Representative Image?Gettyimages.in
ലോകത്തിന്റെ ഏത് കോണിലായാലും സ്വന്തം വീട്ടിലേക്കുള്ള തിരിച്ച് പോക്ക് പലപ്പോഴും പുതുജീവിതം പോലയാണ് എല്ലാവര്ക്കും. പഠനത്തിനായോ ജോലിക്കു വേണ്ടിയോ വിവാഹ ശേഷമോ സ്വന്തം വീട്ടില്‍ നിന്ന് പറിച്ചു മാറ്റപ്പെട്ടവര്‍ക്ക് തിരിച്ചു വീട്ടിലെത്തുന്ന ഒന്നോ രണ്ടോ ദിനങ്ങള്‍ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. അങ്ങനെ തിരിച്ചെത്തുന്ന ദിനങ്ങളില്‍ കാത്തിരിക്കാന്‍ പ്രിയപ്പെട്ടവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ സ്വര്‍ഗ്ഗം കിട്ടിയതിനു തുല്യമായി. അങ്ങനെ തന്റെ പഠന ജോലി കാലങ്ങളില്‍ തിരിച്ചു വീട്ടിലേക്കുള്ള യാത്രാ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നഴ്സിങ് അധ്യാപികയും ഗവേഷകയുമായ ജിസ്സ ഡോണല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ
ഫേസ്ബുക്ക് കുറിപ്പില്‍ നിന്ന്
കേരളം വിട്ടു ലോകത്തിന്റെ ഏതെങ്കിലും കോണില്‍ വര്‍ക്ക് ചെയ്യുകയോ , പഠിക്കുകയോ,ജീവിക്കുകയോ ചെയ്തിട്ടുള്ളവരാണ് മലയാളികളില്‍ അധികവും .ഒരു വെക്കേഷന് ആയി നാട്ടില്‍ എത്തുന്നതിനു മുന്നേകൂട്ടി കാണുന്ന സ്വപ്നങ്ങളില്‍, പെയ്യാന്‍ ഒരുങ്ങി ഇരുണ്ടുമൂടിയ ആകാശവും ,പെയ്തു തോരാത്ത ഇടവപ്പാതി മഴയും,ചീവീടിന്റെ ഒച്ചയും , തേന്‍വരിക്ക ചക്കപ്പഴവും,നല്ല നാടന്‍ കപ്പപ്പുഴുക്കും കട്ടനും ഒക്കെ സ്വപ്നം കാണാത്തവര്‍ വിരളം ആയിരിക്കും. യാത്രകള്‍ ഒക്കെ ചെയ്തു തിരിച്ചു ജനിച്ച മണ്ണില്‍ എത്തുമ്പോള്‍ ഉള്ളില്‍ തോന്നുന്ന ആ വികാരത്തിനെ ഉള്‍കൊള്ളാന്‍ നൊസ്റ്റാള്‍ജിയ എന്ന വാക്ക് അപര്യാപ്തമാണ് .
നേരം വൈകുന്നേ ഉള്ളു എങ്കിലും കൂടെ കൂട്ടാന്‍ ടോര്‍ച്ചുമായി കവലയില്‍ കാത്തു നില്ക്കുന്ന അച്ഛനും,വഴിക്കണ്ണുമായി നോക്കി ഇരിക്കുന്ന അമ്മയും. വന്നു കയറുമ്പോ, അമ്മ മുഖത്തു തെളിയുന്ന 100 ട്യൂബ് ലൈറ്റിന്റെ വെളിച്ചം എത്ര വളര്‍ന്നാലും ഓര്‍മയുടെ ഏതെങ്കിലും കോണില്‍ ഒളിമങ്ങാതെ എന്നും ഉണ്ടാകും.അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം എന്നു എവിടെയോ വായിച്ചതോര്‍ക്കുന്നു.
ഉത്തരവാദിത്വങ്ങളുടെ ലോകത്തു നിന്നു യാതൊരു സമ്മര്‍ദങ്ങളും, ഉത്തരവാദിത്തങ്ങളും ഇല്ലാത്ത കുറച്ചു ദിവസങ്ങള്‍ . അലാറം വയ്ക്കാതെ കിടന്നുറങ്ങാവുന്ന,നട്ടുച്ചക്ക് ഉറങ്ങി എഴുന്നേല്ക്കാന് സ്വാതന്ത്ര്യം ഉള്ള , നാളെ കാപ്പിക്കു എന്തു സൃഷ്ടിക്കും എന്നു ആലോചിക്കണ്ടാത്ത, ഇഷ്ടം പോലെ മൊബൈലും തോണ്ടി ഇരുന്നാലും, മനസ്സിന്ഇണങ്ങിയ കറികള്‍ നിരത്തി കുത്തരിച്ചോറും വിളമ്പി ഇരിക്കുന്നിടത്തു കിട്ടുന്ന സ്റ്റീല്‍ പ്ലേറ്റ്...'ഇതൊന്നു തിന്നേച്ചു ബാക്കി തോണ്ടടി ' എന്ന ഡയലോഗും കാച്ചി, അമ്മ പോകുമ്പോള്‍, ആസ്വദിച്ച് അത് കഴിക്കുമ്പോള്‍...തോന്നുന്ന ആത്മനിര്‍വൃതി വര്‍ണിക്കാന്‍ ആവില്ല.
