രക്ഷാപ്രവര്‍ത്തനത്തിനിടെ ആറുമാസമുള്ള ഒരു കുഞ്ഞിന്റെശരീരം കിട്ടി, അതൊന്നും മനസ്സില്‍നിന്ന് മായില്ല


രേഖാ നമ്പ്യാര്‍

ജനിച്ചാല്‍ ഒരു ദിവസം മരിക്കും. അത് ഒഴിവാക്കാനാവില്ല. പേടിച്ച് ജീവിക്കാന്‍ എനിക്കിഷ്ടവുമില്ല.

ചിത്രങ്ങൾ: സി.എച്ച് ഷഹീർ, സിദ്ദീകുൽ അക്ബർ

'കൂരാക്കൂരിരുട്ടാണ്. പോരെങ്കില്‍ കടുത്ത മൂടല്‍മഞ്ഞും. പെട്ടിമുടിയെത്തുമ്പോള്‍ ഞങ്ങളുടെ മുന്നില്‍ വെല്ലുവിളികള്‍ മാത്രമേയുള്ളൂ. പക്ഷേ പകച്ചു നില്‍ക്കുകയല്ലല്ലോ ഞങ്ങളുടെ ജോലി. ഇതു പോലുള്ള ദുരന്തഭൂമികളില്‍ അവശേഷിച്ച ജീവന്റെ വേരുകള്‍ തേടുക. പ്രളയമാണെങ്കിലും മലയിടിച്ചലാണെങ്കിലും ഭൂമികുലുക്കമാണെങ്കിലും ആ ദുരന്തമുഖത്ത് ഞങ്ങള്‍ക്ക് ഓടിയെത്തിയേ പറ്റൂ...'എന്‍.ഡി.ആര്‍.എഫിലെ ആദ്യ വനിതാ സീനിയര്‍ കമാന്‍ഡന്റ് രേഖ നമ്പ്യാര്‍ പെട്ടിമുടിയിലേക്കുള്ള യാത്രയ്ക്ക് ഇടയില്‍ പറഞ്ഞു.
പെട്ടിമുടി. ദിവസങ്ങള്‍ക്കുമുമ്പ് ഇവിടെയൊരു നാടുണ്ടായിരുന്നു. കണ്ണെത്താ ദൂരത്തോളം പച്ച പരത്തിയ തേയിലത്തോട്ടങ്ങളും കാടും കുന്നിന്‍ ചെരിവുകളുമുള്ള മനോഹരഭൂമി. അവിടെ തളിര്‍ത്ത ഒരുപാട് ജീവിതങ്ങളും. ഇപ്പോഴിത് പാറക്കഷണങ്ങള്‍ നിറഞ്ഞ, ചെളിമണ്ണ് കുഴഞ്ഞ് പുഴപോലെ കിടക്കുന്ന പ്രേതഭൂമിയായി. എങ്കിലും മണ്ണിനടിയിലായവരുടെ ഓര്‍മകളെങ്കിലും പരതിയെടുക്കാനുള്ള ശ്രമം തുടരുകയാണ് രേഖ നമ്പ്യാരും സംഘവും.

മരണഭയമില്ല...

ദുരന്തമുഖത്ത് ജോലി ചെയ്യാന്‍ പലരും ഒന്നു മടിക്കും. സ്വന്തം ജീവന്‍ തന്നെ അപകടത്തില്‍. ഇതിനൊപ്പം ഉള്ളുലയ്ക്കുന്ന കാഴ്ചകളുടെ ദൃക്‌സാക്ഷിയും. പക്ഷേ ഈ ചിന്തയൊന്നും രേഖയെ പിന്തിരിപ്പിച്ചില്ല. 'ഒരു സ്ത്രീയാണ് എന്നതിലും ചെയ്യുന്ന തൊഴിലിലും ഞാന്‍ ഏറെ സംതൃപ്തയാണ്. എന്‍.ഡി.ആര്‍.എഫില്‍ പേര് ഷോര്‍ട്‌ലിസ്റ്റില്‍ വന്നപ്പോള്‍ തന്നെ എന്റെ താത്പര്യം മേലുദ്യോഗസ്ഥനെ അറിയിച്ചിരുന്നു. ഒരിക്കലും പെണ്‍കുട്ടികള്‍ മാറ്റിനിര്‍ത്തേണ്ട മേഖലയല്ല ഇത്. ആത്മാര്‍ഥതയും സത്യസന്ധതയും കഠിനപ്രയത്‌നവുമുണ്ടെങ്കില്‍ ഏതുജോലിയിലും നമുക്ക് വിജയിക്കാനാവും. നിങ്ങള്‍ക്കു മുന്നില്‍ കൈനീട്ടുന്നത് കൂടപ്പിറപ്പാണെങ്കില്‍, ബന്ധുവാണെങ്കില്‍, സുഹൃത്താണെങ്കില്‍... നിങ്ങളേതൊക്കെ തരത്തില്‍ അവരെ രക്ഷിക്കാന്‍ ശ്രമിക്കുമോ അതുപോലെ ഓരോരുത്തരെയും രക്ഷപ്പെടുത്തണം.

പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

ഏതൊരു ഓപ്പറേഷന് പോകുമ്പോഴും ഞാനെന്റെ ടീമിനോട് ഇതു പറയാറുണ്ട്. സ്വന്തം ജീവനെക്കുറിച്ച് പേടി തോന്നിയാല്‍പിന്നെ ഈ ജോലി ചെയ്യാനാവില്ല. ചിലപ്പോള്‍ കിലോമീറ്ററുകളോളം നടക്കേണ്ടിവരാം. കാടും മലയും കയറിയിറങ്ങണം. ഇപ്പോള്‍ ഒരു ദിവസം പത്ത് മണിക്കൂറൊക്കെ നില്‍ക്കുന്നുണ്ട്. ആരോഗ്യമുണ്ടെങ്കില്‍ അതൊന്നും വിഷയമേയല്ല. കൃത്യമായ പ്ലാനിങ്ങിലൂടെ റിസ്‌ക് കുറയ്ക്കാനാണ് ശ്രമിക്കാറുള്ളത്. കിട്ടിയ പരിശീലനത്തിലും അറിവിലും പ്രാപ്തിയിലും എനിക്ക് ഉറച്ച ആത്മവിശ്വാസമുണ്ട്. പിന്നെ, ജനിച്ചാല്‍ ഒരു ദിവസം മരിക്കും. അത് ഒഴിവാക്കാനാവില്ല. പേടിച്ച് ജീവിക്കാന്‍ എനിക്കിഷ്ടവുമില്ല.

മരണത്തേക്കാളും തന്റെ വേണ്ടപ്പെട്ടവര്‍ സുരക്ഷിതരാണോ എന്ന ചിന്തയാണ് ഒരുവനെ ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുന്നത്. പേടിപ്പെടുത്തുന്നതും. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ഞാന്‍ മനസ്സിലാക്കിയ സത്യമാണത്. തന്റെ പ്രിയപ്പെട്ടവരെ കാത്തുനില്‍ക്കുന്നവര്‍ക്ക് ഒരിക്കലും തെറ്റായ പ്രതീക്ഷ നല്‍കരുത്. എന്നും എപ്പോഴും സത്യം മാത്രമേ പറയാവൂ. ഇക്കാലയളവില്‍ ഒരുപാടുപേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. അതൊരു വലിയ അനുഗ്രഹമായിട്ടാണ് തോന്നുന്നത്. പക്ഷേ, ചിലസമയത്ത് ഒരു നിമിഷത്തേക്കെങ്കിലും നമ്മള്‍ പകച്ചുപോവും. കഴിഞ്ഞദിവസം രക്ഷാപ്രവര്‍ത്തനത്തിനിടെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതശരീരം കിട്ടിയിരുന്നു. ആ കാഴ്ച അത്ര പെട്ടെന്നൊന്നും മനസ്സില്‍ നിന്ന് മായില്ല. പക്ഷേ, നമ്മുടെ ജോലി കൃത്യമായും മികവോടെയും ചെയ്യണമെങ്കില്‍ വികാരങ്ങളെ നിയന്ത്രിച്ചേ പറ്റൂ. യു ഹാവ് ടു മൂവ് ഓണ്‍.' അവര്‍ കരുത്ത് സംഭരിക്കുന്നു.

എന്‍.ഡി.ആര്‍.എഫിലെ ആദ്യ വനിതാ സീനിയര്‍ കമാന്‍ഡന്റ് രേഖ നമ്പ്യാരുടെ ജീവിതാനുഭവങ്ങളുടെ പൂര്‍ണരൂപം വായിക്കാന്‍ പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Experiences of Rekha Nambiar, the first woman senior commandant in NDRF


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented