എലിയറ്റ് പേജും എമ്മ പോർട്നറും | Photo: www.instagram.com|elliotpage|
അടുത്തിടെയാണ് ഹോളിവുഡ് താരം എലിയറ്റ് പേജ് താൻ ട്രാൻസ്ജെൻഡർ ആണെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. ഇപ്പോഴിതാ തന്റെ സ്വത്വം വെളിപ്പെടുത്തി മാസങ്ങൾ പിന്നിടുംമുമ്പ് വിവാഹമോചനം നേടാനൊരുങ്ങുന്ന വാർത്തയും പുറത്തുവിടുകയാണ് എലിയറ്റ്. പ്രൊഫഷണൽ നർത്തകി എമ്മാ പോർട്നറുമായുള്ള മൂന്നുവർഷം നീണ്ട ദാമ്പത്യത്തിനാണ് ഇതോടെ തിരശീല വീഴുന്നത്.
കഴിഞ്ഞ സമ്മർ മുതൽ ഇരുവരും പിരിഞ്ഞു താമസിക്കുകയാണെന്നും ഏറെനാളത്തെ ആലോചനകൾക്കൊടുവിൽ വിവാഹമോചിതരാകുവാൻ തീരുമാനിച്ചുവെന്നും ഇരുവരും പുറത്തിറക്കിയ സംയുക്ത വാർത്താക്കുറിപ്പിൽ പറയുന്നു. പരസ്പരം അങ്ങേയറ്റം ബഹുമാനം പുലർത്തുണ്ടെന്നും എന്നും അടുത്ത സുഹൃത്തുക്കളായി തുടരുമെന്നും ഇരുവരും പറയുന്നു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് എലിയറ്റ് താൻ ട്രാൻസ്ജെൻഡറാണെന്ന വ്യക്തമാക്കി ഇൻസ്റ്റഗ്രാമിൽ നീണ്ട കുറിപ്പ് പങ്കുവെച്ചത്. ജൂണോ എന്ന ചിത്രത്തിലൂടെ ഓസ്‌കർ നോമിനേഷൻ നേടിയിട്ടുള്ള താരം എലൻ പേജ് എന്ന തന്റെ പേര് മാറ്റി എലിയറ്റ് എന്നു പരിഷ്കരിച്ചുവെന്നും പറഞ്ഞിരുന്നു.

ട്രാൻസ് ആണെന്ന വെളിപ്പെടുത്തലിനു പിന്നാലെ കേൾക്കാൻ സാധ്യതയുള്ള വിമർശനങ്ങളെക്കുറിച്ചുള്ള ആശങ്കകളും എലിയറ്റ് പങ്കുവെച്ചിരുന്നു. സന്തോഷത്തിന്റെ കൊടുമുടിയിൽ നിൽക്കേണ്ട ഈ സമയത്തും തുറന്നുപറച്ചിലിനു പിന്നാലെയുണ്ടാകുന്ന വെറുപ്പും വിദ്വേഷവും അക്രമവും കളിയാക്കലുകളുമാക്കെയോർത്ത് ഭയമുണ്ടെന്നും എലിയറ്റ് പറഞ്ഞിരുന്നു.
ട്രാൻസ് വ്യക്തികൾക്കെതിരെ നടക്കുന്ന വിവേചനങ്ങൾക്കും അക്രമങ്ങൾക്കും എതിരെ പ്രതികരിക്കാൻ രാഷ്ട്രീയ നേതാക്കളോട് അഭ്യർഥിക്കുമെന്നും ഇത്തരം അതിക്രമങ്ങൾക്കെതിരെ ഇനി ട്രാൻസ് സമൂഹം നിശബ്ദരായിരിക്കില്ലെന്നും കുറിപ്പിൽ പറഞ്ഞിരുന്നു. പീഡനങ്ങൾക്കും ഉപദ്രവങ്ങൾക്കും അതിക്രമങ്ങൾക്കും ഇരയാകുന്ന എല്ലാ ട്രാൻസ് വ്യക്തികളിലും തന്നെയാണ് കാണുന്നതെന്നും അവരെയെല്ലാം സ്‌നേഹിക്കുകയും നല്ലതിനായുള്ള ഈ ലോകത്തിന്റെ മാറ്റത്തിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാണെന്നും പറഞ്ഞാണ് എലിയറ്റ് കുറിപ്പ് അവസാനിപ്പിച്ചത്.
Content Highlights: Elliot Page Announces Divorce From Wife Emma Portner
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..