പിന്നെ യാതൊരു മനസ്സാക്ഷികുത്തുമില്ലാതെ ഒരു ഉച്ചമയക്കം ഉറങ്ങി ഏറ്റു ,'ചായ ഇട്ടില്ലേ അമ്മേ'?എന്നു ചോദി്ക്കാന്‍ ഒരു ഉളുപ്പും തോന്നാത്ത ദിവസങ്ങള്‍. ഒരു ഫോര്മാലിറ്റിക്കു'ഞാന്‍ എന്നേലും ചെയ്യണോ?'എന്ന ചോദ്യത്തിനു ..'നീ എന്നും ഓടുന്നതല്ലേ ?കുറച്ചു ദിവസം വിശ്രമിച്ചോ'' എന്നു പറയുന്ന ആ വാക്കില്‍ നിസ്വാര്‍ത്ഥമായ സ്നേഹം അല്ലാതെ മറ്റൊന്നും കാണാന്‍ ആവില്ല.'
''അവള്‍ക്കു ഇഷ്ടം അല്ലേ ...അതുകൊണ്ടു മേടിച്ചതാ'' എന്നു പറഞ്ഞു അച്ഛന് അമ്മയുടെ കയ്യില്‍ വൈകുന്നേരങ്ങളില്‍ ഏല്പിക്കുന്ന കടലാസുപൊതികളിലെ എണ്ണ മണക്കുന്ന പലഹാരങ്ങള്‍ കലോറി കണക്കു തത്കാലം മറന്ന് കഴിച്ചു പോകുന്നതും ആ സ്നേഹം അറിയുന്നത് കൊണ്ടു തന്നെയാണ് .(പ്രായത്തിന്റെ ബുദ്ധിമുട്ടുകള്‍ അലട്ടുന്ന അവരെ വീണ്ടും കഷ്ടപെടുത്തി ബുദ്ധിമുട്ടിക്കണം എന്നല്ല ഉദേശിച്ചത് )??
പക്ഷെ മക്കള്‍ക്കും കുഞ്ഞുമക്കള്‍ക്കും വേണ്ടി എന്തും ചെയ്യാന്‍ ഒരുങ്ങി നില്ക്കുന്ന ആ മനസ്സുകളുടെ അത്രേം വലിപ്പവും സ്നേഹവുംഞാന് ഉള്‍പ്പെടുന്ന ഇന്നത്തെ തലമുറയ്ക്ക് ഉണ്ടോ എന്നു ഇടയ്ക്കൊക്കെ ആലോചിച്ചു പോകാറുണ്ട് .അമ്മയുടെ കൂടെ ഇരുന്നു കുശുമ്പ് പറഞ്ഞു ചക്ക ഒരുക്കി,' പേരകുഞ്ഞിന്റെ എല്ലാ വാശിക്കും കൂട്ടുനിന്നോട്ടോ..' എന്നു ഇടയ്ക്കു അച്ഛനെ താക്കീതു ചെയ്തു ദിവസങ്ങള്‍ അങ്ങനെ കൊഴിഞ്ഞുതീരും വേഗം. വീണ്ടും കര്‍മ്മമേഖലയിലേക്ക് യാത്രയാകാന്‍ ഒരുങ്ങുമ്പോള്‍, അച്ചാറും, ചിപ്സും, ചമ്മന്തിപൊടിയും,രാസ്നാദിപ്പൊടിയും ,കാച്ചെണ്ണയും ഒക്കെ ആയി കൂടുകളില്‍ നമ്മോടൊപ്പം യാത്രയ്ക്ക് ഒരുങ്ങുന്നത് പകരം വയ്ക്കാനാവാത്ത സ്നേഹത്തിന്റെ പൊതികള്‍ തന്നെ ആണ് .
പോകാന്‍ ഇറങ്ങുമ്പോ ,'ഇനി എന്നാടി വരുക'? എന്നു ചോദിക്കുമ്പോള്‍ അറിയാതെ നിറയുന്ന അമ്മയുടെ കണ്ണുകളില്‍ നോക്കി , വരാന്നേ ഉടനെ', എന്നു പറയുമ്പോളേക്കും ,'വേഗം ഇറങ്ങൂ..ബാക്കി കഥ പിന്നെ പറയാം ,വണ്ടി അതിന്റെ വഴിക്കു പോകും 'എന്നു മുഖത്തു നോക്കാതെ ശാസിക്കുന്ന അച്ഛന്റെ തൊണ്ടഇടറലിലും നിറയുന്ന ഭാവം എന്തെന്ന് അനുഭവിച്ചവര്‍ക്ക് പറയാത്ത ഊഹിക്കാമല്ലോ...
എവിടെ ജീവിച്ചാലും, എത്ര ലോകം കറങ്ങിയാലും, തിരികെ ജന്മം തന്നവരുടെ അരികെ എത്താനും, ആ ഗൃഹാതുരത്വത്തിന്റെ ഓര്‍മയില്‍ കുറച്ചു ദിവസങ്ങള്‍ ചിലവഴിക്കാനും എന്നും കൊതി തോന്നി പോകുന്നതിന്റ പിന്നില്‍ പറഞ്ഞു അവതരിപ്പിക്കാന്‍ ആവാത്ത ഇത്തരം നൂറു നൂറു സ്നേഹവികാരങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു ....
സ്നേഹിക്കാന്‍ മാത്രമറിയുന്ന എല്ലാ അച്ഛനമ്മമാരുടെയും ഓര്‍മയില്‍ ഈ കുറിപ്പ് സമര്‍പ്പിക്കുന്നു ....
Content Highlights: facebook post about returning to home experience of a woman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..