്യയെ തെറി വിളിക്കുന്നു, ചെകിടത്തടിക്കുന്നു. അധികം വൈകാതെ വീഡിയോ അപ്​ലോഡ് ചെയ്യുന്നു. ട്രെന്‍ഡിങ്ങില്‍ ഒന്നാമത്. അടികൊണ്ടയാള്‍ക്കും കൊടുത്തയാള്‍ക്കും സന്തോഷം. കേരളത്തിലെ പല ഫാമിലി വ്‌ളോഗർമാരുടെയും അവസ്ഥ ഇന്ന് ഇതാണ്. വരുമാനം മാത്രം ലക്ഷ്യം, അതിനായി ഏതറ്റം വരെയും പോകാന്‍ ഇക്കൂട്ടര്‍ തയ്യാര്‍. കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ ഒരു വലിയ വിഭാഗമുണ്ടെന്നതാണ് ഇവരുടെ ആത്മവിശ്വാസം.

മനുഷ്യരാശിയെയൊട്ടാകെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സമയമാണ് കോവിഡ് കാലം. യാത്ര ചെയ്യാനും തൊഴിലെടുക്കാനും നിയന്ത്രണം നേരിട്ട സമയം. നന്നായി കണ്ടന്റ് ചെയ്തു പോന്ന പല യൂട്യൂബര്‍മാരും ഈ സമയം വിഷയദാരിദ്ര്യം നേരിട്ടു. ഒട്ടേറെ പുതിയ ചാനലുകള്‍ പിറവിയെടുത്തു. അതില്‍ എടുത്ത് പറയേണ്ടതാണ് ഫാമിലി വ്‌ളോഗിങ്. കുടുംബത്തിന്റെ സ്വകാര്യതയിലേക്ക് ക്യാമറ തിരിച്ചു വയ്ക്കുക. വിവാഹം, പ്രസവം, കുഞ്ഞിന്റെ ജനനം, നൂലുകെട്ട്, പിറന്നാള്‍ എന്നു വേണ്ട ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സൗന്ദര്യപിണക്കങ്ങളും അമ്മായിയമ്മപ്പോരും വഴക്കിട്ട് വീടുമാറി പോകുന്നതും അങ്ങനെ എന്തും ഇവര്‍ വിഷയമാക്കും. കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ഭാര്യ, അമ്മ, അച്ഛന്‍, ഭര്‍ത്താവ്, കുട്ടികള്‍ ഈ തമ്പ്‌നെയ്മുകളെല്ലാം വില്‍പ്പനച്ചരക്കുകളാണ്. ദാരിദ്ര്യം പറഞ്ഞ് സഹതാപവും അനുകമ്പയും മുതലാക്കുന്നവരും ഈ കൂട്ടത്തിലുണ്ട്. യൂട്യൂബ് ആരുടെയും കുടുംബസ്വത്തല്ല, ഇഷ്ടമുള്ളവര്‍ കണ്ടാല്‍ മതി എന്നതാണ് ഇവരുടെ പ്രധാന ന്യായവാദം. എന്നാല്‍ ഗാര്‍ഹിക പീഡനം, കുട്ടികളുടെ സ്വകാര്യതയുടെ ലംഘനം, സ്ത്രീധന സമ്പ്രദായത്തിന്റെ പ്രോത്സാഹനം തുടങ്ങിയ ഒട്ടേറെ കുറ്റകൃത്യങ്ങള്‍ക്ക് ഇവര്‍ അറിഞ്ഞോ അറിയാതെയോ വഴിവയ്ക്കുന്നു എന്നതാണ് എതിര്‍പ്പുകളുടെ ശബ്ദം ഉയരുന്നതിന് കാരണമാകുന്നത്.

