സിനി ഷെട്ടി | Photo: instagram/ sini shetty
ഒരൊഴിവു ഞായറാഴ്ച വീട്ടിലിരുന്ന ടിവി ചാനല്‍ മാറ്റുന്നതിനിടയില്‍ ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെ അഭിമുഖം സിനി ഷെട്ടി എന്ന കൗമാരക്കാരിയുടെ കണ്ണിലുടക്കി. ആ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞ വാക്കുകള്‍ അവളെ വല്ലാതെ സ്പര്‍ശിച്ചു. 'പളുങ്കുകൊണ്ടു നിര്‍മിച്ച ഷൂസിനുള്ളില്‍ ഞെരുങ്ങിനില്‍ക്കാന്‍ ശ്രമിക്കരുത്. പകരം കണ്ണാടിമറകളെ തച്ചുടയ്ക്കണം' എന്നായിരുന്നു മുന്‍ലോകസുന്ദരി പറഞ്ഞത്.
ഈ വാക്കുകളുടെ ചുവടുപിടിച്ചാണ് സിനി ഷെട്ടി മിസ് ഇന്ത്യാ കിരീടത്തിലേക്കുള്ള യാത്ര തുടങ്ങുന്നത്. മിസ് ഇന്ത്യയുടെ ഫൈനല്‍ വേദിയില്‍ നില്ക്കുമ്പോള് ഏറ്റവും പ്രചോദിപ്പിച്ച വ്യക്തി ആരെന്ന ചോദ്യത്തിനും സിനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. പ്രിയങ്കാ ചോപ്ര എന്നവര്‍ നിമിഷനേരത്തിനുള്ളില്‍ ഉത്തരം നല്കി.
മഹാരാഷ്ട്രയിലെ മുംബൈയില്‍ ജനിച്ച സിനി വളര്‍ന്നത് കര്‍ണാടകയിലെ ഉഡുപ്പിയിലാണ്. അച്ഛന് സദാനന്ദിന് ഹോട്ടല്‍ ബിസിനസ് ആയിരുന്നു. അമ്മ ഹേമ ഷെട്ടി വീട്ടമ്മയും. ചേട്ടന് ഷികിന് ഷെട്ടിയുടെ പേരിലാണ് സിനിയുടെ കുടുംബത്തിന്റെ ഹോട്ടല്‍ ശൃംഖലയുള്ളത്.
കുട്ടിക്കാലത്ത് നൃത്തത്തോടായിരുന്നു അവള്‍ക്ക് താത്പര്യം. നാലാം വയസ്സ് മുതല്‍ പത്മിനി രാധാകൃഷ്ണന് കീഴില്‍ ഭരതനാട്യം പഠിക്കാന്‍ തുടങ്ങിയ അവള് 14-ാം വയസ്സില്‍ അരങ്ങേറ്റം നടത്തി. അന്ന് ആ അരങ്ങേറ്റ ദിവസമാണ് ജീവിതത്തില്‍ ഏറ്റവും ആനന്ദം നിറഞ്ഞ നിമിഷമെന്നും നൃത്തമെന്നാല്‍ തന്റെ ജീവനാണെന്നും സിനി പിന്നീട് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
സൗന്ദര്യത്തില്‍ മാത്രമല്ല, പഠനത്തിലും മിടുക്കിയാണ് ഇന്ത്യന്‍ സുന്ദരി. മുംബൈയിലെ വിദ്യാവിഹാറിലെ കോളേജില്‍ നിന്ന് അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയ അവര്‍ ഇപ്പോള്‍ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ) കോഴ്സ് പഠിക്കുകയാണ്.
.jpg?$p=2a9d7c9&w=610&q=0.8)
ഇതിനിടയിലായിരുന്നു മോഡലിങ്ങില്‍ ഒരുകൈ നോക്കിയത്. എയര്‍ടെല്‍, പാന്തലൂണ്‍സ്, ഫ്രീ ഫയര്‍ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ മോഡലായി ടിവി, പത്ര പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. 2022-ല്‍ മിസ് കര്‍ണാടക മത്സരത്തില്‍ പങ്കെടുത്ത് വിജയിയായി. ഇതിനിടയിലും നൃത്തത്തെ അവള് കൈവിട്ടിരുന്നില്ല. ഭരതനാട്യത്തിനൊപ്പം ഹിപ് ഹോപ് ഡാന്‍സും പഠിച്ചു. നിരവധി ഹിപ് ഹോപ് കൊറിയോഗ്രാഫര്മാര്ക്കൊപ്പം പരിപാടിയും അവതരിപ്പിച്ചു.
പര്‍പ്ള്‍ തോറ്റ്സ് എന്ന മോഡല്‍ മാനേജ്മെന്റ് ഏജന്‍സിയും സിനി നടത്തുണ്ട്. ഇതിലൂടെയുള്ള വരുമാനം തന്റെ മറ്റൊരു ഇഷ്ടമായ യാത്രക്കു വേണ്ടിയാണ് അവര്‍ മാറ്റിവെയ്ക്കുന്നത്. ഇതിനകം ജര്‍മനി, ഫ്രാന്‍സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെല്ലാം സിനി ചുറ്റിക്കറങ്ങി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..