ഷീജ പ്രമോദ് ആർട്ട് ഗാലറിയിൽ| ഫോട്ടോ: ലതീഷ് പൂവത്തൂർ
ഉരുളന്‍കല്ലിലും ചിപ്പിയിലും ആലിലയിലും എന്തിന്, പി.വി.സി. പൈപ്പില്‍ പോലും ഒരു ചിത്രം ഉറങ്ങിക്കിടക്കുന്നുണ്ടെന്ന് തോന്നിപ്പോകും അഴീക്കോട് മീന്‍കുന്ന് ബീച്ച് റോഡിലെ ഈ ആര്‍ട്ട് ഗാലറിയിലെത്തിയാല്‍. ഹാളിന്റെ മുക്കിലും മൂലയിലും നിറയുന്ന വര്‍ണപ്പകിട്ടും മനോഹാരിതയും. കാന്‍വാസെന്നോ കടലാസെന്നോ ഇവിടെ പന്തിഭേദമില്ല. കൗതുകം തോന്നുന്ന എല്ലാറ്റിലുമുണ്ട് കലയുടെ സ്പര്‍ശം. ചിത്രകാരി ഷീജ പ്രമോദിന്റെ 'ഷീജാസ് ശിവോഹം ആര്‍ട്ട് ഗ്യാലറി' ചിത്രകലയുടെ ഒരു പരീക്ഷണശാലയാണെന്ന് പറയാം. ഉപയോഗശൂന്യമായതും അല്ലാത്തതുമായ വസ്തുക്കളില്‍ നിറയെ ചിത്രകലയുടെ കൈയൊപ്പ്.
മ്യൂറലും 'രാധാമാധവ'വും
അക്കാദമിക്കായി ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത ഷീജ മ്യൂറലിലാണ് വ്യക്തിമുദ്ര പതിപ്പിച്ചത്. അതില്‍ത്തന്നെ ആയിരത്തോളമെണ്ണം ശ്രീകൃഷ്ണനും രാധയും കഥാപാത്രങ്ങളായവ. പ്രണയവും സ്‌നേഹവും വിരഹവും കരുതലും പ്രകൃതിയും കാണാം, ഈ ചിത്രങ്ങളിലെല്ലാം. മ്യൂറലിന് പുറമെ പോട്ട് പെയിന്റിങ്, ടെറാകോട്ട പെയിന്റിങ്, ക്ലോത്ത് പെയിന്റിങ് തുടങ്ങി ഇവര്‍ കൈവെക്കാത്ത മേഖലകളില്ല. എണ്ണച്ചായം, ജലച്ചായം, അക്രിലിക്ക് തുടങ്ങിയ എല്ലാം മാധ്യമങ്ങളും ഒരുപോലെ വഴങ്ങും. പാത്രം മുതല്‍ മരച്ചീള് വരെയും ചിപ്പി മുതല്‍ ചിരട്ട വരെയും ചിത്രകലയിലെ പരീക്ഷണവസ്തുക്കളാകുന്നു.
രചനയ്ക്കുപയോഗിക്കുന്ന ബ്രഷിന്റെ പിടിയിലും ചായക്കൂട്ട് തയ്യാറാക്കുന്ന 'പാലറ്റി'ലും വരെയുണ്ട് കലയുടെ മിന്നലാട്ടം. മ്യൂറലിന്റെ പ്രാഥമികപാഠങ്ങള്‍ പഠിച്ചെടുത്തത് ബിന്ദു പി. നമ്പ്യാര്‍, നിബിന്‍ രാജ് എന്നിവരില്‍നിന്നാണ്. 62 പെയിന്റിങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ചിത്രങ്ങളുടെ വിപണിസാധ്യത കണ്ടെത്തിയത്. ഇന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വസതികളുടെയും സ്ഥാപനങ്ങളുടെയും ചുമരുകള്‍ ഇവരുടെ കൈയൊപ്പ് പതിഞ്ഞ ചിത്രങ്ങള്‍ അലങ്കരിക്കുന്നുണ്ട്.
കലയുടെ മോഹവില
അഞ്ചുലക്ഷം രൂപ മതിപ്പുവിലയിട്ട മ്യൂറല്‍ ചിത്രം 'രാധാമാധവ'മാണ് ഏറ്റവും വലിപ്പമേറിയ രചന. 10 അടി നീളത്തിലും ആറടി വീതിയിലും തീര്‍ത്തതാണ് ഈ കൂറ്റന്‍ ചിത്രം. ജില്ലക്കകത്തും പുറത്തും നിരവധി പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ഇവരുടെ രചനകള്‍ യു.എസിലും പ്രദര്‍ശിപ്പിച്ചു.
ചെന്നൈയില്‍ നടന്ന പ്രദര്‍ശനത്തില്‍ മൂന്നുലക്ഷം രൂപയ്ക്കാണ് ഒരു ചിത്രം വിറ്റുപോയത്. നൂറോളം പേര്‍ ഇപ്പോള്‍ ശിഷ്യരായുണ്ട്. മൂന്നരവയസ്സുകാരി മുതല്‍ അന്‍പത്തിയെട്ടുകാരി വരെ ഇതിലുള്‍പ്പെടും. വിദേശത്തുള്ളവര്‍ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നു. ''കുട്ടികളോടൊപ്പം അവരിലൊരാളായി വരയ്ക്കുക എന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം. മറ്റെല്ലാ കെട്ടുപാടുകളും അലിയിച്ചുകളയാന്‍ ഇതിലൂടെ പറ്റും''- ഷീജ പറയുന്നു.
2018-ലാണ് ശിവോഹം ആര്‍ട്ട് ഗാലറി തുടങ്ങിയത്. സന്ദര്‍ശക ഗാലറി എന്ന സങ്കല്പത്തില്‍ മറ്റൊരു ഗാലറി സമീപത്തുതന്നെ ഉടന്‍ പ്രവര്‍ത്തനസജ്ജമാക്കാനുള്ള ഒരുക്കത്തിലാണിവര്‍. അഴിക്കോട് കമ്മാളന്‍കണ്ടി വീട്ടില്‍ പരേതനായ കരുണാകരന്റെയും ഓമനയുടെയും മകളാണ്. കണ്ണൂരിലെ 'കൃഷ്ണ ജൂവലേഴ്‌സ്' പാര്‍ട്ണര്‍ എം. പ്രമോദ്കുമാറാണ് ഭര്‍ത്താവ്. രത്തന്‍, രണ്‍വിത എന്നിവര്‍ മക്കള്‍.
Content Highlights: drawing works by artist sheeja pramod and her art gallery
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..