കുട്ടികളുടെ കാര്യത്തിലാണ് ഏറ്റവും കൂടുതല്‍ ആശങ്ക തോന്നുന്നത്. കുട്ടികള്‍ പറ്റിക്കപ്പെടുന്ന പ്രാങ്കുകളാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. അവരുടെ വിശ്വാസം മാനിപ്പുലേറ്റ് ചെയ്യുന്നത് ആളുകള്‍ വല്ലാതെ ആസ്വദിക്കുന്നുണ്ട്. കുട്ടികള്‍ക്ക് നാണക്കേടും വേദനയുമുണ്ട്. അവര്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്നവരാണ് മാതാപിതാക്കള്‍. അവരാണ് പറ്റിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് സംശയിക്കാന്‍ അറിയില്ലല്ലോ. നമ്മള്‍ ആരും തന്നെ നമ്മുടെ തോല്‍വികളോ മണ്ടത്തരങ്ങളോ മറ്റൊരാള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരല്ല. അത് കുട്ടികളുടെ കാര്യത്തിലും ബാധകമാണ്. അവരും അതാഗ്രഹിക്കുന്നില്ല. കുഞ്ഞു മനസ്സിന് വേദനകള്‍ നല്‍കി ചിരിക്കുന്നത് യോജിക്കാനാവില്ല-
ജെബി
(സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ)
കലിപ്പനും കാന്താരിയും

രണ്ടുപേര്‍ പരസ്പരം ജീവിതം പങ്കിടുമ്പോള്‍ പരസ്പര ബഹുമാനവും സ്‌നേഹവും അത്യന്താപേക്ഷിതമാണ്. ഈ മൂല്യങ്ങളില്‍ നിന്ന് വിഭിന്നമായി പെരുമാറുമ്പോള്‍ അതിലൊരാളുടെ പ്രതികരണം എന്തായിരിക്കും?. അതാണ് പ്രാങ്ക് വീഡിയോകളുടെ പ്രധാന ഉള്ളടക്കം. വൈകി എഴുന്നേറ്റതിന് ഭാര്യയെ കണക്കറ്റ് ഭര്‍ത്താവ് ശകാരിക്കുന്ന ഭര്‍ത്താവ്, ഗര്‍ഭിണിയാണെന്ന് പറഞ്ഞ് ഭര്‍ത്താവിനെ പറ്റിക്കുന്ന ഭാര്യ, അവിഹിത ബന്ധം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച പങ്കാളിയെ കടുത്ത മാനസിക സംഘര്‍ഷത്തിലേക്ക് തള്ളിവിടുന്ന ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്. അല്ലെങ്കില്‍ അവിഹിത ബന്ധം ആരോപിച്ച് പങ്കാളിയെ ശാരീരികമായി ഉപദ്രവിക്കുന്ന ഭാര്യ, അല്ലെങ്കില്‍ ഭര്‍ത്താവ് ഇതെല്ലാം ഈ പറഞ്ഞ പറ്റിപ്പിന്റെ ചൂടന്‍ വിഷയങ്ങളാണ്. ഭൂരിപക്ഷം കയ്യടിക്കുമ്പോള്‍ ന്യൂനപക്ഷത്തിന്റെ വിമര്‍ശനം ഇവരുടെ ചെവികളിലെത്തില്ല. ഇന്നത്തെ മലയാളം സീരിയലുകളുടെ ഉള്ളടക്കത്തെ വെല്ലുന്ന കലിപ്പന്റെയും കാന്താരിയുടെയും വിഷലിപ്തമായ സന്ദേശങ്ങളാണ് ഇക്കൂട്ടര്‍ പുറത്ത് വിടുന്നത്.

ഒരു വിശേഷ ദിനത്തില്‍ ഭാര്യ സഹോദരനൊപ്പം ചേര്‍ന്ന് കഥയിലെ നായകന്‍ പ്രാങ്ക് ആസൂത്രണം ചെയ്യുന്നു. ഭാര്യ സാരിയുടുത്ത് വരുമ്പോള്‍ ശകാരിക്കണം, പരുഷമായി പെരുമാറണം എന്നതായിരുന്നു പ്രമേയം. വീടിന്റെ മുന്‍പില്‍ ക്യാമറ വയ്ക്കുന്നു. സന്തോഷവതിയായി ഭാര്യ അണിഞ്ഞൊരുങ്ങി വരുമ്പോള്‍ നായകന്‍ പൊട്ടിത്തെറിക്കുന്നു. കാര്യമെന്തെന്ന് തുറന്ന് പറയാന്‍ നായിക കേഴുന്നു. അയാള്‍ അവളെ പിടിച്ചു തള്ളൂന്നു. സ്വാഭാവികമായും രംഗമവസാനിക്കുന്നത് നായികയുടെ ആര്‍ത്തലച്ചുള്ള കരച്ചിലിലാണ്. പിന്നീട് പതിവുപോലെയുള്ള നാടകം, ഇത് പ്രാങ്കായിരുന്നു. പണ്ടുകാലത്തെ സിനിമകളുടെ അവസാനഭാഗത്ത് എഴുതിക്കാണിക്കുന്നത് പോലെ എല്ലാം ശുഭം, പൊട്ടിച്ചിരി.

പ്രഗ്‌നന്‍സി കിറ്റാണ് ഭാര്യമാരുടെ പ്രധാന ആയുധം. ഒളിപ്പിച്ച ക്യാമറയ്ക്ക് മുന്നില്‍ ഭര്‍ത്താവിനെ തന്ത്രപരമായി എത്തിക്കുന്നതില്‍ ഇവര്‍ക്ക് വലിയ മിടുക്കാണ്. ഗര്‍ഭിണിയാണെന്ന് പറയുമ്പോള്‍ ഭര്‍ത്താവിന്റെ മുന്‍പില്‍ ആദ്യം അമ്പരപ്പ്, അത് പിന്നീട് സന്തോഷമായി മാറുന്നു. ഒടുവില്‍ പ്രാങ്കിന്റെ പെട്ടി പൊട്ടിക്കുന്നു. അവിഹിത ബന്ധങ്ങളാണ് മറ്റൊരു പ്രധാന കണ്ടന്റ്. മുന്‍കാമുകിയുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്ന ഭര്‍ത്താവാണ് ഈ കഥയിലെ നായകന്‍. ഭര്‍ത്താവിനെ സ്വന്തം ആത്മാവിനേക്കാള്‍ വിശ്വസിക്കുന്ന ഭാര്യയാണ് നായിക. എന്നാല്‍ ഭര്‍ത്താവിന്റെ വിചിത്രമായ പെരുമാറ്റം അവളില്‍ സംശയം ജനിപ്പിക്കുന്നു. ഒടുവില്‍ പരസ്പരം വഴക്കടിക്കുന്നു. ഇതെല്ലാം ക്യാമറ പകര്‍ത്തുന്നു. ഒടുവില്‍ ഭാര്യ അലറിക്കരയുന്നു, ഇതും പ്രാങ്ക്. ഈ അവിഹിത കഥകള്‍ക്കാണ് യൂട്യൂബില്‍ കാഴ്ചക്കാര്‍ ഏറെ. ഒരാളുടെ വൈകാരികതയെ ചൂഷണം ചെയ്യുക, അത് കണ്ട് ആസ്വദിക്കുക എന്നത് ക്രൂരമായ മാനസിക വൈകല്യത്തിന്റെ അടയാളമാണെന്ന് ഇവര്‍ എന്ന് തിരിച്ചറിയും.

കേരളത്തില്‍ വലിയ ചര്‍ച്ചയായ ഒരു ദമ്പതികളുടെ ചാനലിനെയും ഈ കൂട്ടത്തില്‍ പരമര്‍ശിക്കാതിരിക്കാൻ വയ്യ. ഭാര്യയ്ക്ക് ഭക്ഷണം വാങ്ങി നല്‍കിയതിന്റെ കണക്കു നിരത്തി ഭക്ഷണത്തോടുള്ള അവരുടെ കൊതിയെ കണക്കറ്റ് പരിഹസിക്കുകയാണ് ഇയാള്‍. ഭാര്യയെ ആനക്കുട്ടിയോട് ഉപമിച്ചാണ് ഇയാള്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിക്കുന്നത്.

വിവാഹം, അടുക്കള; അതില്‍ കയറിക്കൂടുന്ന സ്ത്രീവിരുദ്ധത

കുറച്ച് നാളുകള്‍ക്ക് മുന്‍പ് വലിയ ചര്‍ച്ചയായ ഒരു വീഡിയോ ഉണ്ടായിരുന്നു. സ്വന്തം മകളുടെ വിവാഹം നിശ്ചയിച്ച വിവരം ആരാധകരോട് പറയുന്ന അമ്മയും അച്ഛനും. മുത്ത മകള്‍ക്ക് പത്തൊന്‍പത് വയസ്സായി. ഇളയവള്‍ക്ക് അധികം വൈകാതെ പ്രായപൂര്‍ത്തിയാകും. ഇപ്പോള്‍ ഒരാളെ ഇറക്കിവിട്ടില്ലെങ്കില്‍, ശരിയാകില്ല. സ്വര്‍ണത്തിന് ദിവസവും വില കൂടിവരികയാണ്. മകളുടെ വിവാഹം പെട്ടന്ന് നടത്തുന്നതിനുള്ള കാരണങ്ങളില്‍ ഒന്നായി അവര്‍ നിരത്തുന്നത് ഇതാണ്. മകള്‍ക്ക് നല്ല വിദ്യാഭ്യസം നല്‍കി വിവാഹം കഴിപ്പിച്ചാല്‍ പോരെ എന്ന ചോദ്യത്തിന് അവര്‍ പറയുന്ന മറുപടി, പഠിച്ച സ്ത്രീകളില്‍ എത്രയാളുകളാണ് വീട്ടില്‍ വെറുതെ ഇരിക്കുന്നത് എന്ന്. മാത്രവുമല്ല മറ്റൊരു വീട്ടിലേക്ക് പോകേണ്ട കുട്ടിയായതിനാല്‍ ഇനി മുതല്‍ അടുക്കള ജോലികള്‍ ചെയ്യുന്നതെല്ലാം മകളായിരിക്കുമെന്ന്. രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയ മകളെ അമ്മ ചൂരലെടുത്ത് തല്ലി ഉണര്‍ത്തുന്നതും അടുക്കളപ്പണി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതുമെല്ലാം വലിയ അഭിമാനത്തോടെയാണ് അവതരിപ്പിക്കുന്നത്.

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഇഷ്ടമുള്ളയാളെ ഇഷ്ടമുള്ള സമയത്ത് വിവാഹം കഴിക്കാന്‍ ഇന്ത്യയില്‍ അവകാശമുണ്ട്. എന്നാല്‍ പഠിപ്പുള്ള ഒരുപാട് സ്ത്രീകള്‍ തൊഴില്‍രഹിതരാണെന്ന ന്യായവൈലക്യമല്ല മകളുടെ തുടര്‍പഠനത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ നിരത്തേണ്ടത്. വീട്ടുജോലി ചെയ്യാന്‍ ലിംഗഭേദമില്ലാതെ കുട്ടികളെ പരിശീലിപ്പിക്കുന്നത് വളരെ നല്ല കാര്യമാണ്. എന്നാല്‍ അടുക്കളപ്പണി സ്ത്രീകളുടെ മാത്രമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിലാണ് പ്രശ്നം ഒളിഞ്ഞുകിടക്കുന്നത്. പൊന്നാനി മത്തിക്കറി വയ്ക്കാന്‍ പോലും അറിയാത്ത പെണ്ണുങ്ങള്‍ ഡോക്ടര്‍ ആയിട്ടെന്ത് കാര്യം എന്ന് ഏതോ ഒരു മതപണ്ഡിതന്‍ പറഞ്ഞത് ഈ അവസരത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. പഠിപ്പിലൊന്നും കാര്യമില്ല എന്ന് പറയുന്ന ഇരുപത്തിരണ്ടുകാരായ ഭാര്യയും ഭര്‍ത്താവുമാണ് മറ്റൊരു വീഡിയോയിലെ താരങ്ങള്‍. പഠിച്ചവരും പഠിക്കാത്തവരും ജീവിതത്തില്‍ പരാജയപ്പെട്ടിട്ടുണ്ട് വിജയിച്ചിട്ടുമുണ്ട്. ഓരോ വ്യക്തിയുടെയും കഴിവും സാഹചര്യവുമാണ് അതിനുള്ള മാനദണ്ഡം. എന്നാല്‍ നിങ്ങളുടെ ജീവിതാനുഭവം വച്ച് മറ്റൊരാളുടെ തീരുമാനങ്ങളെ വിലയിരുത്തുകയോ അഭിപ്രായം പറയുകയോ ചെയ്യുന്നിടത്താണ് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നത്.

യൂട്യൂബ് ചാനലുകളെ വിമര്‍ശിക്കുമ്പോള്‍ ഇവര്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്ന വെട്ടുകിളി ആരാധകരെ പരാമര്‍ശിക്കാതെ തരമില്ല. പങ്കാളിയെ മാനസികമായി പീഡിപ്പിക്കുന്നതാണെങ്കിലും കുട്ടികളെ ഭയപ്പെടുത്തുന്നതാണെങ്കിലും അതില്‍ പ്രണയവും സ്നേഹവും കരുതലും കണ്ടെത്താന്‍ ഇവര്‍ക്ക് പ്രത്യേക കഴിവാണ്. ഈ കുടുംബ ചാനലുകള്‍ പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യങ്ങളുമുണ്ടാകാറുണ്ട്. അതില്‍ ചേരിതിരിഞ്ഞ് പോരാടാനും ആരാധകര്‍ തയ്യാറാണ്.

ഭയപ്പെടുന്ന, കരയുന്ന കുട്ടി

ഫാമിലി വ്‌ളോഗിങ്ങില്‍ ഒരു കുട്ടി അമ്മയുടെ വയറ്റില്‍ രൂപം കൊള്ളുന്നതു മുതല്‍ ജനിച്ചു​വീണ് വളരുന്നതെല്ലാം നല്ല കണ്ടന്റിനുള്ള വകയാണ്. കുട്ടികളുടെ മാനസികാരോഗ്യത്തിന് യാതൊരു പരിഗണനയും നല്‍കാതെ അവരുടെ ഭയം, സങ്കടം, കരച്ചില്‍, അരക്ഷിതാവസ്ഥ എന്നിവയെല്ലാം യാതൊരു മടിയും കൂടാതെ മാതാപിതാക്കള്‍ തമ്പ്‌നെയ്ലാക്കി വില്‍പ്പനയ്ക്ക് വയ്ക്കും. കുട്ടിയെ ഒരു കോടിയ്ക്ക് പിതാവ് വില്‍ക്കാന്‍ ശ്രമിക്കുന്നു. മാതാവ് അതിനെ തടയുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള പിടിവലി കണ്ട് കുട്ടി ഭയന്ന് നിലവിളിക്കുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് കേരളത്തിലെ ഒരു വ്ളോഗിങ് ദമ്പതികളുടെ പ്രാങ്കിന്റെ വിഷയം ഇതായിരുന്നു. ചെയ്യാത്ത തെറ്റിന് കുട്ടിയെ വഴക്കുപറയുക, കുറ്റപ്പെടുത്തുക. താന്‍ പഴികേള്‍ക്കുന്നതിന് പിന്നിലെ കാരണം കുട്ടിയ്ക്ക് എന്താണെന്ന് മനസ്സിലാകുന്നില്ല. സ്വാഭാവികമായും കുട്ടി കടുത്ത മാനസികമായും വല്ലാത്ത സംഘര്‍ഷമായിരിക്കും അനുഭവിക്കുക. ഒടുവിലത് വലിയ കരച്ചിലില്‍ കലാശിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് കുശാല്‍. കണ്ടന്റിന് വേണ്ടി മാതാപിതാക്കള്‍ പരസ്പരം പറ്റിയ്ക്കുന്നത് പോരാതെ കുഞ്ഞുങ്ങളെയും അതിലേക്ക് വലിച്ചിഴക്കുമ്പോള്‍ അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നത് ഇക്കൂട്ടരെ സംബന്ധിച്ച് വിഷയമേ അല്ല. ഇത്തരം ഗുരുതര പ്രശ്‌നങ്ങളെക്കുറിച്ചുള്ള ധാരണക്കുറവോ, അതോ, യൂട്യൂബില്‍ നിന്ന് ലഭിക്കുന്ന വരുമാനമോ എന്താണ് ഇത്തരം കാര്യങ്ങൾ അവഗണിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തമല്ല.

മാതാപിതാക്കള്‍ക്ക് ബാല്യകാലത്തില്‍ നടക്കാത്ത കാര്യങ്ങള്‍ അവര്‍ കുട്ടികളിലൂടെ അനുഭവിക്കാന്‍ ശ്രമിക്കുകയാണ്. അതൊട്ടും ശരിയല്ല. കുട്ടികള്‍ മാതാപിതാക്കളുടെ ടൂളുകളല്ല. അവര്‍ക്ക് വ്യക്തിത്വമുണ്ടെന്നുള്ള അംഗീകരിക്കണം. മറ്റൊന്ന് സോഷ്യല്‍ മീഡിയ നല്‍കുന്ന പിയര്‍ പ്രഷര്‍. എന്റെ കുട്ടികളും മറ്റുള്ളവരെപ്പോലെയാകണം മിടുക്കുവേണം എന്നതെല്ലാം. ബാക്കിയുള്ളവരൊക്കെ ചെയ്യുന്നുണ്ടല്ലോ, എനിക്കന്താ ചെയ്താല്‍ എന്ന് കരുതുന്നു. കുട്ടികള്‍ക്ക് വെര്‍ച്വല്‍ റിയാലിറ്റി എന്താണെന്ന് അറിയില്ല. എല്ലാവരും സെന്‍സേഷണലിസം ആഗ്രഹിക്കുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. കുട്ടികളെയും അതിലേക്ക് കൂടെ കൂട്ടുമ്പോള്‍ പലരിലും ഭാവിയില്‍ പെരുമാറ്റ വൈകല്യം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. സത്യം അല്ലാത്ത ഏത് കാര്യവും കുട്ടികളെ ബാധിക്കാന്‍ സാധ്യതയുണ്ട്-
ഡോ. അനിത രാജ
(ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്)

കുട്ടികളെ ചൂഷണം ചെയ്ത് വീഡിയോകള്‍ ചെയ്യുന്ന മാതാപിതാക്കള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ച സംഭവങ്ങള്‍ അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുട്ടിയെ അപകടകരമായ വിധത്തില്‍ പിക്കപ്പ് ട്രക്കിന്റെ പിറകില്‍ ഇരുത്തി യാത്ര ചെയ്യുകയും കുട്ടി ഭയന്ന് കരയുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അത് തമാശയാക്കി യൂട്യൂബില്‍ അപ്​ലോഡ് ചെയ്ത മാതാപിതാക്കള്‍ക്ക് പിഴ ചുമത്തുകയും കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്ത സംഭവം വലിയ ചര്‍ച്ചയായിരുന്നു.

പരസ്പരം പ്രാങ്ക് ചെയ്യുന്ന മാതാപിതാക്കളടക്കമുള്ള ബന്ധുക്കളെ കണ്ടു വളരുന്ന കുട്ടികള്‍, അല്ലെങ്കില്‍ പ്രാങ്കിന്റെ ഇരകളായ കുട്ടികള്‍ക്ക് ഒരു ഘട്ടം കഴിയുമ്പോള്‍ യാഥാര്‍ഥ്യമേത് തട്ടിപ്പേത് എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലെത്തുന്നു. ഭാവിജീവിതത്തില്‍ അതവരുടെ വ്യക്തിബന്ധങ്ങളെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്.

കുട്ടികളെ വച്ച് പ്രാങ്ക് ചെയ്യുന്നതില്‍ അമേരിക്കയിലെ ഡാഡി ഓഫ് വൈഫ് എന്ന യൂട്യൂബ് ചാനലിനെതിരേ ഉണ്ടായ കേസ് ഒരു ഉദാഹരണമായി എടുക്കാം. അവരുടെ കുട്ടികളെ പ്രാങ്ക് ചെയ്യുന്ന വീഡിയോകള്‍ ചെയ്ത് എട്ട് ലക്ഷം സബ്ക്രൈബേഴ്സിനെയാണ് ഉണ്ടാക്കിയത്. എല്ലാ പ്രാങ്കും കുട്ടികളുടെ കരച്ചിലിലാണ് അവസാനിച്ചത്. അത് മാതാപിതാക്കളെ സംബന്ധിച്ച് തമാശയായിരുന്നു. ഒരു ദിവസം അവര്‍ മകനെ ചെയ്യാത്ത ഒരു കാര്യം ചെയ്തുവെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി. വീട്ടില്‍ മഷി തെറിപ്പിച്ചു എന്ന് പറഞ്ഞായിരുന്നു ആരോപണം. അവര്‍ അവനെ ചീത്തപറയാന്‍ തുടങ്ങി. അവന്‍ താനല്ല അത് ചെയ്തതെന്ന് പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. ഒടുവില്‍ കുറേനേരത്തെ കരച്ചിലിനു ശേഷമാണ് അവനോട് പ്രാങ്ക് ആണെന്ന് വെളിപ്പെടുത്തിയത്. പക്ഷേ ആ കുട്ടിയുടെ വേദന കണ്ട ഒരുപാടാളുകള്‍ പ്രതിഷേധിക്കുകയും യൂട്യൂബ് അവരുടെ ചാനല്‍ ടെര്‍മിനേറ്റ് ചെയ്യുകയും ചെയ്തു. സ്‌റ്റേറ്റ് അവര്‍ക്ക് ശിക്ഷ നല്‍കുകയും ചെയ്തു. ആദ്യമൊക്കെ തങ്ങളുടെ പ്രവര്‍ത്തിയെ ന്യായീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. അതൊരു സെറ്റപ്പ് അപ്പ് പ്രാങ്ക് ആണെന്നതായിരുന്നു അവരുടെ വിശദീകരണം. കേരളത്തിലും ഇത്തരത്തിലുള്ള കുടുംബങ്ങളുണ്ട്. എല്ലാവരും ചേര്‍ന്ന് വിഡ്ഢിയാക്കയതിന്റെ നാണക്കേട് കുട്ടികളിലുണ്ടാകും. വലുതാകുമ്പോള്‍ ട്രസ്റ്റ് ഇഷ്യൂ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. കുട്ടികളെ വേദനിപ്പിച്ചും നാണിപ്പിച്ചും പേടിപ്പിച്ചും യൂട്യൂബ് വരുമാനം ഉണ്ടാക്കുന്നത് വളരെ തെറ്റായ ഒരു കാര്യമാണ്-
വൃന്ദ വിവേക്
(യൂ​ട്യൂബ് ചാനൽ മല്ലു അനലിസ്റ്റ്)
പങ്കാളികളെയും കുടുംബത്തിലുള്ളവരെയും മാനസിക പീഡനത്തിന് ഇരയാക്കി കണ്ടന്റ് ചെയ്തവര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവന്ന സംഭവങ്ങളും ഈ കേരളത്തിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഈ സമയങ്ങളിലെല്ലാം ഇവര്‍ നിരത്തുന്ന ന്യായം ഇതെല്ലാം അഭിനയമായിരുന്നു അല്ലെങ്കില്‍ നേരത്തേ ആസൂത്രണം ചെയ്തതായിരുന്നു എന്നൊക്കെയാണ്. മുതിര്‍ന്നവരുടെ കാര്യം അവിടെ നില്‍ക്കട്ടെ. കുട്ടികളെ തമാശകളുടെ ഇരകളാക്കുന്നവര്‍ക്ക് എന്ത് ന്യായീകരണമാണ് പറയാനുള്ളത്?

ഒരാളെ വൈകാരികമായി പീഡിപ്പിക്കുന്നതും അത് വിറ്റു പണമുണ്ടാക്കുന്നതും ശരിയാണോ എന്ന് എല്ലാ യൂട്യൂബ് ചാനലുകളും ചിന്തിക്കേണ്ടതാണ്. മാനസികമായി ഉപദ്രവിക്കുന്നതും അത് തമാശയായി പുറത്ത് വിടുന്നതും ധാര്‍മികമല്ല. എന്നാല്‍ അതിനേക്കാള്‍ ഗൗരവമുള്ള വിഷയം കുട്ടികളെ ഇത്തരത്തില്‍ മുതിര്‍ന്നവരുടെ ആസ്വാദനത്തിനായി പ്രാങ്കുകളില്‍ ഉപയോഗിക്കുന്നതാണ്. കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ടെലിവിഷന്‍ ചാനലില്‍ കുട്ടികളെ വച്ച് ഒരു പരിപാടി നടത്തുകയും ദ്വയാര്‍ഥ പ്രയോഗമുള്ള ചോദ്യങ്ങള്‍ അവരോട് ചോദിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടതാണ്. അതുപോലെ കുട്ടികളെ ഉപയോഗിച്ച് അവരെ മാനസിക സമ്മര്‍ദ്ദത്തിലാക്കി തമാശയുണ്ടാക്കുന്നവര്‍ക്കെതിരേ തീര്‍ച്ചയായും നടപടി സ്വീകരിക്കേണ്ടതാണ്. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കേണ്ട ഉത്തരവാദിത്തം മാതാപിതാക്കള്‍ക്കുണ്ട്-
അബ്ദുറഹിമാന്‍ വി.പി
(അഭിഭാഷകന്‍)

Content Highlights: Family Vlogging culture Malayalam, Prank Video, Toxicity, Child Abuse Kerala, YouTube community


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


07:22

നിക്ഷേപകരെ വലയിലാക്കാൻ പ്രവീൺ റാണ പറഞ്ഞ കണക്കുകൾ...| Praveen Rana Investment Fraud Part 02

Jan 26, 2023

Most Commented